Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിൽ കർഷകരോഷവും തൊഴിലില്ലായ്മയും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന് കോൺഗ്രസ്; എബിപി- സീ ന്യൂസ് വോട്ടേഴ്‌സും ന്യൂസ് നേഷനും ടൈം ന്യൂസും നടത്തിയ സർവ്വേയിൽ 200 സീറ്റിൽ 142 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചനം; ബിജെപിക്ക് ആശ്വാസം ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷം; കർഷകപോരാട്ടങ്ങളുടെ കരുത്തിൽ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെട്ട് സിപിഎമ്മും; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ആശങ്കയോടെ ബിജെപി

രാജസ്ഥാനിൽ കർഷകരോഷവും തൊഴിലില്ലായ്മയും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന് കോൺഗ്രസ്; എബിപി- സീ ന്യൂസ് വോട്ടേഴ്‌സും ന്യൂസ് നേഷനും ടൈം ന്യൂസും നടത്തിയ സർവ്വേയിൽ 200 സീറ്റിൽ 142 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചനം; ബിജെപിക്ക് ആശ്വാസം ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷം; കർഷകപോരാട്ടങ്ങളുടെ കരുത്തിൽ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെട്ട് സിപിഎമ്മും; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ആശങ്കയോടെ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിൽ അവസാനത്തെ ചിരി ആരുടേതാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ പ്രതീക്ഷയും ബിജെപിയിൽ ആശങ്കയും വർധിക്കുകയാണ്. എബിപി- സീ ന്യൂസ് വോട്ടേഴ്‌സും, ന്യൂസ് നേഷനും, ടൈം ന്യൂസും നടത്തിയ സർവേകളിൽ വൻ ഭൂരിപക്ഷമാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷംബിജെപിക്ക് ആശ്വാസമാവുന്നു. രാജസ്ഥാന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ശക്തമായ പ്രചാരണം നടത്തുന്ന സിപിഎം ഇത്തവണ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെടന്നുണ്ട്.

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വെള്ളിയാഴ്‌ച്ചയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും നേർക്ക് നേർ ഏറ്റുമുട്ടിയ നിയമസഭാ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങൾക്കാണ് തിരശീല വീണത്. നാളെ നിശബ്ദ പ്രചാരണമാണ്. വെള്ളിയാഴ്‌ച്ച പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടർമാർ ജനവിധി നിർണ്ണയിക്കും.
അഞ്ച് കോടിക്കടുത്ത് വരുന്ന വോട്ടർമാർക്ക് മുമ്പിൽ ജനവിധി തേടി 2,873 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിർണ്ണയിക്കുക.

കടുത്ത വെല്ലുവിളിയാണ് ഇത്തവണ ബിജെപി നേരിടുന്നത്. 200ൽ 163 സീറ്റുകൾ നേടി 2013ൽ അധികാരത്തിലേറിയ ബിജെപി കോൺഗ്രസിനെ രാജസ്ഥാനിൽ വെറും വട്ടപ്പൂജ്യമാക്കി മാറ്റിയിരുന്നു. എന്നാൽ അധികാരത്തിലേറിയപ്പോഴുള്ള പ്രതാപമൊന്നും ഇപ്പോൾ രാജസ്ഥാനിൽ ബിജെപിക്ക് ഇല്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജസ്ഥാനിലെ കോൺഗ്രസ് സട കുടഞ്ഞെഴുന്നേൽക്കുകയും ചെയ്തു. ഇതോടെ വരുന്ന തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച കൈവരിക്കാൻ ബിജെപിക്ക് കഴിയുമോ എന്ന ആശങ്ക മാത്രമല്ല ബിജെപിയെ വിഴുങ്ങിയിരിക്കുന്നത് രാജസ്ഥാനിലെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2014 ലോക്‌സഭാ ഇലക്ഷനിൽ കോൺഗ്രസിനെ 25-0 ത്തിന് ഒന്നുമല്ലാതാക്കി മാറ്റിയ പാർട്ടിയാണ് ബിജെപി. എന്നാൽ വസുന്ധര രാജ സിന്ധ്യയുടെ ദുർഭരണവും കർഷകരോടുള്ള സമീപനവും മൂലം പഴയ പ്രതാപമെല്ലാം അസ്തമിച്ചതായണ് ദേശീയമാധ്യമങ്ങൾ വിലയിരുത്തുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആ വിജയത്തിന്റെ കുതിപ്പ് തുടരാൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും കാർഷിക തകർച്ചയും മൂലമുള്ള ഭരണ വിരുദ്ധ വികാരമാണ് വളരെ കൊട്ടിഘോഷിച്ച് ജനങ്ങൾ അധികാരത്തിലേറ്റിയ ബിജെപി സർക്കാരിന് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജസ്ഥാനിൽ ഇതുവരെ ഒരു പാർട്ടിയും രണ്ടാമതും അധികാരത്തിലേറിയിട്ടുമില്ല. ഇത്തവണ കർഷകരോടൊപ്പം നിന്ന് സിപിഎമ്മും രാജസ്ഥാനിൽ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹാപ്രക്ഷോഭങ്ങളുടെ ഫലമായി സംസ്ഥാനത്ത് സിപിഐ എമ്മിന്റെ ശക്തി വർധിച്ചതായാണ് സൂചന. കർഷകരോടൊപ്പം നിന്നാണ് രാജസ്ഥാനിൽ സിപിഎമ്മും ബിജെപിക്ക് എതിരിടുന്നത്.

1990ലാണ് രാജസ്ഥാന്റെ ഭരണ സിരാകേന്ദ്രത്തിലേക്ക് ബിജെപി വഴി വെട്ടിത്തെളിക്കുന്നത്. ജനതാദളുമായി ചേർന്നായിരുന്നു അന്ന് അധികാരത്തിലെത്തിയത്. 93ൽ ബാബറി മസ്ജിദ് വിഷയം കത്തിയതോടെ രാജസ്ഥാനിൽ ബിജെപി ആധിപത്യം അരക്കിട്ടുറപ്പിച്ചു. 2013ൽ വൻ ഭൂരിപക്ഷത്തോടെയാണ് വസുന്ധരാരാജ സിന്ധ്യ അധികാരത്തിലെത്തുന്നത്. എന്നാൽ ഇന്ന് ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സർക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ഉയർത്തിക്കാട്ടി സർക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. അതേസമയം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ മോദി പ്രഭാവവും കേന്ദ്ര പദ്ധതികളും കൊണ്ട് നേരിടുകയാണ് ചാണക്യ തന്ത്രമൊരുക്കി അമിത് ഷാ.

രാജസ്ഥാനിൽ കോൺഗ്രസിന് അനായാസ വിജയം പ്രവചിച്ചിരിക്കെയാണ് അമിത് ഷാ തന്ത്രങ്ങൾ ഒരുക്കി രാജസ്ഥാനെ ബിജെപിയോട് അടുപ്പിക്കാൻ ശ്രമിച്ചത്. ഇന്ത്യാ ടുഡേ സർവ്വേയിൽ ബിജെപിക്ക് അനുകൂലമായ സൂചനയാണ് പുറത്തുവരുന്നത്. മോദിയെ കളത്തിലിറക്കിയാണ് അമിത് ഷാ കോൺഗ്രസിനെതിരെ പടയൊരുക്കം നടത്തിയത്. 13 റാലികളിലാണ് ബിജെപി മോദിയെ എത്തിച്ചത്. ഇതുവരെ 222 റാലികൾ, 15 റോഡ് ഷോ, 38 പൊതുയോഗങ്ങൾ എന്നിവയും നടത്തിയിട്ടുണ്ട്. ഇതോടെ തങ്ങൾ വിജയിക്കേണ്ടതെല്ലാം സംസ്ഥാനത്ത് ചെയ്ത് കഴിഞ്ഞെന്നാണ് അമിത് ഷാ പറയുന്നത്.

വസുന്ധര രാജയുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി സംസ്ഥാനത്ത് ബിജെപി-ആർഎസ്എസ് ഭിന്നതകൾക്ക് കാരണമായിരുന്നു.അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. ഇത് ആർഎസ്എസുമായുള്ള ഭിന്നതയാണ് ഇത്തരം തിരിച്ചടികൾക്ക് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ.ഇതോടെ ഇടഞ്ഞു നിൽക്കുകയായിരുന്ന സംസ്ഥാന ആർഎസ്എസ് നേതൃത്വവുമായുള്ള എല്ലാ പ്രശ്‌നങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ രമ്യതയിൽ പരിഹരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് മുൻപ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

എന്നാൽ കർഷകരുടെ നിലപാട് ബിജെപിക്ക് എതിരാണ്. ഈ സർക്കാർ അധികാരമേറ്റശേഷം നൂറിലേറെ കർഷകരാണ് ജീവനൊടുക്കിയത്. എല്ലാ വിഭാഗം കർഷകരും അടുത്തൊന്നും കരകയറാൻ കഴിയാത്ത പ്രതിസന്ധിയിലാണുള്ളത്. കൃഷിക്കാർക്കുവേണ്ടി സർക്കാർ നടത്തിയ ഇടപെടലുകൾ എല്ലാംതന്നെ വൻ അഴിമതിയിലാണ് കലാശിച്ചത്. ഉദാഹരണത്തിന് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓൺലൈൻവഴിയുള്ള വിളസംഭരണം. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏകദേശം 25,000 കർഷകർ അവരുടെ വിളകൾ കൈമാറാൻ പേര് രജിസ്റ്റർ ചെയ്തു. 15,000 പേരിൽനിന്നുമാത്രം വിളകൾ സംഭരിച്ചു. ബാക്കിയുള്ളവരെ, ഒരു കാരണവും പറയാതെ ഒഴിവാക്കി. തെരഞ്ഞെടുക്കപ്പെട്ട 15,000 കർഷകരിൽ 90 ശതമാനവും ഇടനിലക്കാരായിരുന്നു എന്ന വസ്തുത പിന്നീട് വ്യക്തമായി. ഒരു കിലോ വെളുത്തുള്ളി അഞ്ചും ആറും രൂപയ്ക്ക് കർഷകരിൽനിന്ന് വാങ്ങിയ ഇടനിലക്കാർ, 36 രൂപയ്ക്ക് അത് സർക്കാരിന് വിറ്റു. കടല, പയർ, തുടങ്ങിയവ കൃഷിചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്.

കർഷക സമരം തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.1962ൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് രാജസ്ഥാനിൽ അഞ്ച് സീറ്റ് ലഭിച്ചിരുന്നു. 2008ൽ സിപിഐ എമ്മിന് മൂന്ന് സീറ്റ് ലഭിച്ചു. ഇക്കുറി പാർട്ടി രാജസ്ഥാനിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് പ്രതീക്ഷയാണ് രാജസ്ഥാനിലെ ദാതാറാംഗഢിലെ സിപിഐ എം സ്ഥാനാർത്ഥിയും രാജസ്ഥാനിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവുമായ അമ്രാറാം പങ്കുവയ്ക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ ജനകീയവിഷയങ്ങളിൽ പാർട്ടി ശക്തമായ ഇടപെടൽ നടത്തിയിരുന്നു. അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP