Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബറി മസ്ജിദിനു കീഴിൽ ക്ഷേത്രം ഉണ്ടായിരുന്നില്ല; ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തങ്ങൾ പരിശോധനയിലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കളവായിരുന്നു; വെളിപ്പെടുത്തലുമായി പുരാവസ്തുഗവേഷകരായ സുപ്രിയാ വർമ്മയും ജയാ മേനോനും രംഗത്ത്; ബാബറി ദിനത്തിൽ സംഘപരിവാറിന് തിരിച്ചടിയായി പുതിയ വിവാദം

ബാബറി മസ്ജിദിനു കീഴിൽ ക്ഷേത്രം ഉണ്ടായിരുന്നില്ല; ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തങ്ങൾ പരിശോധനയിലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കളവായിരുന്നു; വെളിപ്പെടുത്തലുമായി പുരാവസ്തുഗവേഷകരായ സുപ്രിയാ വർമ്മയും ജയാ മേനോനും രംഗത്ത്; ബാബറി ദിനത്തിൽ സംഘപരിവാറിന് തിരിച്ചടിയായി പുതിയ വിവാദം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വർഷം പിന്നീടുന്നു. ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹർ ജോഷി എന്നിവരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് കർസേവകരാണ് 1992 ൽ ഡിസംബർ ആറിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തത്. എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബർ ആറിന് ബിജെപിയും വി.എച്ച്.പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കർസേവകരുടെ റാലി അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് സുരക്ഷാസേനകളെ നോക്കുകുത്തിയാക്കിയാണ് കർസേവകർ മസ്ജിദ് തകർത്തത്.

അന്നത്തെ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹർ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാർ എന്നിവർ കർസേവകരെ പള്ളി തകർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് നടത്തിയത്. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉടലെടുക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നിർമോഹി അഖാഡ, രാം ലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോർഡ് എന്നിവരാണ് ഈ കേസിലെ കക്ഷികൾ. വരുന്ന ജനുവരിയിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കും.

അതേസമയം കർസേവകർ തകർത്ത ബാബറി മസ്ജിദിനു കീഴിൽ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തങ്ങൾ പരിശോധനയിലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി പുരാവസ്തുഗവേഷകരായ സുപ്രിയാ വർമ്മയും ജയാ മേനോനും രംഗത്ത് വന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാർഗമെന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ പുരാവസ്തു വകുപ്പ് (അർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) കോടതിയിൽ കള്ളം പറയുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

അയോധ്യയിൽ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തിൽ പങ്കെടുത്തവരാണ് സുപ്രിയാ വർമ്മയും ജയാ മേനോനുമാനും. ദീർഘനാൾ നീണ്ട ഗവേഷണത്തിനു ശേഷം ബാബറി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ഓഗസ്റ്റ് മാസം പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യു.പിയിലെ അയോധ്യയിൽ ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഈ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് കേസിന്റെ നിർണ്ണായക വെളിപ്പെടുത്തലായി ഇത് കോടതി പരിഗണിക്കുകയുണ്ടായി.

തെറ്റിദ്ധരിപ്പിക്കുന്നതിനായി ആദ്യമേ നിശ്ചയിച്ച 'ഫലം' പറഞ്ഞുകൊണ്ട് പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് സുപ്രിയ വർമ്മയും ജയാ മേനോനും പറയുന്നു. ഹഫിങ്ട്ടൺ പോസ്റ്റിനുനൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും ഈ നിർണ്ണായക വെളിപ്പെടുത്തൽ. സുപ്രിയ വർമ്മ നെഹ്‌റു പുരാവസ്ഥകേന്ദ്രത്തിലെ ഗവേഷകയാണ്. ജയാ മേനോൻ നദർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞതും.

നേരത്തെ തന്നെ പള്ളി നിലനിന്ന ഭൂമി ഉയർത്തിക്കെട്ടി അവിടെ അന്നത്തെ മുഗൾ ചക്രവർത്തി പള്ളി നിർമ്മിക്കുകയായിരുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്. പുരാവസ്തുവകുപ്പ് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് തെറ്റാണെന്നു തെളിയിക്കുന്ന ഇരുവരുടെയും പ്രബന്ധം നേരത്തെ പ്രമുഖ മാസികയായ ഇക്കോണമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അയോദ്ധ്യ കേസിന്റെ കാലഘട്ടത്തിൽ കേന്ദ്രത്തിൽ അന്ന് അധികാരത്തിലുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ സമ്മർദ്ദത്തിലാണ് പുരാവസ്തു വകുപ്പ് അത്തരത്തിൽ റിപ്പോർട്ട് നൽകിയതെന്നാണ് ഇവർ പറയുന്നു. അന്ന് ഖനനം നടത്തി പരിശോധിക്കാൻ നേതൃത്വം നൽകിയ ബി.ആർ മണിയെ പിന്നീട് നരേന്ദ്ര മോദി സർക്കാർ നാഷണൽ മ്യൂസിയം ഡയറക്ടർ ജനറലായി നിയമിക്കുകയുണ്ടായി.

എന്നാൽ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ വിഷയം വീണ്ടും സജീവ ചർച്ചയാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. കോടതി വിധിക്ക് കാത്ത് നിൽക്കാതെ ഓർഡിനൻസ് ഇറക്കണമെന്നാണ് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നത്. അതേസമയം വി.എച്ച്.പി, ബജ്‌റംഗ്ദൾ നേതാക്കൾ ബാബ്‌റി മസ്ജിദ് തകർത്തതിന്റെ വാർഷികം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്ലിം സംഘടനകൾ കരിദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP