Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൂങ്ങി നിന്നത് പട്ടം പറത്താനുപയോഗിക്കുന്നതിന് സമാനമായ ചരടിൽ; കാലുകൾ നിലത്തു കുത്തി ആത്മഹത്യയുടെ ഒരു ലക്ഷണവും ഇല്ലാത്ത നിൽപ്പ്; കഞ്ചാവ് മാഫിയയുടെ താവളമായ ആളൊഴിഞ്ഞ വീട്ടിൽ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ നിറച്ച്; രാത്രി തന്നെ മൃതദേഹം അഴിച്ചു മാറ്റിയ പൊലീസ് ഊരാക്കുടുക്കിലും; താഴെയിറക്കിയത് നാട്ടുകാരുടെ ശക്തമായ എതിർപ്പ് മറികടന്ന്; ലംഘിച്ചത് രാത്രിയിൽ മൃതദേഹം മാറ്റാൻ പാടില്ലെന്ന ചട്ടം; ചെങ്ങന്നൂർ ഇൻസ്‌പെക്ടർ സുധിലാലിനെതിരെ പ്രതിഷേധം

തൂങ്ങി നിന്നത് പട്ടം പറത്താനുപയോഗിക്കുന്നതിന് സമാനമായ ചരടിൽ; കാലുകൾ നിലത്തു കുത്തി ആത്മഹത്യയുടെ ഒരു ലക്ഷണവും ഇല്ലാത്ത നിൽപ്പ്; കഞ്ചാവ് മാഫിയയുടെ താവളമായ ആളൊഴിഞ്ഞ വീട്ടിൽ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ നിറച്ച്; രാത്രി തന്നെ മൃതദേഹം അഴിച്ചു മാറ്റിയ പൊലീസ് ഊരാക്കുടുക്കിലും; താഴെയിറക്കിയത് നാട്ടുകാരുടെ ശക്തമായ എതിർപ്പ് മറികടന്ന്; ലംഘിച്ചത് രാത്രിയിൽ മൃതദേഹം മാറ്റാൻ പാടില്ലെന്ന ചട്ടം; ചെങ്ങന്നൂർ ഇൻസ്‌പെക്ടർ സുധിലാലിനെതിരെ പ്രതിഷേധം

ആർ കനകൻ

ചെങ്ങന്നൂർ: കഞ്ചാവ് മയക്കു മരുന്നു മാഫിയയുടെ വിഹാര കേന്ദ്രമായ പ്രദേശത്ത് ആളൊഴിഞ്ഞ വീടിന്റെ ഗേറ്റിൽ തൂങ്ങിയ നിലയിൽ 16 വയസുകാരന്റെ മൃതദേഹം. കാലുകൾ രണ്ടും തറയിൽ ഊന്നിൽ മൃതദേഹം കാണപ്പെട്ടതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സകല ചട്ടങ്ങളും മറി കടന്ന്, നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മൃതദേഹം അഴിച്ച് താഴെയിറക്കി മോർച്ചറിയിലേക്ക് മാറ്റി.

തിരുവൻവണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ ഗേറ്റിൽ ഇന്നലെ രാത്രി പത്തരയോടെയാണ് തിരുവൻവണ്ടൂർ തറയിൽ വീട്ടിൽ രാധയുടെ മകൻ അഖിലിന്റെ (അപ്പു) മൃതദേഹം സമീപവാസികൾ കണ്ടത്. കാലുകൾ നിലത്തു കുത്തി, ആത്മഹത്യയുടെ ഒരു ലക്ഷണവും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. പട്ടം പറത്താൻ ഉപയോഗിക്കുന്ന ചരടിന് സമാനമായ കയറിലാണ് മൃതദേഹം കെട്ടിത്തൂക്കിയിരിക്കുന്നത്. കഴുത്തിലെ കെട്ടാകട്ടെ ഊരാക്കുടുക്കും ആയിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ആരോ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമാകും.

വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള പടിപ്പുരയുടെ ഇരുമ്പു മേൽക്കൂരയിലൂടെ കുടുക്കിയ കയർ ഇതിന്റെ തന്നെ തൂണിൽ കെട്ടി വച്ചിരിക്കുകയാണ്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് വന്നു. ഇൻസ്പെക്ടർ സുധിലാലും ഒപ്പമുണ്ടായിരുന്നു. മൃതദേഹം പരിശോധിച്ച ഇൻസ്പെക്ടർ ഉടൻ തന്നെ ആത്മഹത്യയാണെന്ന് വിധി എഴുതി. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ഇയാളുടെ കൈയിൽ കയറിന്റെ പൊടി തങ്ങി നിൽക്കുന്നുവെന്നതായിരുന്നു. കഴുത്തിൽ കയർ മുറുക്കി കൊല്ലുന്നതിനിടെ അവൻ അതിൽ കയറിപ്പിടിച്ചപ്പോൾ ഉണ്ടായതായിക്കൂടേ ആ പൊടി എന്ന ചോദ്യത്തിന് സിഐ മറുപടി നൽകിയില്ല. ഉടൻ തന്നെ മൃതദേഹം അഴിച്ചു മാറ്റണമെന്ന നിലപാടിലായിരുന്നു ഇൻസ്പെക്ടർ. നാട്ടുകാർ ഇത് തടഞ്ഞു.

പകൽവെളിച്ചത്തിൽ മാത്രമേ മൃതദേഹം മാറ്റാവൂ എന്നും ആർഡിഒ സ്ഥലത്ത വരട്ടെ എന്നും നാട്ടുകാർ വാദിച്ചു. എന്നാൽ, നാട്ടുകാരുടെ എതിർപ്പ് മറി കടന്ന് പൊലീസ് മൃതദേഹം മാറ്റുകയായിരുന്നു. പകൽവെളിച്ചം അസ്തമിച്ചാലുണ്ടാകുന്ന അസ്വാഭാവിക മരണങ്ങളിൽ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ പാടില്ല എന്നാണ് കീഴ്‌വഴക്കം. മൃതദേഹത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തണം. പിറ്റേന്ന് സൂര്യൻ ഉദിച്ച ശേഷം മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി വേണം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ. രാത്രി എട്ടേമുക്കാൽ വരെ അഖിൽ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്നു.

അതിന് ശേഷം വീട്ടിലേക്ക് മടങ്ങി. പത്താം ക്ലാസിൽ പഠിപ്പ് നിർത്തിയ അഖിൽ പെയിന്റിങ്, വയറിങ് ജോലികൾക്ക് പോവുകയായിരുന്നു. കഞ്ചാവ്-മയക്കു മരുന്നു മാഫിയ പ്രബലമായ സ്ഥലത്താണ് യുവാവ് കൊല്ലപ്പെട്ടത്. ചെങ്ങന്നൂർ പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP