Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

200 വോട്ടുകൾക്ക് തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബ്രെക്‌സിറ്റ് വോട്ടെടുപ്പ് മാറ്റിവെച്ച് തെരേസ മെയ്‌; കൂടുതൽ ഇളവ് തേടി പ്രധാനമന്ത്രി ഹേഗിലേക്ക്; ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യൂറോപ്യൻ യൂണിയൻ; ബ്രെക്‌സിറ്റ് പ്രതിസന്ധിയിൽ മൂക്കുകുത്തി പൗണ്ട്

200 വോട്ടുകൾക്ക് തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബ്രെക്‌സിറ്റ് വോട്ടെടുപ്പ് മാറ്റിവെച്ച് തെരേസ മെയ്‌; കൂടുതൽ ഇളവ് തേടി പ്രധാനമന്ത്രി ഹേഗിലേക്ക്; ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യൂറോപ്യൻ യൂണിയൻ; ബ്രെക്‌സിറ്റ് പ്രതിസന്ധിയിൽ മൂക്കുകുത്തി പൗണ്ട്

ബ്രെക്‌സിറ്റ് കരാർ നടപ്പാക്കണോയെന്ന കാര്യത്തിൽ ഇന്ന് പാർലമെന്റിൽ നടക്കേണ്ടിയിരുന്ന നിർണായകമായ വോട്ടെടുപ്പ് പ്രധാനമന്ത്രി തെരേസ മെയ്‌ അവസാന നിമിഷം മാറ്റിവെച്ചു. കൺസർവേറ്റീവ് പാർട്ടിയിൽനിന്നുതന്നെ കരാറിനോട് ശക്തമായ വിയോജിപ്പ് ഉയർന്നുവന്നതും പരാജയം ഉറപ്പായതുമാണ് അവസാന നിമിഷം ഇത്തരമൊരു തീരുമാനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. വോട്ടെടുപ്പ് നടന്നാൽ, ഇരുനൂറോളം വോട്ടുകൾക്ക് പരാജയപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് തെരേസയ്ക്ക് ലഭിച്ചത്. അതവരുടെ രാജിക്കും ബ്രെക്‌സിറ്റ് കരാറിന്റെ ഭാവിക്കും കടുത്ത തിരിച്ചടിയാകുമെന്നുകണ്ട് വോട്ടെടുപ്പ് വൈകിപ്പിക്കാൻ ഉപദേശകരും മന്ത്രിമാരും നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് സൂചന. വോട്ടെടുപ്പ് നടത്തേണ്ട സമയപരിധിയായ ജനുവരി 21-നുള്ളിൽ പരമാവധി പിന്തുണ ഉറപ്പാക്കാനായിരിക്കും തെരേസയുടെ ഇനിയുള്ള നീക്കം. എന്നാൽ, അതത്ര എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ.

വോട്ടെടുപ്പ് മാറ്റിവെച്ചെന്ന വാർത്തകൾ ലണ്ടനിൽനിന്ന് പുറത്തുവന്ന് അധികം വൈകാതെ യൂറോപ്യൻ യൂണിയനും ശക്തമായ നിലപാടെടുത്തത് തെരേസയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ബ്രെക്‌സിറ്റ് കരാറിനെക്കുറിച്ച് ഇനി യാതൊരു പുനരാലോചനയ്ക്കും യൂണിയൻ തയ്യാറല്ലെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൽഡ് ടസ്‌കിന്റേത്. ഐറിഷ് അതിർത്തിയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ കരാറിൽ ഇപ്പോൾ പരാമർശിച്ചി്ട്ടുള്ള കാര്യങ്ങളിൽ മാറ്റം വരുത്താൻ യൂണിയൻ തയ്യാറല്ലെന്നും സമയം അതിക്രമിക്കുകയാണെന്ന കാര്യം ബ്രിട്ടൻ മനസ്സിലാക്കണമെന്നും ടസ്‌ക് പറഞ്ഞു. യൂണിയനെ അനുനയിപ്പിച്ച് കൂടുതൽ അനുകൂല കാര്യങ്ങൾ കരാറിലുൾപ്പെടുത്താൻ തെരേസ വീണ്ടും ബ്രസൽസിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ടസ്‌കിന്റെ നിലപാട് പുറത്തുവന്നത്.

വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വലിയതോതിലുള്ള മുന്നൊരുക്കങ്ങൾ തെരേസ നടത്തിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി ഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. കൺസർവേറ്റീവ് പാർട്ടിയിൽ ഇടഞ്ഞുനിൽക്കുന്ന എംപിമാരെ സ്വാധീനിക്കാനും പല രീതിയിലുള്ള ചർച്ചകളുണ്ടായി. എന്നാൽ, അതൊന്നും വിലപ്പോയില്ല. 200 വോട്ടുകൾക്കെങ്കിലും തോൽക്കുമെന്ന് ഉറപ്പായതോടെയാണ് വോട്ടെടുപ്പുമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാട് അവർ സ്വീകരിച്ചത്. ഇന്ന് യൂറോപ്യൻ നേതാക്കളെ കാണുന്നതിനായി തെരേസ പോകുന്നുണ്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെയുമായുള്ള ഹേഗിൽ നടക്കുന്ന ചർച്ചയിൽ അവർ തികഞ്ഞ പ്രതീക്ഷയിലാണ്.

കരാർ വൈകിയേക്കാം

പ്രതിനിധി സഭയിൽ വോട്ടെടുപ്പ് മാറ്റിവെച്ചതോടെ കരാറിന് അന്തിമ രൂപം നൽകുന്നത് ആറാഴ്ചയെങ്കിലും വൈകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകുന്നത്. എന്നാൽ, വോട്ടെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനംതന്നെ പരാജയം സമ്മതിക്കലാണെന്ന് വിമതപക്ഷത്തെ നയിക്കുന്ന ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിനുതന്നെ അപമാനമാണ് തെരേസയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 21-നുള്ളിൽ ബ്രെക്‌സിറ്റ് കരാറിന്മേൽ വോട്ടെടുപ്പ് നടത്തിയാൽ മതി. എന്നാൽ, അത്രയും വൈകിപ്പിക്കുന്നത് അപകടകരമായ സാഹചര്യമാണെന്ന് തെരേസയ്ക്കറിയാം. വോട്ടെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനം നിരാശാജനകമായ നടപടിയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വിശേഷിപ്പിച്ചു. വോട്ടെടുപ്പിൽ തെരേസ പരാജയപ്പെടുകയാണെങ്കിൽ ഇടക്കാല തിരഞ്ഞെടുപ്പിനുപോലും സാധ്യത ഉയരുന്നുണ്ട്. ഭരണം തിരിച്ചുപിടിക്കാമെന്ന ലേബർ പാർട്ടിയുടെ പ്രതീക്ഷകളും ഇപ്പോഴത്തെ സംഭവവികാസങ്ങളോടെ ശക്തമായിട്ടുണ്ട്.

യൂറോപ്യൻ യൂണിയനിൽനിന്ന് പിന്മാറാനുള്ള 2016 ജൂൺ 23-ലെ ഹിതപരിശോധനാ ഫലത്തിൽനിന്ന് നിരുപാധികം പിന്മാറാൻ ബ്രിട്ടന് ഇനിയും അവസരമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ കോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. യൂറോപ്യൻ യൂണിയനിൽ തുടരുന്നതാണ് ഉചിതമെന്ന ചർച്ച ബ്രിട്ടനിൽത്തന്നെ സജീവമായി നടക്കുന്നുമുണ്ട്. എന്നാൽ, ഹിതപരിശോധനാ ഫലം രാജ്യം അംഗീകരിച്ചതാണെന്നും അത് നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും തെരേസ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കൂടുതൽ പ്രതീക്ഷ പകരുന്ന തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ പ്രധാനമന്ത്രി. 2019 മാർച്ച് 29-നകമാണ് ബ്രിട്ടൻ യൂറോപ്പിൽനിന്ന് വിട്ടുപോകേണ്ടത്.

വിപണിയുടെ തകർച്ച

വോട്ടെടുപ്പ് മാറ്റിവെച്ചതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നാണ് ബ്രിട്ടീഷ് നാണയത്തിന് നേരിട്ടത്. 20 മാസത്തെ ഏറ്റവും വലിയ മൂല്യത്തകർച്ചയാണ് പൗണ്ട് നേരിട്ടത്. വിപണിയിലും വലിയതോതിലുള്ള വീഴ്ചയുണ്ടായി. തിങ്കളാഴ്ച ലോകത്തെ പ്രധാന കറൻസികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതും പൗണ്ടിനാണ്. ഒരു പൗണ്ടിന്റെ വില 1.2515 ആയാണ് കുറഞ്ഞത്. അരശതമാനത്തിലേറെ മൂല്യത്തകർച്ച ഒറ്റദിവസം കൊണ്ടുണ്ടായി. ബ്രെക്‌സിറ്റ് നടപ്പിലായാൽ അത് പൗണ്ടിനെ വലിയതോതിൽ ദുർബലപ്പെടുത്തുമെന്ന ആശങ്ക നേരത്തെ മുതൽക്കേയുണ്ട്. അതുകൊണ്ടുതന്നെ, ബ്രെക്‌സിറ്റ് സംബന്ധിച്ച ഏത് നീക്കവും പൗണ്ടിനെ ഗുരുതരമായാണ് ബാധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP