Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല സമരവേദി മാറ്റാനുള്ള തീരുമാനത്തെ ചൊല്ലി ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായതോടെ കേന്ദ്ര ഇടപെടൽ; മന്ത്രിമാരെ അടക്കം തടഞ്ഞു കൊണ്ടുള്ള സമരത്തിലേക്ക് നീങ്ങാൻ നിർദ്ദേശിച്ച് അമിത്ഷാ; കെ.സുരേന്ദ്രൻ ശബരിമലയിൽ എത്തിയത് കേന്ദ്രതീരുമാന പ്രകാരമായിട്ടും പിള്ളയും കൂട്ടരും പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണവുമായി വി മുരളീധര വിഭാഗം; നിയമസഹായം പോലും നൽകാതെ സുരേന്ദ്രനെ അകത്തിടാൻ കൂട്ടുനിന്നെന്ന ഗുരുതര ആരോപണം: ഒത്തുകളിയെന്നും ആക്ഷേപം

ശബരിമല സമരവേദി മാറ്റാനുള്ള തീരുമാനത്തെ ചൊല്ലി ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായതോടെ കേന്ദ്ര ഇടപെടൽ; മന്ത്രിമാരെ അടക്കം തടഞ്ഞു കൊണ്ടുള്ള സമരത്തിലേക്ക് നീങ്ങാൻ നിർദ്ദേശിച്ച് അമിത്ഷാ; കെ.സുരേന്ദ്രൻ ശബരിമലയിൽ എത്തിയത് കേന്ദ്രതീരുമാന പ്രകാരമായിട്ടും പിള്ളയും കൂട്ടരും പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണവുമായി വി മുരളീധര വിഭാഗം; നിയമസഹായം പോലും നൽകാതെ സുരേന്ദ്രനെ അകത്തിടാൻ കൂട്ടുനിന്നെന്ന ഗുരുതര ആരോപണം: ഒത്തുകളിയെന്നും ആക്ഷേപം

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല സമരവേദി മാറ്റാനുള്ള നീക്കത്തെ ചൊല്ലി ബിജെപിയിൽ തമ്മിലടി രൂക്ഷമായി. വി മുരളീധരൻ വിഭാഗം സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളക്കെതിരെ ഒത്തുകളി ആരോപണം വരെ ഉന്നയിച്ച് രംഗത്തുവരികയുണ്ടായി. ഇതോടെ ചേരിപ്പോര് രൂക്ഷമായതോടെ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടായി. മുരളീധരൻ എംപി വിഷയത്തിൽ കടുംപിടുത്തം പിടിച്ചതോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത ഷാ അടക്കമുള്ളവർ കേരളത്തിലേക്ക് എത്താൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘവും എത്തുന്നുണ്ട്. നിരോധനാജ്ഞ പിൻവലിക്കുന്നതുവരെ നിലയ്ക്കലിൽ സമരം ശക്തമാക്കാനും കോഴിക്കോട് ചേർന്ന ബിജെപി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.

മന്ത്രിമാരെ വഴി തടഞ്ഞു കൊണ്ടുള്ള സമരം അടക്കം നടത്താനാണ് ബിജെപി ഇതോടെ ഒരുങ്ങുന്നചത്. ഡിസംബർ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തുമെന്നാണ് വിവരം. സമരത്തിൽ നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാർട്ടിക്കുള്ളിൽ എതിർപ്പിനിടയാക്കുകയും ചെയ്തു.

നിലയ്ക്കൽ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന വിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതാക്കൾ അടക്കമുള്ള നേതാക്കൾ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനും എല്ലാ മന്ത്രിമാരെയും തെരുവിൽ തടയാനും കരിങ്കൊടി പ്രതിഷേധം അടക്കമുള്ള പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമല നിന്ന് സമരവേദി മാറ്റിയത് സമരത്തെ ദുർബലമാക്കിയെന്നാണ് വിലയിരുത്തൽ വരുന്നത്. ഇത് ആയുധമാക്കി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ മുരളീധര പക്ഷവും ഒരുങ്ങുകയാണ്. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിക്കുന്ന സമരം ഇപ്പോൾ സമരമുഖം തുറക്കുന്നത് പാർട്ടിക്കകത്താണ് എന്ന് വ്യക്തമാവുകയാണ് ബിജെപിക്കകത്ത് ശക്തമാകുന്ന രാഷ്ട്രീയ നീക്കങ്ങൾ. അതേസമയം കെ.സുരേന്ദ്രന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇപ്പോഴും പാർട്ടിയിൽ പുകയുന്നുണ്ട്.

കെ.സുരേന്ദ്രൻ ശബരിമലയിൽ സമരത്തിന് എത്തിയത് ആർഎസ്എസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമെന്ന് ഇപ്പോൾ വ്യക്തമാകുന്നു. . അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കെ.സുരേന്ദ്രനും ശശികല ടീച്ചറും ശബരിമലയിൽ എത്തിയത്. ശശികല ടീച്ചർ അറസ്റ്റിലായശേഷമുള്ള അർദ്ധരാത്രി വന്ന ബന്ദ് തന്നെ ഈ തീരുമാനപ്രകാരമായിരുന്നു. ഇതേ തീരുമാനപ്രകാരമാണ് കെ.സുരേന്ദ്രനും ശബരിമലയിൽ എത്തിയത്. പക്ഷെ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ മുൻധാരണ പ്രകാരം നടപടികൾ എടുക്കുന്നതിൽ സംസ്ഥാന നേതൃത്വം വീഴ്ടച്ച വരുത്തുകയായിരുന്നു. ബിജെപിയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയുടെ കനലുകൾ ആണ് സുരേന്ദ്രന്റെ കാര്യത്തിൽ തിരിച്ചടിയായത്. സുരേന്ദ്രൻ ഇപ്പോഴും ജയിലിൽ കിടക്കാനിടയായ സാഹചര്യവും ഇതേ വിഭാഗീയതയുടെ സൃഷ്ടിയാണ്- ഉന്നത ബിജെപി കേന്ദ്രങ്ങൾ മറുനാടനോട് വ്യക്തമാക്കി.

ആർഎസ്എസിൽ നിന്നും ബിജെപിയിൽ എത്തിയ ഉന്നത നേതാവിന്റെ നിർദ്ദേശ പ്രകാരമാണ് സുരേന്ദ്രൻ സന്നിധാനത്ത് നടത്തിയ നീക്കങ്ങൾ. പക്ഷെ ഒരു സുപ്രധാന ഘട്ടത്തിൽ സുരേന്ദ്രന് പാർട്ടിയിൽ നിന്നും സഹായം ലഭിച്ചില്ല. ഈ സഹായത്തിന്റെ അഭാവമാണ് സുരേന്ദ്രൻ ഇപ്പോഴും ജയിലിൽ തുടരാനുള്ള കാരണം-ഉന്നത ബിജെപി കേന്ദ്രങ്ങൾ വ്യക്തമാകുന്നു. ഇപ്പോൾ സുരേന്ദ്രന്റെ അറസ്റ്റും ബിജെപി സംസ്ഥാന നേതൃത്വം ആ അറസ്റ്റിനോട് കാണിച്ച നിസംഗതയും പാർട്ടിയിൽ വിഭാഗീയതയുടെ കനലുകൾ രൂക്ഷമാക്കുകയാണ്. സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് പരിവാർ നേതൃത്വത്തിന്റെ തീരുമാനമല്ലായിരുന്നു എന്ന പ്രചാരണം വിഭാഗീയതയുടെ ഭാഗമായി ചിലർ ഉയർത്തിയതാണ് എന്നാണ് അപ്പോൾ തന്നെ മുരളീധര വിഭാഗവും ആരോപിച്ചിരുന്നത്. ശബരിമല പ്രക്ഷോഭം ബിജെപിക്ക് സംസ്ഥാനത്തിനകത്ത് ഒരു രാഷ്ട്രീയ നേട്ടമായില്ല എന്നാണ് പാർട്ടിക്കകത്തും നിന്നും വിലയിരുത്തൽ വരുന്നത്. അതേസമയം ശബരിമല പ്രശ്‌നത്തിൽ ബിജെപിയിൽ ചേരിതിരിവ് പൂർണമാകുകയാണ്.

കുമ്മനം സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അമർന്നു കിടന്നിരുന്ന വിഭാഗീയതയുടെ കനലുകൾ ആണ് ഇപ്പോൾ വീണ്ടുമെരിയുന്നത്. ശബരിമല പ്രശ്‌നത്തിൽ ബിജെപി ആരംഭിക്കാൻ പോകുന്ന സെക്രട്ടറിയേറ്റ് സമരം എന്തിനുവേണ്ടിയാണെന്ന് അറിയില്ലെന്നാണ് വി.മുരളീധര പക്ഷം മറുനാടനോട് വ്യക്തമാക്കിയത്. ആ സമരം യുവതീ പ്രവേശന വിഷയത്തിലാണോ അതോ ശബരിമലയെ സിപിഎം തകർക്കാൻ ശ്രമിക്കുന്നതിനെതിരെയാണോ എന്നെല്ലാം പറയേണ്ടത് നിലവിലെ സംസ്ഥാന പ്രസിഡന്റ് ആണ്. രണ്ടു സംസ്ഥാന ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റും അടങ്ങുന്ന സംഘത്തിന്റെ കയ്യിലാണ് സംഘടനയുടെ നിയന്ത്രണമെന്നും മുരളീധര പക്ഷം ആരോപിക്കുന്നു.

ശബരിമല സമരം ശബരിമലയിൽ നിന്നും മാറ്റിയതോടെ സമരത്തിന് തന്നെ പ്രസക്തി തന്നെ നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ. ഇതാണ് നിലവിലെ ചേരിതിരിഞ്ഞിട്ടുള്ള പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദു. ശബരിമല പ്രശ്‌നത്തിൽ നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തിന്നെതിരെ പരിവാറിനുള്ളിൽ നിന്നും ശക്തമായ വിയോജിപ്പ് ഉയർന്നിരിക്കെയാണ് വിഭാഗീയത രൂക്ഷമാക്കി മുരളീധര പക്ഷം കൂടി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് എതിരെ തിരിയുന്നത്. ശബരിമല പ്രശ്‌നത്തിലെ രാഷ്ട്രീയ പ്രക്ഷോഭം ബിജെപിക്ക് അനുകൂലമായി തിരിയുന്ന അവസ്ഥയിൽ സംസ്ഥാന പ്രസിഡന്റ് നടത്തിയ ഇടപെടൽ ആണ് പ്രക്ഷോഭത്തിന്റെ മുനയൊടിച്ചത് എന്നാണ് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

തന്ത്രിയുമായി നടത്തിയ സംഭാഷണം പുറത്തുവിട്ടതും പ്രക്ഷോഭം തുടരുന്ന വേളയിൽ ശബരിമല സമരം യുവതീ പ്രവേശന വിഷയത്തിനു എതിരെയല്ലാ എന്ന് പരസ്യമാക്കിയതും ശബരിമല പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്തുന്നതിനു സമാനമായി. കെ.സുരേന്ദ്രന് കൃത്യമായ നിയമസഹായം എത്തിക്കുന്നതിലും സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ശ്രീധരൻ പിള്ളയ്ക്ക് വീഴ്ച പറ്റി. ഇപ്പോഴും സുരേന്ദ്രൻ ജയിലിൽ തന്നെ തുടരാനിടയായ സാഹചര്യവും മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ശബരിമല സമരത്തിന്റെ രീതി മാറ്റിയത് പാർട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് ബിജെപി നേതൃയോഗത്തിൽ വിമർശനവും വന്നിട്ടുണ്ട്.

നേതൃത്വത്തിന്റെ നിലപാട് മാറ്റം രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതു തന്നെയാണ് മുരളീധര പക്ഷം ആയുധമാക്കുന്നതും. തിങ്കളാഴ്ച മുതലാണ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടങ്ങുന്നത്. പതിനഞ്ച് വരെയാണ് ഈ സമരം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP