Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികളുടെ സമരവീര്യത്തിന് മുന്നിൽ ഒടുവിൽ മാനേജ്‌മെന്റ് മുട്ടുമടക്കി; കുറ്റാരോപിതനായ അദ്ധ്യാപകനെ മാറ്റി നിർത്തും; കുറ്റിപ്പുറം കെ എംസിടി ലോ കോളേജിൽ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു; പരാതി അന്വേഷിക്കുന്നത് കോളേജ് പ്രിൻസിപ്പൽ അടങ്ങുന്ന മൂന്നംഗ കമ്മറ്റി

വിദ്യാർത്ഥികളുടെ സമരവീര്യത്തിന് മുന്നിൽ ഒടുവിൽ മാനേജ്‌മെന്റ് മുട്ടുമടക്കി; കുറ്റാരോപിതനായ അദ്ധ്യാപകനെ മാറ്റി നിർത്തും; കുറ്റിപ്പുറം കെ എംസിടി ലോ കോളേജിൽ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു; പരാതി അന്വേഷിക്കുന്നത് കോളേജ് പ്രിൻസിപ്പൽ അടങ്ങുന്ന മൂന്നംഗ കമ്മറ്റി

റിയാസ് ആമി അബ്ദുള്ള

മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. അവസാന സെമസ്റ്റർ പരീക്ഷയിൽ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്രതിസന്ധിയിലാക്കിയ അദ്ധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. ഷെഫീർ എന്ന അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടു ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ പഠിപ്പ് മുടക്കിയാണ് ആദ്യം സമര രംഗത്തേക്ക് വന്നത്. എന്നാൽ അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടതായി മാനേജ്‌മെന്റ്‌റ് അറിയിച്ചതോടെ വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു.

വിദ്യാർത്ഥികളായ ഹനാൻ, സായൂജ്, അഗ്‌നേയ് നന്ദൻ, നിശ്വിൻ എന്നിവരാണ് ആദ്യ ഘട്ടത്തിൽ നിരാഹാരം കിടന്നത്. ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പകരം അർഷദ്,ഫായിസ്, അമീൻ തുടങ്ങിയവർ സമരം ആരംഭിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മറുനാടൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും എന്നാണ് അന്ന് യുണിയൻ ചെയർമാൻ ജാഷിക് മുഹമ്മദ് മറുനാടനോട് പറഞ്ഞത്.

സമരം ശക്തമായതോടെ അദ്ധ്യാപകനെതിരെ അന്വേഷണ കമ്മീഷനെ നിയമിക്കാമെന്നും അദ്ധ്യാപകനെ മാറ്റി നിർത്തി കൊണ്ടുള്ള അന്വേഷണം സാധ്യമല്ല എന്ന നിലപാടിലായിരുന്നു മാനെജ്‌മെന്റ്. ഇതോടെ ആദ്യ ഘട്ട ചർച്ച അലസി പിരിഞ്ഞു. എന്നാൽ അദ്ധ്യാപകനെ മാറ്റി നിർത്തി കൊണ്ടുള്ള ഒരു അന്വേഷണമല്ലാതെ മറ്റൊന്നിനും തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ നിലപാട് കടുപ്പിച്ചതോടെ മാനെജ്‌മെന്റിനു വഴങ്ങേണ്ടി വന്നു. എംഎസ് എഫ്, കെഎസ് യു, എസ്എഫ് ഐ, ഫ്രറ്റെണിറ്റി ജില്ലാ നേതാക്കൾ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരപന്തൽ സന്ദർശിച്ചിരുന്നു.

ഇതോടെയാണ് അദ്ധ്യാപകനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന മുൻ നിലപാടിൽനിന്ന് മാനെജ്‌മെന്റ് പിന്നോട്ട് പോയത്. പരീക്ഷ ഹാളിൽ മറ്റുള്ളവരോട് ചോദിച്ചെഴുതിയത് പിടികൂടിയതിനാണ് വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ തിരിഞ്ഞത് എന്നായിരുന്നു മാനെജ്‌മെന്റ് നിലപാട്. സമരം ശക്തമായതോടെ അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികളുടെ മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് മാനെജ്‌മെന്റ്.

വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ച് തീരുമാനം വന്നതോടെ നിരാഹാരം കിടന്നിരുന്ന ആഷിഖ്,സ്വാഹിൽ എന്നീ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. പിടിഎ ഭാരവാഹിയും, കോളേജ് പ്രിൻസിപ്പലും ഉൾപ്പെടുന്ന മൂന്നംഗ കമ്മീഷനായിരിക്കും അദ്ധ്യാപകനെതിരായ പരാതി അന്വേഷിക്കുക. അന്വേഷണ കാലയളവിൽ അദ്ധ്യാപകനെ കോളേജിൽ നിന്ന് മാറ്റി നിർത്തും. മറ്റൊരു വിദ്യാർത്ഥിയേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന മറ്റൊരു പരാതിയും ഇതേ അദ്ധ്യാപകനെതിരേയുണ്ട്. എസ് സി, എസ് ടി വകുപ്പുപ്രകാരം ഇയാൾക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

എന്നാൽ ഇയാളെ കോളേജ് മാനേജ്‌മെന്റ് സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വിദ്യാർത്ഥികളുടെ പരാതി കമ്മിഷനെ വെച്ച് അന്വേഷിക്കാനോ സമരം ഒത്തുതീർപ്പാക്കുന്നതിനോ ആദ്യ ഘട്ടത്തിൽ മാനേജ്‌മെന്റ് തയ്യാറായില്ല. അദ്ധ്യാപകനെ കോളേജിൽനിന്ന് മാറ്റി നിർത്തി പരാതികൾ അന്വേഷിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെഎ സക്കീർ, പ്രസിഡന്റ് ഇ അഫ്‌സൽ എന്നിവർ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ മാർച്ചും നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP