Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജുവിനും രക്ഷിക്കാനായില്ല....! രഞ്ജിയിൽ തോൽവി ചോദിച്ച് വാങ്ങി കേരളം; തമിഴ്‌നാടിന് മുന്നിൽ അടിയറവ് പറഞ്ഞത് 151 റൺസിന്; കേരള നിരയിൽ സംപൂജ്യരായി മടങ്ങിയത് അഞ്ചുപേർ

സഞ്ജുവിനും രക്ഷിക്കാനായില്ല....! രഞ്ജിയിൽ തോൽവി ചോദിച്ച് വാങ്ങി കേരളം; തമിഴ്‌നാടിന് മുന്നിൽ അടിയറവ് പറഞ്ഞത് 151 റൺസിന്; കേരള നിരയിൽ സംപൂജ്യരായി മടങ്ങിയത് അഞ്ചുപേർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രഞ്ജിയിൽ തോൽവി ചോദിച്ച് വാങ്ങി കേരളം. തമിഴ്‌നാടിനുമുന്നിൽ 151 റൺസിനായിരുന്നു കേരളത്തിന്റെ പരാജയം. കളി അവസാനിക്കാൻ എട്ട് ഓവർ മാത്രമുള്ളപ്പോഴാണ് കേരളം തമിഴ്‌നാടിനുമുന്നിൽ മത്സരം അടിയറവു പറഞ്ഞത്. സമനില ലക്ഷ്യമിട്ട് ഒൻപത് വിക്കറ്റുമായി നാലാം ദിനം ഇറങ്ങിയ കേരളത്തിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി ടി. നടരാജനാണ് പരാജയത്തിലേക്ക് തള്ളിയിട്ടത്.സായി കിഷോറും ബാബാ അപരാജിതും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി നടരാജന് ഉറച്ചപിന്തുണ നൽകി.ഉത്തരവാദിത്വത്തോട് ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ വിജയമോ അർഹിച്ച സമനിലയോ നേടാമായിരുന്ന കളിയാണ് കേരളം കൈവിട്ടത്. 

സഞ്ജു സാംസണും സിജോമോൻ ജോസഫിനും മാത്രമേ കേരള നിരയിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളു. സഞ്ജു സാംസൺ 91 റൺസും സിജോമോൻ ജോസഫ് 55 റൺസും നേടി. കേരള നിരയിൽ അഞ്ച് പേർ രണ്ടക്കം കടന്നപ്പോൾ അഞ്ച് പേർ പൂജ്യത്തിനാണ് പുറത്തായത്.
നേരത്തെ തമിഴ്‌നാട് രണ്ടാം ഇന്നിങ്‌സിൽ 252/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ക്യാപ്റ്റൻ ബാബ ഇന്ദ്രജിത്ത് (92), കൗശിക് ഗാന്ധി (59) എന്നിവരുടെ അർധ സെഞ്ചുറികളാണ് തമിഴ്‌നാടിന് തുണയായത്. സ്‌കോർ: തമിഴ്‌നാട് 268-10, 252-7 കേരളം 152-10, 217-10

വിജയത്തോടെ തമിഴ്‌നാടിന് ആറു പോയിന്റു ലഭിച്ചു. കേരളത്തിന് പോയിന്റില്ല. ഇനി 14 മുതൽ ഡൽഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം. രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടു വിജയങ്ങൾക്കു ശേഷമാണ് കേരളം തുടർച്ചയായി രണ്ടു തോൽവി വഴങ്ങുന്നത്.192 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 91 റൺസെടുത്ത സഞ്ജു എട്ടാമനായാണ് പുറത്തായത്.

മൂന്നാം വിക്കറ്റിൽ സിജോമോൻ ജോസഫിനൊപ്പം 97 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് തീർത്ത സഞ്ജു കേരളത്തെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും എല്ലാം വെറുതെയായി. സിജോമോൻ 55 റൺസെടുത്ത് പുറത്തായി. അരുൺ കാർത്തിക് (33), ജലജ് സക്‌സേന (12), പി.രാഹുൽ (പൂജ്യം), സച്ചിൻ ബേബി (പൂജ്യം), ജഗദീഷ് (പൂജ്യം), വിഷ്ണു വിനോദ് (14), അക്ഷയ് ചന്ദ്രൻ (പുറത്താകാതെ എട്ട്), ബേസിൽ തമ്പി (പൂജ്യം), സന്ദീപ് വരിയർ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മുന്നിലുള്ള കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെ അവസാന ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനായി മൂന്നാം വിക്കറ്റിൽ സഞ്ജു സാംസൺ-സിജോമോൻ ജോസഫ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മികച്ച തുടക്കമിട്ടതാണ്. തമിഴ്‌നാട് ബോളിങ്ങിനെ ഇരുവരും ചെറുത്തുനിന്നതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിലായിരുന്നു കേരളം. എട്ടു വിക്കറ്റ് കയ്യിലിരിക്കെ 49 ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 226 റൺസ്.കേരളം വിജയത്തിലെത്തുന്നതും കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്‌ത്തി അർധസെഞ്ചുറിയുമായി സിജോമോൻ ജോസഫ് പുറത്തായതാണ് മൽസരത്തിൽ വഴിത്തിരിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP