Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്‌പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗം

പണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്‌പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗം

തോമസ് ചെറിയാൻ കെ

പണം എന്നത് ജീവിക്കാൻ അത്യാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നല്ലവണ്ണം സമ്പാദിക്കണമെന്നും അല്ലലില്ലാതെ കഴിയണമെന്നുമാണ് ഏവരുടേയും ആഗ്രഹം. അതിനായി കുറുക്കു വഴികൾ നോക്കുന്ന ഒട്ടേറെയാളുകളുമുണ്ട്. എന്നാൽ ജീവിതത്തിൽ സമ്പാദ്യത്തിൽ എന്നല്ല ഏത് കാര്യത്തിലാണെങ്കിലും ആഗ്രഹം എന്ന സ്ഥാനത്ത് അത്യാഗ്രഹമാണെങ്കിൽ ഒന്നിനും പുറകേ ഇറങ്ങി തിരിക്കേണ്ട കാര്യമില്ല.

അങ്ങനെയുള്ള മനസ്ഥിതിയുമായാണ് ഇറങ്ങുന്നതെങ്കിൽ  തോൽവി ഉറപ്പായിരിക്കും എന്ന കാര്യം ആദ്യമേ ഓർമ്മിപ്പിച്ചു കൊള്ളട്ടെ. ലോകത്ത് പല തരത്തിൽ പണമുണ്ടാക്കാവുന്ന മാർഗങ്ങൾ ഉണ്ടെങ്കിലും അതിലെ ഏറ്റവും മുൻ നിരയിൽ ഒന്നാണ് ഓഹരി നിക്ഷേപമെന്നത്. പെട്ടന്ന് സമ്പാദിക്കുക എന്ന ചിന്ത കയറുന്നവർ കൈവയ്ക്കുന്ന ഒരു മേഖലയാണ് ഓഹരി വിപണി എന്നത്. എന്നാൽ ഇത് ഒരു ചൂതാട്ടമോ ഭാഗ്യപരീക്ഷണമോ അല്ല. തികച്ചും പഠിച്ച് ചെയ്യാവുന്ന ലളിതമായ രീതിയാണെന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ.

ഓഹരി ഇടിഞ്ഞു എന്നതുൾപ്പടെയുള്ള വാർത്തകൾ നാളുകളായി കേൾക്കുന്നുണ്ടെങ്കിലും ഇതെന്തെന്നും ഇതിന്റെ പിന്നാമ്പുറം എങ്ങനെയെന്നും അറിയാത്ത ഒട്ടേറെ ആളുകളുണ്ട്. അങ്ങനെയുള്ളവർക്കായിട്ടാണ് മണിച്ചെപ്പിലെ ഈ ലേഖനം. ഓഹരി എന്തെന്നും ഓഹരി വിപണിയിൽ അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകങ്ങളും ഇതിന്റെ പ്രവർത്തനം എങ്ങനെയെന്നും നമുക്കൊന്ന് അറിയാൻ ശ്രമിക്കാം.

ഓഹരി എന്നാൽ എന്ത്..? എന്തിന്...?എങ്ങനെ....?

പണവുമായി ബന്ധപ്പെട്ട എന്തും കച്ചവടം എന്ന ചരടിൽ കെട്ടിയിട്ടിരിക്കുന്ന ഒന്നാണെന്ന് ഏവർക്കും അറിയാം. ഒരു കച്ചവടം ആരംഭിക്കുന്നതിന് മുൻപ് തീർച്ചയായും വേണ്ട ഒന്നാണ് മൂലധനം എന്നത്. അത് സ്വരൂപിക്കാനായി പല വഴികളും കച്ചവടം തുടങ്ങുന്നവർ നോക്കാറുണ്ട്. സ്ഥലം വിറ്റും, പണയം വയ്ച്ചും, ആളുകളിൽ നിന്ന് വായ്പ വാങ്ങിയും തുടങ്ങി ബാങ്ക് ലോണിന് വരെ ശ്രമിച്ച് കച്ചവടം ആരംഭിക്കുന്നവരാണ് മിക്കവരും. ഈ വഴികളല്ലാതെ കച്ചവടം തുടങ്ങാനോ കച്ചവടം നിലനിർത്താനോ ഉള്ള മറ്റൊരു മാർഗമാണ് ഓഹരി എന്നത്.

അതായത് കച്ചവടത്തിന് ആവശ്യമായ പണം കുറേ ആളുകളിൽ നിന്ന് ചെറു തുകയായി പിരിച്ചെടുക്കുന്ന പരിപാടി. ഉദാഹരണത്തിന് ഒരാൾക്ക് വ്യാപാരം ആരംഭിക്കാൻ 20,000 രൂപയുടെ ആവശ്യമുണ്ടെങ്കിൽ 2000 പേരിൽ നിന്നും 10 രൂപ വീതം പിരിച്ചെടുത്താൽ വ്യാപാരത്തിനുള്ള പണമായി. കച്ചവടസ്ഥാപനത്തിന്റെ നടത്തിപ്പിനായി ആളുകൾ ഇങ്ങനെ പണം നൽകുമ്പോൾ അവർക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ ഓഹരിയിൽ ഒരു ഉടമസ്ഥാവകാശം കമ്പനി നൽകും. അത്തരത്തിൽ ഓഹരികൾ കൈവശമുള്ളവരാണ് കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥർ എന്ന് പറയുന്നത്.

ഒരു കമ്പനി രണ്ട് തരത്തിലുള്ള ഓഹരികളാണ് നൽകുന്നത് പ്രിഫറൻസ് ഓഹരികളും ഇക്വിറ്റി ഓഹരികളും. പ്രിഫറൻസ് ഓഹരി ഉടമകൾക്ക് നിശ്ചിതമായ നിരക്കിൽ ഓഹരി ലഭിക്കും കമ്പനി അഥവാ പെളിഞ്ഞെന്ന് പറഞ്ഞാലും ഇവർക്ക് തുക തിരികേ ലഭിക്കും. അഥവാ ഇനി കമ്പനിക്ക് നഷ്ടത്തിലാണ് ഓടേണ്ടി വരുന്നതെങ്കിൽ ലാഭം ലഭിക്കുന്ന സമയത്ത് മുൻ വർഷത്തെയും ചേർത്ത് നൽകുന്ന പരിപാടിയും പ്രിഫറൻസ് ഷെയറിലുണ്ട്. ഇതരത്തിൽ നഷ്ടമുണ്ടാകാതിരിക്കേണ്ടതിനുള്ള ഷെയറുകളാണ് ക്യുമുലേറ്റീവ് പ്രിഫറൻസ് ഷെയറുകൾ എന്ന് പറയുന്നത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇക്വിറ്റി ഷെയറുകൾ എന്നത്. ഈ ഓഹരി ഉടമകൾക്ക് മുൻഗണന ലഭിക്കാറില്ല. മുൻഗണനാ ഓഹരി ഉടമകൾക്കും മറ്റ് ധനമിടപാട് നടത്തിയവർക്കും വിഹിതം നൽകി കഴിഞ്ഞ ശേഷം മാത്രമേ ഇക്വിറ്റി ഷെയർ ഉടമകൾക്ക് വിഹിതം ലഭിക്കൂ. എന്നാൽ ഈ ഓഹരി ഉടമകൾക്ക് കമ്പനിയിൽ വോട്ടവകാശം ഉണ്ട്. അതുവഴി കമ്പനിയുടെ നിയന്ത്രണത്തിൽ അവർക്ക് പങ്കാളിത്തമുണ്ട് എന്നതാണ് ഒരു പ്രധാന ഗുണമെന്ന് പറയുന്നത്.

ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും അതിന്റെ അളവ് എപ്പോഴും ഇക്വിറ്റി ഷെയറുകൾക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ലാഭം അധികമാണെങ്കിൽ ബോണസ് ഷെയർ ലഭിക്കുമെന്ന ഗുണവും ഇക്വിറ്റി ഷെയറുകൾക്കുണ്ട്. രാജ്യത്തെ ഏത് സാധാരണക്കാരനും പങ്കാളിയാകാവുന്ന നിയമാനുസൃതമായ നിക്ഷേപമാണ് ഓഹരി. എന്നാൽ ഇത് സുരക്ഷിതമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത് നിക്ഷേപകന് അതിലുള്ള ആഴത്തിലുള്ള അറിവും ലാഭ നഷ്ട സാധ്യതകളെ മുൻകൂട്ടി അറിയാനുള്ള കഴിവുമാണ്. ഓഹരിയിൽ പണം നിക്ഷേപിച്ച് അതിന്റെ പ്രവർത്തനവും മാറ്റങ്ങളുമൊക്കെ മനസിലാക്കിയാൽ വീട്ടിലിരുന്ന് തന്നെ മികച്ചൊരു വരുമാനമാർഗമുണ്ടാക്കാൻ ആർക്കും സാധിക്കും.

ഓഹരി....തുടക്കത്തിൽ അറിയാൻ

ഓഹരി എന്നതിന്റെ വില നിശ്ചയിക്കുന്നത് ചരക്കുകളുടെ സംഭരണവും അതിന്റെ ആവശ്യകതയുമാണ്. അതായത് ഓഹരി വാങ്ങേണ്ടതായ അവസ്ഥയെ ഡിമാൻഡ് എന്നും വിൽക്കുന്ന അവസ്ഥയെ സപ്ലൈ എന്നും പറയുന്നു. കൊടുക്കുന്ന ആളും വിൽക്കുന്ന ആളും ഓഹരിക്ക് ഒരു വില നിശ്ചയിച്ച ശേഷം ഇടപാടുറപ്പിക്കുന്ന സമയത്ത് ആ ഓഹരിക്ക് കൃത്യമായ ഒരു വിലയാണ് വരുന്നത്. ഇത്തരം കച്ചവടമുറപ്പിക്കലിൽ ഓഹരിയുടെ വില കൂടുകയാണെങ്കിൽ അതിനെയാണ് അപ് ട്രെൻഡ് എന്ന് വിളിക്കുന്നത്. മറിച്ച് ഇത് കുറയുകയാണെങ്കിൽ അതിനെ ഡൗൺട്രെൻഡ് എന്നും വിളിക്കും. ഓഹരി വിപണി ഉയരുന്ന അവസ്ഥയെ അല്ലെങ്കിൽ ഉയരാൻ ആഗ്രുന്നവരെ പറയുന്ന പേരാണ് ബുൾ എന്നത്. മറിച്ച് ഓഹരി വില കുറയുന്ന അവസ്ഥയേയൊ അതിനായി ആഗ്രഹിക്കുന്നവരേയോ ആണ് ബെയർ എന്ന് പറയുന്നത്. ബിസിനസ് കോളങ്ങളിലെ കാളയുടേയും കരടിയുടേയും ചിത്രത്തിന് പിന്നലെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടി കാണും അല്ലെ ?

അടുത്തതായി അറിയാനുള്ള പ്രധാന സംഗതിയാണ് ഓഹരി വില എങ്ങനെ കുറയുന്നു കൂടുന്നു എന്നത്. സംഗതി നിസാരമാണ്. നന്നായി വ്യാപാരം നടക്കുന്ന സ്ഥാപനമാണെങ്കിൽ ഓഹരിക്ക് മികച്ച വിലയിടാം. അവ വാങ്ങാനും ആളുണ്ടാവും. മികച്ച പ്രവർത്തനം കാഴ്‌ച്ച വയ്ക്കുന്നത്കൊണ്ട് തന്നെ അതിന്റെ ഓഹരിയിൽ നിന്നും മികച്ച ലാഭം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ആളുകൾ ഇത്തരം ഓഹരികൾ വാങ്ങുന്നത്. എന്നാൽ നഷ്ടം നേരിടുന്ന ഒരു കമ്പനികളുടെ ഓഹരി വാങ്ങാൻ ആരും തയാറായെന്ന് വരില്ല. അതായത് അത്തരത്തിൽ ഒരു കമ്പനിക്കോ ഒരു കൂട്ടം കമ്പനികൾക്കോ നഷ്ടം സംഭവിക്കുമ്പോഴാണ് വിപണി ഇടിവ് എന്ന വാർത്ത തലക്കെട്ടുകളിൽ നിറയുന്നത്.

പല ഘടകങ്ങളാണ് ഒരു കമ്പനിയുടെ വളർച്ചയെ തീരുമാനിക്കുന്നത്. ഇവ ക്യത്യമെങ്കിൽ അത് വ്യാപാരത്തിലും ഓഹരിയിലെ മുന്നേറ്റത്തിലും പ്രതിഫലിക്കും. മികച്ച വ്യവസായ വളർച്ച, പുത്തൻ സാങ്കേതിക വിദ്യയുടെ ഉപയോഗം, മികച്ച ജീവനക്കാരും നടത്തിപ്പ് രീതിയും, ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന വിശ്വാസം, പ്രവർത്തന സ്ഥലത്തെ നിയമം അനുസരിക്കുന്നതും ഭരണ കൂടവുമായുള്ള ബന്ധം, സഹ കമ്പനികളുമായി ഒത്തു നോക്കിയാൽ മുൻനിരയിൽ തന്നെ ഉറപ്പിക്കുന്ന ഘടകങ്ങൾ, ഓഹരിയിൽ അധികാരം സ്ഥാപിച്ച് കമ്പനിക്ക് പുറമേയുള്ള ആളുകളുടെ നിയന്ത്രണമെങ്ങനെ തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് ഒരു കമ്പനിയെ ഉയർച്ചയിലേക്ക് നയിക്കുന്നത്.

ഇതിനെല്ലാം പുറമേ കമ്പനിയുടെ സാമ്പത്തിക ഭദ്രത എന്നതും ഒരു പ്രധാന ഘടകമാണ്. നഷ്ടസാധ്യതകളെ മുൻകൂട്ടി കണ്ട് നഷ്ടത്തിന്റെ വിടവ് നികത്താൻ പര്യാപ്തമായ സാമ്പത്തിക അടിത്തറ കൂടി കമ്പനിക്ക് ഉണ്ടെങ്കിൽ തീർച്ചയായും അത് ഏക്കാലവും നിലനിൽക്കുന്ന ഒന്നായി മാറും എന്നതിൽ സംശയമില്ല.

ഓഹരി വാങ്ങുന്നതെവിടെ നിന്ന്...... എങ്ങനെ കിട്ടും

ഏത് കച്ചവടത്തിനും ഒരു കച്ചവട സ്ഥലം വേണം അത്തരത്തിൽ ഓഹരി ഇടപാട് നടത്തുന്ന ഇടമാണ് ഓഹരി വിപണി അഥവാ സ്റ്റോക്ക് മാർക്കറ്റ് എന്ന് പറയുന്ന്. അതായത് ഓഹരികളുടെ കച്ചവടം നടക്കുന്ന ചന്ത. അത്തരം കച്ചവടങ്ങളെ ഏകീകരിപ്പിക്കുന്ന പ്രസ്ഥാനമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്ന് പറയുന്നത്. ഇന്ത്യയിൽ പ്രധാനമായും രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണുള്ളത്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ എൻഎസ്ഇയും ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ ബിഎസ്ഇയും. ഓഹരി വാങ്ങണമെങ്കിലും വിൽക്കണമെങ്കിലും ഓരാൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നേരിട്ടെത്തി നടത്താൻ സാധിക്കില്ല. പകരം എക്സ്ചേഞ്ചിൽ അംഗത്വമുള്ള ആളുകളോ സ്ഥാപനങ്ങളോ വഴിയാണ് ഓഹരികൾ വാങ്ങുന്നത്. ഇത്തരത്തിലുള്ള ആളുകളെയാണ് ബ്രോക്കർമാർ എന്ന് പറയുന്നത്. ഇവർക്ക് സബ് ബ്രോക്കേഴ്സും ഉണ്ടാകാറുണ്ട്. ബ്രോക്കറേജ് എന്ന് വിളിക്കുന്ന ഫീസാണ് ഇവരുടെ സേവനത്തിന് ഓഹരി വാങ്ങുന്നയാൾ നൽകേണ്ടത്.

പ്രാഥമിക വിപണിയും ദ്വിതീയ വിപണിയും എന്ന് രണ്ട്് പ്രധാന ഘടകങ്ങൾ ഉണ്ടെന്നും നാം ഓർക്കണം. ഇതിൽ കമ്പനി നേരിട്ട് നിക്ഷേപകർക്ക് നൽകുന്ന ഓഹരിയാണ് പ്രാഥമിക വിപണി അഥവാ പബ്ലിക്ക് ഇഷ്യു എന്ന് പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ വ്യാപാരം മാത്രമാണ് ഓഹരി വിപണിയിൽ നടക്കുന്നത്. ഇത്തരത്തിൽ ലിസ്റ്റ് ചെയ്യപ്പെടണമെങ്കിൽ പ്രത്യേക നിയമങ്ങളും ചിട്ടകളും ഉണ്ടെന്ന കാര്യവും മറക്കരുത്. ഇത്തരത്തിലെ ഓഹരികളിൽ നിന്നും ലാഭം ലഭിച്ചാൽ അത് എളുപ്പം പണമാക്കി മാറ്റാമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

 ബിഎസ്ഇ, എൻഎസ്ഇ, സെൻസെക്സ്, നിഫ്റ്റി ......ഇതാ അറിഞ്ഞോളൂ...

ഇന്ത്യയിലെ ഓഹരി വിപണി നടക്കുന്നത് പ്രധാനമായും രണ്ട് എക്സ്ചേഞ്ചുകളിലൂടെയാണെന്ന് പറഞ്ഞല്ലോ. അതാണ് എൻഎസ്ഇ അഥവാ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ബിഎസ്ഇ അഥവാ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചും...ഇതിന് പിന്നാലെ നാം കേട്ടിട്ടുള്ള വാക്കുകളാണ് സെൻസെക്സും നിഫ്റ്റിയും. അതെന്താണെന്നും നമുക്കോന്ന് നോക്കാം....

ബോംബേ സ്റ്റോക്ക് എക്സ്ച്ചേഞ്ച് -ബിഎസ്ഇ

ഇന്ത്യയുടെ അഭിമാനം എന്ന ഒറ്റവാക്കിൽ പറയാവുന്ന ഒന്നാണ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്. ലോകത്തിൽ പ്രധാനമായുള്ള പത്ത് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മുൻനിരയിൽ തന്നെയാണ് ബിഎസ്ഇയുടെ സ്ഥാനം. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകൂടിയാണ് ഇതെന്നും ഓർക്കണം. 2007ലെ കണക്ക് വച്ച് നോക്കിയാൽ 4700 കമ്പനികളാണ് ഇതിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അതിലധിം കമ്പനികളുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1875ലാണ് ബിഎസ്ഇ പ്രവർത്തിച്ചു തുടങ്ങിയത്. ഏറ്റവും വലിയ വിപണന വ്യാപ്തിയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചാണിത്. സാധാരണയായി ബിഎസ്ഇയിൽ ഓഹരി വിപണനം ആരംഭിക്കുന്നത് രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ്. ശനി, ഞായർ ദിവസങ്ങൾ ബിഎസ്ഇയ്ക്ക് അവധി ദിവസങ്ങളാണ്. ബിഎസ്ഇയുടെ ഓഹരി സൂചികയെ വിളിക്കുന്ന പേരാണ് ബിഎസ്ഇ സെൻസെക്സ് എന്നത്.

സെൻസെക്സ്

നാം പത്രത്തിലൂടെ സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ് സെൻസെക്സ് ഇടിഞ്ഞു, ഉയർന്നു എന്നൊക്കെ. എന്നാൽ ഇതെന്താണെന്ന് നമുക്കൊന്ന് നോക്കാം. ബോംബേ ഓഹരി വിപണിയുടെ ഓഹരി സൂചികയാണ് സെൻസെക്സ്. സെൻസിറ്റീവ് ഇൻഡക്സ് എന്നതിന്റെ ഹ്രസ്വ രൂപമാണ് സെൻസെക്സ്. തെരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്.

മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ഒരു കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ മാർക്കറ്റ് മൂല്യമാണ്. സ്റ്റോക്ക് വിലയെ ഷെയറുകളുടെ എണ്ണത്തിൽ ഗുണിച്ചാണ് ഈ മൂല്യം കണ്ടെത്തുന്നത്. വ്യാപാര സമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണയിക്കും. തെരഞ്ഞെടുത്ത ഈ മുപ്പത് ഓഹരിയുടെ വില കുറയുമ്പോൾ സെൻസെക്സ് കുറയുകയും ഓഹരി വില കൂടുമ്പോൾ സെൻസെക്സ് കൂടുകയും ആണ് ചെയ്യുന്നത്. അപ്പോഴാണ് സെൻസെക്സ് ഇടിഞ്ഞു എന്നും വർധിച്ചു എന്നുമൊക്കെ നാം വാർത്തകളിൽ കാണുന്നത്.

നാഷണൽ സ്റ്റോക്ക് എക്സചേഞ്ച്- എൻഎസ്ഇ

രാജ്യത്തെ രണ്ടാമത്തെ വലിയ ഓഹരി വിപണിയാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ എൻഎസ്ഇ. 1992ലാണ് എൻഎസ്ഇ സ്ഥാപിതമാകുന്നത്. മുംബൈയാണ് എൻഎസ്ഇയുടെ ആസ്ഥാനം. എൻഎസ്ഇയുടെ വ്യാപാര സൂചികയാണ് നിഫ്റ്റി എന്ന് പറയുന്നത്. വ്യാപാര സമയം രാവിലെ 9.15 മുതൽ 3.30 വരെയാണ്. ഇതിൽ വ്യാപാരം രണ്ട് സെഗ്മെന്റായിട്ട് നടക്കുന്നു. ഇക്യുറ്റി സെഗ്മെന്റും, ഡെബ്റ്റ് മാർക്കറ്റ് സെഗ്മെന്റും.

നിഫ്റ്റി

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി വിപണി സൂചികയാണ് നിഫ്റ്റി എന്ന് നാം നേരത്തെ പറഞ്ഞല്ലോ. ഇനി അതെന്താണെന്ന് കൂടി നോക്കാം. ഏറ്റവും കൂടുതൽ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ഉള്ള 50 വലിയ കമ്പനികളുടെ ലാർജ് കാപ്പ് സ്റ്റോക്ക്സ് ഉള്ളതാണ് നിഫ്റ്റി സൂചിക. നിഫ്റ്റി 50 എന്നറിയപ്പെടുന്നു. ഇവ കൂടാതെ സ്മോൾ കാപ്പ് ഓഹരികൾ അടങ്ങുന്ന സ്മോൾ കാപ്പ് ഇൻഡെക്സ്, മിഡ് കാപ്പ് ഓഹരികൾ അടങ്ങുന്ന മിഡ്കാപ്പ് ഇൻഡക്സ് കൂടാതെ ഓരോ സെക്ടറിന്റെയും മൂല്യം പ്രതിനിധാനം ചെയ്യുന്ന സെക്ടറൽ ഇൻഡക്സും ഉണ്ട്. ഐടി. മെറ്റൽ, ഫാർമ, ബാങ്കിങ് എന്നിവയെല്ലാം ഇത്തരം സെക്ടറുകൾക്ക് ഉദാഹരണമാണ്.

സെബി

നിക്ഷേപകർക്ക് സംരക്ഷണം നൽകാനുള്ള സ്ഥാപനവും ഇതിനൊപ്പം തന്നെ പ്രവർത്തിക്കുന്നുണ്ട്. അതാണ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി. രാജ്യത്തെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും ഓഹരി വിപണിയുടെ ഉന്നതിക്കും അതിന്റെ സംരക്ഷണത്തിനും കുറവുകളെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്.

പക്ഷേ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്കില്ലെന്ന് തെളിയിച്ച സംഭവങ്ങളുമുണ്ടാവുകയും തന്മൂലം സെബിക്ക് നിയമപരമായൊരു പദവി നൽകേണ്ടത് ഒരാവശ്യമായിത്തീരുകയുമായിരുന്നു. ഇതോടെ 1992ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി മാറി. രാജ്യത്തെ നിക്ഷേപകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്യുന്നതിൽ സെബിക്ക് മുഖ്യപങ്കുണ്ടെന്ന് പറയാതിരിക്കാൻ വയ്യ.

(ഓഹരി എന്താണെന്നും അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകങ്ങളെക്കുറിച്ചുമാണ് നാം ഈ ലേഖനത്തിൽ പങ്കുവയ്ച്ചത്. ഇനി ഓഹരി നിക്ഷേപം എങ്ങനെ നടത്താം...ലാഭവും നഷ്ടവുമെങ്ങനെ...ഇത് പണമായി മാറുന്നതെങ്ങനെ...മികച്ച സ്റ്റോക്ക് ബ്രോക്കർമാരെ കണ്ടെത്താനുള്ള വഴികൾ...നിക്ഷേപത്തിൽ വരാവുന്ന പ്രതിസന്ധികൾ, മികച്ച ഓഹരി നിക്ഷേപം കണ്ടെത്താനുള്ള വഴികൾ, നിക്ഷേപിക്കാനുള്ള സമയം കൃത്യമാണോ എന്ന് എങ്ങനെ അറിയാം, മ്യൂച്ചൽ ഫണ്ടുകൾ എന്നാൽ എന്ത് എന്നിങ്ങനെ ഓഹരിയെ പറ്റി അറിയാൻ ഇനിയുമുണ്ട്. അത് അടുത്ത എപ്പിസോഡിൽ പങ്കുവയ്ക്കാം....)

 

തുടരും...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP