Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി

ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി

പി നാഗരാജ്

തിരുവനന്തപുരം: ഹെറോയിൻ കടത്ത് കേസിലെ വിദേശിയായ പ്രതിയെ കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടി മാറ്റി തെളിവു നശിപ്പിച്ച കേസിൽ സാക്ഷികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഡിസംബർ 28ന് സാക്ഷികളെ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി ക്കാണ് കോടതി നിർദ്ദേശം നൽകിയത്. വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന ജോസ്, അഭിഭാഷകനും മുൻ എംഎ‍ൽഎയുമായ ആന്റണി രാജു എന്നിവരാണ് തൊണ്ടി നശിപ്പിച്ച കേസിലെ പ്രതികൾ.

1991 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അടി വസ്ത്രത്തിലൊളിപ്പിച്ച് ഹെറോയിൻ ലഹരി മരുന്ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേ വിദേശിയായ യുവാവിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.നിർണ്ണായക തൊണ്ടി മുതലുകളായി ഹെറോയിൻ ലഹരിമരുന്ന്, അതൊളിപ്പിച്ച് വച്ച വിദേശിയുടെ അടി വസ്ത്രം, ബാഗേജുകൾ , പാസ്‌പോർട്ട്, വിസ, എയർ ടിക്കറ്റ് എന്നിവ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എഫ്.ഐ.ആർ ,പ്രഥമ വിവരമൊഴി, കൃത്യസ്ഥല മഹസ്സർ, തൊണ്ടി വകകൾ കണ്ടെഴുതിയ മഹസ്സർ ,കുറ്റകൃത്യത്തിലുൾപ്പെട്ട വകകൾ രേഖപ്പെടുത്തിയ തൊണ്ടിപ്പട്ടിക (കെ.പി.എഫ് 151 (എ) ഫാറത്തിൽ രേഖപ്പെടുത്തിയത്), അറസ്റ്റ് മെമോ, ദേഹ പരിശോധന മെമോ, അറസ്റ്റ് അറിയിപ്പ് ,ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസ് ഫോറം നമ്പർ 15 (കുറ്റ കൃത്യവുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ രേഖപ്പെടുത്തിയത് ), റിമാന്റപേക്ഷ എന്നിവ സഹിതമാണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.പ്രതിയെ കോടതി ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.

കോടതി ഉത്തരവ് പ്രകാരം തൊണ്ടി വകകൾ തൊണ്ടി നമ്പരിട്ട് തൊണ്ടി ക്ലാർക്ക് തൊണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി തന്റെ സൂക്ഷിപ്പിലുള്ള അലമാരയിൽ വക്കുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം പ്രതിയായ വിദേശി ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് പ്രതി അഭിഭാഷകൻ മുഖേന കേസുമായി ബന്ധമില്ലാത്ത തന്റെ സ്വകാര്യ വസ്തു വകകൾ തനിക്ക് മൂന്നാം സ്ഥാനത്തിൽ വിട്ടു നൽകണമെന്ന് കാണിച്ച് സത്യവാങ്മൂലവും ഹർജിയും മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്നാം സ്ഥാനത്ത് വിട്ടു കിട്ടുന്ന വകകൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരാക്കിക്കൊള്ളാമെന്നും ആയതിൽ വീഴ്ച വരുത്തുന്ന പക്ഷം കോടതി കൽപ്പിക്കുന്ന ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാമെന്നും കാണിച്ചായിരുന്നു സത്യവാങ്മൂലം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 451 പ്രകാരമാണ് ഹർജി സമർപ്പിച്ചത്.

കേസുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ ജാമ്യ ബോണ്ടിൻ മേൽ പ്രതിക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ തൊണ്ടി ക്ലർക്കും പ്രതിയുടെ അഭിഭാഷകനും ഗൂഢാലോചന നടത്തി പ്രതിയെ ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ബാഗേജ് മടക്കി നൽകിയ കൂട്ടത്തിൽ , മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന തൊണ്ടി വകയായ പ്രതിയുടെ അടിവസ്ത്രവും കൂടി പ്രതിക്ക് മൂന്നാം സ്ഥാനം നൽകിയ ശേഷം പ്രതിക്ക് ഒരു തരത്തിലും പാകമാകാത്ത ഒരു കൊച്ചു കുട്ടിയുടെ അടിവസ്ത്രം പകരം വ്യാജ തൊണ്ടിയാക്കി അതേ തൊണ്ടി നമ്പരിട്ട് കേസിലെ റെക്കോഡുകൾക്കൊപ്പം വച്ച് യഥാർത്ഥ തൊണ്ടി മുതൽ നശിപ്പിക്കുകയും വ്യാജ തെളിവ് ഹാജരാക്കിയെന്നുമാണ് കേസ്.

സെഷൻസ് കോടതിയിൽ നടന്ന വിചാരണ വേളയിൽ തൊണ്ടി വകകൾ അക്കമിട്ട് കോടതി രേഖകളാക്കി തെളിവിൽ സ്വീകരിക്കവേ അടിവസ്ത്രം തെളിവിൽ സ്വീകരിക്കുന്നതിനെതിരെ പ്രതിഭാഗം ശക്തമായി എതിർത്തു.തുടർന്ന് തുറന്ന കോടതിയിൽ വച്ച് പ്രതിക്ക് പാകമാകാത്ത അടിവസ്ത്രമാണ് പൊലീസ് ഹാജരാക്കിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തി. പ്രതിക്ക് ഇടാൻ പോലും പറ്റാത്ത അടി വസ്ത്രത്തിൽ എങ്ങനെ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താനാവുമെന്നും പ്രേസിക്യൂഷനോട് ചോദിച്ചു. പ്രതി നിരപരാധിയാണെന്നും പ്രതിയെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ കേസ് തള്ളി കോടതി പ്രതിയെ വെറുതെ വിട്ടു.

പ്രതി വിദേശത്തേക്ക് തിരികെ പോകുകയും ചെയ്തു. എന്നാൽ ഫ്രാൻസ് രാജ്യത്തിലെ വിമാനത്താവളത്തിലൂടെ പ്രതി വീണ്ടും ഹെറോയിൻ കടത്തവെ ഇന്റർപോൾ പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് മുൻ കൃത്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യവേ പ്രതിയുടെ കുറ്റ സമ്മത മൊഴിയിൽ ഇന്ത്യയിൽ ചെയ്ത ഹെറോയിൻ കടത്തിനെപ്പറ്റി മൊഴി നൽകി. തൊണ്ടി മാറ്റി കേസിൽ നിന്നൂരിയ വിവരവും ഇന്റർ പോളിന് മുന്നിൽ വെളിപ്പെടുത്തി. ഇന്റർപോൾ ഇന്ത്യൻ എംബസി വഴി വിവരം ഇന്ത്യൻ സ്ഥാനപതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് 1994 ൽ ക്രൈം നമ്പർ 215 ആയി വഞ്ചിയൂർ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ ചുമതപ്പെടുത്തി. 1996 ൽ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഡിവൈസ് പി വക്കം പ്രഭയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി ( കുറ്റകരമായ ഗൂഢാലോചന), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ ), 193 ( നീതിന്യായ നടപടികളിൽ വ്യാജ തെളിവ് നൽകൽ ),217 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ നിയമ നിർദ്ദേശം അനുസരിക്കാതിരിക്കൽ ), 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. പ്രതികൾ വഞ്ചിയൂർ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നവരാകയാൽ കേസ് വിചാരണ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിസംബർ 28 ന് പ്രതികളും സാക്ഷികളും നെടുമങ്ങാട് കോടതിയിൽ ആണ് ഹാജരാകേണ്ടത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP