Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ സത്‌നം സിങ്ങ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി; പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; ക്രൈംബ്രാഞ്ചിന്റേത് കാര്യക്ഷമമായ അന്വേഷണമെന്ന് വിലയിരുത്തി കോടതി

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ സത്‌നം സിങ്ങ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി; പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; ക്രൈംബ്രാഞ്ചിന്റേത് കാര്യക്ഷമമായ അന്വേഷണമെന്ന് വിലയിരുത്തി കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ബീഹാർ സ്വദേശി സത്‌നം സിങ്ങ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും സ്വതന്ത്ര ഏജൻസിയായ സി ബി ഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ പഴുതുകളില്ലാത്ത കാര്യക്ഷമമായ അന്വഷണമാണ് നടന്നിട്ടുള്ളതെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 2012 ഓഗസ്റ്റ് നാലിന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് മർദനമേറ്റ് മരിച്ച നിലയിൽ സത്നാം സിങ്ങിനെ കണ്ടെത്തിയത്.

സത്‌നാമിനെ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിപ്പിച്ചത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും സഹ തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഏറ്റ പരിക്കാണ് സത്‌നാമിന്റെ മരണ കാരണമെന്ന നിലയിലാണ് കേസെടുത്തിരുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിൽ മർദനമേറ്റു മരിച്ചുവെന്നാണ് കേസെങ്കിലും കരുനാഗപ്പള്ളിയിലെ അമ്യതാനന്ദമയി ആശ്രമത്തിൽ നിന്ന് സത്‌നാം സിങിനെ പിടികൂടുമ്പോൾ തന്നെ മരണത്തിനിടയാക്കുന്ന തരത്തിൽ മർദനത്തിനിരയായിരുന്നെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജയിൽ വാർഡൻ, അറ്റൻഡർ, നാല് അന്തേവാസികൾ ഉൾപ്പടെ ആറ് പേരെ പ്രതിചേർത്തായിരുന്നു കുറ്റപത്രം.

ആത്മീയതയുടെ ഉറവതേടി 2012ൽ കേരളത്തിലെത്തിയ ബീഹാറിലെ ഗയ സ്വദേശി സത്നാം സിങ്, കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽവെച്ച് ക്രൂര മർദ്ദനത്തിന് ഇരയാകുകയും പിന്നീട് 2012 ഓഗസ്റ്റ് 4ന് പുലർച്ചെയാണ് സത്നാം സിങ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽവെച്ച് മരണപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വന്നത്.

തലേന്നു രാത്രി ആ ചെറുപ്പക്കാരൻ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ കിടന്ന് തന്റെ നേരെയുണ്ടായ കൊടിയ മർദ്ദനം സഹിക്കാൻ കഴിയാതെ അലമുറയിടുകയും ഒരിറ്റു ദാഹജലത്തിനായി യാചിക്കുകയും ഒടുവിൽ അവന്റെ ശരീരത്തിൽനിന്നും ജീവൻ നഷ്ടപ്പെടുന്നതിന് തൊട്ടുമുന്നെ സെല്ലിലെ കക്കൂസ് മുറിയിലേക്ക് ഇഴഞ്ഞു നീങ്ങി അവിടെയുണ്ടായിരുന്ന തകരപ്പാട്ടയിൽ നിന്നും കുടിനീര് നക്കിയെടുത്തുവെന്നും പിന്നീട് ജനമറിഞ്ഞു.

ബിഹാറിലെ ഗയ ജില്ലയിലെ ഷെർഗാട്ടി നഗരപ്രദേശത്തെ ഹരീന്ദർകുമാർ സിംഗിന്റെയും സുമൻസിംഗിന്റെയും അഞ്ചുമക്കളിൽ രണ്ടാമനായ സത്നാംസിങ് മാൻ.പഞ്ചാബിലെ പ്രശസ്തമായ രാംമനോഹർ ലോഹ്യ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥിയായിരുന്നു. എഴുത്തുകാരൻ, കവി, ആത്മീയാന്വേഷകൻ എന്നീ നിലകളിൽ, ചെറുപ്പത്തിൽ തന്നെ നിലവിലുള്ള വ്യവസ്ഥാപിതമായ ജീവിതശൈലിക്ക് പുറത്തുകൂടെയായിരുന്നു സത്നാമിന്റെ സഞ്ചാരം.

അവസാനമായി ഷെർഗാട്ടിയിലുള്ള വസതിയിൽനിന്നും 2012 മെയ് 30ന് സത്നാമിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 1ന് കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സത്നാംസിങ് മാൻ എന്ന ചെറുപ്പക്കാരൻ മലയാളി പൊതുസമൂഹത്തിന് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നും അതിനടുത്ത ദിവസവും സത്നാം വിഷ്വൽഅച്ചടി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP