Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മാസത്തെ ശമ്പളം ഒരു നേരത്തെ ആഹാരത്തിനു പോലും തികയാത്ത ദുരവസ്ഥ; രാജ്യത്തെ 87 ശതമാനം പേരും പട്ടിണിയിൽ; ശരീരം വിറ്റും മക്കളെ പോറ്റുന്ന അമ്മമാർ; പിടിച്ചുപറിയും കൊള്ളയടിയും സ്ഥിരമായതോടെ കൂട്ടപലായനം; നോട്ടുനിരോധനം നടുവൊടിച്ച വെനസ്വേലയ്ക്ക് ഇനിയൊരു തിരിച്ചുവരവ് എന്നു സാധ്യമാകും; ഭരണാധികാരികളുടെ പിടിപ്പുകേട് ഒരു രാജ്യത്തെ തകർക്കുന്നതിന്റെ ഉത്തമ ഉദാരണമായി ഹ്യൂഗോ ഷാവേസിന്റെ ചുവന്ന ഭൂമി?

ഒരു മാസത്തെ ശമ്പളം ഒരു നേരത്തെ ആഹാരത്തിനു പോലും തികയാത്ത ദുരവസ്ഥ; രാജ്യത്തെ 87 ശതമാനം പേരും പട്ടിണിയിൽ; ശരീരം വിറ്റും മക്കളെ പോറ്റുന്ന അമ്മമാർ; പിടിച്ചുപറിയും കൊള്ളയടിയും സ്ഥിരമായതോടെ കൂട്ടപലായനം; നോട്ടുനിരോധനം നടുവൊടിച്ച വെനസ്വേലയ്ക്ക് ഇനിയൊരു തിരിച്ചുവരവ് എന്നു സാധ്യമാകും; ഭരണാധികാരികളുടെ പിടിപ്പുകേട് ഒരു രാജ്യത്തെ തകർക്കുന്നതിന്റെ ഉത്തമ ഉദാരണമായി ഹ്യൂഗോ ഷാവേസിന്റെ ചുവന്ന ഭൂമി?

മറുനാടൻ ഡെസ്‌ക്‌

കാരക്കാസ്‌: ഒരു മാസത്തെ ശമ്പളം ഒരു നേരത്തെ ആഹാരം പോലും വാങ്ങാൻ തികയില്ല, നാണ്യപ്പെരുപ്പം പത്തുലക്ഷം ശതമാനത്തിനു മുകളിൽ, രാജ്യത്തെ 87 ശതമാനം പേരും പട്ടിണിയിൽ...ഒരു കാലത്ത് സമ്പന്നതയിൽ ആറാടിയിരുന്ന വെനസ്വേലയുടെ വർത്തമാനകാല ചിത്രമാണിത്. രാജ്യത്ത് പട്ടിണി അതിരൂക്ഷമായതോടെ ജനങ്ങൾ കൂട്ടത്തോടെ നാടുവിട്ടുപോകുന്നു... എങ്ങും പിടിച്ചുപറിയും കൊള്ളയടിയും... രാജ്യത്ത് നിലനിൽക്കുന്നത് അരാജകത്വവും അരക്ഷിതാവസ്ഥയും...തകർന്നടിഞ്ഞ രാജ്യത്തെ സമ്പദ് ഘടനയെ പിടിച്ചു നിർത്താൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്ക് സാധിക്കുന്നുമില്ല..ലോകത്തിലെ ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയുള്ള രാജ്യമെന്ന ഖ്യാതിയിലേക്ക് വെനസ്വേലയെ പിടിച്ചുതള്ളിയത് രാജ്യത്തെ ആഭ്യന്തര യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ അല്ല. ഭരണാധികാരികളുടെ സാമ്പത്തിക പിടിപ്പുകേടാണ് രാജ്യത്തെ ഈ ദുഃസ്ഥിതിയിലേക്ക് തള്ളിവിട്ടതിത് പ്രധാനകാരണം.

എണ്ണയുത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യങ്ങളിൽ ഒന്നായിരുന്ന വെനസ്വേല ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അമിതമായ നാണ്യപ്പെരുപ്പ നിരക്ക്, കൂട്ടപലായനം, ഭക്ഷണപദാർഥങ്ങൾക്ക് ക്ഷാമം, വർധിച്ചു വരുന്ന കുറ്റകൃത്യനിരക്ക്, ദാരിദ്ര്യം..ഇതെല്ലാം വെനസ്വേലയെ സുരക്ഷിതമല്ലാത്ത രാഷ്ട്രങ്ങളുടെ പട്ടികയിലും ഇടംപിടിക്കാൻ കാരണമായി.

വെനസ്വേല നേരിടുന്ന പ്രധാന പ്രശ്‌നം
വർധിച്ച നാണ്യപ്പെരുപ്പ തോതാണ് വെനസ്വേല നേരിടുന്ന പ്രധാനപ്രശ്‌നം. നിലവിൽ പത്തുലക്ഷം ശതമാനത്തിനു മുകളിൽ എത്തിയിരിക്കുകയാണ് ഇവിടുത്ത നാണ്യപ്പെരുപ്പ നിരക്ക്. ഐഎംഎഫിന്റെ റിപ്പോർട്ട് അനുസരിച്ച് രണ്ടായിരത്തിൽ സിംബാബ്വേയിലും 1920കളിൽ ജർമനിയും നേരിട്ട അതേ പ്രശ്‌നമാണ് ഇപ്പോൾ വെനസ്വേലയും നേരിട്ടുകൊണ്ടിരിക്കുന്നത്.

കറൻസിയുടെ വില കുത്തനെ ഇടിഞ്ഞതാണ് നാണ്യപ്പെരുപ്പ് വർധിക്കാനുള്ള പ്രധാന കാരണം. 2014-ൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ അത് വെനസ്വേലയേയും സാരമായി ബാധിച്ചു. രാജ്യത്തിന്റെ പ്രധാന വരുമാനം എണ്ണയുത്പാദനമായതിനാൽ വിപണിയിൽ എണ്ണവില ഇടിഞ്ഞത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർക്കുകയായിരുന്നു. എണ്ണ കയറ്റുമതിയിൽ നിന്ന് രാജ്യത്തിന്റെ 96 ശതമാനം വരുമാനമെന്നതിനാൽ എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോൾ വിദേശ കറൻസിയുടെ വരവിലും വൻ ഇടിവു നേരിട്ടു.

ഇതോടെ വെനസ്വേലയുടെ കറൻസിയായ ബൊളിവറിനു മൂല്യമിടിയുകയായിരുന്നു. അതോടെ കൂടുതൽ കറൻസി അച്ചടിക്കാൻ രാജ്യം നിർബന്ധിതമായപ്പോൾ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇതു നേരിടാൻ വീണ്ടും കറൻസിയടിച്ചപ്പോൾ പണപ്പെരുപ്പം വീണ്ടും കൂടി. ഇത് രാജ്യത്തെ ഹൈപ്പർ ഇൻഫ്‌ളേഷൻ എന്ന അവസ്ഥയിലേക്ക് തള്ളിവിട്ടു.

ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം
വിദേശകറൻസിയുടെ വരവ് നിലച്ചത് ഭക്ഷണപദാർഥങ്ങളുടേയും മരുന്നുകളുടേയും ഇറക്കുമതിയേയും ഇതു ബാധിക്കുകയായിരുന്നു. കൂടാതെ ഓരോ വർഷവും വെനസ്വേലയിലേക്കുള്ള ഇറക്കുമതി 50 ശതമാനം എന്നുകണ്ട് കുറഞ്ഞുവരികയായിരുന്നു. ഇതോടെ ഒരു മാസത്തെ ശമ്പളം കൊണ്ട് ഒരു നേരത്തെ ആഹാരം വാങ്ങാനുള്ള പണം തികയാത്ത അവസ്ഥയും വന്നുചേർന്നു. ഇറക്കുമതി കുറഞ്ഞതോടെ വിപണി കരിഞ്ചന്തക്കാരുടെ പിടിയിലായി. അതോടെ ഓരോ 26 ദിവസം കൂടുന്തോറും ഇവയുടെ വില ഇരട്ടിയാകുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. രാജ്യത്തെ 87 ശതമാനം പേരും നിലവിൽ പട്ടിണിയിലാണെന്നാണ് കണക്ക്. ആഹാരപദാർഥങ്ങൾക്കായി ചവറ്റുകുട്ടിയിലും മാലിന്യക്കൂമ്പാരത്തിൽപോലും തിരയുന്ന വെനസ്വേലക്കാരെ എവിടേയും കാണാമെന്നതും ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.

ആഹാരത്തിനു മാത്രമല്ല, മരുന്നുകൾക്കും ഇവിടെ ഏറെ ക്ഷാമമാണ് നേരിടുന്നത്. അതോടെ രാജ്യത്തെ പൊതു ആരോഗ്യരംഗവും പ്രതിസന്ധിയിലായി. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള സംവിധാനമില്ലാതായി. രോഗം വന്നാൽ മരുന്നു വാങ്ങാനും പൊതുജനങ്ങൾക്ക് ശേഷിയില്ല. അത് ആരോഗ്യരംഗത്തെ പടുകുഴിയിലേക്ക് തള്ളിവിടുന്നതായി.

പുതിയ കറൻസി
പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെയാണ് പ്രസിഡന്റ് നിക്കോളാസ് പുതിയ കറൻസി കൊണ്ടുവരുന്നത്. നിലവിലുള്ള ബൊളിവറിനു പകരം സൊവറിൻ ബൊളിവർ ആണ് പുതിയ കറൻസിയായി കൊണ്ടുവന്നത്. ജനങ്ങളുടെ ശമ്പളം 3000 ഇരട്ടി വർധിപ്പിക്കുകയും ബൊളിവർ കറൻസിയിൽ നിന്ന് അഞ്ചു പൂജ്യം വെട്ടിക്കുറച്ച് പുതിയ സൊവറിൻ ബൊളിവർ നടപ്പാക്കകുയും ചെയ്തിട്ടും സമ്പദ് ഘടനയെ പിടിച്ചു നിർത്താൻ നിക്കോളാസ് മദൂറോയ്ക്ക് കഴിഞ്ഞില്ല. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലൻ ബൊളിവറിന് രൂപാ മൂല്യം 0.00028 എന്നതാണ്.

അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളോട് കലഹിച്ച് വെനിസ്വലയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ച ഹ്യൂഗോ ഷാവേസ് പോയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാൻ തുടങ്ങിയത്. 2003 ൽ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി എത്തിയ മദുറോ വിദേശകറൻസി വിനിമയം ഏറ്റെടുത്തതും സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടുകയായിരുന്നു. അതിന് ശേഷം വിനിമയ നിരക്കുമായി ബന്ധപ്പെടുത്തി കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിസന്ധിയാണ് രാജ്യം അനുഭവിച്ചത്. വിദേശ കറൻസിയുടെ വിനിമയം സർക്കാർ ഏജൻസി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറൻസിയും ഡോളറും തമ്മിൽ മാറുന്നതിന് ആൾക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സർക്കാർ ഏജൻസിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകൾ മാറാൻ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സർക്കാർ വെയ്ക്കുന്ന നിർബ്ബന്ധിത നിരക്കും പ്രശ്നമായി.

തൽഫലമായി ഇവിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വാനോളം കുതിച്ചുയർന്നിരുന്നു. ഒരു കിലോ ചിക്കൻ വാങ്ങാൻ ഒരു കോടി 46 ലക്ഷം ബൊലിവാർസും ഒരു ടോയ്ലറ്റ് റോളിന് 26 ലക്ഷം ബൊലിവാർസും വിലയായി നൽകേണ്ട ദുരവസ്ഥയും അടുത്തിടെ സംജാതമായിരുന്നു.

സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാൻ വെനസ്വേല കൂടുതൽ എണ്ണയുൽപ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. പ്രതിദിനം 1.4 ദശലക്ഷം ബാരൽ എന്ന നിലയിൽ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ ഉൽപ്പാദനം. പത്തുവർഷം മുമ്പുണ്ടായിരുന്ന 3.2 ദശലക്ഷം ബാരൽ എന്ന നിലയിലേക്കാണ് ഇപ്പോൾ എണ്ണയുൽപ്പാദനം മാറേണ്ടത്. 

കൂട്ട പലായനം
രാജ്യം കടുത്ത അരാജത്വത്തിലൂടെ കടന്നുപോകുമ്പോൾ രക്ഷപ്പെടുന്നതിനായി ആൾക്കാർ കണ്ടുപിടിച്ച മാർഗം പലായനമാണ്. പലരും വീട്ടിലെ വയറുകൾ പോറ്റുന്നതിന് അന്യനാടുകളിൽ ശരീരം വിൽക്കാൻ പോലും തയാറായപ്പോൾ അയൽരാജ്യങ്ങളിലേക്ക് കൂട്ടപലായനം നടത്തി രക്ഷപ്പെടുകയാണ് ഏറെപ്പേരും. ഇരുപതു ലക്ഷത്തോളം വെനസ്വേലക്കാർ 2015നു ശേഷം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞുെന്നാണ് റിപ്പോർട്ട്. ഇതിൽ പത്തു ലക്ഷത്തോളം പേർ കൊളംബിയയിലേക്കാണ് അഭയാർഥികളായി പോയിരിക്കുന്നത്. ബാക്കിയുള്ളവർ പെറു, ഇക്വഡോർ, ചിലി, ബ്രസീൽ എന്നീ അയൽരാജ്യങ്ങളിലേക്കും കുടിയേറിക്കഴിഞ്ഞു.

വെനസ്വേലയിൽ നിന്നുള്ള അഭയാർഥി പ്രവാഹം ശക്തമായതോടെ പെറു, ഇക്വഡോർ, ബ്രസീൽ, ചിലി എന്നീ രാജ്യങ്ങൾ തങ്ങളുടെ അതിർത്തിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പെറുവിലും ചിലിയിലും ഇക്വഡോറിലും പ്രവേശിക്കണമെങ്കിൽ പാസ്‌പോർട്ട് നിർബന്ധമാക്കി. ബ്രസീൽ തങ്ങളുടെ അതിർത്തി സുരക്ഷാ കർശനമാക്കി. വെനസ്വേലയിൽ നിന്നുള്ള അഭയാർഥികളെ ഇപ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതുകൊളംബിയ മാത്രം. അതുകൊണ്ടു തന്നെ കൊളംബിയയിലേക്ക് നീങ്ങുന്ന വെനസ്വേലക്കാരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അഭയാർഥികളുടെ ഒഴുക്ക് കൊളംബിയയ്ക്ക് എത്രനാൾ താങ്ങാൻ കഴിയും എന്നതും ഒരു ചോദ്യചിഹ്നമാണിപ്പോൾ.

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ
രാജ്യം ഒരു വശത്ത് പട്ടിണിയിലേക്ക് കൂപ്പുകുത്തിയപ്പോൾ മറ്റൊരു വശത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് അക്രമത്തിൽ മരിച്ചവരുടെ എണ്ണം 27,000 ആണെന്നാണ് കണക്ക്. രാത്രികാലങ്ങളിൽ സുരക്ഷ ഭയന്ന് പുറത്തു പോകാൻ തന്നെ ഭയപ്പെടുന്നവരാണ്. രാജ്യത്തെ സമ്പന്നർ രാത്രി സഞ്ചരിക്കുന്നതാകട്ടെ സെക്യുരിറ്റി ഗാർഡുകൾക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കാറുകളിലും. 2018-ലെ ലോ ആൻഡ് ഓർഡർ ഇൻഡക്‌സ് അനുസരിച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ അവസാനമാണ് വെനസ്വേല ഇടംപിടിച്ചത്. രാജ്യത്തെ 42 ശതമാനം പേരും കഴിഞ്ഞ വർഷം കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 25 പേർക്കു നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായും പറയപ്പെടുന്നു.

ഭരണാധികാരുടെ ദീർഘവീക്ഷണമില്ലായ്മയും സാമ്പത്തിക പിടിപ്പുകേടും ഒരു ജനതയെ എത്രമാത്രം ബാധിക്കുന്നുവെന്നതിന് ഏറ്റവും ഉദാഹരണമാണ് വെനസ്വേല. നിക്കോളാസ് മദൂറോയുടെ ഏകാധിപത്യത്തിൽ ജനത നട്ടംതിരിയുമ്പോൾ കാര്യങ്ങൾ പ്രസിഡന്റിന്റെ നിയന്ത്രണത്തിലും അപ്പുറത്തായി. നോട്ടുനിരോധനമാണ് രാജ്യം തകർന്നതിന്റെ പ്രധാനകാരണമായി പറയുമ്പോൾ മോദിയുടെ നോട്ടുനിരോധനം ഇന്ത്യയിൽ ഉയർത്തിയ അലയൊലികളും നമുക്ക് മറക്കാനാവില്ല.

ഇനി വെനസ്വേലയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോ? അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചുവരുന്ന സാഹചര്യത്തിൽ നിത്യവൃത്തിക്കെങ്കിലും തങ്ങൾക്ക് പണം തികയണമെന്ന ചിന്തയേ ഒരു സാധാരണ വെനസ്വേലക്കാരനുള്ളൂ.

ഭൂമിയിലൊരു സ്വർഗ്ഗം ഇതായിരുന്നു
അമേരിന്ത്യൻ വംശജരുടെ ആവാസമേഖലയിലേക്ക് കൊളംബസ് കയറിച്ചെന്നിട്ട് ഇങ്ങനെ പറഞ്ഞു ''' ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ''. പിന്നാലെയെത്തിയ അമേരിഗോ വെസ്പൂച്ചി , ആയിരത്തിലേറെ നദികൾ ജലസമൃദ്ധമാക്കിയ ഈ ഭൂപ്രദേശത്തെ വെള്ളത്തിന് മീതെയുള്ള വീടുകൾ കണ്ടപ്പോൾ , അതിനൊരു പേര് കൊടുക്കാൻ ഒട്ടും അമാന്തിച്ചില്ല .തന്റെ നാട്ടിലെ വെനീസിനെ ഓർമ്മിപ്പിക്കുന്ന ആ പ്രദേശത്തെ ''' വെനീസിയേല '' എന്ന് വിളിച്ചു .പിന്നീട് നൂറ്റാണ്ടുകളോളം നീണ്ട സ്പാനിഷ് കുടിയേറ്റം . ആഫ്രിക്കൻ അടിമകളുടെ ഇറക്കുമതി .യൂറോപ്യൻ, ചൈനീസ് ,ജാപ്പനീസ് ,കൊറിയൻ വംശജരുടെ ഓരോരോ കാലഘട്ടങ്ങളിലുള്ള വന്നുചേരൽ ; കോളനിവാഴ്ച അവസാനിപ്പിക്കൽ ,സ്വാതന്ത്ര്യം പ്രഖ്യാപിക്കൽ .വെനസ്വേല എന്ന തെക്കേ അമേരിക്കൻ രാജ്യത്തിന്റെ ഹ്രസ്വ ചരിത്രം ഇതാണ് .യൂറോപ്യൻ + ആഫ്രിക്കൻ + അമേരിന്ത്യൻ = മെസ്റ്റിസോ , എന്ന സങ്കരജാതിയാണ് ഇന്ന് പകുതിയിലധികം . തദ്ദേശീയരായ അമേരിന്ത്യർ ഒരു ശതമാനത്തിൽ താഴെ മാത്രമായി ചുരുങ്ങി.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ആരംഭിച്ചത് ,കോളനികളിൽ ജനിച്ച് വളർന്ന അധിനിവേശക്കാരുടെ പിൻഗാമികളായ ക്രിയോൾ ജനതയിൽ നിന്നായിരുന്നു .കാരണം സ്പാനിഷ് രാജാവ് നിയമിക്കുന്ന പ്രതിനിധിക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ . ക്രിയോളുകൾക്ക് സ്ഥാവര ജംഗമ സ്വത്തുക്കളും ,ധനവും ഉണ്ടായിരുന്നെങ്കിലും അധികാരം കിട്ടാക്കനിയായിരുന്നു. തദ്ദേശീയ ,അധിനിവേശവർഗ്ഗ സങ്കര ജനതയായ മെസിസ്റ്റോകൾക്കും,അടിമവേലയ്ക്ക് കൊണ്ടുവരപ്പെട്ട ആഫ്രിക്കൻ വംശജർക്കും മനുഷ്യർ എന്നൊരു പരിഗണന പോലും ഉണ്ടായിരുന്നില്ല . ഇവരുടെ രോഷവും സ്പാനിഷ് അധികാരികൾക്ക് നേരിടേണ്ടി വന്നു .

നെപ്പോളിയൻ ബോണപ്പാർട്ട് സ്‌പെയിൻ കീഴടിക്കിയപ്പോൾ ധ 1810 പ , ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നു തോന്നി .പക്ഷെ തെക്കേ അമേരിക്കയിലെ സ്പാനിഷ് സൈന്യം യുദ്ധമാരംഭിച്ചു.വീണ്ടും പതിനൊന്നു വർഷങ്ങൾ കഴിഞ്ഞ് ഫ്രാൻസിസ്‌കോ ഡി മിറാൻഡ തീ കൊളുത്തി , സൈമൺ ബൊളിവാറിലൂടെ വെനെസ്വേല 1821 - ൽ സ്വാതന്ത്ര്യം നേടി .ആ വര്ഷം രൂപീകരിച്ച ഗ്രാൻ കൊളംബിയ , നാല് രാജ്യങ്ങളുടെ - വെനെസ്വേല ,കൊളംബിയ,പനാമ & ഇക്വഡോർ-കൂട്ടായ്മയായിരുന്നു .1830 -ൽ ബൊളിവാറുടെ ഗ്രാൻ കൊളംബിയ എന്ന ഏകീകൃത രാഷ്ട്ര സങ്കൽപ്പത്തിൽ നിന്നും വെനെസ്വേല വിട്ടുപിരിഞ്ഞു .

കലാപരൂക്ഷിതമായ ചരിത്രം
പിന്നീടങ്ങോട്ടുള്ള വെനെസ്വേലയുടെ ചരിത്രം കലാപ രൂക്ഷിതമായ ഒന്നാണ് . തമ്മിലടിയും ,പട്ടാള ഭരണവും ,ഏകാധിപത്യ ഭരണവും ,ജനാധിപത്യവും ഒക്കെ കൂടിക്കുഴഞ്ഞ ഒന്ന് .പെട്രോളിയം നിക്ഷേപം കണ്ടെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ . എണ്ണ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്നുണ്ടെങ്കിലും, ദാരിദ്ര്യം വെനെസ്വേലയിൽ പത്തി വിടർത്തിയാടി . കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്നിരുന്ന വെനെസ്വേലയിൽ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകി ,ജയിലിലായി ,പിന്നീട് പുറത്തു വന്ന് ങഢഞ എന്ന പ്രസ്ഥാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഹ്യുഗോ ചാവേസ് 1998 ൽ പ്രസിഡന്റായി . ദാരിദ്ര്യം തുടച്ച് നീക്കാൻ '' ബൊളിവാരിസം '' എന്ന ആശയത്തിലൂന്നി , പ്ലാൻ ബൊളിവാർ നടപ്പിലാക്കി .ഭരണ ഘടന തിരുത്തി എഴുതിയപ്പോൾ സ്ത്രീകളുടെ വീട്ടുജോലിയെ ജർമ്മൻ മാതൃകയിൽ ഉത്പാദന ക്ഷമമായ സാമ്പത്തിക പ്രവർത്തനമായി അംഗീകരിച്ചു .ഒപ്പം സ്ത്രീകൾക്ക് ഉയർന്ന സ്ഥാനവും നൽകി .

ഇന്ന് വെനെസ്വേലയിൽ നിന്നും വരുന്ന വാർത്തകളാണ് മുകളിൽ പറഞ്ഞത. തെറ്റായ സാമ്പത്തിക നയങ്ങൾ ഭൂമിയിലെ സ്വർഗ്ഗമായ ഒരു രാജ്യത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിന്റെ നേർ ഉദാഹരണമാണ് വെനെസ്വേല.

( കടപ്പാട്- ബി ബി സി, ദ ഗാർഡിയൻ, ഫേസ്‌ബുക്ക്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP