Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ തിരിച്ചടിച്ചത് നോട്ട് നിരോധനവും സാമ്പത്തിക പരിഷ്‌കാരങ്ങളും വരുത്തിയ കർഷകരുടെ കണ്ണുനീർ; മൊത്തവ്യാപാര കേന്ദ്രത്തിലെ കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചുനീക്കി റിലയൻസിന് വഴി വെട്ടിയപ്പോൾ കർഷക ആത്മഹത്യ നിത്യസംഭവം; നോക്കു കുത്തിയായി നീതി ആയോഗം; ജെയ്റ്റ്‌ലിയുടെ കസേര തെറിക്കുമോ എന്നതും കണ്ടറിയണം: ബിജെപിയെ തോൽപ്പിച്ച സാമ്പത്തിക ഘടകങ്ങളെ കുറിച്ച് ബൈജു സ്വാമി എഴുതുന്നു

ബിജെപിയെ തിരിച്ചടിച്ചത് നോട്ട് നിരോധനവും സാമ്പത്തിക പരിഷ്‌കാരങ്ങളും വരുത്തിയ കർഷകരുടെ കണ്ണുനീർ; മൊത്തവ്യാപാര കേന്ദ്രത്തിലെ കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചുനീക്കി റിലയൻസിന് വഴി വെട്ടിയപ്പോൾ കർഷക ആത്മഹത്യ നിത്യസംഭവം; നോക്കു കുത്തിയായി നീതി ആയോഗം; ജെയ്റ്റ്‌ലിയുടെ കസേര തെറിക്കുമോ എന്നതും കണ്ടറിയണം: ബിജെപിയെ തോൽപ്പിച്ച സാമ്പത്തിക ഘടകങ്ങളെ കുറിച്ച് ബൈജു സ്വാമി എഴുതുന്നു

ബൈജു സ്വാമി

ഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഛത്തീസ്‌ഗറിലെയും രാജസ്ഥാനിലേയും കനത്ത തോൽവിയും മധ്യപ്രദേശ് പോലെ ബിജെപിയുടെ കോട്ടയിലെ തോൽവിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപികും വരാനിടയുള്ള തോൽവിയുടെ സൂചന നൽകുന്നു. മധ്യപ്രദേശിൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കുതിരക്കച്ചവടത്തിൽ ഭരണം നിലനിർത്തിയാലും ട്രെൻഡ് അവർക്കെതിരെ എന്നു തന്നെ കരുതാം. ബിജെപി ഭരണത്തിലിരുന്ന ഈ സംസ്ഥാനങ്ങളിലെ കാറ്റ് തിരിച്ചു വീശുന്നു. ഗ്രാമീണ കർഷക വോട്ടർ ബിജെപി യെ കൈവിടുന്നു എന്നതിന്റെ കൃത്യമായ ചിത്രമാണ് തെളിയുന്നത്.

ഈ സംസ്ഥാനങ്ങൾ ഉത്തരേന്ത്യയിലെ ഹൃദയഭൂമിയും അവർക്കു ലോക്‌സഭയിൽ ഭൂരിപക്ഷം നേടികൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ചതുമാണ്. ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ കനത്ത വെല്ലുവിളിയുമായി പ്രാദേശിക പാർട്ടികൾ വിശാല സഖ്യം ഉണ്ടാക്കുന്ന പ്രക്രിയക്ക് വേഗം പകരാനും കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാനും ഈ ഫലങ്ങൾ വഴി തെളിക്കും. സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഒക്കെ കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കേണ്ടി വരും. ഇതൊക്കെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ വിജയം ദുഷ്‌കരമാക്കും.

ബിജെപിയുടെതോൽവി കൃത്യമായ ചില സൂചനകളാണ് നൽകുന്നത്. അത് കർഷകരും ഗ്രാമീണരും ഉൾപ്പെടുന്ന വോട്ടർ സാമ്പത്തിക നയങ്ങളിലും നോട്ട് നിരോധനവും മറ്റു സാമ്പത്തിക പരിഷ്‌കാരങ്ങളും അവർക്കിടയിൽ ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിക്കും ബാലറ്റിലൂടെ മറുപടി കൊടുത്തെന്നു വിലയിരുത്താം. അവർ ഇടക്കിടക്ക് നടത്തിയിരുന്ന വൻ പ്രക്ഷോഭങ്ങൾ ബിജെപി മുഖവിലയ്ക്കെടുത്തിരുന്നില്ല. അതിനെ ഹിന്ദുത്വ കാർഡിലൂടെ മറികടക്കാമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനും നിലനിൽപ്പില്ലാതായെന്ന് ഈ ഫലങ്ങൾ തെളിയിക്കുന്നു.

യഥാർത്ഥത്തിൽ ബിജെപിയുടെ തോൽവിയുടെ ഉത്തരവാദി ധനകാര്യ വകുപ്പ് ഭരിച്ചവർ തന്നെയാണ്, കാരണം നോട്ടുനിരോധനത്തിൽ തകർന്നടിഞ്ഞ കാർഷിക മേഖല രണ്ടു വർഷം കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല. ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഉയരങ്ങളിൽ തന്നെ തുടരുന്ന ഡീസൽ, ഫെർട്ടിലൈസർ വില കർഷകരുടെ കൃഷി ചെലവ് വളരെ ഉയർത്തിയെങ്കിലും കാർഷിക ഉത്പന്നങ്ങൾ വാങ്ങാനാളില്ലാത്ത അവസ്ഥയാണ്. ഇതിനു കാരണം വാഗ്ദാനങ്ങൾ അല്ലാതെ താങ്ങുവില അധിഷ്ഠിതമായ സംഭരണമൊന്നും നടക്കുന്നുണ്ടായിരുന്നില്ല.

കടക്കെണിയിൽ ജീവിതമാർഗം നഷ്ടമായ കർഷകന് അവന്റെ ഏക ആസ്തിയായ കാളകളെ പോലും വിൽക്കാനാവാത്ത സ്ഥിതി വിശേഷം ഗോവധ നിരോധനം നിലവിലുള്ള ഉത്തരേന്ത്യൻ ഹൃദയഭൂമിയിലുണ്ടായി. പെയ്ഡ് ന്യൂസിലൂടെ കെട്ടിപ്പൊക്കിയ മെട്രോ നഗരങ്ങളിലെ വർണ്ണക്കാഴ്‌ച്ചകൾ ഇവരുടെ മങ്ങിയ ജീവിത യാഥാർഥ്യങ്ങളും കണ്ണീരും മറച്ചു പിടിക്കുകയായിരുന്നു.

ഈ പരാജയത്തിൽ പൊതുമേഖല ബാങ്കുകളുടെ തകർച്ചക്ക് നിർണായക പങ്കുണ്ട്. കിട്ടാക്കടം പെരുകി മൂലധനം ഇല്ലാതെയായി പൊതുമേഖലാ ബാങ്കുകൾ കാർഷിക മേഖലയിൽ വായ്പ കൊടുക്കാതെ കർഷകരുടെ ജീവിതം ദുസ്സഹമാക്കി. ട്രാക്ടർ വാങ്ങാനോ ചെറുകിട വിപണികളിലെ കാർഷിക മൊത്ത വ്യാപാരിക്കു ഉത്പന്നങ്ങളുടെ വിപണനത്തിന് വായ്പ കൊടുക്കാനോ ഈ ബാങ്കുകൾ തയ്യാറാകാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞു. ബാങ്കുകൾ എല്ലാം നഗരകേന്ദീകൃതമായ വാഹന, ഭവന, കൺസ്യൂമർ വായ്‌പ്പകളിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇതെല്ലം റൂറൽ ഡിസ്‌ട്രെസ്സ് അസഹനീയമാക്കി.

ഗ്രാമീണ സമ്പദ് വ്യവസ്ഥ എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവും അടുത്ത മേഖലയായ SME എന്നിവ GST എന്ന പരിഷ്‌കാരത്തിൽ തകർന്നടിഞ്ഞുവെന്ന യാഥാർഥ്യം സർക്കാർ മറന്നുകൊണ്ട് പ്രചണ്ഡമായ പ്രചാരണം തുടർന്നു. ബിജെപി സർക്കാർ ഈ തോൽവി മുഖവിലയ്ക്കെടുത്തു സാമ്പത്തിക പരിഷ്‌കാരങ്ങളിൽ നിന്നും പൂർണ്ണമായി പിന്മാറാനുള്ള സാധ്യത തീരെയില്ല. കാരണം അത് മുൻനിശ്ചയിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായുള്ളവ തന്നെയാണ്. എങ്കിലും അകന്നു കഴിഞ്ഞ ഗ്രാമീണ കർഷക സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായി വളം സബ്സിഡി ഉയർത്തൽ, താങ്ങുവില ഉയർത്തൽ, സംഭരണത്തിന് വേണ്ടി നബാർഡിന്റെ പുനരുജ്ജീവിപ്പിക്കൽ എന്നിവ ചെയ്തേക്കും. പക്ഷെ അതിനൊന്നും ശാശ്വതമായ പരിഹാരം നൽകാനാവില്ല.

ഇന്ത്യയിലെ പ്ലാനിങ് കമ്മീഷൻ പിരിച്ചു വിട്ടുണ്ടാക്കിയ നീതി ആയോഗ് തികഞ്ഞ പരാജയവും ഗ്രാമീണ മേഖലയെ ഗൗനിക്കാത്ത ഇകണോമിസ്റ്റുകളുടെ വിശ്രമകേന്ദ്രവുമാണ്. കൃഷി വകുപ്പ് നിർജീവമാണ്. ഇത് മൂലം പരമ്പരാഗതമായ ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥ ചലന രഹിതമായി. ഫുഡ് കോർപ്പറേഷൻ ഗോഡൗണുകൾ സ്വകാര്യ കുത്തകൾക്കു ദീർഘകാല പാട്ടത്തിനു നൽകുന്നതും രണ്ടു ലക്ഷം രൂപക്ക് മേൽ കാഷ് കൈവശം വെയ്ക്കുന്നത് ശിക്ഷാർഹമാക്കിയതും ഗ്രാമീണ കർഷകന്റെ മിത്രവും നഗരങ്ങളിലെ മൊത്തവ്യാപാര കേന്ദ്രത്തിലേക്കുള്ള കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചു നീക്കി. ഇത് വൻകിട കുത്തകകളായ റിലയൻസിന് വഴി തെളിക്കാനായിരുന്നു. ഇതെല്ലം കൂടിച്ചേർന്നപ്പോൾ കർഷക ആത്മഹത്യാ നിത്യസംഭവമായി.

ഈ തിരിച്ചടിയിൽ കേന്ദ്ര സർക്കാരിൽ ഒരഴിച്ചു പണി ഉണ്ടാകാനിടയുണ്ട്. ധനകാര്യ മന്ത്രി ആയ ജെയ്റ്റ്‌ലി പാർട്ടിയിൽ തന്നെ അനഭിമതനും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളയാളുമാണ്. കൂടാതെ കർഷകരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന ഇക്കണോമിക് മോഡലിന്റെ പരാജയത്തെ നേരിടാണ് സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നേക്കും. കൂടാതെ കൃഷി, ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളുടെ വിഹിതം അർദ്ധബജറ്റിൽ ഉയർത്തിയേക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ മേഖലകളിൽ ചലനങ്ങൾ ഉണ്ടാവും. പക്ഷെ അതൊക്കെ ടൂ ലിറ്റിൽ ടൂ ലേറ്റ് എന്നേ പറയാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP