Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കാനം രാജേന്ദ്രൻ; കർഷകരും തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ വിധിയെഴുത്തെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; എഐടിയുസി 17ാം സംസ്ഥാന സമ്മേളനത്തിന് സമാപിച്ചു

മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കാനം രാജേന്ദ്രൻ; കർഷകരും തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ വിധിയെഴുത്തെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; എഐടിയുസി 17ാം സംസ്ഥാന സമ്മേളനത്തിന് സമാപിച്ചു

രഞ്ജിത് ബാബു

കണ്ണൂർ;തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്ന ഉജ്ജ്വല പ്രകടനത്തോടെ എഐടിയുസിയുടെ 17ാം സംസ്ഥാന സമ്മേളനത്തിന് സമാപനമായി. കലക്ട്രേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളവത്കരണ സാമ്പത്തിക നയങ്ങൾക്കെതിരെ തൊഴിലാളിവർഗ്ഗം ഒറ്റക്കെട്ടായും തങ്ങളുടെ ജീവിത ദുരിതങ്ങൾക്കെതിരെ കർഷകരും നടത്തിയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ വിധിയെഴുത്ത്.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾ ഒന്നൊന്നായി ബിജെപിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 2019ൽ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന്റെ ചില സൂചനകളും ഇത് നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധി വരുന്നതിന്റെ തലേ ദിവസമാണ് ഇന്ത്യയിലെ 21 പ്രമുഖ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് മോദി സർക്കാരിനെതിരായ നിലപാടുകളിൽ ഒരുമിച്ച് നിൽക്കണമെന്ന് തീരുമാനിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ യോജിച്ച സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള ആശയവിനിമയങ്ങൾ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായി.

ആശയപരമായും നയപരമായും പ്രതിപക്ഷ കക്ഷികളിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും മോദിയെ പുറത്താക്കുക എന്ന കാര്യത്തിൽ പൊതുസമൂഹത്തിനിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് മോദിയെ പുറത്താക്കുക എന്നതാണെന്നും ഈ തെരഞ്ഞെടുപ്പ് വിധി വ്യക്തമായ സൂചനകൾ നൽകുന്നു. തൊഴിലാളിവിരുദ്ധ- കർഷകവിരുദ്ധ നിയമനിർമ്മാണങ്ങൾ പാരർലമെന്റിൽ പാസ്സാക്കിയെടുക്കാൻ കഴിഞ്ഞാലും രാജ്യസഭയിൽ അത് സാധ്യമാകാത്ത സ്ഥിതി വിശേഷം കൂടി ഈ തെരഞ്ഞെടുപ്പ് വിധിയെഴുത്തിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1990കളിൽ രാജ്യത്ത് ആരംഭിച്ച നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ എല്ലാ കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്തമായ പോരാട്ടത്തിന്റെ വേദിയിലാണ്. അത്തരം പോരാട്ടങ്ങളിൽ ചരിത്രം രചിക്കാൻ പോകുന്ന ഒന്നാണ് ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കാൻ പോകുന്ന പൊതുപണിമുടക്ക്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ രൂപം കൊണ്ടിരിക്കുന്ന നിരവധി തൊഴിലാളി സംഘടനകളും അണിനിരക്കുന്ന പ്രസ്തുത പണിമുടക്ക് പങ്കാളിത്തത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ സമരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്വകാര്യ വത്കരണത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്ന സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമിയിലും ആസ്തികളിലും കണ്ണുവെച്ച് കടന്നുവരുന്ന കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന സമീപനങ്ങൾ കേന്ദ്രം സ്വീകരിക്കുമ്പോൾ സംസ്ഥാനത്തെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുത്തുകൊള്ളാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളവും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന പ്രഖ്യാപനവും ആ ബദൽ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ വിശ്വാസികളും അവിശ്വാസികളുമെന്ന വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് ജനുവരി ഒന്നിന് വനിതാമതിൽ സൃഷ്ടിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. നവോത്ഥാന പാരമ്പര്യങ്ങളുടെ കേരളത്തിൽ സ്ത്രീ സമത്വം ഓർമ്മിപ്പിക്കാൻ ഭരണഘടന ബെഞ്ചിന്റെ വിധി വരെ കാത്തിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നാം ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ പോർമുഖം തുറക്കുക എന്നതിനപ്പുറം ശബരിമല വിഷയത്തിൽ ബിജെപിക്കും കോൺഗ്രസ്സിനും വ്യക്തമായ നയങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി.

ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, ബികെഎംയു പ്രസിഡന്റ് കെ ഇ ഇസ്മയിൽ, സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, സിപിഐ ജില്ല സെക്രട്ടറി പി സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. സി പി സന്തോഷ്‌കുമാർ സ്വാഗതവും സി പി ഷൈജൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP