Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ചെന്നിത്തല തോറ്റിടത്ത് വിജയിച്ചത് പിണറായി തന്ത്രം; ബിജെപിക്കൊപ്പം സമരത്തിനിറങ്ങിയ കോൺഗ്രസിനെ കൈവിട്ട് വോട്ടർമാർ; ന്യൂനപക്ഷവോട്ടുകൾ കൂട്ടത്തോടെ ഇടതുമുന്നണിയിലേക്ക്; ബിജെപി പിടിച്ചത് കോൺഗ്രസിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകൾ; ആലപ്പുഴയിൽ ഒഴിച്ചാൽ എവിടെയും നേട്ടം അവകാശപ്പെടാനില്ലാതെ ബിജെപിയും; ഇതേവോട്ടിങ്ങ് പാറ്റേൺ ആവർത്തിച്ചാൽ കോൺഗ്രസ് തകരും; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്ന രാഷ്ട്രീയചിത്രം ഇങ്ങനെ

ശബരിമലയിൽ ചെന്നിത്തല തോറ്റിടത്ത് വിജയിച്ചത് പിണറായി തന്ത്രം; ബിജെപിക്കൊപ്പം സമരത്തിനിറങ്ങിയ കോൺഗ്രസിനെ കൈവിട്ട് വോട്ടർമാർ; ന്യൂനപക്ഷവോട്ടുകൾ കൂട്ടത്തോടെ ഇടതുമുന്നണിയിലേക്ക്; ബിജെപി പിടിച്ചത് കോൺഗ്രസിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകൾ; ആലപ്പുഴയിൽ ഒഴിച്ചാൽ എവിടെയും നേട്ടം അവകാശപ്പെടാനില്ലാതെ ബിജെപിയും; ഇതേവോട്ടിങ്ങ് പാറ്റേൺ ആവർത്തിച്ചാൽ കോൺഗ്രസ് തകരും; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്ന രാഷ്ട്രീയചിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നേടിയ തിളങ്ങുന്ന ജയം, ശബരിമല വിഷയം കത്തിനിൽക്കെ സർക്കാറിനും സിപിഎമ്മിനും ആശ്വാസമാവുന്നു.സാധാരണ പ്രാദേശിക പ്രശ്നങ്ങളാണ് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിലൊക്കെ സജീവമാകയെങ്കിലും ഇത്തവണ ഉടനീളം കത്തിനിന്നത് ശബരിമലയായിരുന്നു.സംഘപരിവാർ സംഘടനകൾ ഓരോവീടും കയറിയാണ് ഇതേചൊല്ലി കാമ്പയിൻ നടത്തിയത്. സ്ത്രീകളുടെ പ്രത്യേക സ്‌ക്വാഡിനെയും അവർ പലയിടത്തും രംഗത്ത് ഇറക്കിയിരുന്നു. എന്നാൽ അതൊന്നും വോട്ടിങ്ങിൽ ഏശിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്താമക്കുന്നത്. സർക്കാറിനും സിപിഎമ്മിനുമാവട്ടെ ഉപതെരഞ്ഞെടുപ്പ് വലിയ ആശ്വാസമാണ് നൽകുന്നത്. മറിച്ച് വൻ തിരച്ചടിയുണ്ടാവുകയാണെങ്കിൽ അത് ശബരിമല വിഷയത്തിൽനിന്ന് വന്നതാണെന്ന വ്യാപക വിമർശനവും ഉണ്ടാകുമായിരുന്നു. എന്നാൽ ഈ മിന്നുന്ന ജയത്തോടെ വലിയ ആത്മവിശ്വാസമാണ് സിപിഎമ്മിനും സർക്കാറിനും വന്നിട്ടുള്ളത്.

ശബരിമല സമരത്തിന്റെ ഭാഗമായി പരോക്ഷമായെന്നോണം ന്യുനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്ക് കൂടുതലായി വരുന്നതിന്റെ വ്യക്തമായ സൂചന ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. മൃദു ഹിന്ദുത്വ സമീപനം കൈക്കൊണ്ട കോൺഗ്രസിനാണ് ഈ കളിയിൽ എറ്റവും പരിക്കേറ്റത്. കോൺഗ്രസിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകളാണ് ആലപ്പുഴയിൽ ബിജെപി പിടിച്ചത്. തൃശൂരിലെ പറപ്പൂക്കര പഞ്ചായത്തിലെ സിറ്റിങ്ങ് വാർഡായ പള്ളം എൽഡിഫ് പിടിച്ചെടുത്തത് ബിജെപിക്കും ആഘാതമായി.

'വിശ്വാസികൾ എക്കാലത്തും സിപിഎമ്മിനൊപ്പാമാണ്. അവരെ കുടുക്കിലാക്കാനുള്ള സംഘപരിവാറിന്റെ എല്ലാതന്ത്രങ്ങളും പാളിയിരിക്കയാണ്. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നതുകൊണ്ട ഉള്ളവോട്ടുകൂടി കോൺഗ്രസിന് നഷ്ടമാമാവുകയാണ്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുഴവൻ ജനങ്ങളുടേതുമാണ് ഈ വിജയം. കേരളത്തിന്റെ മതേതരത്വം ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു സമയവും ഉണ്ടായിട്ടില്ല'- മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ രണ്ട് സിറ്റിങ്ങ് സീറ്റുകളാണ് കോൺഗ്രസിൽനിന്ന് ബിജെപി പിടിച്ചെടുത്തനെത്തത് വലിയ സൂചകമാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഭാസുരചന്ദ്രബാബു മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇവിടെ രണ്ടിടത്തും കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോവുകയാണ് ചെയ്തത്. മൃദുഹിന്ദുത്വ സമീപനം പുലർത്തിയാൽ കോൺഗ്രസ് ഫലത്തിൽ ബിജെപിയാവുമെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുക.- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ ജില്ലക്ക് പുറത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് ആയിട്ടില്ല. തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാർഡിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശബരിമല സമരം കത്തനിന്നി പത്തനംതിട്ടയിലും പന്തളത്തുംപോലും ദയനീയമായിരുന്നു ബിജെപിയുടെ പ്രകടനം. പന്തളം നഗരസഭയിലെ പത്താംവാർഡിൽ വെറും പന്ത്രണ്ടുവോട്ടാണ് ബിജെപിക്ക് കിട്ടിയത്.പത്തനംതിട്ട 13ാം വാർഡിൽ ബിജെപിക്ക് നേടാനായത് 7 വോട്ടുകൾ മാത്രമാണ്. ശബരിമല സമരം ജനം ഏറ്റെടുത്തിട്ടില്ല എന്നതിന് തെളിവായാണ് സിപിഎം നേതാക്കൾ ഇത് ഉന്നയിക്കുന്നത്.

അതേസമയം സിപിഎമ്മിനും തിരിച്ചടിയേറ്റത് പത്തനംതിട്ടയിലാണ്. രണ്ട് സിറ്റിങ്ങ് സീറ്റുകൾ അവർക്ക് നഷ്ടമായി.ഇവിടെ ഒരിടത്ത്് എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്. അതേസമയം എറണാകളും തൃശൂർ കോഴിക്കോട് ജില്ലകളിൽ തിളങ്ങുന്ന പ്രകടനമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളിൽ വോട്ട് കൂട്ടത്തോടെ എൽഡിഎഫിലേക്ക് ഒഴുകിയെന്ന് വോട്ടിങ്ങ് പാറ്റേൺ വ്യക്താമാക്കുന്നു. ശബരിമല സമരം പരോക്ഷമായ ന്യൂനപക്ഷ ധ്രുവീകരണത്തിലേക്കാണ് വഴിയിടുന്നത്.

കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലെ ഫലം ഇതിന്റെ സൂചകമാണ്. 8040വോട്ട് പോൾ ചെയ്തതിൽ എൽ ഡി എഫ് 4116വോട്ട് നേടി. യു ഡി എഫിന് 2924വോട്ട് നേടി 1192വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം 229വോട്ട് ആയിരുന്നു. 1138വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794വോട്ടും, 428വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ 206വോട്ടുമാണ് ലഭിച്ചത്.

എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തം ജയിക്കാൻ കഴിഞ്ഞത് എൽഡിഎഫ് ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇവിടെ മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് വാർഡ് എൽഡിഎഫ് നിലനിർത്തി.ഇതിൽ 437 േവാട്ടിന്റെ വൻഭൂരിപക്ഷത്തിനാണ് തൃപ്പൂണിത്തുറയിലെ 49ാംവാർഡ് എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തത്. ബിജെപിക്ക് 287 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ഇവിടെ ശബരിമലമാത്രമായിരുന്നു പ്രധാന പ്രചാരണമെന്നും വ്യക്തമായ രാഷ്ട്രീയ സൂചകമാണ് ഈ വിധിയെന്നും എം സ്വരാജ് എംഎൽഎ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP