Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ കേമനാക്കാൻ യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിച്ച് കേന്ദ്രം; 'ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചു'വെന്ന് പരിഹസിച്ച് കോൺഗ്രസ്; നോട്ട് നിരോധനം കിരാതമായ നടപടിയെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചുവെന്നും മോദി സർക്കാറിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്; അസംഘടിത തൊഴിൽ മേഖലയെ തകർത്തെറിഞ്ഞെന്നും അരവിന്ദ് സുബ്രഹ്മണ്യം

മോദിയെ കേമനാക്കാൻ യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിച്ച് കേന്ദ്രം; 'ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചു'വെന്ന് പരിഹസിച്ച് കോൺഗ്രസ്; നോട്ട് നിരോധനം കിരാതമായ നടപടിയെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചുവെന്നും മോദി സർക്കാറിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്; അസംഘടിത തൊഴിൽ മേഖലയെ തകർത്തെറിഞ്ഞെന്നും അരവിന്ദ് സുബ്രഹ്മണ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യം നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിച്ചുകൊണ്ട് മോദി സർക്കാർ കണക്കുകൾ പുറത്തു വിട്ട നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. 2010-11 കാലയളവിൽ ഡോ. മന്മോഹൻസിംഗിന്റെ ഭരണകാലത്ത് സാമ്പത്തിക വളർച്ചാ നിരക്ക് (ജിഡിപി)10.3 ശതമാനം ആയിരുന്നു. എന്നാൽ ഇന്നലെ സർക്കാർ പുതുതായി ഇറക്കിയ കണക്കനുസരിച്ച് ഇക്കാലയളവിൽ 8.5 ശതമാനമാണ് സാമ്പത്തിക വളർച്ചാ നിരക്ക് എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ കണക്കിൽ തിരുത്തലുകൾ വരുത്തി മോദി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.

സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു കാണിക്കുന്നതിലൂടെ രാജ്യത്തെ കഴിഞ്ഞ 15 വർഷത്തെ വളർച്ചയെ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിനായി യുപിഎ സർക്കാരിന്റെ കാലത്തെ ജിഡിപി നിരക്കിൽ തിരുത്തൽ നടത്തിയെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചു എന്നായിരുന്നു കേന്ദ്ര നടപടിയെ കോൺഗ്രസ് വക്താവ് രന്ദീപ് സുർജെവാല വിശേഷിപ്പിച്ചത്.

ജിഡിപി നിരക്കുകളിൽ ചെപ്പടി വിദ്യ കാട്ടി സർക്കാർ തങ്ങളുടെ സാമ്പത്തിക പിടിപ്പുകേട് മറച്ചു വയ്ക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ജിഡിപി എന്നാൽ മോദിയുടെ പുതിയ വ്യാഖ്യാനം പൊടിക്കൈ ഡേറ്റ് ഉത്പന്നം (ഗിമ്മിക്രി ഡേറ്റാ പ്രൊഡക്ട്) എന്നാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

മോദി സർക്കാരും അതിന്റെ കളിപ്പാട്ടമായ നീതി ആയോഗും കൂടി ജനങ്ങളെ കബളിപ്പിക്കുകയാണ്. രണ്ടും രണ്ടും കൂട്ടിയാൽ എട്ടെന്നാണ് അവർ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. വില കുറഞ്ഞ തന്ത്രങ്ങളിലൂടെ യുപിഎ സർക്കാരിനെ താറടിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇതുവച്ച് വില പേശാനുമാണ് കണക്കിൽ കൃത്രിമത്വം കാട്ടിയെന്ന് രൺദീപ് സുർജെവാലെ പറഞ്ഞു.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തു വിട്ട കണക്കിലാണ് 2010-11 വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ കുറവു രേഖപ്പെടുത്തിയത്. എന്നാൽ അന്ന് നൽകിയിരുന്ന ഡേറ്റകൾ അപൂർണമായിരുന്നുവെന്നും ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളിൽ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്നുമാണ് സർക്കാർ നൽകുന്ന ഔദ്യോഗിക വിശദീകരണം.

2015 മുതൽ ജിഡിപി കണക്കാക്കുന്നതിൽ സിഎസ്ഒ സ്വീകരിച്ചിട്ടുള്ള ബേസ് ഇയർ 2011-12 ആയി തെരഞ്ഞെടുത്തതാണ് കണക്കിൽ വ്യത്യാസമുണ്ടാകാൻ കാരണമെന്നാണ് മറ്റൊരു വിശദീകരണം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാ അഞ്ചു വർഷം കൂടുമ്പോഴും ബേസ് ഇയർ മാറാറുണ്ട്. ഈ വർഷം ഓഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയ ജിഡിപി നിരക്കിൽ പെട്ടെന്നുണ്ടായ മാറ്റം മുൻ സർക്കാരിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണാൻ വേണ്ടിയുള്ള ആയുധമായും രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നുണ്ട്.

അതേസമയം മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം നൽകിയെന്ന് കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. രാജ്യത്തിന്റെ സമ്പദ് രംഗത്തെ പിന്നോട്ടടിച്ച കിരാത നടപടിയായിരുന്നു നോട്ട് നിരോധനമെന്നും രാജ്യത്തിന് അതുണ്ടാക്കിയത് കടുത്ത സാമ്പത്തിക ആഘാതമായിരുന്നെന്നും അദ്ദേഹം പറയുന്നു.

അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്ലി ഇക്കോണമി' എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമർശനങ്ങളുള്ളത്. നോട്ട് നിരോധനത്തിനു മുൻപത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളർച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാൽ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളിൽ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു.

നോട്ട് നിരോധനത്തോടെ 86 ശതമാനം കറൻസികളും തിരികെയെത്തി. ജിഡിപി വളർച്ചയെ ഇതു മോശമായി ബാധിച്ചു. നോട്ട് നിരോധനത്തിനു മുൻപു തന്നെ വളർച്ച പതുക്കെയായിരുന്നു. എന്നാൽ പിന്നീട് ഇടർച്ചയുടെ വേഗത കൂടി. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകും എന്നു തോന്നുന്നില്ല. ഇതേസമയത്തു തന്നെ പലിശ നിരക്ക്, ജിഎസ്ടി, ഇന്ധനവിലയിലെ മാറ്റം തുടങ്ങിയവയെല്ലാം വളർച്ചയെ ബാധിച്ചു. അദ്ദേഹം പറഞ്ഞു

നോട്ടു നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാൽ, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാൽ നോട്ടു നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ടു നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP