Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഡിയ കൊണ്ടു വന്ന വെള്ളാപ്പള്ളി പതിയെ മുങ്ങിയതോടെ വനിതാ മതിലിന്റെ മുഖ്യ സംഘാടകന്റെ റോളിൽ പുന്നല ശ്രീകുമാർ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇടതടവില്ലാതെ അണിനിരത്താൻ ഒരുങ്ങുന്നത് 30 ലക്ഷം വനിതകളെ; വയനാട്, ഇടുക്കി-കോട്ടയം ജില്ലാക്കാർ അതിർത്തി ജില്ലകളിൽ അണി ചേരും; നവോത്ഥാന സംഘടനകളായി ക്ഷണിച്ചത് ഹിന്ദു ജാതി സംഘടനകളെ മാത്രം എങ്കിലും മതേതരത്വം കാക്കാൻ എല്ലാ മതക്കാരേയും അണിനിരത്തും

ഐഡിയ കൊണ്ടു വന്ന വെള്ളാപ്പള്ളി പതിയെ മുങ്ങിയതോടെ വനിതാ മതിലിന്റെ മുഖ്യ സംഘാടകന്റെ റോളിൽ പുന്നല ശ്രീകുമാർ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇടതടവില്ലാതെ അണിനിരത്താൻ ഒരുങ്ങുന്നത് 30 ലക്ഷം വനിതകളെ; വയനാട്, ഇടുക്കി-കോട്ടയം ജില്ലാക്കാർ അതിർത്തി ജില്ലകളിൽ അണി ചേരും; നവോത്ഥാന സംഘടനകളായി ക്ഷണിച്ചത് ഹിന്ദു ജാതി സംഘടനകളെ മാത്രം എങ്കിലും മതേതരത്വം കാക്കാൻ എല്ലാ മതക്കാരേയും അണിനിരത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ച സാമുദായികസംഘടനകളുടെ യോഗത്തിൽ വനിതകൾ പ്രതിരോധത്തിന് ഇറങ്ങണമെന്ന് നിർദേശിച്ചത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. സർവകക്ഷിയോഗം, തന്ത്രി, പന്തളം കൊട്ടാരം എന്നിവരുമായി നടന്ന ചർച്ച എന്നിവയ്ക്കുശേഷമാണ് ഈ ആവശ്യം വെള്ളാപ്പള്ളി മുന്നോട്ട് വച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. അങ്ങനെ വനിതാ മതിൽ എന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തി. എന്നാൽ ശബരിമലയിൽ വനിതാ മതിലിന് സ്വന്തം സമുദായക്കാരെ കിട്ടില്ലെന്ന് മനസ്സിലയാതോടെ വെള്ളാപ്പള്ളി പതിയെ പിൻവലിഞ്ഞു. ശബരിമല വിധിയുമായി ഇതിന് ബന്ധമില്ലെന്ന് സംഘാടക സമിതിയുടെ ചെയർമാനായ വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. ഇതോടെ വെട്ടിലായത് സർക്കാരാണ്. എങ്കിലും ശബരിമലയിലെ വിഷയം ചർച്ചയാക്കാതെ തന്നെ വനിതാ മതിലുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

വെള്ളാപ്പള്ളി പിന്മാറുമ്പോൾ പ്രധാന ചുമതലക്കാരനായി കെപിഎംഎസിന്റെ പുന്നല ശ്രീകുമാർ മാറും. സഹായത്തിന് ഹിന്ദു പാർലമെന്റിന്റെ സിപി സുഗതനും. എല്ലാ സഹായത്തിനും ഇടത് കൺവീനർ വിജയരാഘവനും ഉണ്ടാകും. ജില്ലാ കളക്ടർമാരും സജീവ ഇടപെടൽ നടത്തും. സർക്കാർ സംവിധാനമെല്ലാം വനിതാ മതിലിന്റെ വിജയത്തിനുണ്ടാകും. ശബരിമല സ്ത്രീ വിഷയത്തിൽ വനിതാ മതിലിന് ഇല്ലെന്ന് ചില സമുദായിക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. എൻ എസ് എസും പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയുടെ വിജയം ഉറപ്പാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. വലിയ പദ്ധതി രൂപരേഖ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വനിതാമതിലിന് നീളം 620 കിലോമീറ്റർ ആണ്. തോളോട് തോൾ ചേർന്നുനിൽക്കാൻ ഒരാൾക്ക് ശരാശരി ഒന്നരയടി സ്ഥലം എടുത്താൽ ഇത്ര ദൂരത്തേക്ക് വേണ്ടത് 13,56,080 വനിതകളെ. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെപ്പേരെ ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇതിനെ മതേതര മതിലാക്കി മാറ്റും. ഹിന്ദുക്കൾക്ക് മാത്രമല്ല എല്ലാവർക്കും മതിലിൽ അണിചേരാമെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്.

കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ മതിലിനായി അണിനിരത്തുന്നത് 30,15,000 വനിതകളെയാണ്. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയിൽ വലതുഭാഗത്താണ് മതിലുയർത്തുക. മലപ്പുറം ജില്ലയിൽ കുറച്ചുദൂരം മാറ്റമുണ്ടാകും. എല്ലാ മതവിഭാഗങ്ങളിലുള്ളവരെയും ഇതിന്റെ ഭാഗമാക്കും. വീടുകൾ സന്ദർശിച്ച് പ്രചാരണമുണ്ടാകും. കേരളത്തിനുപുറത്തുള്ള വനിതകളായ എഴുത്തുകാർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങിയവരെയും പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. കാസർകോട് നഗരത്തിലാണ് തുടക്കം. കാലിക്കടവ്-കണ്ണൂർ-മാഹി-രാമനാട്ടുകര വഴി മലപ്പുറം. പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി-കറുകുറ്റി-അങ്കമാലി-ആലുവ -വൈറ്റില-ആലപ്പുഴ-ഓച്ചിറ-കരുനാഗപ്പള്ളി-കൊല്ലം വഴി തിരുവനന്തപുരം.-ഇങ്ങനെയാകും റൂട്ട്. വയനാട് ജില്ലയിൽനിന്നുള്ളവർ കോഴിക്കോട്ടും ഇടുക്കിയിലുള്ളവർ ആലുവയിലും കോട്ടയത്തുള്ളവർ ആലപ്പുഴയിലും മതിലിന്റെ ഭാഗമാകും.

പാലക്കാട്ടുകാർ പെരിന്തൽമണ്ണ-പട്ടാമ്പി- ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർ അരൂർ-ഓച്ചിറ റൂട്ടിലുമെത്തും. മൂന്നുമണിക്ക് വനിതകളെത്തും. 3.45-ന് റിഹേഴ്സൽ, നാലുമണിക്ക് വനിതാമതിൽ ഉയരും. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രതിജ്ഞ, യോഗം. ഓരോ സ്ഥലത്തും വിവിധജില്ലകളിൽനിന്ന് എത്തേണ്ട സ്ത്രീകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. സംഘാടകസമിതി 11, 12, 13 തീയതികളിൽ ജില്ലകൾതോറും നിലവിൽവരും. വിളംബരജാഥകളുമുണ്ടാവും. വനിതകളുടെ പഞ്ചായത്തുതല, വാർഡുതല യോഗങ്ങൾ 22-നകം പൂർത്തിയാകും. ജില്ലാ കളക്ടർക്കാണ് സംഘാടക സമിതി രൂപീകരണത്തിന്റെ ചുമതല. പി ആർ ഡിയുടെ നേതൃത്വത്തിൽ വൻ പ്രചാരണവും നടക്കും.

പരിപാടിയുടെ മുഖ്യസംഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പായിരിക്കും നിർവ്വഹിക്കുന്നത്. വനിത മതിലിനെതിരെ വി എസ് അച്യുതാനന്ദനും പ്രതിപക്ഷവും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിനിടയിലാണ് പരിപാടി വിജയിപ്പിക്കാൻ മന്ത്രിമാർക്ക് ചുമതല നൽകാനുള്ള തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. ഇന്നലെ് ചേർന്ന മന്ത്രിസഭയോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സന്നദ്ധതയുള്ള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു വനിത മതിൽ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ഇടത് മുന്നണി യോഗവും വനിത മതിലിന് പിന്തണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്റെ പേരിൽ എസ്എൻഡിപിയുമായി അകലാൻ വനിതാമതിൽ സംഘാടക സമിതി തൽക്കാലം ഇല്ലെന്നാണ് സൂചന. സ്ത്രീ പ്രവേശത്തെ തള്ളി പറയാനുമില്ല, നവോത്ഥാനമൂല്യങ്ങൾ എന്ന പൊതുമുദ്രവാക്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 21 അംഗ വനിതാ സെക്രട്ടേറിയറ്റിന്റെ ചുമതല എൻഎൻഡിപി സംസ്ഥാന കൗൺസിൽ അംഗം ഇ എസ് ഷിബയ്ക്കാണ് നൽകിയിക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന സംഘാടക സമിതിയോഗം സമിതിയുടെ അംഗസംഖ്യ 40 ആക്കി ഉയർത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP