Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം

രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം

റിയാസ് ആമി അബ്ദുള്ള

ഡൽഹി: രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോൾ ഡീസൽ പമ്പുകളുടെ എണ്ണം 3736 ആയി ഉയരും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലും , ഭാരത് പെട്രോളിയവും , ഹിന്ദുസ്ഥാൻ പെട്രോളിയവും പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരമാണ് കേരളത്തിൽ ആകെ ആയിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന് പമ്പുകൾ അനുവദിക്കപ്പെടുക. നഗര വ്യവസായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള റഗുലർ മേഖലയിൽ തൊള്ളായിരത്തി അറുപതും ഗ്രാമങ്ങൾ ഉൾപ്പെടുന്ന റൂറൽ മേഖലയിൽ എഴുന്നൂറ്റി എഴുപത്തിയൊന്ന് പമ്പുകളുമാണ് നിലവിൽവരുക.

അതെ സമയം പുതിയ പെട്രോൾ പമ്പുകൾ സ്ഥാപിക്കുവാനുള്ള ഓയിൽ കമ്പനികളുടെ നീക്കത്തിന് പിന്നിൽ ദുരൂഹത ഉള്ളതായും ആരോപണമുണ്ട്. രാജ്യവ്യാപകമായി 55,649 പുതിയ പെട്രോൾ പമ്പുകൾ തുറക്കാനാണ് കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ അപേക്ഷ ക്ഷണിച്ചത്. നിലവിൽ 62,000 പെട്രോൾ പമ്പുകളാണ് രാജ്യത്തുള്ളത്. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പമ്പുകൾ തുറക്കുന്നതോടെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടും. പമ്പുകൾ തുറക്കാനുള്ള എണ്ണ വിതരണ കമ്പനികളുടെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ (എ.ഐ.പി.ഡി.എ) കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.

പുതിയ പമ്പുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നാണ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറയുന്നത്. കേന്ദ്ര നീക്കത്തെ അസോസിയേഷൻ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പമ്പുകൾ തുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷ മനിലീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രതീരുമാനം. പുതിയ പമ്പുകൾ തുറക്കുന്നത് ഹരിത ട്രിബ്യൂണലിന്റെ വിധിക്ക് എതിരാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, നിലവിൽ കേന്ദ്രസർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിക്കാത്തതിനാൽ പുതിയ പമ്പുകൾക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധന വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ഒറ്റയടിക്ക് ഗണ്യമായി വർധിപ്പിക്കാനാണ് തീരുമാനം. തീരുമാനം നടപ്പിലായാൽ പെട്രോൾ പമ്പ് ഡീലർ നിയമനത്തിനുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക നയം തന്നെ ഉപേക്ഷിക്കേണ്ടി വരും. പകരം ഇന്ധന വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ സ്വയം നിശ്ചയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും നൽകാനുള്ള തീരുമാനത്തിലേക്കും മന്ത്രാലയം എത്തുമെന്നാണ് കരുതുന്നത്.

ഡീസൽ, പെട്രോൾ വില നിയന്ത്രണം ഒഴിവാക്കിയ സാഹചര്യത്തിലാണു പെട്രോൾ പമ്പ് ഡീലർഷിപ് നിർണയത്തിൽ സർക്കാർ മാർഗരേഖ ആവശ്യമില്ലെന്നു കേന്ദ്രം തീരുമാനിച്ചത്. പകരം എണ്ണ കമ്പനികൾക്കു സ്വന്തം നിലയിൽ മാർഗനിർദേശങ്ങൾ തയാറാക്കാനുള്ള അനുമതിയും നൽകി. ഇതോടെയാണ് ഡീലർഷിപ് അനുവദിക്കാനുള്ള പുതിയ വ്യവസ്ഥകൾ എണ്ണ വിപണന കമ്പനികൾ തയാറാക്കി തുടങ്ങിയത്.

നിലവിൽ പൊതുമേഖല എണ്ണ കമ്പനികളുടേതായി 57,000 പമ്പുകളാണു രാജ്യത്തുള്ളത്; കൂടാതെ സ്വകാര്യ മേഖല കമ്പനികളുടെ ആറായിരത്തോളം പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ പമ്പ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലെല്ലാം അപേക്ഷകരെ കണ്ടെത്താനാവുമെന്നു കമ്പനികൾക്ക് പ്രതീക്ഷയില്ല. എന്നാൽ പകുതിയോളം പമ്പുകൾ തുറക്കാൻ കഴിഞ്ഞാൽ പോലും ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് ആയിരക്കണക്കിനു കോടിയുടെ നിക്ഷേപമാണു സംഭവിക്കുക. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന നേട്ടമുണ്ട്.

നിലവിൽ രാജ്യത്തെ ഇന്ധന വിൽപ്പനയിൽ 90% വിഹിതം കയ്യാളുന്ന പൊതുമേഖല എണ്ണ കമ്പനികൾക്ക് കൂടുതൽ മേധാവിത്തം നേടാനും ഈ തീരുമാനം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. പൊതുമേഖല എണ്ണ കമ്പനികൾക്കു പുറമെ സ്വകാര്യ കമ്പനികളായ റോസ്‌നെഫ്റ്റ് നയാര എനർജി, റിലയൻസ് ബി പി, ഷെൽ തുടങ്ങിയവരും ഇന്ത്യയിൽ കൂടുതൽ പെട്രോൾ പമ്പുകൾ തുറക്കാൻ തയ്യാറെടുക്കുന്നുണ്ട്. പത്താം ക്‌ളാസ് പാസായ 21 മുതൽ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആർക്കും പമ്പിനായി അപേക്ഷ സമർപിക്കാം.

ഒക്ടോബർവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ റീട്ടയ്ൽ ഡീസൽ വിൽപനയിൽ നാലുശതമാനം വർധനയുണ്ടായപ്പോൾ റീട്ടയ്ൽ പെട്രോൾ വിൽപനയിൽ മൂന്നുശതമാനം കുറവുണ്ടായതായുമാണ് എണ്ണക്കമ്പനികൾ പറയുന്നത്. നാലരവർഷത്തെ ഇടവേളയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പമ്പുകൾക്കായുള്ള അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ രംഗത്തെത്തിയത് എന്ന തരത്തിലുള്ള ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ 80 ശതമാനം പമ്പുകളിലും പ്രതിമാസം ശരാശരിയിൽ താഴെ മാത്രം വിൽപ്പനയുള്ളതിനാൽ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.

നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തിയ പഠനത്തിൽ മാസം 1,50,000 ലിറ്റർ ഇന്ധനമെങ്കിലും വിൽപ്പന നടത്തിയില്ലെങ്കിൽ പെട്രോൾ പമ്പുകൾ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നാണ് സൂചിപ്പിക്കുന്നത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും സംഭവിക്കുക എന്നാണ് നിലവിലുള്ള ഡീലർമാർ പറയുന്നത്. സ്ഥലവില ഉൾപ്പെടെ ഒരുകോടിയോളം രൂപയാണ് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള മുതൽമുടക്ക്.

നിർമ്മാണ ചെലവ് ഇനത്തിലും പ്രവർത്തന മൂലധനവും മുപ്പത് ലക്ഷം വീതവും സ്ഥിരനിക്ഷേപമായി അഞ്ച് ലക്ഷവും കൂടാതെ സ്ഥലവിലയും ചേർത്താണിത്. ബാങ്ക് ലോണിന്റെ പലിശയും ജനറെറ്ററും എയർ കമ്പ്രസരും പോലുള്ള ചെലവുകൾ ഇതിന് പുറമെയാണ്.കൂടാതെ ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാർജ്, മറ്റു ലൈസൻസ് ഫീസുകൾ, സംഭാവനകൾ, ബാഷ്പീകരണ നഷ്ടം തുടങ്ങിയ ഇനത്തിൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വേറെയും. ഇത്രയും ചെലവ് മുടക്കുന്ന ഡീലറെ സംബന്ധിച്ച് കുറഞ്ഞത് പ്രതിമാസം ഇരുനൂറ്റമ്പത് കിലോ ലിറ്റർ വിൽപന നടത്തിയാൽ മാത്രമേ നഷ്ടം ഉണ്ടാകാതെ ബിസിനസ് സാധ്യമാകുകയുള്ളു. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പമ്പുകളിലും നൂറ് കിലോ ലിറ്ററിൽ താഴെ മാത്രമാണ് പ്രതിമാസ വിൽപന.

കമ്പനികളുടെ കർശന നിബന്ധനകൾ മൂലം പമ്പ് കൈമാറ്റം ചെയ്യനാകുകയോ വിൽപന നടത്തുകയോ ചെയ്യാനാകാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന നിരവധി പാമ്പുകൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഡീലർമാർ പറയുന്നു. സാമ്പത്തിക പരാധീനതകൾ മൂലം അടച്ച് പൂട്ടിയതും ബിനാമികളെ എല്പിച്ചതുമായ പമ്പുകളും ധാരാളമുണ്ട്. പമ്പ് നടത്താനുദ്ധെഷിക്കുന്ന സ്ഥലം അതാത് പൊതുമേഖല/സ്വകാര്യ കമ്പനിയുടെ പേരിൽ മുപ്പത് വർഷത്തേക്ക് ഏകപക്ഷീയമായ കരാർ പ്രകാരം കമ്പനി ഏറ്റെടുക്കുന്നത് മൂലം കാലാവധി കഴിയുന്നത് വരെ സ്ഥലത്തിന്റെ പൂർണ്ണ അവകാശം കമ്പനിക്കായിരിക്കും.

വിൽപന, കൈമാറ്റം എന്നിവ സാധ്യമായിരിക്കില്ല. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം നടപ്പായാൽ പുതുതായി ആരംഭിക്കുന്ന പമ്പുകളെ അത് വലിയ രീതിയിൽ ബാധിക്കും. ഭൂമിയുടെ അവകാശം കമ്പനികളുടെ കയ്യിലുമായിരിക്കും. പുതുതായി പമ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കുറഞ്ഞത് അടുത്തുള്ള മൂന്ന് പമ്പുകളുടെ സ്ഥതി വിവര കണക്കുകൾ പഠിക്കാനെങ്കിലും തയ്യാറാകണം എന്നാണു ഡീലർമാർ മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP