Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയാശാന്റെ നാടൻ ഭാഷ കടമെടുത്താൽ 'തള്ള് 'എന്ന് പറയും; അതിപ്പൊ പുത്തരിക്കണ്ടത്തായാലും കണ്ണൂരിലായാലും അതിനെ അങ്ങനെ തന്നെ വിളിക്കേണ്ടിയും വരും; പാവം സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച 'സംഘപരിവാർ ഭീകരർ' എവിടെ? ചോദ്യത്തിന് കൃത്യമറുപടി നൽകാൻ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേ? ഇന്നത്തെ ചിന്താവിഷയം

മണിയാശാന്റെ നാടൻ ഭാഷ കടമെടുത്താൽ 'തള്ള് 'എന്ന് പറയും; അതിപ്പൊ പുത്തരിക്കണ്ടത്തായാലും കണ്ണൂരിലായാലും അതിനെ അങ്ങനെ തന്നെ വിളിക്കേണ്ടിയും വരും; പാവം സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച 'സംഘപരിവാർ ഭീകരർ' എവിടെ? ചോദ്യത്തിന് കൃത്യമറുപടി നൽകാൻ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേ? ഇന്നത്തെ ചിന്താവിഷയം

മറുനാടൻ ഡെസ്‌ക്‌

ന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമണം... ആർഎസ്എസ് ഭീകരന്മാർ പിടിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് കൈയടിച്ച് നവോത്ഥാന നായകർ... ഇങ്ങനെയാരു തലക്കെട്ട് ദേശാഭിമാനിയുടെ ഒന്നാംപേജിൽ എട്ടുകോളത്തിൽ കുറഞ്ഞത് അരപ്പേജിലെങ്കിലും വരുമെന്ന് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളു കുറേയായി. നാളെ പുലർച്ചെയാകുമ്പോൾ ദാ കൃത്യം ഒരു മാസമാകും ഈ കാത്തിരിപ്പിന്. ശബരിമല യുവതീപ്രവേശനത്തിന് ആർജവം കാണിക്കുന്ന സർക്കാർ ആ ആർജവമെന്തേ ഇവിടെ കാട്ടാത്തത്? പ്രത്യേകിച്ചും ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് തന്നെ പറയുന്ന ആർഎസ്എസുകാരാണ് ഇവിടെയും അക്രമമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടും? കെ സുരേന്ദ്രനെയടക്കം അറസ്റ്റ് ചെയ്ത് ഞങ്ങൾക്ക് ഒരു നേതാവിനെപ്പോലും ഞങ്ങൾക്ക് പേടിയില്ലെന്ന് പറയുമ്പോഴും ഈ സന്ദീപാനന്ദ ഗിരിയുടെ കാര്യത്തിൽ എന്താണ് ഒരു തീർപ്പുണ്ടാകാത്തത്? നവോത്ഥാന നിലപാടിൽ ഒട്ടും വെള്ളം ചേർക്കാത്ത ഇടതു സഹയാത്രികൻ സ്വാമി സന്ദീപാനന്ദഗിരിയുടെ വേദനയകറ്റാൻ നവോത്ഥാന നായകർ നയിക്കുന്ന ഇടതു സർക്കാരിന് കഴിയില്ലെന്നാണോ.
വാഹനങ്ങൾക്ക് തീയിട്ടത് ആർഎസ്എസുകാരാണെങ്കിലല്ലേ ആർഎസ്എസുകാരെ പിടിക്കാൻ പറ്റൂ എന്ന ചോദ്യം അന്തരീക്ഷത്തിലിങ്ങനെ സജീവമായി പാറി നടക്കുകയാണെന്ന കാര്യവും പ്രത്യേകം ചിന്തിക്കണം.

ശബരിമല വിഷയം കത്തിനിൽക്കുന്ന ഒക്ടോബർ 27 ന് പുലർച്ചെയാണ് കേരളത്തെ ഞെട്ടിക്കുന്ന ആ വാർത്ത വന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം. കാറുകൾ കത്തിനശിച്ചു. ആശ്രമത്തിന് മുന്നിൽ റീത്ത്. സംഘപരിവാറെന്ന് ആരോപണം. ഇതായിരുന്നു വാർത്ത. സംഭവം നടന്ന് അധികം വൈകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎം നേതാക്കളും പാഞ്ഞെത്തുന്നു. ആശ്രമം ആക്രമിച്ചത് സംഘപരിവാറാണ്. അക്രമം നടത്തിയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിശക്തമായ നടപടിയുണ്ടാകും. ഇത്തരം സംഘപരിവാർ അക്രമത്തിനെതിരായ ചിന്ത സമൂഹത്തിലാകെ ഉണരണം. മുഖ്യമന്ത്രി അന്ന് പറഞ്ഞ വാക്കുകളാണ്. ആവേശഭരിതരായി കൈയടിച്ച് മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ സൈബർ പോരാളികൾക്കും പിണറായി ഭക്തസംഘത്തിനും ഇതുമാത്രം മതിയായിരുന്നു. എന്നിട്ടെന്ത് സംഭവിച്ചു? ആശ്രമം എന്ന് വിളിക്കുന്ന ഹോം സ്റ്റേ രജിസ്ട്രേഷനുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അത്ഭുതമെന്ന് പറയട്ടെ ഒന്നും കിട്ടിയില്ല. അവയിൽ റോഡിലേക്കുള്ള സിസിടിവികൾ ഒഴികെ ബാക്കിയെല്ലാം കൃത്യം മണിക്കൂറുകൾക്ക് മുന്നേ പ്രവർത്തനരഹിതമായിപ്പോയെന്ന്. ആർഎസ്എസുകാരനല്ലാത്ത മുൻ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. പക്ഷെ ഒരു കാര്യവുമുണ്ടായില്ല. ഒക്ടോബർ 29 അന്വേഷണസംഘം ഒരു ഗംഭീര പ്രസ്താവന നടത്തുന്നു. അന്വേഷണം ഊർജിതമാണ് പ്രതികളെ പിടിക്കുമെന്ന്.

മുഖ്യമന്ത്രിയുടെ ഡ്രൈവർ കാർ കുറച്ചുകൂടി വേഗത്തിലോടിച്ചിരുന്നെങ്കിൽ തീ കത്തുന്നതിന് മുമ്പേ ആശ്രമത്തിലെത്തിയേനേ എന്ന ട്രോൾ വചനമാണ് സാന്ദർഭികമായി ഓർത്തുപോകുന്നത്. ഗംഭീര പൊലീസെന്ന് പിണറായി തന്നെ വാഴ്‌ത്തുന്ന പൊലീസിന് ഇത്രയും കാലമായിട്ടും മുഖ്യമന്ത്രി പറഞ്ഞ സംഘപരിവാർ തീവെപ്പുകാരെ പിടിക്കാൻ പറ്റിയില്ലെങ്കിൽ മേൽപ്പറഞ്ഞ ട്രോൾ വചനത്തിന് മുന്നിൽ ട്രോളല്ല എന്നുകൂടി എഴുതിയാലേ ആളുകൾ വിശ്വസിക്കൂ. പറഞ്ഞുവരുന്നത് ഇതാണ്. മിനിമം പറച്ചിലും പ്രവൃത്തിയും തമ്മിൽ എന്തെങ്കിലും ബന്ധം വേണം. അല്ലെങ്കിൽ അതിന് മണിയാശാന്റെ നാടൻ ഭാഷ കടമെടുത്താൽ തള്ള് എന്ന് പറയും. അതിപ്പൊ പുത്തരിക്കണ്ടത്തായാലും കണ്ണൂരിലായാലും അതിനെ അങ്ങനെ തന്നെ വിളിക്കേണ്ടിയും വരും. വിപ്ലവം നാവിൻ തുമ്പിലൂടെ മാത്രം നടപ്പാക്കാനുള്ളതല്ല എന്നകാര്യവും വിനീതമായി പറഞ്ഞുകൊള്ളട്ടെ. ലക്ഷക്കണക്കിന് ശമ്പളം കൊടുത്ത ഉപദേശകരും വമ്പൻ സുരക്ഷയുമുള്ള മുഖ്യമന്ത്രിയാണ്. പിണറായിയുടെ മുഖം വിഷുക്കണി കണ്ടിരുന്ന ജിഷ്ണുവിന്റെ വീട്ടിൽപ്പോലും പോകാത്ത മുഖ്യമന്ത്രി നേരിട്ട് ഓടിയെത്തിയ കേസാണ്. സന്ദീപാനന്ദഗിരിക്കുവേണ്ടി വേദികളിൽ ഘോരഘോരം വാദിച്ചതാണ്. അതുകൊണ്ടുതന്നെ തീവെപ്പുകാരായ സംഘപരിവാർ ഭീകരർ എവിടെ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേ?

പണ്ട് കെഎം മാണിക്കെതിരേ സിപിഐഎം നടത്തിയ സമരങ്ങളും ആരോപണങ്ങളുമാണ് ഇപ്പോൾ ഓർമ്മവരുന്നത്. അന്ന് നിയമസഭയിലും അക്രമം നടത്തി തെരുവുകളിൽ ലക്ഷോപലക്ഷം അണികളെയും ഇളക്കിവിട്ട് സമരം നയിച്ച പാർട്ടിയാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ഈ പാർട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ നിങ്ങൾ പണ്ട് പറഞ്ഞ കോഴമാണിയെ ചുവപ്പ് പരവതാനി വിരിച്ചാണ് നിങ്ങൾ സ്വീകരിച്ചത്. ചിന്തിക്കുക... പറച്ചിലും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും വേണ്ടെന്നാണെങ്കിൽ പിന്നെ നിങ്ങൾ പാടുന്ന വിപ്ലവഗാഥകൾക്ക് കയ്യടിക്കാൻ ആളെക്കിട്ടാതെ വരും. ത്രിപുരയും ബംഗാളും ഓരോ ചൂണ്ടുപലകകളാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP