Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേവല ഭൂരിപക്ഷത്തിന് വേണ്ടത് മധ്യപ്രദേശിൽ രണ്ട് സീറ്റുകൾ; രാജസ്ഥാനിൽ ഒന്നും; രാജസ്ഥാനിൽ സിപിഎം പിന്തുണച്ചാലും ഭരിക്കാം; മധ്യപ്രദേശിൽ സ്വതന്ത്രരെ ചാക്കിടാനായില്ലെങ്കിൽ ബിഎസ് പിയോട് വിലപേശേണ്ടി വരും; രണ്ടിടങ്ങളിലും കോൺഗ്രസ് നിർണ്ണായകമായ സീറ്റ് ഉറപ്പിച്ചതോടെ പ്രതീക്ഷ കൈവിട്ട് ബിജെപി; ശക്തി തെളിയിച്ച് നേതാക്കൾ മന്ത്രികുപ്പായത്തിന് വേണ്ടി രംഗത്ത്; ചത്തീസ് ഗഡിൽ എല്ലാം ശുഭം

കേവല ഭൂരിപക്ഷത്തിന് വേണ്ടത് മധ്യപ്രദേശിൽ രണ്ട് സീറ്റുകൾ; രാജസ്ഥാനിൽ ഒന്നും; രാജസ്ഥാനിൽ സിപിഎം പിന്തുണച്ചാലും ഭരിക്കാം; മധ്യപ്രദേശിൽ സ്വതന്ത്രരെ ചാക്കിടാനായില്ലെങ്കിൽ ബിഎസ് പിയോട് വിലപേശേണ്ടി വരും; രണ്ടിടങ്ങളിലും കോൺഗ്രസ് നിർണ്ണായകമായ സീറ്റ് ഉറപ്പിച്ചതോടെ പ്രതീക്ഷ കൈവിട്ട് ബിജെപി; ശക്തി തെളിയിച്ച് നേതാക്കൾ മന്ത്രികുപ്പായത്തിന് വേണ്ടി രംഗത്ത്; ചത്തീസ് ഗഡിൽ എല്ലാം ശുഭം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പിലെ സെമിഫൈനലിൽ മുൻതൂക്കം നേടുന്നത് കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്ന ഫലങ്ങൾ. എന്നാൽ തീർത്തും ഏകപക്ഷീയമല്ല കാര്യങ്ങൾ. ഫോട്ടോ ഫിനിഷിലൂടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കാര്യങ്ങൾ മുന്നേറുന്നത്. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ എത്തും. എന്നാൽ അതിശക്തമായ പ്രതിപക്ഷമായി ബിജെപി രണ്ടിടത്തുമുണ്ട്. ചത്തീസ്ഗഡിലെ അപ്രതീക്ഷിത തോൽവി ബിജെപിയെ ഞെട്ടിക്കുന്നു. നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് മുക്തമാകുന്നത് രാഹുലിനും വേദനയുണ്ടാക്കുന്നതാണ്. തെലുങ്കാനയിൽ താരം കെ ചന്ദ്രശേഖരറാവുവും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാശിയേറിയ മത്സര സാധ്യത ഉണ്ടാക്കുന്നതാണ് ഈ ഫലങ്ങൾ.

രാജസ്ഥാനിൽ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലുള്ള 200 സീറ്റും. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച സീറ്റിലെ തെരഞ്ഞെടുപ്പ് ഇനി നടക്കേണ്ടതുണ്ട്. അതായത് 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തന് വേണ്ടത് 101 സീറ്റാണ്. ഇവിടെ ഇപ്പോൾ 199 പേരേ ഉള്ളൂ. അതുകൊണ്ട് തന്നെ 100 സീറ്റുണ്ടെങ്കിൽ തൽകാലത്തേക്ക് കേവല ഭൂരിപക്ഷമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് 99 സീറ്റാണ് കോൺഗ്രസിനുള്ളത്. എന്നാൽ ഘടകകക്ഷിയുടെ ജയത്തോടെ സീറ്റ് എണ്ണം കോൺഗ്രസ് മുന്നണിക്ക് 100 ആയി. രണ്ട് സിപിഎം എംഎൽഎമാർ പിന്തുണച്ചാലും രാജസ്ഥാൻ കോൺഗ്രസിന് ഭരിക്കാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് രാജസ്ഥാനിലെ കോൺഗ്രസ് മാറി കഴിഞ്ഞു.

മധ്യപ്രദേശിൽ സ്ഥിതി ഗിതകൾ സങ്കീർണ്ണമാണ്. 230 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 114 സീറ്റിൽ കോൺഗ്രസും 109 സീറ്റിൽ ബിജെപിയും. അതായത് കോൺഗ്രസ് 114 ഇടത്തും ബിജെപി 109 സീറ്റിലും. ഇവിടെ 230 സീറ്റുള്ളതു കൊണ്ട് കേവല ഭൂരിപക്ഷത്തിന് 116 സീറ്റുവേണം. എന്നാൽ കോൺഗ്രസ് തൊട്ടടുത്തുള്ളതു കൊണ്ട് ബിജെപി വില പേശലിന് വരില്ല. 2 സീറ്റുള്ള ബിഎസ്‌പിയും ഒരു സീറ്റുള്ള എസ്‌പിയും കോൺഗ്രസിന്റെ പ്രതീക്ഷയാണ്. നാല് സ്വതന്ത്രന്മാരും ഉണ്ട്. ഇവരെല്ലാം അതിനിർണ്ണായക ഘടകങ്ങളായി മധ്യപ്രദേശിൽ മാറും.

ചത്തീസ് ഗഡിൽ ആഞ്ഞു വീശിയത് കോൺഗ്രസ് തരംഗമായിരുന്നു. ബിജെപിയെ അത്ഭുതപ്പെടുത്തി തരംഗം. മുഖ്യമന്ത്രിയായിരുന്ന രമൺ സിങ് പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി. 90ൽ 68ലും കോൺഗ്രസ് ജയിച്ചു. ബിജെപിക്ക് കിട്ടിയത് വെറും 15 സീറ്റും. ഇവിടെ കോൺഗ്രസിന് മികച്ചൊരു നേതാവില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ രാഹുൽ തീരുമാനിക്കും. തെലുങ്കാനയിൽ ടിആർസും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. അങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം നിറയുന്നത് ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ്. ഇവിടേയും കോൺഗ്രസ് തന്നെ സർക്കാരുണ്ടാക്കാനാണ് സാധ്യത. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് കേവല ഭൂരിപക്ഷം ഉണ്ടാക്കാനായില്ലെന്നത് ശ്രദ്ധേയമാണ്.

തോൽവി പ്രധാനമന്ത്രി മോദിയും അംഗീകരിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അവരെ സേവിക്കാൻ അവസരം നൽകിയതിനു നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ബിജെപി. സർക്കാരുകൾ ജനക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനു കോൺഗ്രസിനെയും ചന്ദ്രശേഖർ റാവുവിനെയും അഭിനന്ദിക്കുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ കേവല ഭൂരിപക്ഷത്തിന്റെ നൂലാമാലകളുള്ളിടത്തും ബിജെപി കുതിരക്കച്ചവടത്തിന് ഇറങ്ങില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കർണ്ണാടകയിൽ ഇത്തരത്തിൽ അധികാരം പിടിക്കാൻ ശ്രമിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കള്ളക്കളിക്കെത്തില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

അഞ്ചിടത്തും ബിജെപി.ക്ക് കനത്ത പ്രഹരമേറ്റു. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ബിജെപി. േനരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പു തോൽവികൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബിജെപി.യുടെ നെടുംകോട്ടയായിരുന്ന ഛത്തീസ്‌ഗഢ് പിടിച്ചെടുത്ത കോൺഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്ക് എത്തുകയാണ്. മിസോറമിൽ മാത്രമാണ് കോൺഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോൺഗ്രസിന്റെ 10 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയിൽ ആറുമാസം നേരത്തെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖർ റാവുന്റെ ടി.ആർ.എസ്. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. അങ്ങനെ ഭരണ വിരുദ്ധ വികാരം അലയടിക്കാത്ത ഏക സംസ്ഥാനമായി തെലുങ്കാന മാറി. ബാക്കി നാലിടത്തും ഭരണകക്ഷിക്ക് അധികാരം നഷ്ടപ്പെടുകയാണ്.

മധ്യപ്രദേശിൽ കഴിഞ്ഞതവണ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി.ക്കു കിട്ടിയത് 108 സീറ്റ്. 57 സീറ്റ് നഷ്ടം. ഗ്രാമീണമേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപി.ക്കും മുന്നേറ്റം. ഗ്രാമങ്ങളിൽനിന്ന് മാത്രം കോൺഗ്രസ് 94 സീറ്റ് നേടി. ബിജെപി.ക്കു ലഭിച്ചത് 86 എണ്ണം നഗരങ്ങളിലെ 25 മണ്ഡലങ്ങൾ ബിജെപി.ക്കു കിട്ടിയപ്പോൾ കോൺഗ്രസിന് 19 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജസ്ഥാനിൽ 21 സീറ്റിൽനിന്ന് 99 സീറ്റിലേക്കായിരുന്നു കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ്. ആകെ 199 സീറ്റിലേക്കായിരുന്നു മത്സരം. 2013-ൽ 163 സീറ്റുണ്ടായിരുന്ന ബിജെപി. 73 സീറ്റിലേക്ക് കൂപ്പുകുത്തി. ബി.എസ്‌പി.ക്ക് ആറുസീറ്റ് കിട്ടി സിപിഎം. രണ്ടു സീറ്റിൽ വിജയിച്ചു. കോൺഗ്രസിന് കിട്ടിയ 99 സീറ്റിൽ 86-ഉം ഗ്രാമങ്ങളിൽനിന്ന് ബിജെപി.ക്ക് ഗ്രാമീണ മേഖലയിൽനിന്നു ലഭിച്ചത് 56 സീറ്റ്. ഛത്തീസ്‌ഗഡിൽ ബിജെപി.യുടെയും മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം. 90-ൽ 68 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ 2013-ലെ 49 സീറ്റിൽനിന്ന് വെറും 16 സീറ്റിലേക്ക് ബിജെപി. ഒതുങ്ങി. കോൺഗ്രസിന് 58 സീറ്റ് ലഭിച്ചത് ഗ്രാമങ്ങളിൽനിന്നാണ്.

കർഷകരും യുവാക്കളും ചെറുകിട കച്ചവടക്കാരും ബിസിനസ് സംരംഭകരും നൽകിയ പിന്തുണയാണ് മൂന്നുസംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുന്നു. കൃത്യമാർന്ന കാഴ്ചപ്പാടോടെ അതിനു പ്രതിഫലം നൽകുകയാണ് ലക്ഷ്യം. ജയിച്ച സംസ്ഥാനങ്ങളിലും തോറ്റയിടങ്ങളിലും വിഷമം പിടിച്ച സാഹചര്യങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ അധ്വാനിച്ചത്. ഇതു പ്രവർത്തകരുടെ വിജയമാണെന്ന് രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ എ.കെ. ആന്റണിയെയും ചത്തീസ്ഗഡിൽ മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസ് നിരീക്ഷകരായി നിയോഗിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച ഗവർണറെ കാണുമെന്ന് എ.ഐ.സി.സി. നിരീക്ഷകൻ കെ.സി. വേണുഗോപാൽ പറഞ്ഞു. 2017 ഡിസംബർ 11-നാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ നിയോഗിക്കപ്പെട്ടത്. അതിന്റെ ഒന്നാംവാർഷികത്തിലാണ് അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം ഏറെ ഉയർത്തുന്ന തിരഞ്ഞെടുപ്പു ഫലം.

മധ്യപ്രദേശിൽ മറ്റുള്ളവരുടെ പിന്തുണയില്ലാതെ മധ്യപ്രദേശിൽ കേവല ഭൂരിപക്ഷം നേടാനാവില്ലെന്ന ഏകദേശം ഉറപ്പിച്ചതോടെയാണ് ആന്റണിയെ അങ്ങോട്ടേക്ക് അയക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 112 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസിന് ഒരു സീറ്റുള്ള സമാജ് വാദി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുള്ള ബിഎസ്‌പി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഎസ്‌പി പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. നാല് സ്വതന്ത്രരും ജയിച്ചു. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ തന്നെ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ്സിങ് എന്നിവരിൽ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കണമെന്നാണ് ആന്റണിക്ക് മേലുള്ള പ്രധാന വെല്ലുവിളി.

വൻ അപ്രമാദിത്യത്തോടെ ജയിച്ച ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് കാര്യമായ വെല്ലുവിളികളൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ ഇവിടെ കോൺഗ്രസ് മത്സരിച്ചത്. കോൺഗ്രസിന്റെ എംപിയായ തമ്രദ്വാജ് സാഹു, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹാന്ത്, സത്യനാരായൺ ശർമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. ഖാർഗെ ഇങ്ങോട്ടേക്കെത്തുന്നമുറക്ക് തന്നെ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ തീരുമാനമാകും.എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ ഇന്നലെ രാവിലെ തന്നെ രാഹുൽ രാജസ്ഥാനിലേക്കയച്ചിരുന്നു. രാജസ്ഥാനിൽ സർക്കാർ രൂപവത്കരണത്തിനായി ബിഎസ്‌പിയുടേയടക്കം പിന്തുണ തേടുന്നതിനും രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നതിനുമായിരുന്നു ഇത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്ന 199-ൽ 100 സീറ്റുകൾ നേടി കോൺഗ്രസ് കേവലം ഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും ഒരു സീറ്റിൽ കൂടി മത്സരം നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്‌പിയുടെ പിന്തുണകൂടി നിർണായകമാണ്.

അല്ലെങ്കിൽ മറ്റു സ്വതന്ത്രരുടേയും പിന്തുണ ഉറപ്പിക്കേണ്ടതുണ്ട്. സിപിഎം രണ്ടിടത്ത് ജയിച്ചതും കോൺഗ്രസിന് പ്രതീക്ഷയാണ്. കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും നിലയുറപ്പിച്ച സാഹചര്യത്തിൽ ഇരുവർക്കുമിടയിൽ പരിഹാരം സൃഷ്ടിക്കുക കൂടി കെ.സി.വേണുഗോപാലിന്റെ ചുമതലാണ്. നാളെ ജയ്പൂരിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP