Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർട്ട്ണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു; പി.വി.അൻവർ എംഎ‍ൽഎ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് കോടതി

കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർട്ട്ണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു; പി.വി.അൻവർ എംഎ‍ൽഎ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് കോടതി

റിയാസ് ആമി അബ്ദുള്ള

മലപ്പുറം: പി.വി.അൻവർ എംഎ‍ൽഎ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച ഹർജി കോടതി തള്ളിയതാണ് കേസിൽ അൻവറിന് തിരിച്ചടിയായത്. പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ അൻവർ തട്ടിയെടുത്തു എന്നതാണ് കേസ്. ഈ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.

തട്ടിപ്പിനിരയായ സിപിഎം അനുഭാവിയും പ്രവാസി എൻജിനീയറുമായ മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിന്റെ ഹരജിയിലാണ് നേരത്തെ ജസ്റ്റിസ് എബ്രഹാം മാത്യു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് കോടതി തള്ളിയത്. കർണാടകയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്നും ക്വാറിയുടെ പത്ത് ശതമാനം ഓഹരി നൽകാമെന്നും കാണിച്ച് സലീമിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു. എന്നാൽ, ലാഭവിഹിതം ലഭിക്കാതെ വന്നതിനെ തുടർന്ന് താൻ മുടക്കിയ പണം മടക്കി ആവശ്യപ്പെട്ട് സലീം അൻവറിനെ സമീപിച്ചിരുന്നു.

അത് ലഭിക്കാത്തതിനെ തുടർന്ന് സലീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിൽ ഇത്തരത്തിൽ ഒരു ക്വാറിയോ ഓഹരി ഉടമകളോ ഇല്ലെന്നും, വ്യാജരേഖ ചമച്ച് തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സലീം തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് മഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും അൻവറിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് പൊലീസ് കോടതിയിൽ കൊടുത്ത രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. വഞ്ചനാ കുറ്റത്തിന് അറസ്റ്റിലേക്ക് വരെ പോകാവുന്ന കേസാണിത്. എന്നാൽ, അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് കേസ് നീട്ടുകയാണ്. കേസ് അനന്തമായി നീളുന്നതിനെ തുടർന്ന് പരാതികാരൻ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റു ചെയ്യേണ്ടുന്ന വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടും ഒരു വർഷത്തോളമായി എംഎ‍ൽഎയെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സലീം ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം അനുഭാവിയായ സലീം 2017 ഫെബ്രുവരി 17ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാൻ കോടിയേരി സിപിഎം കേന്ദ്ര കമ്മിറ്റി് അംഗവും നിലവിലെ എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലർത്തുകയായിരുന്നു.

ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒമ്പതിന് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നൽകിയെങ്കിലും മറുപടിപോലും നൽകിയില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് 2017 ഡിസംബർ 21നാണ് മഞ്ചേരി പൊലീസ് പി.വി അൻവർ എംഎ‍ൽഎയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്. കോടതിയെ സമീപിക്കുന്നതിനും ഒരു മാസം മുമ്പ് നവംബർ 22ന് മഞ്ചേരി പൊലീസിൽ സലീം പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

മംഗലാപുരം ബൽത്തങ്ങാടി തണ്ണീർപന്തൽ പഞ്ചായത്തിൽ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് അൻവർ കെണിയിൽ വീഴ്‌ത്തിയത്. 2011 ഡിസംബർ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവിആർ ഓഫീസിൽവച്ച് അൻവറിന് കൈമാറി. 30 ലക്ഷം പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നൽകിയത്. 2012 ഫെബ്രുവരി 17ന് കരാർ തയ്യാറാക്കിയപ്പോൾ ബാക്കി 10 ലക്ഷവും നൽകി. എന്നാൽ പിന്നീട് കരാർ പ്രകാരമുള്ള ലാഭവിഹിതം നൽകാൻ അൻവർ തയ്യാറായില്ല.

സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറിൽ പോയപ്പോൾ അവിടുത്തുകാർ അത് അൻവറിന്റെ ക്രഷറല്ലെന്നും അൻവറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവിൽ നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടി അനുഭാവിയായ സലീം കാത്തിരുന്നെങ്കിലും ഒടുവിൽ എംഎ‍ൽഎയായിട്ടും അൻവർ വാക്ക് പാലിച്ചില്ല. ഇതോടെ പാർട്ടിക്കും പൊലീസിനു പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്.


കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘത്തോടൊപ്പം സലീമും മംഗലാപുരം ബൽത്തങ്ങാടിയിൽപ്പോയപ്പോൾ കെ.ഇ സ്റ്റോൺ ക്രഷർ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അൻവർ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇവിടെ ക്രഷർ ഉൾപ്പെടുന്ന 5 കോടി വിലവരുന്ന 26 ഏക്കർ തന്റെ സ്വന്തമാണെന്നാണ് പി.വി അൻവർ വിശ്വസിപ്പിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ രേഖകൾ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ. അൻവറിന്റെ പേരിൽ ബൽത്തങ്ങാടി താലൂക്കിൽ കാരായ വില്ലേജിൽ 22/7, 18/20, 18/22 എന്നീ സർവേ നമ്പറുകളിലായി 1.87 ഏക്കർ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബൽത്തങ്ങാടിയിൽ തുർക്കുളാകെ ക്രഷർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വർഷം മുമ്പ് 2015ലാണ് പി.വി അൻവർ സ്വന്തമാക്കിയത്.

ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വർഷം മുമ്പ് 2012ലാണ് അൻവർ സലീമിൽ നിന്നും പണം തട്ടിയത്. തെളിവുകളെല്ലാം ലഭിച്ചിട്ടും അൻവറിനെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയായിരുന്നു മഞ്ചേരി ഇൻഡസ്പെക്ടർ എം.ബി ഷൈജു. ഇതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ എംഎ‍ൽഎ പ്രതിയായ വഞ്ചാനാകുറ്റത്തിനുള്ള ക്രിമിനൽ കേസ് സിവിൽ കേസാക്കിമാറ്റാൻ സിഐ എം.ബി ഷൈജു മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. ഇതിനിടെയാണ് കേസന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP