Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിൽ തിളക്കം കുറച്ചത് ആരു മുഖ്യമന്ത്രിയാകുമെന്നത് അടക്കമുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ; ജയ സാധ്യതയുള്ള പല സ്ഥാനാർത്ഥികളേയും വെട്ടിയത് ഗ്രൂപ്പ് ബലാബലത്തിന്റെ പേരിൽ; കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള മൂപ്പിളമ തർക്കം മധ്യപ്രദേശിലേയും തിളക്കം കുറച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ടായിട്ടും കേവല ഭൂരിപക്ഷത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവം കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുമോ?

രാജസ്ഥാനിൽ തിളക്കം കുറച്ചത് ആരു മുഖ്യമന്ത്രിയാകുമെന്നത് അടക്കമുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ; ജയ സാധ്യതയുള്ള പല സ്ഥാനാർത്ഥികളേയും വെട്ടിയത് ഗ്രൂപ്പ് ബലാബലത്തിന്റെ പേരിൽ; കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള മൂപ്പിളമ തർക്കം മധ്യപ്രദേശിലേയും തിളക്കം കുറച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ടായിട്ടും കേവല ഭൂരിപക്ഷത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവം കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വലിയ മോദി വിരുദ്ധ തരംഗം ആളിപ്പിടിക്കുകയാണ്. നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും കർഷക വിരുദ്ധ നയങ്ങളിലും ജനം പ്രതികരിക്കാൻ തയ്യാറാണ്. റഫാൽ അഴിമതിയും മോദിയുടെ തിളക്കം കുറയ്ക്കും. ഇത് തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിയും ചത്തീസ് ഗഡിലും പ്രതിഫലിച്ചത്. ബിജെപി മൂന്നിടത്തും തോറ്റു. ഇതിൽ ചത്തീസ് ഗഡിൽ കോൺഗ്രസ് അതിശക്തമായ വിജയം നേടി. ഇവിടെ കോൺഗ്രസ് ഒറ്റക്കെട്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എല്ലാം നടപ്പായി. സ്ഥാനാർത്ഥി നിർണ്ണയവും കൃത്യമായിരുന്നു. ഇനി മുഖ്യമന്ത്രിയെ കണ്ടെത്തിയാൽ ചത്തീസ്ഗഡിൽ ഭരണമായി. എന്നാൽ മധ്യപ്രദേശിയും രാജസ്ഥാനിലും സ്ഥിതി അതല്ല. കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെയാണ് ഭരണത്തിന് അടുത്ത് കോൺഗ്രസ് എത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ ഗ്രൂപ്പിസമായിരുന്നു എല്ലാത്തിനും കാരണം. നേതാക്കൾ തമ്മിൽ തല്ലിയപ്പോൾ രണ്ടിടത്തും കുറഞ്ഞത് പതിനഞ്ചിലേറെ സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ഇല്ലാതിരുന്നുവെങ്കിൽ ഹിന്ദി ഹൃദയഭൂമിയിലെ ബിജെപി തോൽവി സമ്പൂർണ്ണമാകുമായിരുന്നു.

ഗ്രൂപ്പ് പോരാണ് കോൺഗ്രസിന്റെ എക്കാലത്തേയും ശാപം. ഇതിന് തടയിട്ടാൽ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുതിച്ചുയരാൻ കോൺഗ്രസിന് കഴിയൂ. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചിത്രം ഇതിന് തെളിവാണ്. ഇത് മനസ്സിലാക്കിയുള്ള തീരുമാനം രാഹുൽ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തമ്മിലടിയുമായി മുന്നേറിയാൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങൾ വിജയിപ്പിക്കാൻ ബിജെപിക്ക് കഴിയും. അതുകൊണ്ട് തന്നെ ഗ്രൂപ്പിസം പൂർണ്ണമായും ഇല്ലാതാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടു പോകാനാകും രാഹുലിന്റെ ശ്രമം. പരമാവധി വോട്ട് നേടുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കേണ്ടതുമുണ്ട്. വിജയസാധ്യതയെന്ന ഒറ്റഘടകത്തിലേക്ക് സ്ഥാനാർത്ഥി നിർണ്ണയം പോയിരുന്നുവെങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും തിളങ്ങുന്ന വിജയം കോൺഗ്രസിന് സ്വന്തമാകുമായിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രാഹുൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് സൂചന.

കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ കോൺഗ്രസിനു നന്നായി പൊരുതേണ്ടിവന്നു. രാജസ്ഥാനിൽ പാർട്ടിയിലെ പടലപിണക്കങ്ങൾക്കൊപ്പം ബിഎസ്‌പി, ആംആദ്മി പാർട്ടി തുടങ്ങിയ മറ്റു പ്രതിപക്ഷകക്ഷികളും ഭരണവിരുദ്ധവികാരത്തിന്റെ പങ്കു പറ്റി. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെയും മുന്മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു നടന്ന ഒരു പൊതുയോഗത്തിലാണു രാഹുൽ ഗാന്ധി, ഗെലോട്ടിനോടും സച്ചിൻ പൈലറ്റിനോടും പരസ്പരം ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പിണക്കങ്ങളില്ലെന്നു പ്രഖ്യാപിച്ചതും. എന്നാൽ ഇതൊന്നും ഭിന്നതകൾ അവസാനിപ്പിച്ചില്ല. സ്ഥാനാർത്ഥി നിർണയം അവസാന ദിവസം വരെ നീണ്ടു. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകൾ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. അര ഡസനിലേറെ സീറ്റുകളിൽ ആദ്യം പ്രഖ്യാപിച്ചവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരേണ്ടി വന്നു. 30 ലേറെ സീറ്റുകളിലാണ് ഇതോടെ റിബലുകൾ മൽസരിച്ചത്. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ ഇവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.

സച്ചിൻ പൈലറ്റും ഗെലോട്ടും ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ പരിഹിക്കാവുന്ന പ്രശ്‌നം. ഇതിനിടെയിൽ ബിഎസ്‌പിയും മറ്റു ചെറു പാർട്ടികളും പിടിച്ച വോട്ടുകളും നിർണായകമായി. 4 ശതമാനത്തിലേറെ വോട്ടും 6 സീറ്റുകളും നേടിയ ബിഎസ്‌പി കിഴക്കൻ മേഖലകളിൽ കോൺഗ്രസിനു ക്ഷീണമുണ്ടാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരായ ജാട്ടുകൾക്കിടയിൽ ഹനുമാൻ ബേണിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും വിള്ളലുകൾ സൃഷ്ടിച്ചു. 60 സീറ്റുകൾക്കു മുകളിലേക്കു ബിജെപിക്കു കിട്ടില്ലെന്ന പ്രവചനങ്ങൾ തെറ്റിച്ച് 73 സീറ്റുകൾ ബിജെപി നേടി. ഇതോടെ ശക്തമായ പ്രതിപക്ഷം രാജസ്ഥാനിൽ കോൺഗ്രസിന് ലഭിക്കുകയാണ്. പടലപ്പിണക്കങ്ങളും ഗ്രൂപ്പ് സമവാക്യങ്ങൾ അനുകൂലമാക്കാനുള്ള കോൺഗ്രസിലെ തമ്മിലടിയാണ് ഇതിനെല്ലാം അവസരമൊരുക്കിയത്. ഇല്ലാത്ത പക്ഷം ബിജെപി നേട്ടം 30 സീറ്റിൽ ഒതുങ്ങുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഫലം വന്നു തുടങ്ങിയപ്പോൾ തന്നെ കെസി വേണുഗോപാലിനെ രാഹുൽ രാജസ്ഥാനിലേക്ക് അയച്ചത്.

മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കോൺഗ്‌സ് നേതാക്കളാരും അവകാശവാദവുമായി വന്നിട്ടില്ല. എന്നാൽ, സർക്കാരുണ്ടാക്കാൻ കഴിയുമെന്ന നിലവന്നാൽ പ്രബല നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കളത്തിലിറങ്ങും. ഈ രണ്ട് പേർ തമ്മിലെ പോരാണ് മധ്യപ്രദേശിലും കേവല ഭൂരിപക്ഷം കോൺഗ്രസിന് അന്യമാക്കിയത്. തുടക്കത്തിൽ മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും രംഗത്തുണ്ടായിരുന്നു. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സന്ധിയും തമ്മിൽ അടിച്ചപ്പോൾ പ്രശ്‌ന പരിഹാരത്തിന് കമൽനാഥ് എത്തി. കമൽനാഥിനെ പിസിസി അധ്യക്ഷനുമാക്കി. ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഗ്രൂപ്പ് പോരുകൾക്കിടയിൽ മധ്യപ്രദേശിലെ സർക്കാർ വിരുദ്ധ തരംഗം കോൺഗ്രസ് തിരിച്ചറിഞ്ഞില്ല. ഗ്രൂപ്പിസം പ്രതീക്ഷകളെ തല്ലി തകർത്തു.

മധ്യപ്രദേശിൽ 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 109 സീറ്റുകൾ നേടി. ബി.എസ്‌പി രണ്ടിടത്തും സമാജ് വാദി പാർട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമെന്നിരിക്കെ ബി.എസ്‌പി, എസ്‌പി. എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളുമായി ചർച്ച നടത്തിയതായി കമൽനാഥും പറഞ്ഞിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോൺഗ്രസിന് 95 സീറ്റുകൾ കിട്ടിയത്. ബിജെപിക്ക് ഗ്രാമീണ മേഖലയിൽ 85 സീറ്റുകളാണുള്ളത്. നഗരങ്ങളിൽ ബിജെപിക്ക് 25 മണ്ഡലങ്ങളും കോൺഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.

രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണം കിട്ടാനിടയുള്ള മധ്യപ്രദേശിലും കോൺഗ്രസിനു തലവേദനയായി മുഖ്യമന്ത്രി പദം മുന്നിലുണ്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഒന്നിലധികം നേതാക്കൾ രംഗത്തിറങ്ങിയതോടെ തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു വിട്ടു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എംഎൽഎമാരുടെ അഭിപ്രായം രാഹുലിനെ അറിയിക്കുമെന്നും അതിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിലും എംഎൽഎമാർക്കിടയിലെ സ്വാധീനവും കണക്കിലെടുത്ത് ഗെലോട്ടിനു നറുക്കു വീണേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂറുമാറ്റം തടയുന്നതിന് പാർട്ടിയുടെ നിർദ്ദേശ പ്രകാരം എല്ലാ എംഎൽഎമാരും ഇന്നലെ വൈകിട്ടു തന്നെ ജയ്പുരിലെത്തി.

ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്‌വിജയ് സിങ്മാർക്ക് പകരം നേതൃത്വമായി കമൽനാഥിനെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായത്. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത് അക്ഷരാർത്ഥത്തിൽ ഉയർത്തെണീപ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വം അത്രമേൽ കോൺഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കിയാണ് കമൽനാഥ് തന്റെ പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചുവർഷത്തെ ബിജെപി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാൻ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.

ഛത്തീസ്‌ഗഡിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെൽ എന്നിവർ തമ്മിലാണു മൽസരം. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ഫലം പുറത്തുവന്നതിനു പിന്നാലെ ബാഗെൽ പ്രതികരിച്ചു. ഇവിടെ നേതാവിനെ രാഹുൽ ഗാന്ധി തന്നെ നിശ്ചയിക്കും. വലിയ പ്രശ്‌നങ്ങളുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP