Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിലെ നിർമ്മാണത്തിനിടെ വീണ്ടും മുറിഞ്ഞു; 24,500 മൈൽ നീളമുള്ള സീമീവീ 3യിലെ ഭൂഗർഭ കേബിൾ മുറിഞ്ഞത് കുണ്ടന്നൂരിൽ; ബിഎസ്എൻഎല്ലിന്റേതടക്കം വിനിമയശേഷിയിൽ കുറവ്; ഡേറ്റ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിലെ നിർമ്മാണത്തിനിടെ വീണ്ടും മുറിഞ്ഞു; 24,500 മൈൽ നീളമുള്ള സീമീവീ 3യിലെ ഭൂഗർഭ കേബിൾ മുറിഞ്ഞത് കുണ്ടന്നൂരിൽ; ബിഎസ്എൻഎല്ലിന്റേതടക്കം വിനിമയശേഷിയിൽ കുറവ്; ഡേറ്റ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അതിവേഗ ഇന്റർനെറ്റിന്റെ കാലത്തേക്ക് അതിവേഗം കുതിക്കുകയാണ് രാജ്യം. അതിനിടെ കേരളത്തിലെ ഇൻർനെറ്റ് വേഗതയെ ആശങ്കയിലാക്കുന്ന ഒരു സംഭവം വീണ്ടുമുണ്ടായി. കുണ്ടന്നൂരിൽ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. നേരത്തെ സെപ്റ്റംബറിൽ ഈ കേബിൾ ശൃംഖല മുറിഞ്ഞിരുന്നു. അന്ന് ആറുമണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിച്ചിരുന്നു.

ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാർത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3) ആണു നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മുറിഞ്ഞത്. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖലയാണിത്. നീളം 24,500 മൈൽ വരും.

ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളുടെ പ്രധാന ഒപ്റ്റിക്കൽ ഫൈബർ കേബിളാണു മുറിഞ്ഞത്. വാർത്താവിനിമയ ബന്ധം തടസ്സപ്പെടാതിരിക്കാൻ സ്വകാര്യ ലൈനുകളിലൂടെ സിഗ്‌നലുകൾ കടത്തിവിട്ടെങ്കിലും പ്രശ്‌നം എല്ലാ ഓപ്പറേറ്റർമാരെയും ബാധിച്ചിട്ടുണ്ട്.വിനിമയശേഷി കുറവായതിനാൽ അന്താരാഷ്ട്രതലത്തിൽ വിവരവിനിമയത്തിൽ കുറവുണ്ടായി. ഡേറ്റ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കേബിളിന്റെ ഇന്ത്യയിലെ ചുമതലക്കാരായ വി എസ്എൻഎൽ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) അധികൃതർ അവകാശപ്പെടുന്നത്. മുംബൈക്കു കരമാർഗമുള്ള എൻഎൽഡി (നാഷനൽ ലോങ് ഡിസ്റ്റൻസ്) ഒപ്ടിക്കൽ കേബിൾ വഴി ബാക്അപ് ഡേറ്റ തിരിച്ചെടുത്തിട്ടുണ്ട്. പല കമ്പനികൾക്കും പല അളവിലാണ് ബാൻഡ്വിഡ്ത് എന്നതിനാൽ നഷ്ടം കണക്കാക്കാനായിട്ടില്ല.

ജംക്ഷന്റെ മധ്യത്തിൽ പൈലിങ്ങ് നടത്തുമ്പോൾ ഞായർ പുലർച്ചെ ഒന്നരയോടെയാണു കേബിൾ മുറിഞ്ഞത്. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലേക്കുള്ള എണ്ണക്കുഴലുകൾ കടന്നുപോകുന്നതിനാൽ എട്ടു മീറ്റർ താഴെയാണ് ഇവിടെ കേബിൾ വലിച്ചിട്ടുള്ളത്. ഇതു പൂർണമായും തകർന്നു. ഇതേ കേബിൾ ഇതിനു മുൻപു കുമ്പളത്തും കണ്ണാടിക്കാട്ടും ഹൈവേ നിർമ്മാണത്തിനിടെ മുറിഞ്ഞപ്പോഴും മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെ ഇന്റർനെറ്റ് വിനിമയ ശേഷിയിൽ കുറവുണ്ടായി എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡാണ് (വി എസ്എൻഎൽ) സീമീവീ3 സിഗ്നൽ ഇന്ത്യയിൽ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീമീവിയുടെ ഇന്ത്യയിലെ ഹബ്.

ലോകത്ത് എല്ലായിടത്തും ഇന്റർനെറ്റ് ഉൾപ്പടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾക്കായി ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയുമാണ് കേബിൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തെയും ഇന്റർനെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളാണു വിവിധ രാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളിൽനിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്കു വിവരങ്ങൾ എത്തിക്കുന്നത്.

ദക്ഷിണാഫ്രിക്കയും മൗറീഷ്യസും വഴിയാണ് ഇന്ത്യയിൽ ഈ കേബിൽ എത്തുന്നത്. കാക്കനാട്ടെ വി എസ്എൻ എല്ലിൽ നിന്ന് ചെറായി ബീച്ചിലെ നോഡിലേക്കാണ് കേബിൾ ഉള്ളത്. മൗറീഷ്യസിൽ നിന്നും മലേഷ്യയിലെ പെനാംഗിലേക്ക് പോകുന്ന കേബിളിന്റെ നോഡാണ് കൊച്ചിയിലെ വി എസ്എൻഎൽ എക്സ്ചേഞ്ചുമായി ബന്ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നാരംഭിക്കുന്ന സേഫ് ശൃംഖല കൊച്ചി വഴി മലേഷ്യയിലെ പെനാംഗ് വരെ നീളും. മൗറീഷ്യസിൽ ബെ ജെക്കോത്ത്, റിയൂണിയനിൽ സെന്റ് പോൾ എന്നിവിടങ്ങളിലും ശൃംഖലയെ കരയിലെ എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കും. കേപ്ടൗണിൽ നിന്നും പോർട്ടുഗലിലേക്കുള്ള കേബിൾ ബന്ധം വഴി അമേരിക്കയിലേക്ക് ഈ കേബിൽ ശൃഖല നീളുന്നുണ്ട്. അതുകൊണ്ട് തനെനയാണ് ലോകത്തെ ഏറ്റവും വലിയ കേബിൾ ശൃംഖലയായി മറുന്നത്. യൂറോപ്പിലേക്കുള്ള വാർത്താ വിനിമയവും ഡാറ്റാ കൈമാറ്റവും സുഗമാകുന്നതിനൊപ്പം യൂറോപ്പ് വഴി അമേരിക്കയിലൂടെ ഒരു പാത കൂടി തുറന്നുകിട്ടുന്നതാണ് ഈ ശൃംഖല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP