Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനസിക ദൗർബല്യമുള്ള അയൽവാസിയെ ഭാര്യാ സഹോദരനെ കൊണ്ട് കല്ല്യാണം കഴിപ്പിച്ചത് സ്വത്ത് തട്ടാൻ; മൈസൂരിലേക്ക് മാറ്റിയ ധന്യയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; കിഡ്‌നാപ്പിങിന് പിന്നിൽ യുവതിയുടെ അമ്മയുടെ സ്വത്ത് വിറ്റ് കിട്ടിയ പണത്തെ ചൊല്ലിയുള്ള കുടുബ തർക്കമോ? പങ്ക് ചോദിക്കലിന് പിന്നിൽ കൊലപാതകവും അരങ്ങേറിയോ? പ്ലസ് ടു വിദ്യാർത്ഥിനിയുടെ തട്ടിക്കൊണ്ട് പോകലിൽ സർവ്വത്ര ദുരൂഹത; ഓമല്ലൂർ കേസിൽ വാദി പ്രതിയായേക്കും

മാനസിക ദൗർബല്യമുള്ള അയൽവാസിയെ ഭാര്യാ സഹോദരനെ കൊണ്ട് കല്ല്യാണം കഴിപ്പിച്ചത് സ്വത്ത് തട്ടാൻ; മൈസൂരിലേക്ക് മാറ്റിയ ധന്യയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; കിഡ്‌നാപ്പിങിന് പിന്നിൽ യുവതിയുടെ അമ്മയുടെ സ്വത്ത് വിറ്റ് കിട്ടിയ പണത്തെ ചൊല്ലിയുള്ള കുടുബ തർക്കമോ? പങ്ക് ചോദിക്കലിന് പിന്നിൽ കൊലപാതകവും അരങ്ങേറിയോ? പ്ലസ് ടു വിദ്യാർത്ഥിനിയുടെ തട്ടിക്കൊണ്ട് പോകലിൽ സർവ്വത്ര ദുരൂഹത; ഓമല്ലൂർ കേസിൽ വാദി പ്രതിയായേക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ മാതൃസഹോദരി പുത്രൻ അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കിഡ്നാപ്പിങ്ങിന് വിധേയനാക്കപ്പെട്ട വിദ്യാർത്ഥിയുടെ പിതാവിനെയും മാതാവിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആകെ ദുരൂഹത നിറഞ്ഞ കേസ് കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഓമല്ലൂർ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകൻ സച്ചിനെ സ്വന്തം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.

ഈ കേസിൽ ഷൈലജയുടെ സഹോദര പുത്രൻ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖൾ (24), ഹനീഫ (33), അലക്സ് ജോൺ (35) എന്നിവരെ പൊലീസ് ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അവിനാഷിന്റെ പിതാവും മുഖ്യസൂത്രധാരനുമായ മുരളീധരൻ ഒളിവിലാണ്. പത്തനംതിട്ട പൊലീസ് നൽകിയ വിവരം അനുസരിച്ച് പെരുമ്പാവൂരിലും കൂത്താട്ടുകുളത്തു നിന്നുമാണ് പ്രതികളെയും വിദ്യാർത്ഥിയെയും ഇന്നലെ പുലർച്ചെ അവിടുത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൃത്യം നടത്തിയ ശേഷം മുരളീധരൻ ഏനാത്തും അവിനാഷ് കൂത്താട്ടുകുളത്തും ഇറങ്ങി.

തുടർന്ന് വിദ്യാർത്ഥിയെ കാറിന്റെ ഡിക്കിയിലിട്ടു പോയ മൈസൂർ സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. അവിനാഷിനെയും സച്ചിന്റെ പിതാവ് സന്തോഷിനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചന പ്രകാരമാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പണത്തിനെ ചൊല്ലിയുള്ള തർക്കമാണ് ഇരുവരും തമ്മിലുള്ളത്. ഈ പണത്തിന്റെ ഉറവിടമാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ വീടിന് സമീപമുള്ള മാനസിക ദൗർബല്യമുള്ള സ്ത്രീയുടെ മകൾ ധന്യ എന്ന യുവതിയെ ഭാര്യ ഷൈലജയുടെ സഹോദന് വിവാഹം കഴിച്ചു കൊടുത്തിരുന്നു. പിന്നീട് ഈ ദമ്പതികൾ മൈസൂരിൽ സ്ഥിര താമസമാക്കിയെന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ധന്യയെന്ന യുവതിയെ ഈ നാട്ടിൽ ആരും കണ്ടിട്ടില്ല.

ഇവരുടെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ സന്തോഷ് വിറ്റ് പണം സമ്പാദിച്ചുവെന്നും പറയുന്നു. ഈ പണത്തിന്റെ പങ്ക് ചോദിച്ചാണ്് അവിനാഷും മുരളീധരനും എത്തിയതത്രേ. പണം നൽകാൻ കഴിയില്ലെന്ന് സന്തോഷ് അറിയിച്ചപ്പോഴാണ് മകനെ തട്ടിക്കൊണ്ടു പോകാൻ അവിനാഷ് പദ്ധതി തയാറാക്കിയത്. മകനെ വച്ചു വിലപേശി സന്തോഷിനെയും ഷൈലജയെയും മൈസൂരിലേക്ക് വിളിച്ചു വരുത്തി പണം വാങ്ങാനായിരുന്നു പദ്ധതി. പണം നൽകിയില്ലെങ്കിൽ ഇത്രയും പണം നൽകാനുണ്ടെന്ന് കാട്ടിയുള്ള എഗ്രിമെന്റിൽ ഒപ്പു വയ്പിക്കാനും തീരുമാനിച്ചിരുന്നു.

ഇതിനായി തയാറാക്കിയ എഗ്രിമെന്റും ബ്ലാങ്ക് മുദ്രപത്രവും പൊലീസ് പിടികൂടിയിരുന്നു. അവിനാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തു. ധന്യ എവിടെയാണെന്നാണ് പൊലീസ് ചോദിച്ചത്. മൈസൂരിലുണ്ടെന്നും ഫോണിൽ വിളിച്ചു നൽകാമെന്നും ഇയാൾ മറുപടി നൽകി. അതു വേണ്ട ധന്യയെ നേരിട്ടു ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി അഞ്ചു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ധന്യ ജീവിച്ചിരുപ്പുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്. അതു കൊണ്ടാണ് നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

സന്തോഷും ഷൈലജയും ബംഗളൂരുവിൽ പോയതിനാൽ സച്ചിനും മുത്തശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കർണാടക, കേരള രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങളിലായിഅവിടെ എത്തിയ സംഘം മുത്തശിയെ അടിച്ചു വീഴ്‌ത്തി കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചു. അതിന് ശേഷം വിദ്യാർത്ഥിയെ വലിച്ചിഴച്ച് വാഹനത്തിലിട്ടു കൊണ്ടുപോവുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പ്രതിയും കുടുംബവും വർഷങ്ങളായി മൈസൂരിലാണ് താമസം. അതിനിടെ കുറേക്കാലം ഇയാൾ മഞ്ഞനിക്കരയിലെ വിദ്യാർത്ഥിയുടെ വീട്ടിൽ താമസിച്ചിരുന്നു.

ഇവിടെ വർക്ക്ഷോപ്പ് പണിയും ഓട്ടോറിക്ഷ ഓടിക്കലും മറ്റുമായി കഴിഞ്ഞു കൂടുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഏനാത്തെ ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് വന്ന പ്രതി മഞ്ഞനിക്കരയിലെ വീട്ടിലും എത്തിയിരുന്നു. ക്വട്ടേഷൻ സംഘം വന്ന കേരളാ രജിസ്ട്രേഷൻ വണ്ടി ഏനാത്തുള്ളതാണെന്ന് മനസിലാക്കി അവിടെ ചെന്നപ്പോൾ അത് അവിടെ ഉണ്ടായിരുന്നു. പ്രതി കല്യാണത്തിന് വന്ന വീട്ടിലും അയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോയെന്നാണ് പൊലീസിന് വിവരം കിട്ടിയത്. ഇതോടെ കർണാടക രജിസ്ട്രേഷൻ വണ്ടിയിലാണ് ക്വട്ടേഷൻ സംഘം കടന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കുട്ടിയുടെ പിതാവിനെ വിളിച്ച് പണം ചോദിച്ച മൊബൈൽഫോൺ നമ്പർ പരിശോധിച്ചപ്പോൾ അത് ഉപയോഗത്തിലില്ലെന്ന് മനസിലായി.

ക്വട്ടേഷൻ സംഘത്തിലുള്ളവർ അവസാനം വിളിച്ച ഒരു നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതിൽ ബന്ധപ്പെട്ടപ്പോൾ സംഘം കൂത്താട്ടുകുളം പെരുമ്പാവൂർ റൂട്ടിലാണുള്ളതെന്ന് മനസിലായി. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ പെരുമ്പാവൂർ പൊലീസ് ക്വട്ടേഷൻ സംഘത്തെ പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP