Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും മറുപടി പറയേണ്ടി വരും; സൂപ്പർതാരങ്ങളുടെ ഉറക്കം കെടുത്താൻ നടപടിയുമായി റവന്യൂ വകുപ്പ്; അന്വേഷണം നടക്കുന്നത് താരങ്ങൾ അനധികൃതമായി കെവശം വെക്കുന്നത് നൂറു കണക്കിന് ഏക്കർ ഭൂമിയെന്ന പരാതിയിൽ; സിനിമയിലെ റിയൽ എസ്റ്റേറ്റ് മാഫിയയെ അരിഞ്ഞു വീഴ്‌ത്താൻ പിണറായിക്ക് കഴിയുമോ? റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ച് അകമ്പടിയായി ഗുണ്ടാ സംഘങ്ങളുമായി ചുറ്റുന്ന സൂപ്പർ താരങ്ങളെ കുടുക്കാൻ ഇറങ്ങിയ ദാമോദരൻ മറുനാടനോട്

മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും മറുപടി പറയേണ്ടി വരും; സൂപ്പർതാരങ്ങളുടെ ഉറക്കം കെടുത്താൻ നടപടിയുമായി റവന്യൂ വകുപ്പ്; അന്വേഷണം നടക്കുന്നത് താരങ്ങൾ അനധികൃതമായി കെവശം വെക്കുന്നത് നൂറു കണക്കിന് ഏക്കർ ഭൂമിയെന്ന പരാതിയിൽ; സിനിമയിലെ റിയൽ എസ്റ്റേറ്റ് മാഫിയയെ അരിഞ്ഞു വീഴ്‌ത്താൻ പിണറായിക്ക് കഴിയുമോ? റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ച് അകമ്പടിയായി ഗുണ്ടാ സംഘങ്ങളുമായി ചുറ്റുന്ന സൂപ്പർ താരങ്ങളെ കുടുക്കാൻ ഇറങ്ങിയ ദാമോദരൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: 15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കുന്ന സിനിമാതാരങ്ങൾക്ക് അധിക ഭൂമി നഷ്ടമാകുമോ? ഏക്കർ കണക്കിന് ഭൂമികൾ കൈവശം വയ്ക്കുന്ന സിനിമാ താരങ്ങൾക്ക് ഉറക്കം നഷ്ടമാവുകയാണ്. കേരള ആർട്‌സ് ലവേഴ്സ് അസോസിയേഷൻ ചെയർമാൻ യു.കെ.ദാമോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് ഇപ്പോൾ മലയാള സിനിമാ താരങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. വീടിന്റെ തറ പൊളിച്ച് പോലും ജനങ്ങൾക്ക് പലപ്പോഴും ശവമടക്ക് നടത്തേണ്ടി വരുന്നതിൽ ജനങ്ങൾക്കുള്ള ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് സിനിമാ സർക്കിളുകളിൽ സുപരിചിതൻ ആയിട്ടുപോലും സിനിമാ താരങ്ങളുടെ അധിക ഭൂമി പിടിച്ചെടുക്കാൻ ദാമോദരൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.

ദാമോദരനറെ പരാതിയിൽ തുടർ നടപടികൾക്കും ഭൂമി പിടിച്ചെടുക്കാനും വേണ്ടി മുഖ്യമന്ത്രി ഈ പരാതി റവന്യൂ മന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. സിനിമാ താരങ്ങളുടെ അധിക ഭൂമി പിടിച്ചെടുക്കാൻ സർക്കാർ തലത്തിൽ നടപടികൾക്ക് തുടക്കമാകുമ്പോൾ യു.കെ.ദാമോദരൻ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു. കേരളത്തിൽ ഭൂമി പ്രശ്‌നം നീറുന്ന പ്രശ്‌നമാണ്. ശവമടക്കിനു ആളുകൾ സ്വന്തം വീടിന്റെ തറയാണ് മാന്തുന്നത്. ഈ അവസ്ഥ ശ്രദ്ധയിൽ വന്നപ്പോൾ കലാകാരനും കലയെ സ്‌നേഹിക്കുന്ന ആളുമായതിനാൽ എന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് കേരളത്തിലെ കലാസമൂഹത്തിന്റെ അവസ്ഥയെന്താണ് എന്നതിലാണ്. സ്വാഭാവികമായും ശ്രദ്ധ നീളുന്നത് സിനിമയുടെ ലോകത്തേക്കാണ്.

നൂറുകണക്കിന് ഏക്കർ ഭൂമികളാണ് നമ്മുടെ സിനിമാ താരങ്ങൾ കൈവശം വെച്ചിരിക്കുന്നത്. ഇവരെ ഈ ഭൂമി വാങ്ങാൻ പ്രാപ്തമാക്കിയതോ പാവപ്പെട്ട സിനിമാ പ്രേമികൾ അവരുടെ സിനിമ കാണാൻ ചിലവഴിക്കുന്ന തുകകളാണ് . ഈ ധനമാണ് അവരുടെ സമ്പത്ത്. പക്ഷെ അവരെ സമ്പന്നരാക്കുന്ന മലയാള സമൂഹത്തിനു പ്രതിസന്ധി വരുമ്പോൾതാരങ്ങൾ മലയാളികൾക്ക് നേരെ മുഖം തിരിക്കുകയാണ്. അഞ്ചുകോടിയും പത്തു കോടിയും പ്രതിഫലം പറ്റുന്ന എത്രയോ താരങ്ങൾ നമുക്കുണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഈ രീതിയിൽ ഉള്ള താരങ്ങളാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ ഇപ്പോൾ പറ്റുന്ന പ്രതിഫലവും കോടികൾ തന്നെയാണ്. സിനിമാ താരങ്ങൾ കൈപ്പറ്റുന്ന കോടികൾ അവർ നിക്ഷേപിക്കുന്നത് എവിടെയാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ്.

കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഏക്കർ കണക്കിന് ഭൂമിയും സ്വത്തും ഉള്ളവരാണ് സിനിമാ താരങ്ങൾ. കേരളത്തിനെ നക്കിത്തുടച്ച പ്രളയം വന്നപ്പോൾ മമ്മൂട്ടിയും മകൻ ദുൽഖറും നൽകിയത് വെറും 25 ലക്ഷം രൂപയാണ്. ഒരു സിനിമയ്ക്ക് പത്തു കോടിവരെ പ്രതിഫലം പറ്റുന്ന താരങ്ങളാണിവർ. മമ്മൂട്ടി 15 ലക്ഷവും മകൻ ദുൽഖർ 10 ലക്ഷവുമാണ് നൽകിയത്. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായവർക്ക് സിനിമാതാരങ്ങൾ വീട് വെച്ച് നൽകിയാൽ അതിനു ഒരു മാനുഷിക മൂല്യമുണ്ടായിരുന്നു. ഇവർ സ്വത്തുവകകൾ കെട്ടിപ്പിടിച്ച് കിടക്കുകയാണ്. ആർക്ക് വേണ്ടിയാണ് സ്വത്തുവകകൾ കെട്ടിപ്പിടിച്ച് കിടക്കുന്നത്. മരിച്ചാൽ ഈ സ്വത്തുക്കൾ അവർ കൊണ്ടുപോകുന്നുണ്ടോ? പ്രളയം വന്നപ്പോൾ മോഹൻലാൽ എന്താണ് നൽകിയത്, പൃഥ്വിരാജ് എന്താണ് നൽകിയത്. ജയറാം എന്താണ് നൽകിയത്. മലയാള സിനിമയിൽ താരത്തിളക്കത്തോടെ നിലകൊള്ളുന്ന നടിമാർ എന്താണ് നൽകിയത്, നിങ്ങൾ കണക്കെടുക്കൂ. നമ്മളെ പോലുള്ള പാവപ്പെട്ട സിനിമാ പ്രേമികൾ നൽകുന്ന പണം കൊണ്ടാണ് ഇവർ സമ്പത്തുകൾ വാരിക്കൂട്ടുന്നത്.

പക്ഷെ സമൂഹം ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഇവർ തിരിഞ്ഞു നോക്കില്ല. മലയാള സിനിമാ ഇൻഡസ്ട്രി സമൂഹത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മലയാള സിനിമാ താരങ്ങളിൽ മുക്കാൽ പങ്കിനും കണക്കിൽപെടാത്ത ഭൂമിയുണ്ട്. ഈ ഭൂമി സർക്കാർ പിടിച്ചെടുത്ത് പാവപ്പെട്ടവന് വിതരണം ചെയ്യണം. ഇവർക്ക് മാനസാന്തരം വരേണ്ടതുണ്ട്. പ്രളയത്തിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ഞാനും മകനും വീട് നിർമ്മിച്ച് നൽകാം എന്ന് ഇവർ പറയേണ്ടതുണ്ട്. താരങ്ങൾ ഈ രീതിയിൽ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. എല്ലാ അനുഭവങ്ങളും നമുക്ക് മുൻപിലുണ്ട്. ഈ ദുരവസ്ഥയ്ക്ക് ഒരന്ത്യമാകണം. സിനിമാ താരങ്ങൾ സാമൂഹിക ജീവികൾ കൂടിയാകണം. സമൂഹത്തെ സഹായിക്കാനുള്ള മനസുകൂടി ഇവർ കൈവശം വയ്ക്കണം. അതിന് അവരെ നിര്ബന്ധിതനാക്കാൻ വേണ്ടിയാണ് ഈ രീതിയിൽ പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. നിലവിൽ കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള നീറുന്ന പ്രശ്‌നം ഭൂമി പ്രശ്‌നമാണ്. ഒരു സെന്റ് ഭൂമി പോലും കയ്യിലില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ് കേരളത്തിലുള്ളത്. വീടില്ലാത്തവരാണിവർ. ഭൂമിയില്ലാത്തവരാണിവർ. കുടുംബത്തിൽ ഒരാൾ മരിച്ചാൽ മറവു ചെയ്യാൻ പോലും പലർക്കും ഭൂമിയില്ല.

താമസിക്കുന്ന വീടിന്റെ തറ പൊളിച്ചാണ് പലപ്പോഴും ശവമടക്ക് നടത്തുന്നത്. അങ്ങിനെ എത്രയെത്ര സംഭവങ്ങളാണ് നടക്കുന്നത്. സ്വന്തമായി ബാത്റൂമുകൾ ഇല്ലാത്തതിനാൽ മലമൂത്ര വിസർജ്ജനത്തിനു തുറസായ സ്ഥലങ്ങൾ ഇപ്പോഴും ആശ്രയിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഈ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ മുഖം തിരിക്കാൻ കഴിയുമോ? നമ്മുടെ താരങ്ങളെ താരങ്ങളാക്കിയ നിർമ്മാതാക്കൾ പലരും കുത്തുപാളയെടുത്തിട്ടുണ്ട്. രജനികാന്തിനെ പോലുള്ള തമിഴ് നടന്മാർ നല്ല രീതിയിൽ സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുകയും സാമ്പത്തിക സഹായം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. മനുഷ്യർക്ക് ആര്ക്കും ഒരു ഗ്യാരണ്ടിയുമില്ല. ആരും എപ്പോൾ വേണമെങ്കിലും മരിച്ച് പോവാം. ബാലികാ- സ്ത്രീ പീഡനങ്ങളിലും സാമൂഹിക പ്രശ്‌നങ്ങളിലും പ്രതികരിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ പ്രതികരിച്ചാൽ കടലാസ് അവിടെ കിടക്കുക എന്നല്ലാതെ നടപടികൾ ഉണ്ടാവാറില്ല. ഇപ്പോൾ ഞാൻ നൽകിയ പരാതി മുഖ്യമന്ത്രി എന്ന വലിയ മനുഷ്യന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം തുടർ നടപടികൾക്ക് റവന്യൂ മന്ത്രിക്ക് കൈമാറി.

പിണറായി എന്ന വലിയ മനുഷ്യന്റെ കയ്യിൽ ആഭ്യന്തരം ഉള്ളതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരനാണ് ഞാൻ. പക്ഷെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ബന്ധമുണ്ട്. പല സിനിമാ താരങ്ങൾക്കും എന്നെ അറിയാം. കേരള ആർട്‌സ് ലവേഴ്സ് അസോസിയേഷനെ അറിയാം. ഞാൻ ഈ സംഘടനയുടെ ചെയർമാൻ സ്ഥാനത്താണ് ഇപ്പോഴുള്ളത്. കലാസാംസ്‌കാരിക രംഗത്ത് ചുവടുറപ്പിച്ചാണ് എക്കാലവും ഞാൻ നിലകൊണ്ടിരുന്നത്. അതുകൊണ്ടാണ് സിനിമാ താരങ്ങളുടെ ഈ ചെയ്തികൾക്കെതിരെ പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചത്. പണം അമിതമായി ആരുടെ കയ്യിലും വന്നാൽ അത് ആപത്താണ്. പഴയ നാട്ടുരാജാക്കന്മാരുടെ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വരും. ഇപ്പോൾ സിനിമാ താരങ്ങൾ രാജാക്കന്മാരായി കേരളം ഭരിക്കുന്ന അവസ്ഥയുണ്ട്. സിനിമാ താരങ്ങൾക്ക് ഒപ്പം ഇപ്പോൾ ഗുണ്ടാ സംഘം കൂടിയുണ്ട്.

ദിലീപ് ഒക്കെ ഗുണ്ടകളെ വിളിച്ചാണ് സിനിമകൾ ഷൂട്ട് ചെയ്തിരുന്നത്. പരസ്യമായി ഈ ഗുണ്ടാ ഏർപ്പാടുകൾ ചാനലുകൾ സംപ്രേഷണം ചെയ്തതാണ്. ആർക്ക് എന്ത് ചെയ്യാൻ കഴിയും. ഒരു നടപടിയും ഈ കാര്യത്തിൽ വന്നിട്ടില്ല. 2017-ൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വന്നത്. നമ്മുടെ ആത്മരോദനമാണിത്. ഒരു പ്രയാസമാണിത്. സിനിമാ താരങ്ങളുടെ ഈ ചെയ്തികൾ പുറംകാലുകൊണ്ടു ചവിട്ടി താഴ്‌ത്തുന്നതിനു സമാനമാണ്. പണക്കാരൻ എന്നും പണക്കാരനാണ്. പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘടനയാണ് കേരള കേരള ആർട്‌സ് ലവേഴ്സ് അസോസിയേഷൻ. മദ്യം, മയക്കുമരുന്ന്, സ്ത്രീ പീഡനം, ബാലികാ പീഡനം എന്നിവയ്ക്കെതിരെയാണ് സംഘടന നിലകൊള്ളുന്നത്. കലാസ്വാദകനാണ്. കലാകാരനാണ്. അതുകൊണ്ട് തന്നെ സിനിമാ രംഗത്തെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ദിലീപ് പ്രശ്‌നം വന്നപ്പോഴാണ് സിനിമാ രംഗത്തെ പ്രശ്‌നങ്ങളിലേക്ക് കൂടി ഞങ്ങൾ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചത്. കലാകാരന്മാരും കലാസ്വാദകരും തന്നെയാണ് കേരള ആർട്‌സ് ലവേഴ്സ് അസോസിയേഷന്റെ പിന്നിലുള്ളത്-ദാമോദരൻ പറയുന്നു.

ദാമോദരനറെ പരാതിയിൽ ഇപ്പോൾ സർക്കാർ തുടർ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണറാണ് നടപടികൾ തുടക്കമിട്ടിരിക്കുന്നത്. സിനിമക്കാരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ആണ് ആദ്യം ശേഖരിക്കുന്നത്. ഇതിനായുള്ള നിർദ്ദേശം ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസുകൾ എന്നിവർക്ക് നൽകിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് നടപടികൾ ശക്തമാക്കും. ഭൂപരിഷ്‌ക്കണ നിയമപ്രകാരം വ്യക്തികൾക്ക് കൈവശം വയ്ക്കാവുന്നത് 15 ഏക്കർ ഭൂമിയാണെന്നിരിക്കെ നടപടി വന്നാൽ താരങ്ങൾക്ക് അധിക ഭൂമി നഷ്ടമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP