Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുറ്റിനും സുന്ദരികളുമായി യാച്ചുകളിലും സ്വകാര്യ വിമാനങ്ങളിലും കറങ്ങി നടന്നുകൊണ്ടുള്ള ആഡംബര ജീവിതം ഇനി ഇരുമ്പഴിക്കുള്ളിൽ കിടന്ന് കണ്ണീരോടെ അയവിറക്കാം; വിജയ് മല്യ എത്തുന്നത് ബോംബ് സ്‌ഫോടനങ്ങളിലും തീപിടുത്തത്തിലും നശിക്കാത്ത അതീവ സുരക്ഷാ ജയിലിലേക്ക്; കസബിനെ പാർപ്പിച്ച തടവറയിൽ ഇനി കിങ് ഫിഷർ മുതലാളിയുടെ അന്തിയുറക്കം

ചുറ്റിനും സുന്ദരികളുമായി യാച്ചുകളിലും സ്വകാര്യ വിമാനങ്ങളിലും കറങ്ങി നടന്നുകൊണ്ടുള്ള ആഡംബര ജീവിതം ഇനി ഇരുമ്പഴിക്കുള്ളിൽ കിടന്ന് കണ്ണീരോടെ അയവിറക്കാം; വിജയ് മല്യ എത്തുന്നത് ബോംബ് സ്‌ഫോടനങ്ങളിലും തീപിടുത്തത്തിലും നശിക്കാത്ത അതീവ സുരക്ഷാ ജയിലിലേക്ക്; കസബിനെ പാർപ്പിച്ച തടവറയിൽ ഇനി കിങ് ഫിഷർ മുതലാളിയുടെ അന്തിയുറക്കം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സുന്ദരികൾക്കൊപ്പം കറക്കം. അത്യാഡംബരത്തിന് ഏതറ്റം വരേയും കാശ് ചെലവാക്കുന്ന പ്രകൃതം. യാച്ചുകളിലും സ്വകാര്യ വിമാനങ്ങളിലും ലോകം ചുറ്റൽ. ഇനി ഇതെല്ലാം വിജയ് മല്യയ്ക്ക് ഓർമ്മയാകും. ഇന്ത്യയ്ക്കു വിട്ടുകിട്ടുമ്പോൾ വിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ തയ്യാറെടുക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറാൻ ഉത്തരവിട്ടുള്ള ലണ്ടൻ കോടതിയുടെ വിധിയിൽ വിജയ് മല്യയ്‌ക്കെതിരെയുള്ളതു കടുത്ത നിരീക്ഷണങ്ങൾ. തന്റെ സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ചു മല്യ ബാങ്കുകളെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്‌ട്രേട്ട് എമ്മ ആർബത്നോട്ട് വിധിന്യായത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ അപ്പീലിലും വിജയ് മല്യയ്ക്ക് വലിയ പ്രതീക്ഷയില്ല.

ഈ സാഹചര്യത്തിലാണ് പ്രത്യേക ജയിൽ വിജയ് മല്യയ്ക്ക് വേണ്ടി ഇന്ത്യയിൽ തയ്യാറെടുക്കുന്നത്. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്സിന്റെ താഴത്തെ നിലയിലാകും മല്യയുടെയും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെൽ നിർമ്മിതി. അത്രയും സുരക്ഷയുള്ള ജയിലിൽ കിടന്ന് വിജയ് മല്യയ്ക്ക് ഇനി പഴയ പ്രതാപകാലം ഓർമിക്കാം. കസബിനെ പാർപ്പിച്ചപ്പോഴാണു ബോംബ് പ്രതിരോധ സംവിധാനം ഒരുക്കിയത്. മുഴുവൻ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളുണ്ട്; അത്യാധുനിക ആയുധങ്ങളുമായി കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും.

ബാരക്കിനോടു ചേർന്നുള്ള പ്രത്യേക ഡിസ്‌പെൻസറിയിൽ 3 ഡോക്ടർമാരുടെ സേവനം ലഭ്യം. കാറ്റും വെളിച്ചവും കടക്കുന്ന വിധം നിർമ്മിച്ച സെല്ലിനോടു ചേർന്ന് യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ഷീന ബോറ വധക്കേസിലെ പ്രതിയും സ്റ്റാർ ഇന്ത്യ മുൻ മേധാവിയുമായ പീറ്റർ മുഖർജി നിലവിൽ ബാരക്ക് 12ൽ വിചാരണത്തടവുകാരനായുണ്ട്. യുകെ കോടതി വിധിയോടെ വിജയ് മല്യ ഈ ജയിലിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വലിയ നിരീക്ഷണങ്ങളാണ് വിജയ് മല്യയ്‌ക്കെതിരെ നടത്തിയത്. ഇത് കിങ് ഫിഷർ മുതലാളിക്ക് വലിയ തിരിച്ചടിയായി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പഴുതില്ലാത്ത വിചാരണ ഉറപ്പാക്കുമെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. സിബിഐയുടെ വിശ്വാസ്യത സംബന്ധിച്ചു മല്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കോടതി വിലയിരുത്തി.

യുപിഎ സർക്കാരിന്റെ കാലത്ത് 2012 '13ലാണു വിജയ് മല്യയ്‌ക്കെതിരായ കേസുകളുടെ തുടക്കം. 2005 ൽ ആരംഭിച്ച കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതു 2011 ൽ തന്നെ പ്രശ്‌നമായിരുന്നു. 2015 ഫെബ്രുവരിയിൽ 17 ബാങ്കുകളുടെ കൺസോർഷ്യം കിങ്ഫിഷർ എയർലൈൻസിന്റെ മുംബൈയിലെ ആസ്ഥാനമന്ദിരം നിയമനടപടികളിലൂടെ പിടിച്ചെടുത്തു. മല്യ ലണ്ടനിലേക്കു താമസം മാറ്റിയേക്കുമെന്ന വാർത്തകൾ 2016 ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു. രാജ്യസഭാ എംപിയായി മാർച്ച് ഒന്നിനു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത മല്യ പിറ്റേന്നു രാജ്യം വിട്ടു. ഇക്കാര്യം പുറത്തറിഞ്ഞതു പോലും ഒരാഴ്ചയ്ക്കു ശേഷം സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി അറിയിച്ചപ്പോൾ മാത്രം. ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്‌തെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങി.

എന്നാൽ അന്തിമ വിധി വിജയ് മല്യയ്ക്ക് തിരിച്ചടിയായി. ബാങ്കുകളോടു പറഞ്ഞ കാര്യങ്ങൾക്കല്ല വായ്പാതുക ചെലവഴിച്ചത്. തന്റെ താരപരിവേഷം വച്ചു മല്യ ബാങ്ക് അധികൃതരെ വിഡ്ഢികളാക്കിയതാകാം. വായ്പയ്ക്കു വേണ്ടി സമർപ്പിച്ചതു വ്യാജ രേഖകളാണ്. ഒരു ആരോപണം പോലും കെട്ടിച്ചമച്ചതാണെന്നു കരുതാവുന്ന സൂചനകളില്ല. തെളിവുകളെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തമായും നിലനിൽക്കുന്ന കേസാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യ അറസ്റ്റിലായെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങിയിരുന്നു. കൈമാറ്റം ആവശ്യപ്പെട്ടുള്ള കേസിൽ 2017 ഡിസംബറിലാണു കോടതിയിൽ വിചാരണ ആരംഭിച്ചത്. പണം തിരിച്ചടയ്ക്കാൻ മല്യ ശ്രമിച്ചിട്ടേയില്ലെന്നും വായ്പയെടുത്ത പണം വഴിമാറ്റി ചെലവഴിക്കുകയായിരുന്നുവെന്നും വിചാരണ വേളയിൽ ഇന്ത്യ വാദിച്ചിരുന്നു.

അതിനിടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാമെന്നു വാഗ്ദാനം ചെയ്തുള്ള വിജയ് മല്യയുടെ ഹർജിയിൽ കർണാടക ഹൈക്കോടതി വാദം 17ലേക്കു മാറ്റി. ലണ്ടനിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, കർണാടക ഹൈക്കോടതി തന്റെ ഹർജി പരിഗണിക്കുകയാണെന്ന് മല്യ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP