Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം ഭരിക്കുന്ന ബാങ്കിൽ നിന്ന് ക്ലാർക്ക് അഞ്ചു കോടി തട്ടിയ സംഭവത്തിൽ 'പികെ ശശി മോഡൽ' അന്വേഷണം; ബാങ്ക് പ്രസിഡന്റായിരുന്ന മത്തായി ചാക്കോയെ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗത്വത്തിൽ നിന്ന് പുറത്താക്കി; മറ്റൊരു ജില്ലാ കമ്മറ്റിയംഗത്തെ താക്കീത് ചെയ്തു; കാശു പോയ സഹകാരികൾ ആത്മഹത്യയുടെ വക്കിൽ: പാർട്ടി കോടതിയുടെ നടപടിക്ക് അപ്പുറത്തേക്ക് നിയമ സംവിധാനങ്ങളും പോകുന്നില്ല

സിപിഎം ഭരിക്കുന്ന ബാങ്കിൽ നിന്ന് ക്ലാർക്ക് അഞ്ചു കോടി തട്ടിയ സംഭവത്തിൽ 'പികെ ശശി മോഡൽ' അന്വേഷണം; ബാങ്ക് പ്രസിഡന്റായിരുന്ന മത്തായി ചാക്കോയെ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗത്വത്തിൽ നിന്ന് പുറത്താക്കി; മറ്റൊരു ജില്ലാ കമ്മറ്റിയംഗത്തെ താക്കീത് ചെയ്തു; കാശു പോയ സഹകാരികൾ ആത്മഹത്യയുടെ വക്കിൽ: പാർട്ടി കോടതിയുടെ നടപടിക്ക് അപ്പുറത്തേക്ക് നിയമ സംവിധാനങ്ങളും പോകുന്നില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം ജില്ലാകമ്മറ്റിയംഗം പ്രസിഡന്റും മറ്റൊരു ജില്ലാ കമ്മറ്റിയംഗം ഡയറക്ടർ ബോർഡ് അംഗവുമായ സഹകരണ ബാങ്കിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി കൂടിയായ ജൂനിയർ ക്ലാർക്ക് അഞ്ചു കോടി രൂപ തട്ടിയ സംഭവത്തിൽ പികെ ശശി മോഡൽ അന്വേഷണം നടത്തി പാർട്ടി കോടതി നടപടി എടുത്തു. ബാങ്കിന്റെ പ്രസിഡന്റും സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ മത്തായി ചാക്കോയെ സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്താക്കി. മറ്റൊരു ജില്ലാ കമ്മറ്റിയംഗവും ബാങ്ക് ഭരണ സമിതിയംഗവുമായ കോമളം അനിരുദ്ധനെ താക്കീത് ചെയ്യാനും ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

ബാങ്കിന്റെ തലച്ചിറ ശാഖയിലെ ജീവനക്കാരനും വടശേരിക്കര പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന പ്രവീൺ പ്രഭാകരനാണ് പലപ്പോഴായി അഞ്ചു കോടി തട്ടിയത്. വിവരം പുറത്തായതോടെ കുറ്റം മുഴുവൻ പ്രവീൺ പ്രഭാകരന്റെ തലയിൽ കെട്ടിവച്ച് മാറി നിൽക്കുകയാണ് മത്തായി ചാക്കോ ചെയ്തത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച രണ്ടംഗ സമിതി അന്വേഷണം നടത്തി മത്തായി ചാക്കോയുടെ ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി മത്തായി ചാക്കോയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഓഡിറ്റിങ്ങിലൂടെ തട്ടിപ്പു പുറത്തായപ്പോൾ ഭരണനേതൃത്വം കൈമലർത്തുകയായിരുന്നു. നാളുകളായി ബാങ്കിൽ നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സഹകരണ വിഭാഗം ഉദ്യോഗസ്ഥർ പോലും അറിയുന്നത്.ഗ്രാമപ്രദേശമായ തലച്ചിറ ശാഖയിലെ തട്ടിപ്പ് ഹെഡ് ഓഫീസ് ആയ കുമ്പളാംപൊയ്ക സഹകരണ ബാങ്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി കോർ ബാങ്കിങ് വന്നതോടെയാണ് പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റായി തുടരുന്ന മത്തായി ചാക്കോ അറിഞ്ഞത് എന്നാണ് പറഞ്ഞത്. എന്നാൽ, സഹകാരികൾ ഇത് വിശ്വാസത്തിലെടുത്തില്ല. സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ആരോപണം ഉയർന്നതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്.

ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയുമാണ് ബാങ്കിലെ ജൂനിയർ ക്ലാർക്ക് പ്രവീൺ പ്രഭാകരൻ തട്ടിപ്പ് നടത്തിയത്. അഞ്ചു കോടി രൂപയുടെ തിരിമറി ശ്രദ്ധയിൽ പെട്ട സിപിഎം പ്രാദേശിക നേതൃത്വം പ്രവീണിന് പണം തിരികെ അടയ്ക്കാനുള്ള സാവകാശം നൽകിയെന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ആകാത്തതിനെ തുടർന്ന് പാർട്ടി പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിക്കും സഹകരണ വകുപ്പിനും പരാതി നൽകി. 60 ലക്ഷം രൂപ ഇയാൾ തിരിച്ചടച്ചു. ഒടുവിൽ കോടതിയിൽ കീഴടങ്ങിയ പ്രവീൺ താനെല്ലാം വിളിച്ചു പറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

വളരെ ചെറിയ ഗ്രാമമാണ് തലച്ചിറ. ബാങ്ക് ശാഖയ്ക്കും വലിപ്പം അധികമില്ല. നാളുകളായി ബാങ്കിൽ നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സഹകരണ വിഭാഗം ഉദ്യോഗസ്ഥർ പോലും അറിയുന്നത്.ഗ്രാമപ്രദേശമായ തലച്ചിറ ശാഖയിലെ തട്ടിപ്പ് ഹെഡ് ഓഫീസ് ആയ കുമ്പളാംപൊയ്ക സഹകരണ ബാങ്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി കോർ ബാങ്കിങ് വന്നതോടെയാണ് പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റായി തുടരുന്ന മത്തായി ചാക്കോ പറഞ്ഞത്. എന്നാൽ, സഹകാരികൾ ഇത് വിശ്വസിക്കുന്നില്ല. സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ഇവർ ആരോപിക്കുന്നു.

ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയുമാണ് പ്രവീൺ പ്രഭാകരൻ മുക്കിയത്. ഒടുവിൽ തലച്ചിറ ശാഖയുടെ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണസംഘം അസി. രജിസ്ട്രാറിന് പരാതി നൽകിയതോടെയാണ് തട്ടിപ്പ് ഒതുക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ പുറത്തു വന്നിട്ടുള്ളത്. തട്ടിപ്പ് നടത്തിയ തുകയിൽ 70 ലക്ഷം പ്രവീൺ തിരിച്ചടച്ചിരുന്നു. ഇതിനായി സ്വന്തം വീടും വസ്തുവും പണയപ്പെടുത്തിയതാകട്ടെ പിതാവ് പ്രഭാകരൻ പ്രസിഡന്റായ വടശേരിക്കര സർവീസ് സഹകരണബാങ്കിലും. തട്ടിപ്പുകേസിൽ അകപ്പെട്ട് കോടികൾ വിലമതിക്കുന്ന സ്വന്തം വീടും വസ്തുവും ജപ്തി ചെയ്യപ്പെട്ട് പോകാതിരിക്കുന്നതിന് വേണ്ടി ആസുത്രിതമായിട്ടാണ് പിതാവ് പ്രസിഡന്റായ ബാങ്കിൽ തന്നെ ഇയാൾ വസ്തു ഈടു വച്ചത്. ഇനി അത് അവിടെ നിന്ന് കണ്ടുകെട്ടണമെങ്കിൽ നിയമതടസങ്ങൾ ഏറെയുണ്ട് താനും.

പ്രവീൺ പ്രഭാകരൻ നയിച്ചത് ആഡംബരജീവിതമായിരുന്നു. വിലകൂടിയ പലതരം കാറുകളിലായിരുന്നു ഇയാളുടെ സഞ്ചാരം. തട്ടിയെടുത്ത പണം കാറുകൾ വാങ്ങുന്നതിനും അമ്മായിഅപ്പന് കരാർ പണി നടത്തുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നാണ് സൂചന. ഭാര്യാപിതാവിന് പ്രവീൺ വൻതോതിൽ പണം നൽകി സഹായിച്ചിരുന്നുവെന്ന് പാർട്ടിക്കാർക്ക് ഇടയിൽ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവായ പ്രഭാകരന്റെ മകനാണ് പ്രവീൺ.

വടശേരിക്കര സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് വർഷങ്ങളായി പ്രഭാകരൻ. താൻ തലപ്പത്തിരിക്കുന്ന ബാങ്കിൽ മകനെ നിയമിക്കാൻ സാധിക്കാത്തതു കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് വടശേരിക്കര ലോക്കൽ കമ്മറ്റിയുടെ അധികാര പരിധിയിൽ വരുന്ന കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിൽ പ്രവീണിനെ നിയമിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി, സിപിഎം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വടശേരിക്കരയിൽ വൈസ് പ്രസിഡന്റായിരുന്നു പ്രവീൺ. അന്ന് ഇയാൾക്കെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇതിനെ തുടർന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തലച്ചിറ വാർഡിൽ നിന്ന് മത്സരിച്ച പ്രവീൺ ഇരുന്നൂറിൽപ്പരം വോട്ടിന് തോറ്റു. ശരിക്കും വെട്ടിലായത്് സഹകാരികളാണ്. മക്കളുടെ ഉപരിപഠനത്തിനും വിവാഹാവശ്യത്തിനും വീടു നിർമ്മാണത്തിനുമായി ബാങ്കിൽ നിക്ഷേപിച്ച പണമാണ് അടിച്ചു മാറ്റപ്പെട്ടത്. ഇപ്പോൾ പണം പിൻവലിക്കാൻ എത്തുന്നവരോട് നൽകാൻ സാധിക്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. അഞ്ചു ലക്ഷം പിൻവലിക്കാനെത്തുന്നവർക്ക് രണ്ടായിരം രൂപ വരെയാണ് മാക്സിമം നൽകുന്നത്. പാർട്ടി കോടതിയിൽ നിയമനടപടി എടുക്കാനാണ് തീരുമാനം. പൊലീസിനെ ഇക്കാര്യത്തിൽ ഇടപെടുവിക്കാൻ പാർട്ടിക്ക് താൽപര്യമില്ല. ഇതു കാരണം സഹകാരികൾ ആത്മഹത്യയുടെ വക്കിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP