Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്മനാഭസ്വാമി ക്ഷേത്രത്തിലേയും ആറ്റുകാലിലേയും സ്ഥിരം സന്ദർശകൻ; നിർമ്മാല്യവും ദീപാരാധനയും തൊഴുത് ഉറക്കം പലപ്പോഴും അമ്പലങ്ങളിൽ; അവസാനമായി വീട്ടിൽ നിന്നിറങ്ങിയതും അമ്പലത്തിലേക്കെന്ന് പറഞ്ഞ്; യുവതി പ്രവേശനത്തിന് അനുകൂല വിധി വന്നതോടെ ശബരിമലയിലെ കരാർ ജോലിയും ഉപേക്ഷിച്ച് മടങ്ങി; സെക്രട്ടേറിയറ്റിന് മുന്നിൽ തീകൊളുത്തി മരിച്ച വേണു ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കളും

പത്മനാഭസ്വാമി ക്ഷേത്രത്തിലേയും ആറ്റുകാലിലേയും സ്ഥിരം സന്ദർശകൻ; നിർമ്മാല്യവും ദീപാരാധനയും തൊഴുത് ഉറക്കം പലപ്പോഴും അമ്പലങ്ങളിൽ; അവസാനമായി വീട്ടിൽ നിന്നിറങ്ങിയതും അമ്പലത്തിലേക്കെന്ന് പറഞ്ഞ്; യുവതി പ്രവേശനത്തിന് അനുകൂല വിധി വന്നതോടെ ശബരിമലയിലെ കരാർ ജോലിയും ഉപേക്ഷിച്ച് മടങ്ങി; സെക്രട്ടേറിയറ്റിന് മുന്നിൽ തീകൊളുത്തി മരിച്ച വേണു ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കളും

ആർ പീയൂഷ്

തിരുവനന്തപുരം: കോവിലിൽ ദർശനം നടത്തിയിട്ട് വരാമെന്ന് പറഞ്ഞാണ് ഇന്ന് പുലർച്ചെ സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് വയൽ സ്വദേശി വേണുഗോപാലൻ നായർ(46) വീട്ടിൽ നിന്നും ഇറങ്ങിയത്. വലിയ ഈശ്വര ഭക്തനായതിനാൽ എല്ലാ ദിവസവും പത്മനാഭ സ്വാമീ ക്ഷേത്രത്തിലും ആറ്റുകാൽ ഭഗവതീ ക്ഷേത്രത്തിലും പോകുന്നത് പതിവാണ്. രാവിലെ നിർമ്മാല്യം തൊഴാനും രാത്രിയിൽ ദീപാരാധന കണ്ട് തൊഴാനും പോകും.

ചില ദിവസങ്ങളിൽ അമ്പലങ്ങളിൽ തന്നെ കിടന്നുറങ്ങുന്ന പതിവും ഉണ്ട്. അതിനാലാണ് ഇന്നലെ വീട്ടിൽ നിന്നിറങ്ങിയിട്ടും തിരികെ വരാത്തതിനാൽ വീട്ടുകാർ അന്വേഷിക്കാതിരുന്നത്. മുട്ടടയിലെ വീട്ടിൽ ഇളയ സഹോദരനും അമ്മയ്ക്കും ഒപ്പമാണ് താമസം. 12 വർഷം മുൻപ് വിവാഹ മോചനം നേടിയിരുന്നു. പ്ലംബിങ്ങും വയറിങ്ങും ചെയ്ത് ജീവിച്ചു പോരുകയായിരുന്നു. എല്ലാ വർഷവും ശബരിമലയിൽ പോകുകയും കരാർ അടിസ്ഥാനത്തിൽ അപ്പം അരവണ പ്ലാന്റിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന കോടതി വിധി വന്നതിന് പിന്നാലെ ഏറെ അസ്വസ്ഥനായിരുന്നു വേണുഗോപാലൻ നായർ. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു ഇതിന്റെ കാരണം. ബിജെപി അനുഭാവി അല്ലാതിരുന്നിട്ടുകൂടി ബിജെപി സംഘടിപ്പിച്ചിരുന്ന നാമജപ പ്രതിഷേധത്തിലൊക്കെ വേണുഗോപാലനും പങ്കെടുത്തിരുന്നു. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്നും അതിനായി തന്റെ ജീവൻ വരെ ബലി നൽകുമെന്നും മുൻപ് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

സർക്കാർ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ശബരിമലയിലേക്ക് ഇനി താൻ പോകില്ല എന്ന് വേണുഗോപാലൻ നായർ തീരുമാനിക്കുകയായിരുന്നു. കരാർ ജോലിയിൽ നിന്നും പിന്മാറുകയും ചെയ്തു. യുവതികൾ അവിടെ പ്രവേശിക്കുന്നത് കാണാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. ബിജെപി സത്യാഗ്രഹം ആരംഭിച്ചപ്പോൾ തന്നെ എല്ലാ ദിവസവും ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രർത്തകർക്ക് മർദ്ദനമേറ്റ സംഭവമൊക്കെ വേണുഗോപാലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതാവാം ജീവനൊടുക്കാനുണ്ടായ കാരണം എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

കോവിലിൽ ദർശനം നടത്തിയ ശേഷം സമമരപന്തലിന് മുന്നിൽ നിന്നും നാമജപയജ്ഞം കണ്ടുനിന്ന വേണുഗോപാൽ അവിടെ നിന്നും പോയി. പിന്നീട് തിരികെ ഒരു മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയും ക്യാപിറ്റൽ ടവറിന്റെ അടുത്ത് വച്ച് പെട്രോൾ ദേഹത്തൊഴിച്ചു. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു കൊണ്ട് ശരീരത്തിലേക്ക് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം ഇയാൾ ശരണം വിളിച്ചു കൊണ്ട് സമരപന്തലിലേക്ക് പാഞ്ഞടുത്തു. ഈ സമയം എഴുപതിനടുത്ത് ആളുകൾ അവിടെയുണ്ടായിരുന്നു. ഒരു തീഗോളം പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും ഞെട്ടിത്തെറിച്ചു നിൽക്കുമ്പോൾ വേണുഗോപാൽ പന്തലിന് മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു.

ഉടൻ തന്നെ ബിജെപി പ്രവർത്തകർ വെള്ളം കോരിയൊഴിച്ചു തീകെടുത്തി. ഒപ്പം അടുത്തുണ്ടായിരുന്ന പൊലീസും എത്തി. തീ അണച്ച ശേഷം പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്നും ഉടൻ തന്നെ ബേൺസ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ദേഹം പൊള്ളി അടർന്നിട്ടും നിലവിളിക്കുമ്പോഴൊക്കെ സ്വാമിയേ ശരണം അയ്യപ്പാ എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഐ.സി.യുവിൽ കുളിപ്പിക്കുമ്പോഴും ശരണം വിളി തുടർന്നു.

വേണുഗോപാലൻ നായരുടെ ശരീരം 90 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളും അടർന്ന് പോയിട്ടുമുണ്ട്. ജീവൻ അപകടത്തിലായതിനാൽ മജിസ്ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം അനുഭാവികളാണ് വേണുഗോപാലൻ നായരുടെ കുടുംബം. പാർട്ടിയുടെ ചില നിലപാടുകളിൽ ഭിന്നതയുണ്ടായതിനാൽ പ്രത്യക്ഷ പാർട്ടി പ്രവർത്തനം ഇപ്പോൾ ഇല്ല. സംഭവം അറിഞ്ഞ് സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവൻകുട്ടി ആശുപത്രിയിലെത്തി എല്ലാ സഹായ വാഗ്ദാനവും നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും മെഡിക്കൽ കോളേജിൽ എല്ലാ സഹായങ്ങൾക്കുമാി നില ഉറപ്പിച്ചിട്ടുമുണ്ട്. കന്റോൺമെന്റ് പൊലീസാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP