Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിറവം വലിയ പള്ളിയിൽ സംഘർഷാവസ്ഥ; ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും പള്ളിക്ക് മുകളിൽ കയറി താഴേക്കു ചാടുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകൾ അടക്കമുള്ള യാക്കോബായ സഭാ വിശ്വാസികൾ; പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഓർത്തഡോക്സുകാർക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമെന്ന ആശങ്കയിൽ യാക്കോബായക്കാർ തടിച്ചുകൂടി; എതിർപ്പ് ശക്തമായതോടെ പിന്മാറി പൊലീസ്; ശബരിമലയ്ക്ക് ശേഷം സർക്കാറിന് തലവേദനയായി സഭാ തർക്കവും

പിറവം വലിയ പള്ളിയിൽ സംഘർഷാവസ്ഥ; ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും പള്ളിക്ക് മുകളിൽ കയറി താഴേക്കു ചാടുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകൾ അടക്കമുള്ള യാക്കോബായ സഭാ വിശ്വാസികൾ; പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഓർത്തഡോക്സുകാർക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമെന്ന ആശങ്കയിൽ യാക്കോബായക്കാർ തടിച്ചുകൂടി; എതിർപ്പ് ശക്തമായതോടെ പിന്മാറി പൊലീസ്; ശബരിമലയ്ക്ക് ശേഷം സർക്കാറിന് തലവേദനയായി സഭാ തർക്കവും

പ്രകാശ് ചന്ദ്രശേഖർ

പിറവം: ഓർത്തഡോക്‌സ് - യാക്കോബായ സഭ തർക്കം നിലനിൽക്കുന്ന പിറവം വലിയ പള്ളിയിൽ സ്ഥിതിഗതികൾ സംഘർഷഭരിതം. വിശ്വാസികളുടെ കൂട്ട ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് സംഘർഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നടന്നത്. വിശാസികളിൽ ചിലർ പള്ളിക്ക് മുകളിൽ കയറിയും ദേഹത്ത് മണ്ണെണ്ണയും ഒഴിച്ചാണ് ഭീഷണി മുഴക്കി. പള്ളി പരിസരത്ത് വലിയ പൊലീസ് സന്നാഹം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.

പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഓർത്തഡോക്സ് സഭക്കാർക്ക് അനുകൂലമായാണ് ഉണ്ടായത. വിധി നടപ്പിലാക്കാൻ പള്ളി പരിസരത്ത് പൊലീസെത്തിയതോടെയാണ് സംഭവം വഷളായത്. എന്നാൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്.

ഇതോടെ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊലീസ് എത്തിയതോടെയാണ് യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി എത്തിയത്. ഇവർ മുദ്രാവാക്യം വിളികളുമായാണ് എത്തിയത്. യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിയുടെ മുകളിൽ കയറി പ്രതിഷേധിച്ചു. സ്ത്രീകൾ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.

ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവിൽ പള്ളിക്കകത്തുണ്ടായിരുന്നു. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികൾ ചെറുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പുരോഹിതരുമായി ചർച്ച നടത്തിയ പൊലീസ് നടപടിയുണ്ടാവില്ലെന്ന് അറിയിച്ചു. ഇതേതുടർന്ന് പുരോഹിതൻ അഭ്യർത്ഥിച്ചതിനെ തുടർന്ന് പള്ളിക്ക് മുകളിൽ കയറിയ വിശ്വാസികൾ താഴെയിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പള്ളിവളപ്പിൽ നിന്ന് പിന്മാറി.

പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നൽകാൻ കോടതി വിധിയില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. ഓർത്തഡോക്‌സ് സഭ നൽകിയ കോടതീയലക്ഷ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്നായിരുന്നു വിധി.

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിനെ ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സർക്കാറിന് ഇരട്ടത്താപ്പെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സർക്കാർ പിറവത്ത് 200 പേർക്ക് പള്ളിയിൽ കയറി പ്രാർത്ഥിക്കുന്നതിന് സംരക്ഷണം നൽകാത്തത് എന്തുകൊണ്ടാണ്. ഈ ഇരട്ടത്താപ്പ് സാധാരണക്കാർക്ക് ദഹിക്കുന്നതല്ല. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാൻ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാൻ കോടതിയെ കൂട്ടുപിടിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞിരുന്നു.

വലിയ പള്ളിയിൽ തൽസ്ഥിതി തുടരണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭാ നേതൃത്വത്തിൽ രാവിലെ സമാധാന സന്ദേശറാലി നടത്തിയിരുന്നു. കത്തിച്ച തിരികളുമായി പള്ളിയിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി പള്ളിയിൽ സമാപിച്ചു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡോ.മാത്യൂസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി പീറ്റർ കെ.ഏലിയാസ്, ട്രസ്റ്റി സി.കെ.ഷാജി, ഫാ. വർഗീസ് പനച്ചിയിൽ, ഫാ. ഷിബിൻ പോൾ, ഫാ. ഗീവർഗീസ് തെറ്റാലിൽ, ബേബി കിഴക്കേക്കര, വി.വി.ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിശ്വാസികൾ സംഘടിച്ചിരിക്കുന്നത്.

ആരെന്ത് പറഞ്ഞാലും പിറവം സെന്റ് മേരീസ് വലിയ പള്ളി ആർക്കും വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം. ഇതോടെ പള്ളി തർക്കം സംഘർഷത്തിലെത്തുമെന്ന വിലയിരുത്തലിൽ പൊലീസ് എത്തുകയാണ്. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ പിറവത്ത് വലിയ സംഘർഷം ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്ത നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ പിറവത്ത് സുപ്രീംകോടതി വിധി മൂലം സഭാ വിശ്വാസികൾക്കു നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമായെന്നു യാക്കോബായ സുറിയാനി സഭ വർക്കിങ് കമ്മിറ്റി വിലയിരുത്തുന്നു. അന്ത്യോക്യ സിംഹാസനത്തിനു കീഴിൽ നിലകൊള്ളുന്ന പിറവം പള്ളി കയ്യേറാനുള്ള ഓർത്തഡോക്‌സ് സഭയുടെ നീക്കം ചെറുക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും സഭാ വിശ്വാസികളും പ്രാർത്ഥനാ പൂർവം പള്ളിയിൽ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ഇത് സംഘർഷത്തിന് പുതിയ തലം നൽകുകയാണ്.

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി പള്ളി. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തർക്കം മൂക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP