Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫാൽലിൽ മുഖം നഷ്ടപ്പെട്ട മോദിക്കും ബിജെപിക്കം പിടിവള്ളിയായി ക്രിസ്റ്റ്യൻ മിഷേലിന്റെ അറസ്റ്റ്; സോണിയയ്ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയാൽ മോദി സർക്കാരിന് മുൻതൂക്കം കിട്ടുമെന്ന് തിരിച്ചറിഞ്ഞ് അഗസ്റ്റാ ഇടപാടിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ തകൃതിയായ നീക്കങ്ങൾ; 3600 കോടിയുടെ ഇടപാടിൽ 300 കോടി കൈക്കൂലി വാങ്ങിയത് ആരെന്ന വെളിപ്പെടുത്തലിന് കാതോർത്ത് രാജ്യം

റഫാൽലിൽ മുഖം നഷ്ടപ്പെട്ട മോദിക്കും ബിജെപിക്കം പിടിവള്ളിയായി ക്രിസ്റ്റ്യൻ മിഷേലിന്റെ അറസ്റ്റ്; സോണിയയ്ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയാൽ മോദി സർക്കാരിന് മുൻതൂക്കം കിട്ടുമെന്ന് തിരിച്ചറിഞ്ഞ് അഗസ്റ്റാ ഇടപാടിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ തകൃതിയായ നീക്കങ്ങൾ; 3600 കോടിയുടെ ഇടപാടിൽ 300 കോടി കൈക്കൂലി വാങ്ങിയത് ആരെന്ന വെളിപ്പെടുത്തലിന് കാതോർത്ത് രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യൻ മിഷേലിനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടപ്പോൾ രാജ്യം കാതോർക്കുന്നത് വെളിപ്പെടുത്തലുകൾക്ക് വേണ്ടിയാണ്. രാഷ്ട്രപതിയുൾപ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയൻ കമ്പനിയായ ഫിന്മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽനിന്ന് 12 എഡബ്‌ള്യു101 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016 ൽ നൽകിയ കുറ്റപത്രത്തിലെ ആരോപണം. ഈ കോഴപ്പണത്തിലെ ഇടനിലക്കാരനാണ് മിഷേൽ എന്നാണ് ആരോപണം. ആർക്കാണ് കോഴ കൊടുത്തതെന്ന് കണ്ടെത്താനാണ് നീക്കം. മിഷേലിന്റെ ഡയറിയിലെ ചില പേരുകളാണ് ചർച്ചയ്ക്ക് പുതിയമാനം നൽകുന്നത്.

അതുകൊണ്ട് തന്നെയാണ് ബിജെപി പ്രതീക്ഷയോടെ മിഷേലിന്റെ അറസ്റ്റിനെ കാണുന്നത്. മിഷേലിന്റെ ഡയറിയിൽ എപി എന്നും ഫാമിലിയെന്നും രണ്ട് കുറിപ്പുകൾ ഉണ്ട്. ഇതിൽ എപിയെന്നത് അഹമ്മദ് പട്ടേലാണെന്നാണ് ബിജെപിയുടെ ആരോപണം. ഫാമിലിയെന്നത് സോണിയയുടെ കുടുംബമാണമെന്നും ആരോപിക്കുന്നു. ഈ രണ്ട് പേരുകളിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമം. ഇതിലൂടെ റഫാൽ ഇടപാടിലെ പേരു ദോഷം കഴുകി കളയാമെന്നാണ് മോദി ക്യാമ്പിന്റെ പ്രതീക്ഷ. സോണിയയേയും കുടുംബത്തേയും ആരോപണത്തിൽ കുടുക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ഇതിനായി കരുതലോടെയുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നുണ്ട്. മിഷേൽ സോണിയയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയാൽ അത് പുതിയ തലത്തിലേക്ക് എത്തിക്കാനാണ് നീക്കം.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാർ സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ ആരോപണം. ചൊവ്വാഴ്ച രാത്രി പത്തരയോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം മിഷേലിനെ സന്ദർശിക്കാനുള്ള അനുമതിയും നൽകി. ഹെലികോപ്റ്ററുകൾ വാങ്ങാൻ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടൻ സ്വദേശിയായ ക്രിസ്ത്യൻ മൈക്കിൽ. കേന്ദ്ര സർക്കാരിലെ ഉന്നതർക്ക് തുക കൈമാറിയത് മൈക്കിലാണന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് 2016ൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മിഷേൽ എന്തൊക്കെ വെളിപ്പെടുത്തുമെന്നറിയാൻ കാത്തിരിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രാഷ്ട്രീയമായി ഇത് ഉപയോഗിക്കപ്പെടുമെന്നതിന്റെ സൂചനയാണ്. രാജസ്ഥാനിലെ കർഷകരെ കബളിപ്പിച്ച് റോബർട്ട് വാദ്ര കോടികളുണ്ടാക്കിയെന്നും മോദി ആരോപിച്ചു. സോണിയയുടെ കുടുംബത്തെ വെട്ടിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണവും. ആദ്യം മോദി റഫാൽ അഴിമതിയിൽ മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചടിച്ചു. അഗസ്റ്റ കേസിനെ വൻ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. രാജസ്ഥാൻ പ്രചാരണത്തിന്റെ അവസാനദിവസം തന്നെ മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ബിജെപി മറച്ചുവച്ചതുമില്ല. യുഎഇ മുമ്പും ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറിയിട്ടുണ്ട്. എന്നാൽ ഒരു ബ്രിട്ടീഷ് പൗരനെ കൈമാറാൻ യുഎഇ സമ്മതിച്ചത് കേന്ദ്രസർക്കാരിന് വൻനേട്ടമായി.

അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽ എത്തിച്ചത്. രാജസ്ഥാനിലെ രണ്ടു റാലികളിൽ മോദിയുടെ പ്രധാന ആയുധമായി ഈ നേട്ടം. റഫാൽ ഇടപാടിൽ പ്രചരണം തുടങ്ങിയ കോൺഗ്രസിന് അവസാനം അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ മറുപടി. ''സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യം എടുത്ത് പുറത്ത് നടക്കുന്നവരാണ്. ഹെലികോപ്റ്റർ ഇടപാടിൽ സോണിയാഗാന്ധിയുടെ പേരും രേഖകളിൽ ഉണ്ടായിരുന്നു. ഇവർക്കെതിരെ നീങ്ങുന്നതുകൊണ്ടാണ് തനിക്കെതിരെ കള്ളകഥകൾ മെനയുന്നത്.'' മോദി പറഞ്ഞു. റോബർട്ട് വാധ്ര രാജസ്ഥാനിൽ ഭൂമി വാങ്ങിയ ശേഷം കൂടിയ തുകയ്ക്ക് മറിച്ചു വിറ്റ കേസും മോദി പരാമർശിച്ചു. റഫാൽ അഴിമതിയിൽ ഒരു പ്രാവശ്യം പോലും മറുപടി നൽകാൻ മോദി തയ്യാറല്ല. മറ്റുള്ളവർക്കെതിരെ ആരോപണം ഉയർത്തും മുമ്പ് മോദി ഇക്കാര്യം വിശദമാക്കണം. അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ അന്വേഷണം തുടങ്ങിയത് യുപിഎ ഭരണകാലത്താണെന്നും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും രാഹുൽ പ്രതികരിച്ചു.

'കുടുംബം, എപി' എന്നൊക്കെയുള്ള ക്രിസ്ത്യൻ മിഷേലിന്റെ ഡയറിയിലെ പരാമർശങ്ങൾ തന്നെയാണ് കോൺഗ്രസിനെ ആശങ്കയിലാഴ്‌ത്തുന്നത്. ഇത് നെഹ്‌റു കുടുംബം, അഹമ്മദ് പട്ടേൽ എന്നിവയുടെ ചുരുക്കെഴുത്താണെന്ന ആരോപണം തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം. വിജയ് മല്യയെ കൈമാറുന്ന കാര്യത്തിൽ ലണ്ടൻകോടതിയിൽ നിന്ന് അനുകൂല വിധി സർക്കാർ തിങ്കളാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. റഫാൽ ഇടപാടിൽ സുപ്രീംകോടതി അന്വേഷണത്തിനുത്തരവിട്ടാൽ ബിജെപിക്കത് വലിയ ആഘാതമാകും. അങ്ങനെ വന്നാൽ മിഷേലിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് കോൺഗ്രസ് ആക്രമണം പ്രതിരോധിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP