Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

28കാരിയുടെ മാലപൊട്ടിക്കാൻ ഓട്ടോ ഡ്രൈവർ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് ശബരിമല തീർത്ഥാടകർ; സംഭവം കോഴിക്കോട് രാമനാട്ടുകരയിൽ; പിടിവലിക്കിടെ യുവതി തെറിച്ച് വീണത് ഭക്തർ വന്ന വാഹനത്തിന് മുന്നിലേക്ക്; ശ്രമം വിഫലമായതോടെ ബാഗും മൊബൈലും തട്ടിയെടുത്തോടി ഓട്ടോ ഡ്രൈവർ

28കാരിയുടെ മാലപൊട്ടിക്കാൻ ഓട്ടോ ഡ്രൈവർ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് ശബരിമല തീർത്ഥാടകർ; സംഭവം കോഴിക്കോട് രാമനാട്ടുകരയിൽ; പിടിവലിക്കിടെ യുവതി തെറിച്ച് വീണത് ഭക്തർ വന്ന വാഹനത്തിന് മുന്നിലേക്ക്; ശ്രമം വിഫലമായതോടെ ബാഗും മൊബൈലും തട്ടിയെടുത്തോടി ഓട്ടോ ഡ്രൈവർ

മറുനാടൻ ഡെസ്‌ക്‌

രാമനാട്ടുകര: പട്ടാപ്പകൽ 28കാരിയായ യുവതിയുടെ മാലപൊട്ടിക്കാൻ ഓട്ടോ ഡ്രൈവറുടെ ശ്രമം. കോഴിക്കോട് രാമനാട്ടുകരയിൽ ഞായറാഴ്‌ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. തന്റെ ഓട്ടോയിൽ കയറിയ യുവതിയുടെ കഴുത്ത് ഞെരിച്ച് മാലപൊട്ടികാനായിരുന്നു ഡ്രൈവറുടെ ശ്രമം. എന്നാൽ ഈ സമയത്ത് അതുവഴി കടന്നു വന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് മുന്നിലേക്ക് യുവതി വീണതോടെ ഓട്ടോ ഡ്രൈവർ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എന്നാൽ യുവതിയുടെ പക്കലുണ്ടായിരുന്ന പണമടങ്ങുന്ന പഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്താണ് ഇയാൾ ഓടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ ജീവനക്കാരിയായ ദിവ്യ (28) ജോലിക്കുപോവാനായി പള്ളിക്കൽബസാർ കൂനൂൾമാടുനിന്നാണ് ഓട്ടോയിൽ കയറിയത്. സ്ഥിരമായി സഞ്ചരിക്കുന്ന ബസ് വരുന്നില്ലെന്നറിഞ്ഞതോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് നിർത്തിച്ചു. രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്തെത്തിയപ്പോൾ ഡ്രൈവർ ഓട്ടോ റോഡരികിലേക്ക് ചേർത്തുനിർത്തി. കാരണമന്വേഷിച്ചപ്പോൾ എൻജിൻ തകരാറാണെന്ന് പറഞ്ഞു.

വണ്ടിയുടെ തകരാറ് പരിഹരിക്കാനെന്ന വ്യാജേന ഡ്രൈവർ പിന്നിലേക്ക് പോവുകയും യുവതിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ പുറത്തേക്ക് തെറിച്ച യുവതി തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്ക് വീണു. ഇതോടെ ഡ്രൈവർ മാലപൊട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ബാഗും മൊബൈലുമായി കടന്നു. തീർത്ഥാടകർ യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇതിന് പിന്നാലെ ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കളെത്തി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടെ യുവതിയുടെ കഴുത്ത് ഞെരിഞ്ഞ് മുറിയുകയും കൈകാലുകളിൽ പരിക്കുപറ്റുകയും ചെയ്തു. നഷ്ടപ്പെട്ട ബാഗിൽ 3000 രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. ഫറോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP