Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലീങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും വെറുതെ വിടാതെ യുപിയിലെ ഹിന്ദു തീവ്രവാദികൾ;കാൺപൂരിലെ പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ കയറിയ 150ൽ അധികം വരുന്ന ആക്രമികൾ എല്ലാം നശിപ്പിച്ചു; മർദനത്തിൽ പരിക്കേറ്റ് പാസ്റ്ററുടെ ഭാര്യ ആശുപത്രിയിൽ; ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ നടക്കുന്ന ക്രിസ്ത്യൻ പീഡനത്തിനെതിരെ ശബ്ദമുയർത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

മുസ്ലീങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും വെറുതെ വിടാതെ യുപിയിലെ ഹിന്ദു തീവ്രവാദികൾ;കാൺപൂരിലെ പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ കയറിയ 150ൽ അധികം വരുന്ന ആക്രമികൾ എല്ലാം നശിപ്പിച്ചു; മർദനത്തിൽ പരിക്കേറ്റ് പാസ്റ്ററുടെ ഭാര്യ ആശുപത്രിയിൽ; ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ നടക്കുന്ന ക്രിസ്ത്യൻ പീഡനത്തിനെതിരെ ശബ്ദമുയർത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യൻ വിരുദ്ധതയുടെ കേന്ദ്രമായി ഉത്തർപ്രദേശ് മാറുന്നുവെന്ന് റിപ്പോർട്ട് ചെയ്ത് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്തെത്തി. മുസ്ലീങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും യുപിയിലെ ഹിന്ദു തീവ്രവാദികൾ വെറുതെ വിടുന്നില്ലെന്നാണ് ഈ മാധ്യമങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കാൺപൂരിലെ പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ കയറിയ 150ൽ അധികം വരുന്ന ആക്രമികൾ എല്ലാം നശിപ്പിച്ച സംഭവം ഫോട്ടോകൾ സഹിതം വൻ പ്രാധാന്യത്തോടെയാണ് വിദേശ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മർദനത്തിൽ പരിക്കേറ്റ് പാസ്റ്ററുടെ ഭാര്യ ആശുപത്രിയിലാണെന്ന കാര്യവും മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. ഡിസംബർ രണ്ടിന് കാൺപൂരിലെ പ്രൈവറ്റ് സർവീസിൽ നടന്ന ആക്രമണത്തെയാണ് വിദേശ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ആക്രമണത്തെക്കുറിച്ച് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) വിശദവിവരങ്ങൾ പുറത്ത് വിട്ടിട്ടുമുണ്ട്. പാസ്റ്റർ എ.ബി. സിങ് നേതൃത്വം നൽകിയിരുന്ന സർവീസിലേക്ക് ഹിന്ദുതീവ്രവാദികൾ ഇരച്ച് കയറി എല്ലാം നശിപ്പിക്കുകയായിരുന്നുവെന്നാണ് ഐസിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തന്റെ ഭർത്താവിനെയും മറ്റൊരു സ്ത്രീയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാസ്റ്ററുടെ ഭാര്യയെ ആക്രമികൾ മർദിച്ച് അവശയാക്കിയത്. പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാ ക്രിസ്ത്യാനികളെയും ആക്രമികൾ പിന്തുടർന്ന് മർദിച്ചുവെന്നും ഡെയിലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ നടക്കുന്ന ക്രിസ്ത്യൻ പീഡനത്തിനെതിരെ ശബ്ദമുയർത്താനാണ് ഇന്റർനാഷണൽ മീഡിയ ഈ അവസരത്തിൽ പരമാവധി ശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഹിന്ദു തീവ്രവാദികളെ സമർത്ഥമായി ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും വിവിധ വിദേശപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

2018ന്റെ ആദ്യ പകുതിയിൽ മാത്രം യുപിയിൽ ക്രിസ്ത്യാനികൾക്കെതിരെ 26 ആക്രമണങ്ങൾ അരങ്ങേറിയെന്നും ഇന്ത്യയിൽ മറ്റെവിടയും ഇത്തരത്തിൽ ആക്രമണങ്ങളില്ലെന്നുമാണ് യുപിയിലെ റിലീജിയസ് ഫ്രീഡം എൻജിഒ എഡിഎഫ് ഇന്ത്യ വെളിപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളാണെന്നതിന്റെ പേരിൽ ഈ വർഷം വംശീയ വെറി നിറഞ്ഞ 79 കുറ്റകൃത്യങ്ങളാണ് യുപിയിലുണ്ടായിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഈ വിധത്തിലുള്ള ഇത്രയും ആക്രമണങ്ങൾ നടന്നിട്ടില്ല.

ലോയർമാർ, ക്രിമിനോളജിസ്റ്റുകൾ, സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റുകൾ, തുടങ്ങിയവരുടെ കൂട്ടായ്മയായ പ്രൊജക്ട് ഡോട്ടോ ആണ് ഇത് സംബന്ധിച്ച കണക്കുകൾ ശേഖരിച്ച് രേഖപ്പെടുത്തി പുറത്ത് വിട്ടിരിക്കുന്നത്. ആർഎസ്എസിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഹിന്ദു യുവ വാഹിനി എന്നറിയപ്പെടുന്ന ഹിന്ദു യുവാക്കളുടെ സംഘടന സമീപകാലത്തായി പാസ്റ്റർമാർക്ക് നേരെയും ചർച്ചുകൾക്ക് നേരെയും ആക്രമണങ്ങൾ അഴിച്ച് വിടുന്നത് പതിവായിരിക്കുന്നുവെന്ന ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും ഈ അവസരത്തിൽ വിദേശ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരിക്കുന്നു.

നിലവിൽ യുപി മുഖ്യമന്ത്രിയായ ആദിത്യ നാഥാണ് ഹിന്ദു യുവ വാഹിനിയുടെ സ്ഥാപകൻ എന്നതും ഇവർക്ക് തണലേകുന്നുവെന്ന് വേൾഡ് വാച്ച് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു. യുപിയിലെ എല്ലാ തലങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെ ഇത്തരത്തിൽ ആക്രമണങ്ങൾ പെരുകുന്നുവെന്നും ഇത് ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന ആക്രമണങ്ങളാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കുന്ന ഒരു വളണ്ടിയർ വേൾഡ് വാച്ച് മോണിറ്ററിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ക്രിസ്ത്യാനികൾ ആരെല്ലാമാണെന്ന് തെരഞ്ഞ് പിടിച്ചാണ് ഹിന്ദു തീവ്ര വാദികൾ ആക്രമണം നടത്തുന്നതെന്നും വിദേശ പത്രങ്ങൾ ആരോപിക്കുന്നു.

ജൂലൈ രണ്ടിന് കാശിരാംപൂരിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യൻ സംഘത്തെ ബൈക്കിലെത്തിയ ഹിന്ദു തീവ്രവാദികൾ മർദിച്ചതും ജൂൺ 18ന് ഉത്തരേന്ത്യയിലെ ചർച്ചിൽ വച്ച് പാസ്റ്ററെ ബജ്രംഗ് ദൾ പ്രവർത്തകർ മർദിച്ചതും പോലുള്ള മുൻകാല സംഭവങ്ങളും വിദേശ മാധ്യമങ്ങൾ ഈ അവസരത്തിൽ എടുത്ത് കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP