Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുരിദാറിലെ എഴുത്ത് കോപ്പിയടിയാണെന്ന് കരുതി പരസ്യമായി ശാസിച്ചു; ഓഫിസ് റൂമിൽ എത്തിച്ച് വീട്ടുകാരെ വിളിപ്പിച്ചു; അപമാനിക്കപ്പെട്ട 19കാരി ഇറങ്ങിയോടി ചാടിയത് പാഞ്ഞു വരുന്ന ട്രെയിന് മുൻപിലേക്ക്; കൊല്ലം ഫാത്തിമ കോളേജ് വിദ്യാർത്ഥിനിയുടെ ദാരുണ മരണം കോളേജിൽ സംഘർഷമായി വളർന്നു

ചുരിദാറിലെ എഴുത്ത് കോപ്പിയടിയാണെന്ന് കരുതി പരസ്യമായി ശാസിച്ചു; ഓഫിസ് റൂമിൽ എത്തിച്ച് വീട്ടുകാരെ വിളിപ്പിച്ചു; അപമാനിക്കപ്പെട്ട 19കാരി ഇറങ്ങിയോടി ചാടിയത് പാഞ്ഞു വരുന്ന ട്രെയിന് മുൻപിലേക്ക്; കൊല്ലം ഫാത്തിമ കോളേജ് വിദ്യാർത്ഥിനിയുടെ ദാരുണ മരണം കോളേജിൽ സംഘർഷമായി വളർന്നു

കൊല്ലം: കൊല്ലത്ത് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ കണക്കറ്റ ശാസനയും കൂട്ടുകാർക്കു മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ വിഷമം കാരണമെന്ന് റിപ്പോർട്ട്. ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തിൽ രാധാകൃഷ്ണന്റെ മകൾ രാഖികൃഷ്ണ(19)യാണ് ഇന്നലെ കേരളാ എക്സ്‌പ്രസിന് മുന്നിൽ ചാടി മരിച്ചത്.

ചുരിദാറിലെ എഴുത്ത് കോപ്പിയടിയായി തെറ്റിദ്ധരിച്ച അദ്ധ്യാപിക രാഖിയെ കണക്കറ്റ് ശാസിക്കുകയും പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി സ്‌ക്വാഡിന് മുന്നിലെത്തിക്കുകയും ആയിരുന്നു. ഇതോടെയാണ് രാഖി കോളേജിൽ നിന്നും ഇറങ്ങി ഓടിയതും ഒന്നര കിലോമീറ്റർ അകലെ മാറി എആർ ക്യാമ്പിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതും. ബുധനാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. അദ്ധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.

അദ്ധ്യാപകരുടെ അതിരു കടന്ന ശകാരവും പരീക്ഷയിൽ നിന്ന് അയോഗ്യയാക്കുമെന്ന ഭീതിയുമാണ് രാഖി ആത്മഹത്യ ചെയ്യാൻ കാരണമെന്നും ചുരിദാറിലെ പേനകൊണ്ടുള്ള എഴുത്ത് ഇന്നലത്തെ പരീക്ഷയുമായി ബന്ധമുള്ളതല്ലെന്നും സഹപാഠികൾ പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു. കോളേജ് അധികൃതരുടെ വീഴ്ചയും നിർദ്ദയമായ പെരുമാറ്റവുമാണ് രാഖിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.

കോളേജ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. വിവരം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല.കൊല്ലം ഫാത്തിമാ മാതാ കോളേജിലെ ബി.എ. ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയായിരുന്നു ബുധനാഴ്ച. പരീക്ഷ തുടങ്ങിയശേഷം, രാഖികൃഷ്ണയുടെ ചുരിദാറിൽ എന്തോ എഴുതിയിരിക്കുന്നത് ക്ലാസിൽനിന്ന അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. അവർ രാഖിയെ എഴുന്നേൽപ്പിച്ചുനിർത്തി ഏറെനേരം ശാസിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

അദ്ധ്യാപിക കോളേജ് പരീക്ഷാ സ്‌ക്വാഡിനെ വിളിച്ചുവരുത്തി ചുരിദാറിൽ എഴുതിയഭാഗം ഫോട്ടോയെടുക്കുകയും രാഖിയെ സ്‌ക്വാഡിനൊപ്പം സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സ്റ്റാഫ് റൂമിലെത്തിച്ചശേഷം കോളേജിൽനിന്ന് രാഖിയുടെ വീട്ടിലേക്കുവിളിച്ച് രക്ഷിതാക്കൾ ഉടൻ എത്തണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അധികൃതർ കോളേജിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഇതോടെ കോളേജ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസും കോളേജ് അധികൃതരും അന്വേഷണം നടത്തുന്നതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച വിവരം അറിഞ്ഞത്.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുവന്ന കേരള എക്സ്‌പ്രസിന് മുന്നിലാണ് വിദ്യാർത്ഥിനി ചാടിയത്. കോളേജിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയുള്ള എ.ആർ.ക്യാമ്പിന് മുന്നിലെ ട്രാക്കിലായിരുന്നു അപകടം. രാഖിയുടെ ചുരിദാറിൽ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് സഹപാഠികൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണക്കമ്മിഷനെ നിയോഗിക്കുമെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെല്ലി അറിയിച്ചു. സംഭവത്തിൽ അദ്ധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഖിയുടെ മരണത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ശ്രീജാത. സഹോദരൻ: രാഹുൽ കൃഷ്ണ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP