Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ; 'വാങ്ക്' കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല 'കിതാബ്' എന്ന വിവാദ നാടകത്തിൽ ഉള്ളത്; നാടകം പച്ചയായ ഇസ്ലാം വിരുദ്ധതയെന്ന് എഴുത്തുകാരി ജെ ദേവിക; ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു; 'മീശ' വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടവർ 'കിത്താബിൽ' മറുകണ്ടം ചാടുന്നു

ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ; 'വാങ്ക്' കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല 'കിതാബ്' എന്ന വിവാദ നാടകത്തിൽ ഉള്ളത്; നാടകം പച്ചയായ ഇസ്ലാം വിരുദ്ധതയെന്ന് എഴുത്തുകാരി ജെ ദേവിക; ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു; 'മീശ' വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടവർ 'കിത്താബിൽ' മറുകണ്ടം ചാടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനെതിരെ സംഘപരിവാർ സംഘടനകൾ ഉറഞ്ഞുതുള്ളുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് നോവൽ പിൻവലിക്കുകയും ചെയ്ത സംഭവങ്ങൾ വിലിയ വിവാദമായിരുന്നു. ഈ സമയത്ത് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒറ്റക്കെട്ടായി ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊണ്ടത്. എന്നാൽ ഇപ്പോൾ കോഴിക്കോട് ജില്ലാ സ്‌കൂൾ കലോൽസവത്തിൽ 'കിത്താബ്' എന്ന റഫീഖ് മംഗലശ്ശേരിയുടെ നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാൻ സാംസ്കാരിക നായകരെ കിട്ടാത്ത അവസ്ഥയാണ്.

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ചെറുകഥയായ 'വാങ്കിൽ' നിന്നാണ് നാടകത്തിന്റെ മൂലകഥയെടുത്തത്. എന്നാൽ അതേ കഥാകൃത്ത് ഉണ്ണി ആർ തന്നെ നാടകത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ്.ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കിതാബ് എന്ന വിവാദ നാടകത്തിൽ ഉള്ളതെന്നും ഉണ്ണി ആർ കഴിഞ്ഞദിവസം സിറാജ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

നാടകം പച്ചയായ ഇസ്ലാംവിരുദ്ധതയാണെന്ന് എഴുത്തുകാരി ജെ ദേവികയും ഫേസ്‌ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നെന്നും, മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും ജെ ദേവിക ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അതേസമയം എഴുത്തുകാർക്ക് ഇസ്ലാമിനെപേടിയാണൊ എന്ന് ചോദിച്ചും ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയും ഫേസ്‌ബുക്കിൽ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ് മംഗലശ്ശേരിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറികൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.എങ്ങനെനോക്കിയാലും സാമുദായിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടും സ്ത്രീയുടെ പദവി ഉയർത്തുന്നതും തന്നെയാണ് ഈ നാടകം. പക്ഷേ ശബരിമലയിൽപോലും ലിംഗ നീതിയെക്കുറിച്ചും പരിഷ്‌ക്കരണത്തെകുറിച്ചു പറയുന്ന ഒരാളെടെയും പിന്തുണ ഈ വിഷയത്തിൽ റഫീഖിന് കിട്ടുന്നില്ല. ഒരു പ്രത്യേകതരം നവോതഥാനം എന്നാണ് ഫേസ്‌ബുക്കിൽ ഈ ഇരട്ടത്താപ്പ വിമർശിക്കപ്പെടുന്നത്.

നാടകത്തിന് എന്റെ കഥയുമായി ബന്ധമില്ല- ഉണ്ണി ആർ

ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ സിറാജ് ദിനപ്പത്രത്തോട് വ്യക്തമാക്കിയിരുന്നു. വാങ്ക് എന്ന കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കഴിഞ്ഞ ദിവസം റവന്യൂ ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ നാടകത്തിൽ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. പിന്നെയെങ്ങനെ എന്റെ കഥയെ ആസ്പദമാക്കിയെന്ന് പറയാനാകും. എന്നോട് ചോദിക്കാതെയാണ് അവർ അത് ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആർ പറഞ്ഞു.

നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയിട്ടില്ല. ഏതോ ഒരു മുക്രിയും ഒരു പെൺകുട്ടിയുമൊക്കെയാണ് നാടകത്തിൽ പറയുന്നത്. അതൊന്നുമല്ല ഞാൻ എന്റെ കഥയിൽ ചൂണ്ടിക്കാട്ടുന്നത്. എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ മതമാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി തന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നത്. എന്റെ കഥയെ എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു. ഈ നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കുന്നതിനെതിരെ ഡി പി ഐക്ക് പരാതി നൽകിയതായി ഉണ്ണി ആർ പറഞ്ഞു.

പരിഷ്‌ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് ഇത് - ജെ ദേവിക

എഴുത്തുകാരി ജെ ദേവികയുടെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

1. അതിന് ഉണ്ണിയുടെ കഥയുമായി വിദൂരബന്ധം പോലുമില്ല. സ്ത്രീ വാങ്കുവിളിക്കാൻ ആഗ്രഹിക്കുന്നതൊഴിച്ചാൽ മറ്റൊന്നുമില്ല അവ തമ്മിൽ സാമ്യം. ഉണ്ണിയോട് ഇതെഴുതിയ ആൾ നിരുപാധികം മാപ്പു പറയേണ്ടതാണ്.

2. ഈ നാടകം, കേട്ടതു ശരിയാണെങ്കിൽ പച്ചയായ ഇസ്ലാംവിരുദ്ധതയാണ്. ഇസ്ലാമിൽ സ്ത്രീയെ പുരുഷന്റെ വാരിയെല്ലായിക്കാണുന്ന ഉത്പത്തിക്കഥയല്ല ഉള്ളത്. അങ്ങനെയാണ് മദ്രസയിൽ പഠിപ്പിച്ചതെങ്കിൽ പഠിപ്പിച്ചവരോടു പോയി കണക്കുതീർക്കുക, അല്ലാതെ മതത്തെ ആകെ താറടിക്കാൻ ശ്രമിക്കാതിരിക്കുക. വിവരദോഷികൾ കൂടുതൽ വായിക്കാൻ ശ്രമിക്കുക.

3. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു, അവരെ അപ്രകാരം നിലനിർത്തുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹ്യപരിഷ്‌ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് . ഇതൊന്നുമല്ല കേരളത്തിൽ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നവർ ചെയ്യേണ്ടത്.

4. സാമൂഹ്യപരിഷക്കരണ നാടകങ്ങൾ പണ്ടുണ്ടായിരുന്നവ സമൂഹത്തിന്റെ അന്നത്തെ നിലയെ കുറയേറെ സത്യസന്ധമായി സമീപിക്കാൻ ശ്രമിച്ചവയാണ്. അന്നത്തെ കണക്കുപ്രകാരം തെളിയിക്കാവുന്ന കോട്ടങ്ങളെയാണ് അവ ചിത്രീകരിച്ചത്. ഈ നാടകാഭാസം കേരളത്തിലെ മുസ്ലിം സമുദായത്തിലുണ്ടായിരിക്കുന്ന സാമൂഹ്യമാറ്റത്തെ വന്മാറ്റത്തെ അവഗണിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിലും ജനനനിരക്കിലും പൊതുവെ ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലും എല്ലാം (ബഹുഭാര്യത്വം വളരെ കുറഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല, ഇന്ത്യയിലെ മറ്റു പല ഹിന്ദുസമൂഹങ്ങളെക്കാൾ കുറവാണ് ). ഇതെല്ലാം കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞവയാണ്. അതുകൊണ്ടുതന്നെ അവ സാമൂഹ്യപരിഷ്‌ക്കരണനാടകരചനയിൽ അവഗണിക്കാവുന്നവയല്ല. റിയലിസം യഥാതഥവാദമായിരിക്കണം. അല്ലാതെ സ്വതാത്പര്യസംരക്ഷണത്തെ ധാർമ്മികവിഷയങ്ങളായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന പൊളിറ്റിക്കൽ സയൻസിന്റെ റിയലിസമാവരുത്.

5. സ്ത്രീകളുടെ തുല്യമതപങ്കാളിത്തം ആവശ്യപ്പെടാൻ ഇതു പോലെ നീചമായ ഇസ്ലാമോഫോബിയ ആവശ്യമില്ല. അതാവശ്യപ്പെടാൻ ജമാത്തെ ഇസ്ലാമിയുടെ വനിതാനേതാവു ചെയ്തതു പോലെ മതബാഹ്യജീവിതത്തിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരെ അപഹസിക്കേണ്ടതുമില്ല (മീ ടൂ പരിഹാസപ്രസംഗം).

6. ഇവിടുത്തെ ഇടതുപക്ഷത്തിന് പുരോഗമനം നേടിയവർ എന്നു കരുതപ്പെടുന്ന ഹിന്ദുസ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ കഴിയുന്നില്ല. മുസ്ലിം സമുദായത്തെ ഇത്തരത്തിൽ അപഹസിക്കാൻ ഇവർക്ക് എന്തൊരുത്സാഹം!

7. മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP