Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോറ്റ് വീട്ടിൽ ഇരിക്കുന്നത് മോദിക്കും അമിത് ഷായ്ക്കും ഭീഷണിയായ മൂന്ന് പ്രമുഖർ; തോൽവിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കാൻ യോഗിയെ മുന്നിൽ നിർത്തിയതും തന്ത്രപൂർവ്വം; മോദിക്ക് ശേഷം യോഗിയെന്ന മുദ്രാവാക്യം മായ്ക്കാൻ ഈ തോൽവി കാരണമാകും; ഭരണവിരുദ്ധ വികാരം കത്തി ജ്വലിച്ചിട്ടും കോൺഗ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടത് എന്തുകൊണ്ട്? ഹിന്ദി ഹൃദയഭൂമിയിൽ മൂന്നിടങ്ങളിൽ കാവി മാഞ്ഞപ്പോഴും മോദി എന്തുകൊണ്ട് കരയുന്നില്ല?

തോറ്റ് വീട്ടിൽ ഇരിക്കുന്നത് മോദിക്കും അമിത് ഷായ്ക്കും ഭീഷണിയായ മൂന്ന് പ്രമുഖർ; തോൽവിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കാൻ യോഗിയെ മുന്നിൽ നിർത്തിയതും തന്ത്രപൂർവ്വം; മോദിക്ക് ശേഷം യോഗിയെന്ന മുദ്രാവാക്യം മായ്ക്കാൻ ഈ തോൽവി കാരണമാകും; ഭരണവിരുദ്ധ വികാരം കത്തി ജ്വലിച്ചിട്ടും കോൺഗ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടത് എന്തുകൊണ്ട്? ഹിന്ദി ഹൃദയഭൂമിയിൽ മൂന്നിടങ്ങളിൽ കാവി മാഞ്ഞപ്പോഴും മോദി എന്തുകൊണ്ട് കരയുന്നില്ല?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ തേരോട്ടം നടത്തിയാണ് പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയത്. ഈ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി മോദി മാറുകയും ചെയ്തു. അപ്പോഴും ബിജെപിയിലെ ചിലർ ഇത് അംഗീകരിച്ചില്ല. ആർ എസ് എസും മോദിയെ ഉയർത്തിക്കാട്ടാനോ താരമാക്കാനോ മുന്നിലെത്തിയില്ല. മോദിയുടെ പകരക്കാരനെ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. അതിന് പരിവാറുകാർ ഏറ്റവും അധികം ഉയർത്തിക്കാട്ടുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ്. ഇതിനൊപ്പം മോദിക്ക് സ്വാധീനം ചെലുത്താനാവാത്ത രണ്ട് മുഖ്യമന്ത്രിമാർ കൂടിയുണ്ടായിരുന്നു. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനും രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യയും. അതായത് മധ്യപ്രദേശിലും രാജസ്ഥാനിലും തോൽക്കുമ്പോഴും മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചിരിക്കാൻ ഏറെ വകയുണ്ട്. മൂന്ന് പ്രധാന ശത്രുക്കളാണ് വെട്ടിനിരത്തപ്പെടുന്നത്.

മോദിക്ക് ബദലായി പരിവാറുകാർ ഉയർത്തിക്കൊണ്ടു വന്നത് യോഗിയെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും താര പ്രചാരകനായി മാറി. മോദിയെക്കാൾ യോഗങ്ങളിൽ പങ്കെടുത്തു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് അമിത് ഷാ നടപ്പാക്കിയ തന്ത്രം കൂടിയായിരുന്നു ഇത്. ഇവിടെയാണ് മോദിക്ക് വിജയമെത്തുന്നത്. യോഗി ആദിത്യനാഥ് പ്രചരണത്തിനെത്തിയ മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ബിജെപി പിന്നിലായി. ഹിന്ദി ഹൃദയഭൂമിയിൽ ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാർട്ടിക്ക് തോറ്റു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. ഇതോടെ മോദിയുടെ പിൻഗാമിയാണ് യോഗിയെന്ന മുദ്രാവാക്യം സംഘപരിവാറുകാർക്ക് മറക്കേണ്ടി വരും.

ഛത്തീസ്‌ഗഢിൽ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. 2013 ൽ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്.
മധ്യപ്രദേശിൽ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. രാജസ്ഥാനിൽ യോഗിയെത്തിയ 26 മണ്ഡലങ്ങളിൽ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചത്. അതായത് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാനുള്ള മാസ്മരികത യോഗിക്കില്ല. ഈ ഭീഷണി ഒഴിയുകയാണ്. ഇതിനൊപ്പമാണ് രാജസ്ഥാനിലെ ശിവരാജ് സിങ് ചൗഹാന്റെ തോൽവി. അതിശക്തമായ മത്സരം കാഴ്ച വച്ച ചൗഹാന്റെ തോൽവിയോടെ മോദിക്ക് കരുത്തനായ മറ്റൊരു ശത്രുവും ഇല്ലാതാവുകയാണ്. ഇത്തവണ ചൗഹാൻ ജയിച്ചിരുന്നുവെങ്കിൽ നാല് വട്ടം മുഖ്യമന്ത്രിയാകുന്ന നേതാവായി മാറുമായിരുന്നു. ബിജെപിയിൽ മോദി കഴിഞ്ഞാൽ ശക്തനായ നേതാവായും ഇത് ചൗഹാനെ മാറ്റുമായിരുന്നു. തോൽവിയോടെ ഈ സാധ്യതയാണ് വെട്ടിനീക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി 2013ൽ ഉയർത്തിക്കാട്ടിയപ്പോൾ അദ്വാനിക്കൊപ്പം നിന്ന് അതിനെ എതിർത്ത നേതാവാണ് ചൗഹാൻ.

രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യ ഭരണം നടത്തിയത് സ്വന്തം ഇഷ്ടം പോലെയാണ്. മോദിക്കും അമിത് ഷായ്ക്കും ഇവിടെ വലിയ റോളില്ലായിരുന്നു. എല്ലാം വസുന്ധര തീരുമാനിക്കും. ഭരണതുടർച്ച രാജസ്ഥാനിൽ ബിജെപിക്ക് കിട്ടിയിരുന്നുവെങ്കിൽ കൂടുതൽ കരുത്തുള്ള നേതാവായി വസുന്ധര മാറുമായിരുന്നു. മോദിയെ വെല്ലുവിളിക്കാൻ പോലും അവർ തയ്യാറാകുമായിരുന്നു. അമിത് ഷായെ അംഗീകരിക്കുകയുമില്ലായിരുന്നു. ഇതാണ് രാജസ്ഥാനിലെ വസുന്ധരയുടെ തോൽവിയോടെ സംഭവിക്കുന്നത്. ഇനി പുതിയ നേതാക്കളെ രാജസ്ഥാനിൽ അവർ വാർത്തെടുക്കും. വസുന്ധരയ്ക്ക് പിൻഗാമികളും ഉണ്ടാകും.

രാജസ്ഥാൻ, ഛത്തീസഗഢ് സംസ്ഥാനങ്ങളിൽ ആകെ 65 ലോക്‌സഭാ സീറ്റുകൾ. ഇതിൽ 62 എണ്ണമാണ് 2014 ൽ ബിജെപി നേടിയത്. നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാൽ മധ്യപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച 27 ലോക്‌സഭാസീറ്റിൽ 13 എണ്ണം നഷ്ടപ്പെടും. എന്നാൽ ലോക്‌സഭയിലെ ഇലക്ഷൻ പാറ്റേൺ വേറെയാണ്. അതുകൊണ്ട് തന്നെ സംഘടനാ ശേഷിയുണ്ടെന്ന് മധ്യപ്രദേശിൽ തെളിയിച്ച ബിജെപിക്ക് കൂടുതൽ മുന്നേറാനാകും. രാജസ്ഥാനിലാണെങ്കിൽ കഴിഞ്ഞതവണ ഇരുപത്തഞ്ച് സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇപ്പോൾ ലീഡുള്ളത് പതിനൊന്നിൽ മാത്രം.ഛത്തീസ്‌ഗഢിലെ 11 സീറ്റിൽ കഴിഞ്ഞതവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയിൽ ഒരുസീറ്റിൽ ഒതുങ്ങും. ഇതെല്ലാം മോദിക്ക് വെല്ലുവിളിയാണ്. എന്നാൽ ജനവിധിയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവരവിന് മോദിക്ക് അവസരമൊരുക്കുന്നതാണ് ജനവിധി. ഒപ്പം യോഗിയെ പോലുള്ള ഉൾപാർട്ടി ശത്രുക്കളുടെ ഉന്മൂലനവും നടന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഭാഗ്യം കൊണ്ടു വരുന്ന നേതാവാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കവെയാണ് അദ്ദേഹം പ്രചരണം നടത്തിയ മണ്ഡലങ്ങളിൽ നിന്നും ബിജെപിയുടെ ഭീമമായ വോട്ട് ചോർച്ചയുണ്ടാവുന്നത്. യോഗി ആദിത്യനാഥിന്റെ പ്രകോപന പ്രസംഗങ്ങളൊന്നും തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഫലം കാണുന്നില്ല. യു.പി മുഖ്യമന്ത്രി പ്രചരണത്തിലുടനീളം പ്രകോപന പ്രസംഗങ്ങൾകൊണ്ട് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. രാജസ്ഥാനിൽ ജെയ്‌ഷെ മുഹമ്മദിന്റെ ചീഫ് മസൂദിനെ റാം അമ്പലത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അക്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇൻസ്‌പെക്ടർ സുബോധ് കുമാർ ആൾകൂട്ടകൊലപാതകത്തിന് വിധേയമാകുമ്പോൾ മുഖ്യമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിലായിന്നു. അത് വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗിക്ക് രാജ്യത്ത് സ്വാധീനം ചെലുത്തുന്ന നേതാവായി മാറാനാകില്ലെന്ന് തന്നെയാണ് ഈ ഫലം വിശദീകരിക്കുന്നതും.

മോദിക്കു ശേഷം യോഗിയെന്ന പ്രചാരണത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അധികാരത്തിലെത്തിയ മോദി, രാമക്ഷേത്രമെന്ന ലക്ഷ്യത്തിൽനിന്നു പിന്നാക്കം പോയതാണ് അവരെ പ്രകോപിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിൽ അതു യോഗിയുടെ കൂടി സംഭാവനയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങൾ ബിജെപിക്കു നഷ്ടമായി . ആ മൂന്നിൽ ഒരിടത്ത് കോൺഗ്രസ് വ്യക്തമായ വിജയം നേടിയിട്ടുണ്ട് - ഛത്തീസ്‌ഗഡ്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് ഭരണം പിടിച്ചേക്കും. സമീപകാലത്തൊന്നും വ്യക്തമായ വിജയങ്ങൾ നേടാത്ത പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ആശ്വാസകരമാകണ്ടതാണ് ഈ വിജയം.

എങ്കിലും സാധാരണ തിരഞ്ഞെടുപ്പുകളിലാണെങ്കിൽ ഈ രണ്ടു സംസ്ഥാനങ്ങൾ പ്രതിപക്ഷ കക്ഷികൾ തൂത്തു വാരേണ്ടതാണ്. പക്ഷേ, സംഭവിച്ചത് അതല്ല. ഇതും മോദിക്ക് പ്രതീക്ഷയാണ്. കോൺഗ്രസ് തോൽക്കുന്ന ഇടങ്ങളിൽ വളരെ മോശമായാണ് തോൽക്കുന്നത്. മിസോറമിലും തെലങ്കാനയിലും ഇതാണ് പ്രതിഫലിച്ചത്. എന്നാൽ ജയിക്കുന്നിടങ്ങളിലാകട്ടെ നിരങ്ങി നീങ്ങുകയും. ഇതും മോദിക്ക് പ്രതീക്ഷയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP