Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടയുടെ പെയിന്റും ബോർഡും ഒരേ രൂപത്തിൽ; അരി വില വർദ്ധനവിന് അന്തിമ തീരുമാനം എടുത്തില്ല; റേഷൻ പരാതികൾക്ക് പൊതുസ്ഥലത്ത് പരാതിപ്പെട്ടിയും; സംസ്ഥാനത്തെ റേഷൻ കടകൾ ജനുവരി 31 മുതൽ പുതുമോടിയിൽ

കടയുടെ പെയിന്റും ബോർഡും ഒരേ രൂപത്തിൽ; അരി വില വർദ്ധനവിന് അന്തിമ തീരുമാനം എടുത്തില്ല; റേഷൻ പരാതികൾക്ക് പൊതുസ്ഥലത്ത് പരാതിപ്പെട്ടിയും; സംസ്ഥാനത്തെ റേഷൻ കടകൾ ജനുവരി 31 മുതൽ പുതുമോടിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഏകീകൃതരൂപമാകുന്നു. റേഷൻ കടകൾക്കുള്ള പെയിന്റ്, ബോർഡ് എന്നിവ ഇനി ഒരേ രൂപത്തിൽ ആകും. ഇത് പ്രകാരം സംസ്ഥാനത്തെ 14500 റേഷൻ കടകളും ഒരേ പെയിന്റിലും ഒരേ ബോർഡിലുമാകും പ്രത്യക്ഷപ്പെടുക. ജനുവരി 31 മുതൽ ഈ തീരുമാനം നടപ്പിലാകും. റേഷൻ കടകൾക്ക് ഏകീകൃത രൂപം നൽകുന്ന കാര്യത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനും റേഷൻ വ്യാപാരി സംഘടനകളും തമ്മിൽ നടന്ന കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ഈ തീരുമാനം വന്നത്. റേഷൻ കടകൾക്ക് ഒരേ പെയിന്റ്, ഒരേ ബോർഡ് എന്നിവ മാത്രമല്ല ഒരേ എംബ്ലവും വരും.

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളെ ഒരൊറ്റ നോട്ടത്തിൽ ജനങ്ങൾക്ക് തിരിച്ചറിയാൻ വേണ്ടിയിട്ടാണ് ഈ മാറ്റം. പൊലീസ് സ്റ്റെഷനുകൾ ഒരേ രീതിയിൽ പെയിന്റ് അടിച്ച് ബോർഡ് തൂക്കാൻ മുൻപ് ഒരു നീക്കമുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് വിവാദമാവുകയും കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതി ജഡ്ജി ഒരു പരാമർശം നടത്തുകയും ചെയ്തിരുന്നു. റേഷൻ കടകൾക്ക് ആണ് ഒരേ രീതിയിൽ പെയിന്റ് ചെയ്ത് ബോർഡ് തൂക്കേണ്ടത്. അല്ലാതെ പൊലീസ് സ്റ്റേഷനുകൾക്ക് അല്ല. പൊലീസ് സ്റ്റേഷനുകൾ പെയിന്റ് അടിച്ച് എകീകൃതരൂപമാക്കുന്ന നടപടി നിലച്ചപ്പോഴാണ് ഇപ്പോൾ റേഷൻ കടകൾക്ക് ഒരേ പെയിന്റും ഒരേ ബോർഡുമായി എകീകൃത രൂപം വരുന്നത്. ജഡ്ജിയുടെ ഈ പരാമർശം തന്നെയാണ് ഭക്ഷ്യവകുപ്പ് അധികൃതരെയും ഈ നടപടിക്ക് പ്രേരിപ്പിച്ചത്.

റേഷൻ കൺട്രോളറുടെ ഉത്തരവ് അനുസരിച്ച് കട വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം റേഷൻ കട ഉടമകൾക്കാണ്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു പിന്തുണ കൂടി സർക്കാർ നൽകും. ഏകീകൃത രൂപമാക്കുമ്പോൾ അതിനു വരുന്ന ചെലവ് ഇനത്തിൽ 2500 രൂപ കൂടി സർക്കാർ ഓരോ കടയ്ക്കും നൽകും. 2000 രൂപയാണ് ആദ്യം തീരുമാനിച്ചതെങ്കിലും റേഷൻ വ്യാപാരികൾ തുക കൂട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ തുക 500 രൂപ കൂടി ഉയർത്തുകയായിരുന്നു. 7500 രൂപ മുതൽ 10000 രൂപ വരെയാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടത്. പക്ഷെ ഭക്ഷ്യവകുപ്പ് വഴങ്ങിയില്ല. പകരം റേഷൻ കൺട്രോളറുടെ ഉത്തരവ് ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ ഉത്തരവ് പ്രകാരം റേഷൻ കടകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് റേഷൻ കട വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. പക്ഷെ വാടകക്കെട്ടിടത്തിൽ പെയിന്റ് അടിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലാ എന്നാണ് റേഷൻ വ്യാപാരികൾ പറഞ്ഞത്. സ്വന്തം കെട്ടിടത്തിൽ ആണെങ്കിൽ ആവാം എന്നും വ്യാപാരികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. പക്ഷെ പൊതുമാനദണ്ഡം സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു പരാതിപ്പെട്ടി കൂടി സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഈ പരാതിപ്പെട്ടിയുടെ കാര്യത്തിൽ പക്ഷെ റേഷൻ വ്യാപാരികൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. വലിയ തുക ഇതിനായി വകയിരുത്തണം ഇതാണ് അവർ ആവശ്യപ്പെട്ടത്. അതോടെ പരാതിപ്പെട്ടിയുടെ കാര്യത്തിൽ സർക്കാർ പിന്നോക്കം പോയി. പരാതി കൊടുക്കാൻ ഓൺലൈൻ വഴി സംവിധാനമുണ്ട്. ഇതും റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇതോടെ ഭക്ഷ്യവകുപ്പും ഈ പരാതിയുടെ കാര്യത്തിൽ പിന്നോക്കം പോയി. പക്ഷെ സോഷ്യൽ ഓഡിറ്റ് സംവിധാനം നിലവിൽ ഉള്ളതിനാൽ പരാതിപ്പെട്ടി സ്ഥാപിക്കേണ്ട ആവശ്യം സർക്കാരിനുണ്ട്.

കാരണം ഇത്തരം പരാതികൾ വിജിലൻസ് വിങ് പരിശോധിക്കുന്നുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള പരാതി അറിയിക്കാൻ പരാതിപ്പെട്ടി വരും. റേഷൻ പരാതിപ്പെട്ടി എന്ന പരാതിപ്പെട്ടിയാണ് നിലവിൽ വരാൻ പോകുന്നത്. പൊതുസ്ഥലങ്ങളിൽ ആകും ഈ പരാതിപ്പെട്ടി സ്ഥാപിക്കുക. അതേ സമയം റേഷൻ കടകൾക്കുള്ള ആശ്വാസ പാക്കേജിന്റെ പേരിൽ നൽകുന്ന 16000 രൂപ സർക്കാർ 18000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വ്യാപാരികളിൽ നിന്നും വന്ന സമ്മർദ്ദത്തിന്റെ ഒടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരമുള്ള അധിക ബാധ്യത തീർക്കാൻ റേഷൻ അരിക്ക് കിലോയ്ക്ക് രണ്ടു രൂപ കൂട്ടാൻ സർക്കാർ ഒരുങ്ങുകയാണ്. നിലവിലെ 16000 എന്ന പാക്കേജിന് മാത്രം 328 കോടി രൂപ സർക്കാരിന് അധികബാധ്യതയുണ്ട്. ഈ ബാധ്യത കൂട്ടാൻ ഇനി തയ്യാറല്ലെന്നാണ് ധനവകുപ്പ് നിലപാട്. 80 കോടി രൂപയാണ് സർക്കാരിന് ഈ ഇനത്തിൽ അധിക ബാധ്യത വരുന്നത്. എന്നാൽ ഈ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാധ്യത ജനങ്ങൾക്ക് മുകളിൽ ചുമത്താൻ നിർദ്ദേശം വരുന്നത്. ഈ നിലപാടിനെ തുടർന്നാണ് റേഷൻ വിലവർധനയ്ക്ക് സർക്കാർ ഒരുങ്ങുന്നത്.

പക്ഷെ ഭക്ഷ്യവകുപ്പ് കർശനമായ നിലപാട് സ്വീകരിച്ചതിനാൽ റേഷൻ വില വർധനവിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. അരി കിലോയ്ക്ക് ഒരു രൂപ കൂട്ടണോ അതോ ഒരൊറ്റയടിക്ക് രണ്ടു രൂപ കൂട്ടണോ എന്ന കാര്യത്തിൽ സർക്കാർ തന്നെ ധാരണയിൽ എത്തിയിട്ടില്ല. ഇന്നലത്തെ കാബിനറ്റിൽ ഈ തീരുമാനം വന്നില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. റേഷൻ വില കൂട്ടിയാൽ അത് സംസ്ഥാനത്തെ 81 ;ലക്ഷം റേഷൻ കാർഡ് ഉടമകളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുകയാണ്. റേഷൻ വ്യാപാരികളുടെ വില്പന അനുസരിച്ച് മാസം 16000 രൂപ ലഭിക്കുന്ന ഒരു പാക്കേജിന് ഇടത് സർക്കാർ മുൻപ് അംഗീകാരം നൽകിയിരുന്നു. എന്നാൽ 16000 രൂപ ലഭിച്ചാൽ ചിലവുകളും മാസവാടകയും താങ്ങാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് നിലവിലെ പാക്കേജിൽ 2000 രൂപ കൂടി വർധിപ്പിച്ച് പാക്കേജ് പതിനെട്ടായിരം ആക്കാൻ സർക്കാർ തീരുമാനിച്ചത്. 45 ക്വിന്റൽ വിറ്റാലാണ് ഈ 18000 രൂപ സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. ഇങ്ങിനെ പാക്കേജ് കൂട്ടി നൽകുക വഴി സർക്കാരിന് അധിക ബാധ്യത വരുമെന്ന് മനസിലായതിനാണ് അധിക ബാധ്യത റേഷൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിൽ റേഷൻ വ്യാപാരികളെ പുനരുദ്ധരിക്കാൻ സർക്കാർ തീരുമാനമുണ്ട്.

എടിഎം കൗണ്ടർ ഫെസിലിറ്റി ഏർപ്പെടുത്തിയും ലോട്ടറി വിൽപ്പന ഏർപ്പെടുത്തിയും വരുമാനം കൂട്ടാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. അത് ഉടനടി തന്നെ നടപ്പിലാകുകയും ചെയ്യും. ഇതുകൂടാതെ മൊബൈൽ ചാർജ് കൂപ്പണുകൾ വഴിയും റേഷൻ കടക്കാർക്ക് വരുമാനം ലഭ്യമാകാൻ വഴികളുണ്ട്. ഇതൊന്നും ചെയ്യാതെയാണ് അധിക ബാധ്യത ജനങ്ങൾക്ക് മുകളിൽ അടിപ്പിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത്. രാവിലെ എട്ടുമുതൽ 12 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാണ് നിലവിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതൊഴിവാക്കി കൂടുതൽ നേരം തുറന്നിരിക്കാൻ തയ്യാറായാൽ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ റേഷൻ കട ഉടമകൾക്ക് ലഭിക്കും. പക്ഷെ ഇതിനു നിലവിൽ റേഷൻ കട ഉടമകൾ തയ്യാറാകുന്നില്ല. ഈ സാധ്യതകൾ റേഷൻ കട ഉടമകൾക്ക് മുന്നിൽ നിലനിൽക്കുന്നതിലാണ് റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP