Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് സഭാ പ്രവേശനം ഉറപ്പിച്ച പള്ളികളും പിടിക്കുമെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് ആസ്ഥാനത്തേക്കുള്ള മാർച്ച് അപ്രതീക്ഷിതം; പൊലീസിന്റെ ഒരു പ്‌ളാറ്റൂൺ സ്‌ട്രൈക്കർ ടീമിനെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് വിന്യസിച്ചു സർക്കാർ; സർവ്വ ഓർത്തഡോക്‌സ് പള്ളികളിലും പൊലീസ് സുരക്ഷ; ശബരിമല വിഷയത്തെ കടത്തി വെട്ടുന്ന തലവേദനയായി മാറി സഭാ തർക്കം

കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് സഭാ പ്രവേശനം ഉറപ്പിച്ച പള്ളികളും പിടിക്കുമെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് ആസ്ഥാനത്തേക്കുള്ള മാർച്ച് അപ്രതീക്ഷിതം; പൊലീസിന്റെ ഒരു പ്‌ളാറ്റൂൺ സ്‌ട്രൈക്കർ ടീമിനെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് വിന്യസിച്ചു സർക്കാർ; സർവ്വ ഓർത്തഡോക്‌സ് പള്ളികളിലും പൊലീസ് സുരക്ഷ; ശബരിമല വിഷയത്തെ കടത്തി വെട്ടുന്ന തലവേദനയായി മാറി സഭാ തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സഭാ തർക്കം കേരളമാകെ കത്തിപടരാൻ സാധ്യത. കേസ് തോറ്റ യാക്കോബായ സഭ ഉറച്ച നിലപാട് എടുത്തതാണ് ഇതിന് കാരണം. നഷ്ടമായ ഏതാനും പള്ളികളിൽ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ പ്രഖ്യാപിച്ചതോടെയാണ് ശബരിമലയ്ക്ക് അപ്പുറമുള്ള പ്രശ്‌നമായി പള്ളി തർക്കം മാറുന്നത്. ഇതോടെ പൊലീസും കരുതലെടുക്കുകയാണ്. ആക്രമണ സാധ്യതയുള്ള പള്ളികളുടെ പട്ടിക തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചിട്ടുണ്ട്. സഭാ തർക്കം നിലനിൽക്കുന്ന പള്ളികൾക്ക് അതതു പൊലീസ് സ്റ്റേഷനുകളിൽനിന്ന് പട്രോളിങ് സംരക്ഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പിറവം പള്ളി സംഭവത്തോടെ മലങ്കരസഭാ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഓർത്തഡോക്‌സ് സഭാ കേന്ദ്രങ്ങൾക്കുനേരേ ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കിട്ടിയിട്ടുണ്ട്. ഇതേത്തുടർന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയ്ക്കും ഓർത്തഡോക്‌സ് പള്ളികൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പൊലീസിന്റെ ഒരു പ്‌ളാറ്റൂൺ സ്‌ട്രൈക്കർ ടീമിനെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് വിന്യസിച്ചു. ടിയർ ഗ്യാസ്, ഫയറിങ് പെല്ലറ്റ് തുടങ്ങിയ സന്നാഹങ്ങളുമായാണ് 30 പേരടങ്ങുന്ന പൊലീസ് സംഘം ദേവലോകത്ത് ക്യാമ്പുചെയ്യുന്നത്. പിറവം പള്ളി സംഭവത്തെത്തുടർന്ന് യാക്കോബായ വിശ്വാസികൾ മണർകാട് മർത്തമറിയം യാക്കോബായ പള്ളിയിൽനിന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് തിങ്കളാഴ്ച രാത്രിയിൽ നടത്തിയ അപ്രതീക്ഷിത മാർച്ച് പൊലീസിനെ വെട്ടിലാക്കിയിരുന്നു.

കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ, ചേലക്കര, നെച്ചൂർ, കട്ടച്ചിറ പള്ളികളിലേക്ക് തിരികെ പ്രവേശിക്കാനാണ് യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുമാനിച്ചിരിക്കുന്നത്. നെച്ചൂരിൽ സഭാ വിഭാഗത്തിൽപ്പെട്ട 600 കുടുംബങ്ങളെ ഇറക്കിവിട്ടാണ് എതിർവിഭാഗം പള്ളി പിടിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. ക്രമസമാധാനം ഉറപ്പാക്കാൻ മാത്രമാണ് ആ പള്ളികളിൽനിന്ന് മാറി നിന്നതെന്നും ഇനി അവിടേക്ക് തിരികെ പ്രവേശിക്കുമെന്നുമാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രശ്‌നം തീർന്നുവെന്ന് കരുതിയ സ്ഥലത്തും സംഘർഷമെത്തിക്കും. ഇതിനെ ചെറുക്കാൻ ഓർത്തഡോക്‌സുകാരും സജീവമായി പ്രതിരോധം തീർക്കും. നിലവിലെ സാഹചര്യത്തിൽ എല്ലാ ഓർത്തഡോക്‌സ് പള്ളിക്കും സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനം. പിറവം പള്ളി തർക്കത്തിനിടെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായക്കാർ മാർച്ച നടത്തിയിരുന്നു. ഇത് പൊലീസിനെ വെട്ടിലാക്കി. തീർത്തും അപ്രതീക്ഷിതമായ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് യാക്കോബായ പക്ഷം നൽകുന്ന സൂചന.

സർക്കാരിനെ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് യാക്കോബായ സഭ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ അവർ അഭിനന്ദിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് പാത്രിയർക്കീസ് ബാവ ഏതാനും മാസം മുമ്പ് ചർച്ചകൾക്ക് എത്തിയതെന്നും യാക്കാബോയ സഭ പറയുന്നു. പക്ഷേ, കോടതിവിധി അനുകൂലമായതിനാൽ ചർച്ചയ്ക്ക് ഓർത്തഡോക്‌സ് സഭ തയ്യാറായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപവത്കരിച്ച ഉപസമിതി ലക്ഷ്യം തെറ്റി നീങ്ങിയെന്നും യാക്കോബായ സഭ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വെല്ലുവിളി ശക്തമാക്കുന്നത്. കൈവിട്ടു പോയ പള്ളികൾ പോലും പിടിച്ചെടുക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. ഇത് ഗുരുതര സാഹചര്യമൊരുക്കുമെന്ന് പൊലീസും സർക്കാരും തിരിച്ചറിയുന്നു.

ചൊവ്വാഴ്ച പിറവം പള്ളി ശാന്തമായിരുന്നു. വിശ്വാസികൾ എത്തി പള്ളിയിൽ പ്രാർത്ഥന നടത്തി. ഇനിയുള്ള ദിവസങ്ങളിലും ഇത് തുടരും. രാവിലെ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തിലാണ് എപ്പിസ്‌കോപ്പൽ സുന്നഹദോസ് നടന്നത്. ഉച്ചയോടെ ഇത് സമാപിച്ചു. അതിനിടെ കോടതിവിധി മൂലം നിയമപരമായി 1934-ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടു വരുന്ന കോലഞ്ചേരി, വരിക്കോലി, കട്ടച്ചിറ, മണ്ണത്തൂർ തുടങ്ങിയ പള്ളികൾ കൈയേറുമെന്ന പ്രഖ്യാപനം നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കലാണെന്ന് ഓർത്തഡോക്‌സ് സഭയും വ്യക്തമാക്കി കഴിഞ്ഞു. ഇത്തരം പ്രഖ്യാപനങ്ങൾ പോലും സമാധാനാന്തരീക്ഷത്തെ താറുമാറാക്കുന്നതും അരാജകത്വം സൃഷ്ടിക്കാൻ പര്യാപ്തമായതുമാണ്. പിറവം പള്ളിയുടെ കേസ് ഹൈക്കോടതി മാറ്റിവയ്ക്കാനും ബെഞ്ച് മാറ്റാനും സാഹചര്യമുണ്ടായത് പാത്രിയർക്കീസ് വിഭാഗത്തിന്റെ കുതന്ത്രം മൂലമാണെന്നും അവർ പറയുന്നു.

പിറവം പള്ളിക്കേസ് കേട്ട ശേഷം അതോടൊന്നിച്ച് പരിഗണിക്കാൻ വച്ചിരുന്ന കട്ടച്ചിറ പള്ളിക്കേസ് എടുത്തപ്പോൾ, പരിഗണിക്കുന്ന ജഡ്ജിമാരിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് പാത്രിയർക്കീസ് വിഭാഗം ബോധിപ്പിക്കുകയായിരുന്നു. ഈ ആവശ്യം ഉന്നയിക്കാൻ വന്ന അഭിഭാഷകനെ തങ്ങൾ അല്ല നിയമിച്ചത് എന്ന് പാത്രിയർക്കീസ് വിഭാഗം പറയുന്നത് സത്യവിരുദ്ധമാണെന്നും ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP