Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലക്കൽ നിന്നും നിരീക്ഷണ സമിതി അംഗങ്ങളും കെഎസ്ആർടിസി എംഡി തച്ചങ്കരിയും പമ്പയിലെത്തിയത് കെഎസ്ആർടി ബസിൽ തൂങ്ങി നിന്ന്; നിലയ്ക്കലിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം ഇന്ന് സന്നിധാനത്തേക്ക്; കോടതി സംഘം വരും മുമ്പ് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡ്; ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി നിരീക്ഷണം തുടങ്ങി ഹേമചന്ദ്രൻ: ശബരിമലയുടെ പൊലീസ് സാന്നിധ്യകാര്യത്തിൽ ഇന്ന് വിധിയെഴുത്തുണ്ടാകും

നിലക്കൽ നിന്നും നിരീക്ഷണ സമിതി അംഗങ്ങളും കെഎസ്ആർടിസി എംഡി തച്ചങ്കരിയും പമ്പയിലെത്തിയത് കെഎസ്ആർടി ബസിൽ തൂങ്ങി നിന്ന്; നിലയ്ക്കലിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം ഇന്ന് സന്നിധാനത്തേക്ക്; കോടതി സംഘം വരും മുമ്പ് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡ്; ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി നിരീക്ഷണം തുടങ്ങി ഹേമചന്ദ്രൻ: ശബരിമലയുടെ പൊലീസ് സാന്നിധ്യകാര്യത്തിൽ ഇന്ന് വിധിയെഴുത്തുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമല വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനും നിരീക്ഷണ സംഘത്തിനുമെതിരെ സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത് ഇന്നലെയാണ്. ഹൈക്കോടതി നിരീക്ഷണ സംഘത്തിന്റെ ഇടപെടലിനെതിരെ വരെയാണ് സർക്കാറിന്റെ ഹർജി. ഇതിനിടെയാണ് ഇന്ന് സംഘം സന്നിധാനം സന്ദർശിക്കുന്നത്. പൊലീസിന്റെ ഇടപെടൽ തീർത്ഥാടകരെ വലയ്ക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നിരീക്ഷണ സംഘം ഇന്ന് സന്നിധാനം സന്ദർശിക്കുക. ഇന്നലെ നിലയ്ക്കലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം ഇന്ന് സന്നിധാനത്ത് എത്തുക. ഡിജിപി ഹേമചന്ദ്രൻ ഇന്നലെ തന്നെ മല കയറിയപ്പോൾ ജസ്റ്റിസ് പി.ആർ. രാമനും ജസ്റ്റിസ് എസ്. സിരിജഗനും പമ്പയിൽ തങ്ങുകയായിരുന്നു. അതേസമയം സംഘം എത്തുന്നതിന് മുന്നോടിയായി പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനും ദേവസ്വം ബോർഡ് ശ്രദ്ധിച്ചു. മലയിലെ പൊലീസ് സാന്നിധ്യത്തിന്റെ കാര്യത്തിൽ അടക്കം ഇന്ന് വിധിയെഴുത്തുണ്ടാകും.

ഇന്നലെ നിലയ്ക്കലിലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഇന്ന് 2.30ന് സന്നിധാനത്തു യോഗം വിളിച്ചിട്ടുണ്ട്. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവ വിഷയമാകും. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവർ ഇന്നലെ ഒന്നരയോടെയാണു നിലയ്ക്കലിലെത്തിയത്. വെള്ളം ശുദ്ധീകരണ ശാല, പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ, കെഎസ്ആർടിസി ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, കുളം, പൊലീസ് ബാരക്ക്, വിരിവയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രി എന്നിവ സന്ദർശിച്ചു.

നിലയ്ക്കലിലെ ഒരുക്കങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി നേരിടുന്ന ബുദ്ധിമുട്ടുകൾ എംഡി ടോമിൻ ജെ. തച്ചങ്കരി വിവരിച്ചു. കെഎസ്ആർടിസി വൈദ്യുതി ബസിലാണു സമിതി അംഗങ്ങൾ പമ്പയ്ക്കു പുറപ്പെട്ടത്. കെഎസ്ആർടിസി യാത്രക്കാരുടെ അസൗകര്യങ്ങൾ സംഘം പ്രത്യേകം ശ്രദ്ധിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം വേണമെന്നു വിലയിരുത്തി. മരാമത്ത് കോംപ്ലക്‌സിനു മുൻപിലോ ത്രിവേണിയിൽ നിന്നു തീർത്ഥാടകർ കയറി വരുന്ന വഴി അവസാനിക്കുന്നിടത്തോ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാമെന്ന് അഭിപ്രായമുയർന്നു.

പമ്പ മണൽപ്പുറത്തെ ശുചിമുറികൾ സന്ദർശിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 60 എണ്ണം കുറവുണ്ടെന്നു ദേവസ്വം ബോർഡ് അറിയിച്ചു. പഴയ 270 എണ്ണവും 60 ബയോ ശുചിമുറികളും 40 ബയോ മൂത്രപ്പുരകളും നിലവിലുണ്ട്. ഇതു മതിയോ എന്നായിരുന്നു സമിതിയുടെ ആശങ്ക. ഞുണുങ്ങാറും സംഘം സന്ദർശിച്ചു. സമിതി അംഗം ഡിജിപി എ. ഹേമചന്ദ്രൻ ഇന്നലെ രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവർ പമ്പ ഗെസ്റ്റ് ഹൗസിൽ തങ്ങി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ ആർ. അജിത്, ഐ.ജി. ദിനേശ് കശ്യപ്, സ്‌പെഷൽ ഓഫിസർമാരായ വി.അജിത്ത്, പി.മഞ്ജുനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

നിലയ്ക്കലിൽ തൃപ്തി, പമ്പയിലെ ദുർഗന്ധത്തിൽ വലഞ്ഞു.

തീർത്ഥാടകർക്കായി നിലക്കലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സംഘം പമ്പയിൽ ചില പോരായ്മകൾ ഉണ്ടെന്നും വിലയിരുത്തി. നിലക്കലിലും പമ്പയിലും പാർക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള വിതരണ സംവിധാനം, ഭക്ഷണം, യാത്രാസൗകര്യം, ശൗചാലയങ്ങളുടെ സ്ഥിതി എന്നിവയെല്ലാം നേരിട്ടുകണ്ട ശേഷം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം യു.ഡി.എഫും ബിജെപിയും ഉന്നയിക്കുകയും ഹൈക്കോടതിയിൽ പരാതികൾ എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നേരിട്ട് മൂന്നംഗ സംഘത്തെ നിയോഗിച്ചത്.

സംഘാംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് തിങ്കളാഴ്ച നിലക്കലിലെത്തിയത്. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പറയുന്നതുപോലെ അസൗകര്യങ്ങൾ ഉള്ളതായി തങ്ങൾക്ക് തോന്നുന്നില്ലെന്നും സംഘം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ അജിത്കുമാർ എന്നിവരുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. തച്ചങ്കരിക്കൊപ്പം കെഎസ്ആർടി ബസിൽ തൂങ്ങി നിന്നുകൊണ്ടാണ് സംഘം നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയത്.

നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് യാത്രതുടരാൻ കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസിൽ കയറാനാണ് സംഘം എത്തിയത്. തീർത്ഥാടകർ അതിൽ എത്തിയതോടെ അംഗങ്ങളായ ജസ്റ്റിസ് പി.ആർ.രാമനും ജസ്റ്റിസ് എസ്.സിരിജഗനും ബസിൽ കയറിയെങ്കിലും ഡി.ജി.പി. എ.ഹേമചന്ദ്രൻ തിരക്കുകണ്ട് പിന്മാറി. കാറിൽ യാത്രതുടരാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ ജെ.തച്ചങ്കരിക്കൊപ്പം പി.ആർ.രാമനും എസ്.സിരിജഗനും ബസിൽ നിന്നു യാത്രചെയ്തു.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ പാർക്കിങ് ഗ്രൗണ്ട് ചുറ്റിവന്നശേഷം പുതിയൊരു ബസിലാണ് അവർ പമ്പയിലേക്ക് യാത്രതുടർന്നത്. നേരത്തേ ഏർപ്പാടാക്കിയ ബസ് നിരീക്ഷണ സമിതിയംഗങ്ങൾക്കു വേണ്ടിയാണെന്നറിയാതെയാണ് അതിൽ യാത്രക്കാരെ കയറ്റിയത്. എം.ഡി. ആയശേഷം കെ.എസ്.ആർ.ടി.സി.യിൽ ടിക്കറ്റെടുക്കാതെ ആദ്യമായി യാത്രചെയ്യുകയാണെന്ന ആമുഖത്തോടെയാണ് തച്ചങ്കരി നിരീക്ഷണ സമിതിയംഗങ്ങളെ ബസിലേക്ക് സ്വാഗതം ചെയ്തത്. പമ്പയിലെത്തുമ്പോൾ രണ്ടുവശത്തേക്കുമുള്ള ടിക്കറ്റുകാശ് ഒന്നിച്ചുവാങ്ങുമോയെന്ന് ചിരിയോടെ തിരിച്ചടിച്ചുകൊണ്ടാണ് ഹേമചന്ദ്രൻ ബസിലേക്ക് കടന്നത്.

ഹിൽ ടോപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള സൗകര്യം നോക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന വിലയിരുത്തലിലെത്തി. പമ്പയിലെ ശൗചാലയങ്ങളും കണ്ടു. പഴയ കെട്ടിടത്തിലെ ശുചിമുറികൾ പ്രളയ ശേഷം പുതുക്കിപ്പണിത് 270 എണ്ണം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 60 ബയോടോയ്‌ലറ്റുകളും 40 ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇത് മതിയാകുമോയെന്ന ചോദ്യം ഉയർന്നെങ്കിലും 500 എണ്ണം നിലക്കലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്നും സന്നിധാനം വരെ ഇടക്കിടെ ടോയ്‌ലറ്റ് ഉണ്ടെന്നും അറിയിച്ചതോടെ സംഘം തൃപ്തരായി.

രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താൽക്കാലിക വിരിപ്പന്തൽ സ്ഥാപിച്ചത് സൗകര്യപ്രദമാണെന്നാണ് നിഗമനം. ഇതിനടുത്ത് പുതുക്കിപ്പണിത കെട്ടിടത്തിൽ ക്ലോക്ക് റൂമും ഹോട്ടലുകളും പ്രവർത്തിക്കുന്നതും സന്ദർശിച്ചു. ചൊവ്വാഴ്ച സംഘം സന്നിധാനത്ത് എത്തും. അവിടെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം വിശദമായ അഭിപ്രായം പറയാമെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയ സമിതി പമ്പയിലെ കാര്യത്തിൽ വ്യക്തമായൊന്നും പറഞ്ഞില്ല. എന്നാൽ, പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി വിലയിരുത്തി.

നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തുടർന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു.

ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP