Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസും വിഎച്ച്പിയും പ്രകടനം നടത്തുന്നത് ആദ്യം 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തി; ശിവസേന ഇറങ്ങുന്നത് ക്ഷേത്രനിർമ്മാണത്തിന്റെ തീയ്യതി കുറിക്കാൻ; സംഘപരിവാർ സഘടനകൾക്കൊപ്പം സന്യാസി ധർമ്മസഭ കൂടി ആകുമ്പോൾ രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് അയോധ്യയിലേക്ക്; കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം; കൃത്യമായ നിലപാട് എടുക്കാതെ കോൺഗ്രസും: രാമക്ഷേത്രം വീണ്ടും ചർച്ച ആയതോടെ എങ്ങും ആശങ്ക ശക്തം

ആർഎസ്എസും വിഎച്ച്പിയും പ്രകടനം നടത്തുന്നത് ആദ്യം 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തി; ശിവസേന ഇറങ്ങുന്നത് ക്ഷേത്രനിർമ്മാണത്തിന്റെ തീയ്യതി കുറിക്കാൻ; സംഘപരിവാർ സഘടനകൾക്കൊപ്പം സന്യാസി ധർമ്മസഭ കൂടി ആകുമ്പോൾ രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് അയോധ്യയിലേക്ക്; കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം; കൃത്യമായ നിലപാട് എടുക്കാതെ കോൺഗ്രസും: രാമക്ഷേത്രം വീണ്ടും ചർച്ച ആയതോടെ എങ്ങും ആശങ്ക ശക്തം

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന ഘട്ടത്തിലാണ് അയോധ്യ വിഷയം രാജ്യത്ത് വീണ്ടു ശക്തിപ്രാപിക്കുന്നത്. ആർഎസ്എസും വിഎച്ച്പിയും വിശ്വഹിന്ദു പരിഷത്തും ഈ വിഷയവുമായി രംഗത്തെത്തിയതിന് പിന്നിലെ യാഥാർത്ഥ്യം സാമ്പത്തികര രംഗത്തെ തകർച്ചയും കേന്ദ്രസർക്കാറിന് എടുത്തുപറയാൻ ഒരു നേട്ടവും ഇല്ലാത്തതു കൊണ്ടാണെന്ന വിമർശനങ്ങൾ ശക്തമാണ്. ഇതോടെ ബിജെപിയുടെ പഴകിതേഞ്ഞ ആയുധം വീണ്ടും പുറത്തെടുക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാറിന് തന്നയാണ് ഈ വിഷയം സമ്മർദ്ദത്ഥത്തിലാക്കുന്നത്്.

ഇന്ന് ആർഎസ്എസും വിഎച്ച്പിയും ശിവസേനയും രണ്ട് ലക്ഷം പേരെ അണിനിരത്തിക്കൊണ്ടുള്ള പ്രകടനമാണ് അയോധ്യയിൽ സംഘടിപ്പിക്കുന്നത്. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായാണ് ഇവർ രംഗത്തിറങ്ങുന്നത്. വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമ്മാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് 2 ശക്തിപ്രകടനങ്ങൾക്ക് ഒരുക്കം കൂട്ടുന്നതിനിടെ അയോധ്യ കനത്ത സുരക്ഷാവലയത്തിൽ. 2 ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന റാലിക്കു പുറമേ വിഎച്ച്പി ഇന്ന് സന്യാസികളുടെ ധർമസഭയും നടത്തും. അയോധ്യയിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്നു കേന്ദ്രസർക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിർദ്ദേശം നൽകി. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി അയോധ്യയെ 16 മേഖലകളായി തിരിച്ച് ഓരോന്നും ഓരോ ഡിഎസ്‌പിയുടെ കീഴിലാക്കി. നഗരത്തിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു പ്രത്യേക ട്രെയിനുകളിലാണ് ശിവസേനാ പ്രവർത്തകർ അയോധ്യയിലെത്തുന്നത്യ നേതൃത്വം നൽകുന്നത് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ്. വിഎച്ച്പിയും ശിവസേനയും വെവ്വേറെയാണു റാലി നടത്തുന്നത്. വിഎച്ച്പി ഇന്ന് നാഗ്പൂരിലും ബെംഗളൂരുവിലും റാലി നടത്തുന്നുണ്ട്. ഡിസംബർ 9 ന് ഡൽഹിയിലും റാലി നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്രനിർമ്മാണത്തിന് നിയമനിർമ്മാണമോ ഓർഡിനൻസോ വേണമെന്നാണ് ആവശ്യം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപിയിലെ ഒരു വിഭാഗവും ക്ഷേത്രനിർമ്മാണം ഉടൻ വേണമെന്ന നിലപാടുകാരാണ്.

'നാലര വർഷമായി ഉറങ്ങിക്കിടക്കുന്ന കുംഭകർണനെ ഉണർത്താനാണു വന്നത്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഉദ്ധവ് പറഞ്ഞു. രാമജന്മഭൂമിയിൽ രാമക്ഷേത്രം ഉയർന്നേ തീരൂ. 30 നിമിഷം കൊണ്ട് നോട്ടുനിരോധനത്തിനു തീരുമാനിക്കാമെങ്കിൽ ക്ഷേത്രം പണിയുന്നതു തീരുമാനിക്കാൻ എന്താണിത്ര താമസം? കേന്ദ്രവും ഉത്തർപ്രദേശും ബിജെപിയാണു ഭരിക്കുന്നത്. എന്നിട്ടും തീയതി നിശ്ചയിക്കാൻ കഴിയുന്നില്ല' ഉദ്ധവ് പറഞ്ഞു. ആദ്യമായി അയോധ്യ സന്ദർശിക്കുന്ന ഉദ്ധവിനൊപ്പം ഭാര്യ രശ്മിയും മകൻ ആദിത്യയും എത്തിയിട്ടുണ്ട്. പുണെയിലെ ശിവനേരി കോട്ടയിൽനിന്നുള്ള മണ്ണ് അടങ്ങിയ കുംഭം, ഉദ്ധവ് രാമജന്മഭൂമിയിലെ പൂജാരിക്കു കൈമാറും. വിഎച്ച്പി ധർമസഭയിൽ രണ്ടായിരത്തോളം സന്യാസിമാർ എത്തും. അയോധ്യയിലും പരിസരത്തുമുള്ള പ്രമുഖ അഖാഡകളിലെ മഹാമണ്ഡലേശ്വർമാരെ മുഴുവൻ ക്ഷണിച്ചിട്ടുണ്ട്.

കർശന സുരക്ഷയാണ് ഇവിടെ ഏർപ്പടെത്തിയിരിക്കുന്നത്. 35 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, 160 ഇൻസ്പെക്ടർമാർ, 700 കോൺസ്റ്റബിളുമാർ എന്നിവരെ അയോധ്യയിൽ വിന്യസിച്ചിട്ടുള്ളതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. 42 കമ്പനി പൊലീസ്, അഞ്ച് കമ്പനി ദ്രുതകർമ സേന, തീവ്രവാദ വിരുദ്ധ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി രാമക്ഷേത്ര-ബാബറി മസ്ജിദ് പ്രശ്നം ഉയരാൻ സാഹചര്യമടുത്തിരിക്കേ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് രഹസ്യപദ്ധതിയുമായി ആർഎസ്എസ് കളം പിടിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റാലികൾ. നാലു ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് വിശ്വഹിന്ദുപരിഷത്ത് ആയിരിക്കും ചുക്കാൻ പിടിക്കുന്നത്. ആർഎസ്എസിനൊപ്പം, ബിജെപി, മറ്റു ഘടകകക്ഷികൾ എന്നിവർ രാമക്ഷേത്രനിർമ്മാണത്തിന് മുൻകൈയെടുക്കും. ഇതുസംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർ്ക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാം ജന്മഭൂമി-ബാബ്റി മസ്ജിദ് വിവാദത്തിൽ അടുത്ത ജനുവരിയിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കേ 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകിയിട്ടുണ്ട്. വിവാദഭൂമി മൂന്നായി വിഭജിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. തർക്ക പ്രദേശത്തിന്റെ ഒരു ഭാഗം ശ്രീരാമന്റെ ജന്മസ്ഥലമായ രാംലാലയ്ക്കായും മറ്റൊരു ഭാഗം നിർമോഹി അഖാഡയ്ക്കും ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോർഡിനുമാണ് കോടതി അനുവദിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിനായി രണ്ടു പതിറ്റാണ്ടിലധികമായി മുറവിളി കൂട്ടാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിൽ സ്വാധീനം ചെലുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നുവരുന്നതെന്നും പറയപ്പെടുന്നുണ്ട്.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തുകൂടിയാണ് രാമക്ഷേത്ര നിർമ്മാണമെന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടപ്പാക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല പൂർണമായും വിഎച്ച്പി തന്നെ ഏറ്റെടുക്കും. ക്ഷേത്രനിർമ്മാണം രാഷ്ട്രീയതാത്പര്യങ്ങൾക്കും മുകളിലാണ് എന്നു വരുത്തിത്തീർക്കുന്നതിന് പദ്ധതിയുടെ മുന്നിൽ സന്യാസി വര്യന്മാരേയും ഋഷിവര്യന്മാരേയും നിർത്താനും പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തിന്റെ 153 മേഖലകളിലായി വൻ ധർമസഭകൾ നവംബർ 25ന് സംഘടിപ്പിച്ചുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഇതിൽ അയോധ്യ, നാഗ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ആൾക്കാരെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി തീരുമാനം. മറ്റ് 150 സ്ഥലങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത് താരതമ്യേന ചെറിയ സഭകളാണ്.

ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് പാർലമെന്റിൽ നിയമം പാസാക്കാനുള്ള സമ്മർദമാണ് രണ്ടാം ഘട്ടം. വിഎച്ച്പിയും സന്യാസികളും ഇതുസംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും മെമോറാണ്ടം സമർപ്പിക്കും. നിലവിൽ രാമക്ഷേത്രം നിർമ്മാണത്തിന് ബില്ലോ ഓർഡിനൻസോ പാസാക്കാൻ കേന്ദ്രത്തിൽ നിന്ന് വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ രാജ്യസഭാംഗവും ആർഎസ്എസ് സൈദ്ധാന്തികനുമായ ആർ കെ സിൻഹ സ്വകാര്യ ബില്ലായി അത് അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

മൂന്നാംഘട്ടം ന്യൂഡൽഹി രാംലീല മൈതാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നതാണ്. ഡിസംബർ ഒമ്പതിന് നടക്കുന്ന ഈപ്രക്ഷോഭത്തിലേക്ക് വിഎച്ച്പിയും മറ്റു ഘടകകക്ഷികളും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും 20 ജില്ലകളിൽ നിന്ന് ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് ഇത്തരത്തിൽ വൻജനാവലിയെ ചേർത്ത് രാംലീല മൈതാനത്ത്് സമ്മേളനം നടത്തുന്നത്. നാലാം ഘട്ടം ഡിസംബർ 18 മുതൽ 27 വരെ നീളുന്നതാണ്. രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎച്ച്പി രാജ്യമെമ്പാടും പ്രാർത്ഥനകളും ഹോമങ്ങളും സംഘടിപ്പിക്കും. നാലു ഘട്ടങ്ങളിലായി ഒരുക്കുന്ന പദ്ധതിക്ക് കൃത്യമായ മാർഗരേഖകളാണ് വിഎച്ച്പി തയാറാക്കിയിട്ടുള്ളത്.

ഇനി, ഓർഡിനൻസോ ബില്ലോ ഇറക്കുന്നതിൽ പരാജയപ്പെട്ടാൽ ജനുവരി 31 മുതൽ ഫെബ്രുവരി ഒന്നു വരെ പ്രയാഗ്രാജിൽ ധർമസൻസദ് സംഘടിപ്പിക്കനാണ് വിഎച്ച്പിയുടെ തീരുമാനം. രാമക്ഷേത്ര നിർമ്മാണത്തിന് അന്തിമ പ്രക്ഷോഭം പ്രഖ്യാപിക്കാൻ തന്നെ വിഎച്ച്പി അവസാനം തയാറായേക്കാം. ഇത്തരത്തിലൊരു നീക്കമുണ്ടായാൽ 1990കളിൽ ഉണ്ടായതിനെക്കാൾ വലിയ പ്രക്ഷോഭത്തെയായിരിക്കും നേരിടേണ്ടി വരികയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കർസേവകർ തകർത്തത്. രാമന്റെ ജന്മഭൂമിയാണ് ഇതെന്ന വാദം ഉയർത്തിയാണ് മസ്ജിദ് പൊളിച്ചുകളഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP