Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താംക്ലാസിൽ പഠനം നിർത്തി നാട്ടിലെ വായനശാലയിൽ ലൈബ്രേറിയനായി; വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായ ശേഷം ഖാദിയെ ഇഷ്ടപ്പെട്ട് ഖാദി വകുപ്പിൽ ജീവനക്കാരനായി.; സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി സഹകരണ മന്ത്രിയായി; കരുണാകരന്റെ വിശ്വസ്തനായിട്ടും ലീഡർ പാർട്ടി വിട്ടപ്പോൾ ഉറച്ചു നിന്നു; കോൺഗ്രസിന്റെ മാനേജരായി ജീവിച്ച് ഒടുവിൽ മന്ത്രിയായി മരണത്തിന് കീഴടങ്ങി ബാലകൃഷ്ണൻ

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താംക്ലാസിൽ പഠനം നിർത്തി നാട്ടിലെ വായനശാലയിൽ ലൈബ്രേറിയനായി; വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായ ശേഷം ഖാദിയെ ഇഷ്ടപ്പെട്ട് ഖാദി വകുപ്പിൽ ജീവനക്കാരനായി.; സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി സഹകരണ മന്ത്രിയായി; കരുണാകരന്റെ വിശ്വസ്തനായിട്ടും ലീഡർ പാർട്ടി വിട്ടപ്പോൾ ഉറച്ചു നിന്നു; കോൺഗ്രസിന്റെ മാനേജരായി ജീവിച്ച് ഒടുവിൽ മന്ത്രിയായി മരണത്തിന് കീഴടങ്ങി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 'സി.എൻ.' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.എൻ. ബാലകൃഷ്ണൻ. തൃശൂരിന്റെ മനസ്സ് അറിഞ്ഞ കോൺഗ്രസുകാരനായിരുന്നു സിഎൻ. ജില്ലയുടെ മുക്കിലും മൂലയിലും ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന നേതാവ്. കുട്ടിക്കാലത്ത് തുടങ്ങിയ രാഷ്ട്രീയം നിയമസഭയിലേക്ക് ബാലകൃഷ്ണനെ എത്തിക്കുന്നത് 78-ാം വയസിലാണ്. കന്നിയങ്കത്തിൽ ജയിച്ച് മന്ത്രിയുമായി. സി എൻ എന്ന നേതാവിന് കോൺഗ്രസ് രാഷ്ട്രീയം നൽകിയ അംഗീകാരമായിരുന്നു ഇത്. പ്രായത്തിന്റെ പേരിൽ കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎൻ മത്സരിച്ചില്ല. ഫലമോ തൃശൂരിൽ കോൺഗ്രസിന് സമ്പൂർണ്ണ തോൽവിയും. ഇതിന് ശേഷം പതിയേ വിശ്രമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു ബാലകൃഷ്ണൻ ഇതിനിടെയാണ് മരണമെത്തുന്നത്.

ദാരിദ്രത്തിന്റെ കഥകളാണ് കുട്ടിക്കാലത്തെ കുറിച്ച് ബാലകൃഷ്ണന് പറയാനുള്ളത്. നന്നായി പഠിക്കുമായിരുന്നിട്ടും പഠനം മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹചര്യം ഇല്ലാത്ത കുട്ടിക്കാലും. പത്താംതരംവരെ പഠിച്ചെങ്കിലും വീട്ടിലെ അവസ്ഥ കാരണം തുടർപഠനം സാധ്യമായില്ല. പഠനശേഷം വീടിനടുത്തുള്ള പുഴയ്ക്കൽ ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനായി. ഇതോടെ പുസ്തക പ്രേമം തുടങ്ങി. ലൈബ്രറിയിലൂടെ എഴുത്തിന്റെ മാസ്മരിക ലോകം സി എൻ തിരിച്ചറിഞ്ഞു. ഇന്ത്യയേയും സ്വാതന്ത്ര്യ സമരത്തേയും എല്ലാം മനസ്സിലാക്കിയത് ഈ വായനാ അനുഭവങ്ങളായിരുന്നു. ഭൂദാൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തിട്ടുണ്ട്. 1956-ൽ ഒരുവർഷം ഖാദിസംരംഭകത്വപഠനം നടത്തി ഖാദിവകുപ്പിൽ ജീവനക്കാരനായി. അവിടെ ജോലിചെയ്തിരുന്ന തങ്കമണിയെ 1963-ൽ വിവാഹം കഴിച്ചു.

ഇതിന് ശേഷമാണ് കോൺഗ്രസിൽ സജീവമാകുന്നത്. തൃശൂരിൽ കരുണാകരൻ ചുവടുറപ്പിച്ചത് മുതൽ ഉറ്റ അനുയായി ആയി. തൃശൂരിലെ ലീഡറുടെ സ്വന്തം തട്ടകമാക്കി മാറ്റിയത് സി എൻ ആയിരുന്നു. മാളിയിലെ കരുണാകരന്റെ തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നീലും ചാലക ശക്തിയായത് ബാലകൃഷ്ണനായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാലകൃഷ്ണൻ ആഗ്രഹിച്ചില്ല. മറിച്ച് കരുണാകരന് വേണ്ടി പ്രവർത്തിക്കാനായിരുന്നു താൽപ്പര്യം. കോൺഗ്രസിനായി ഒട്ടേറെ കാര്യങ്ങൾ നടത്തിയ ബാലകൃഷ്ണൻ കോൺഗ്രസ് മാനേജർ എന്നാണ് അറിയപ്പെടുന്നത്. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. ബാലകൃഷ്ണൻ തയ്യാറായില്ല. ഇത് ഐ ഗ്രൂപ്പിനെ പോലും ഞെട്ടിച്ചു. താൻ എന്നും കോൺഗ്രസുകാരനാണെന്ന് അതിലൂടെ സി എൻ പ്രഖ്യാപിക്കുകയും ചെയ്തു.

ഐ ഗ്രൂപ്പിന്റെ എല്ലാമെല്ലാമായിരുന്ന സിഎൻ കരുണാകരന്റെ ഏറ്റവും പ്രധാന ഫണ്ട് റൈസറായിരുന്നു. കെപിസിസി ട്രഷറായി ഏറെ കാലം ബാലകൃഷ്ണൻ തുടർന്നത് ഈ മികവ് കാരണമായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബാലകൃഷ്ണൻ തിളങ്ങി. സഹകരണപ്രസ്ഥാനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വലുതായിരുന്നു. കേരളത്തിൽ മിൽമ വരുംമുമ്പേത്തന്നെ തൃശ്ശൂരിൽ ക്ഷീരസഹകരണസംഘം രൂപവത്കരിച്ച് പാക്കറ്റിൽ പാൽവിതരണം നടത്താൻ ബാലകൃഷ്ണന് സാധിച്ചു. ഇതെല്ലാം മനസ്സിലാക്കിയാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ സഹകരണ വകുപ്പ് ബാലകൃഷ്‌ണെ ഏൽപ്പിച്ചത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സഹകാരിയായിരുന്നു കേരളത്തിൽ ബാലകൃഷ്ണൻ.

ബാല്യത്തിൽ കഷ്ടപ്പാടനുഭവിച്ചിരുന്ന സി.എൻ. പിന്നീട് സ്വപ്രയത്‌നത്തിലൂടെ ഗാന്ധിയൻ ചിന്ത ഉൾക്കൊണ്ടാണ് വളർന്നത്. അവിണിശേരി ഖാദി കേന്ദ്രത്തെ വളർത്തിയെടുത്ത് വലിയ പ്രസ്ഥാനമാക്കി. ആജ്ഞാശക്തിയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ കരുത്തനായ നേതാവാക്കി. സപ്തതിമന്ദിരമായ ഡിസിസി ഓഫീസിൽ ചെരുപ്പിട്ടു കടക്കാൻ പാടില്ലെന്നു തീരുമാനിച്ച അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ശ്രദ്ധിക്കപ്പെട്ടു. ഓരോ പ്രവർത്തകനെയും അറിഞ്ഞു വളർന്ന നേതാവായിരുന്നു സി. എൻ. കോൺഗ്രസ് പ്രസ്ഥാനത്തിന് തൃശൂർ ജില്ലയിൽ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകൽ കഷ്ടപ്പെട്ട നേതാവായിരുന്നു സി.എൻ ബാലകൃഷ്ണൻ. പൊതുപ്രവർത്തനത്തിന്റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുമ്പോഴും യഥാർത്ഥ കിങ് മേക്കറായി മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്നിരുന്ന അദ്ദേഹം 2011ൽ വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച്2 മന്ത്രിയുമായി. ആദ്യകാലത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ സജീവമായിരുന്നു.

സി.എൻ. ഡി.സി.സി. പ്രസിഡന്റായിരുന്ന സമയത്താണ് കരുണാകരൻ സപ്തതിസ്മാരകമന്ദിരം എന്ന തൃശ്ശൂർ ഡി.സി.സി. ഓഫീസ് നിർമ്മിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കോൺഗ്രസ് ഓഫീസാണിത്. അദ്ദേഹം കെപിസിസി. ട്രഷററായിരിക്കെയാണ് ബഹുനില ആസ്ഥാനമന്ദിരം കെപിസിസി. നിർമ്മിച്ചത്. കെ.കരുണാകരന്റെ പ്രതി പുരുഷനായിരുന്നു തൃശൂരിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സി.എൻ ബാലകൃഷ്ണൻ. അസാമാന്യമായ മനക്കരുതായിരുന്നു സി.എന്നിന്റെത്. തൃശൂർ ജില്ലയിൽ തലയുയർത്തി നിൽക്കുന്ന പല സഹകരണ സംഘങ്ങളും സി.എൻ ബാലകൃഷ്ണൻ മുൻകൈ എടുത്തു രൂപീകരിച്ചവയാണ്.

സി.എൻ ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതാവ് കൂടിയായിരുന്നു അദ്ദേഹം. ജവഹർ ലാൽ കൺവെൻഷൻ സെന്റർ, തൃശൂർ ജില്ലാ കോൺഗ്രസ് ആസ്ഥാനമായ കെ.കരുണാകരൻ സപ്തതി മന്ദിരം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ സി.എൻ ബാലകൃഷ്ണന്റെ സംഘാടക മികവിന്റെ ബാക്കി പത്രങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP