Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തൂറ്റ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ; മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 700 ഓളം ശാഖകളും അടഞ്ഞു കിടക്കുന്നു; ഓരോ ദിവസവും മാനേജ്മെന്റിന് കോടികളുടെ നഷ്ടം; എന്നിട്ടും തലകുനിക്കാൻ തയ്യാറാകാതെ മാനേജ്മെന്റ്; ഇത്തവണ ആവശ്യങ്ങൾ അംഗീകരിപ്പിക്കുമെന്നു യൂണിയനും; രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുത്തൂറ്റും യൂണിയനും തമ്മിലുള്ള ബലാബലത്തിനു വീണ്ടും അരങ്ങൊരുങ്ങുന്നു

മുത്തൂറ്റ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ; മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 700 ഓളം ശാഖകളും അടഞ്ഞു കിടക്കുന്നു; ഓരോ ദിവസവും മാനേജ്മെന്റിന് കോടികളുടെ നഷ്ടം; എന്നിട്ടും തലകുനിക്കാൻ തയ്യാറാകാതെ മാനേജ്മെന്റ്; ഇത്തവണ ആവശ്യങ്ങൾ അംഗീകരിപ്പിക്കുമെന്നു യൂണിയനും; രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുത്തൂറ്റും യൂണിയനും തമ്മിലുള്ള ബലാബലത്തിനു വീണ്ടും അരങ്ങൊരുങ്ങുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 700 ഓളം ശാഖകളും അടഞ്ഞു കിടക്കുകയാണ്. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 2000 ത്തോളം ജീവനക്കാർ അനിശ്ചിത കാല സമരത്തിലായത് കാരണമാണ് ശാഖകൾ അടഞ്ഞു കിടക്കുന്നത്. ഒരു ദിവസം മുത്തൂറ്റ് കേരളത്തിൽ അടഞ്ഞുകിടന്നാൽ പ്രതിദിനം നഷ്ടം ഒരു കോടിയിലും അധികമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും സമരത്തിന് നേരെ മുത്തൂറ്റ് മാനേജ്മെന്റ് മൗനം പാലിക്കുകയാണ്. ഏത് സമരത്തിലും ഒത്തുതീർപ്പിനു സാധ്യതകൾ ഉണ്ടായിരിക്കെ ഈ ഒത്തുതീർപ്പ് സാധ്യതകൾ ഒന്നാകെ അടച്ചുകൊണ്ടാണ് ജീവനക്കാരെ സമര മുനമ്പിലേക്ക് മാനേജ്മെന്റ് തള്ളിവിട്ടത്.

2017-18 ലെ അർഹതപ്പെട്ട ബോണസ് വിതരണം ചെയ്യുക, യൂണിയൻ പ്രശ്‌നങ്ങളുടെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുക, യൂണിയൻ നൽകിയ അവകാശ പത്രിക ചർച്ച ചെയ്ത് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, പ്രതികാര സ്ഥലം മാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളുടെ പേരിലാണ് സമരം നടക്കുന്നത്. ഇതിനായി കഴിഞ്ഞ നവംബർ ഒന്നുമുതൽ പ്രതിഷേധ ദിനവും ഹെഡ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരവും കോട്ടയം തിരുവനന്തപുരം ജോയിന്റ് മാനേജിങ് ഡയറക്ടർമാരുടെ വീട്ടിലേക്ക് മാർച്ചും ധർണയും എല്ലാം യൂണിയൻ നടത്തി വരുന്നുണ്ട്, ഇതിനു ശേഷമാണ് യൂണിയൻ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്. യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കുകയല്ല മുത്തൂറ്റ് മാനേജമെന്റ് ചെയ്യുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചതായി മന്ത്രിയുടെ സാന്നിധ്യത്തിൽ അടക്കം നടക്കുന്ന ചർച്ചകളിൽ ഭാവിക്കും. എല്ലാം ഒപ്പിട്ടു നൽകും. ഒന്നും നടപ്പിലാക്കില്ല. നടപ്പിലാക്കിയാൽ മാനേജ്മെന്റിനു ബോധിക്കുന്ന ജീവനക്കാർക്ക് എല്ലാം നൽകും. മറ്റുള്ളവരെ അവഗണിക്കും.

2016 സമരത്തിന് ശേഷം മാനേജമെന്റ് രീതി ഇതാണ്. ഇതുകൊണ്ട് തന്നെയാണ് ആവർത്തിച്ച് ആവർത്തിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്ക് സമരമുനമ്പിലേക്ക് എത്തിപ്പെടേണ്ടി വരുന്നത്. തൊഴിലാളി സംഘടനയെ അംഗീകരിക്കില്ല. സംഘടനയ്ക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ പിൻബലം ഉണ്ടെങ്കിലും മാനേജ്മെന്റ് അതു കണക്കിലെടുക്കില്ല. ശതകോടികളുടെ ആസ്തിയുള്ള കമ്പനിയുടെ ഹുങ്ക് ഇതിനു പിന്നിലുണ്ട്. തൊഴിലാളികളെ ഒരിക്കലൂം അംഗീകരിക്കാത്ത സമീപനം വേറെയുമുണ്ട്. 2016ൽ യൂണിയൻ ഉണ്ടാക്കുകയും ആ യൂണിയന് സിഐടിയു പിൻബലം നൽകുകയും ചെയ്തതോടെ മാനേജ്മെന്റ് യൂണിയനുമായി ഉടക്കി. തൊഴിലാളി യൂണിയൻ മുത്തൂറ്റിൽ വരിക എന്നത് മാനേജമെന്റിനു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അന്ന് മുതൽ പ്രതികാര നടപടികളുടെ ആരംഭങ്ങൾക്ക് തുടക്കമിട്ടു. ജീവനക്കാരെ നിരന്തരം ട്രാൻസ്ഫർ ചെയ്യുക. ആനുകൂല്യങ്ങൾ നൽകാതിരിക്കുക. മാനേജമെന്റിനു പ്രതികാര നടപടിയുടെ ഭാഗമായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക. ഇതാണ് മാനേജമെന്റ് പയറ്റിയത്.

ബോണസ് നൽകിയാൽ ഇൻസെന്റീവ് നൽകില്ല. ഇന്‌സെന്ററ്റീവിന് ചോദിച്ചാൽ അത് ബോണസിന്റെ കണക്കിൽപ്പെടുത്തി എന്ന് പറയും. മറ്റൊരു ഒരു ഉദാഹരണമാണ് ഇഎസ്ഒപി. 450 രൂപ വിലയുള്ള ഷെയറുകൾ ജീവനക്കാർക്ക് 10 രൂപയ്ക്ക് നൽകുന്ന പദ്ധതി. 2012-ൽ മുത്തൂറ്റ് എംഡി ഒപ്പിട്ടു നൽകിയതാണ് ഈ ആനുകൂല്യം. യൂണിയനുമായി ബന്ധപ്പെട്ടവർക്ക് ആർക്കും മാനേജ്മെന്റ് ഇത് നൽകിയില്ല. പകരം യൂണിയനുമായി ബന്ധമില്ലാത്തവർക്ക് നൽകി. ഇതുമാതിരിയുള്ള ഒട്ടുവളരെ പ്രതികാര നടപടികൾ ആണ് മാനേജ്മെന്റ് തൊഴിലാളികൾക്ക് എതിരെ പയറ്റുന്നത്. മാനേജ്മെന്റ് കബളിപ്പിച്ചത് കാരണം 2016-ൽ മൂന്നു തവണയാണ് മുത്തൂറ്റ് ജീവനക്കാർക്ക് സമരം ചെയ്യേണ്ടി വന്നത്. എല്ലാം പരിഹരിക്കപ്പെട്ടെന്നു മാനേജ്മെന്റ് എഴുതി നൽകും. സമരം നിർത്തിയാൽ എല്ലാം വീണ്ടും ആവർത്തിക്കും. ശതകോടികളുടെ ആസ്തിയുള്ള കമ്പനിയോട് കളിച്ചാൽ ജീവനക്കാരുടെ അവസ്ഥ പരിതാപകരമാകും എന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് ജീവനക്കാർക്ക് മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ പൊറുതിമുട്ടിയാണ് ജീവനക്കാർ വീണ്ടും സമരപ്പന്തൽ മുത്തൂറ്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ കെട്ടിപ്പൊക്കിയിരിക്കുന്നത്.

2016-ലെ സമരങ്ങൾക്ക് ശേഷം തൊഴിലാളി യൂണിയനുകളുമായി ഒത്തുപോകാൻ മാനേജ്മെന്റ് ഒരിക്കലും ശ്രമിച്ചില്ല എന്ന് മാത്രമല്ല പണികൊടുക്കാൻ കഴിയുന്ന സമയത്ത് എല്ലാം യൂണിയനിൽപെട്ടവരെ തിരഞ്ഞുപിടിച്ച് മാനേജമെന്റ് പണി കൊടുത്തുകൊണ്ടിരുന്നു-യൂണിയൻ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മുത്തൂറ്റ് മാനേജമെന്റിനെതിരായ സമരത്തെ നയിച്ചു കൊണ്ടിരുന്ന നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഭിലാഷിനെ 2016 സമരകാലത്ത് മാനേജ്മെന്റ് സ്ഥലം മാറ്റിയത് തിരുപ്പതിയിലേക്കായിരുന്നു. പക്ഷെ അഭിലാഷ് പോയില്ല. മറിച്ച് സമരത്തിൽ ഉറച്ചു നിന്നു. ഒടുവിൽ സമരം പിൻവലിക്കപ്പെട്ടപ്പോൾ അഭിലാഷിന്റെ ട്രാൻസ്ഫറും പിൻവലിച്ചു. ഇങ്ങിനെ ഒട്ടുവളരെ പേർക്കാണ് കമ്പനി 2016 ലെ സമരകാലത്ത് പണി നൽകിയത്.

ഒരു ശാഖയിൽ നിന്ന് കേരളത്തിലെ 750 ഓളം ശാഖകളിലേക്ക് കമ്പനിക്ക് എങ്ങിനെ വേണമെങ്കിലും സ്ത്രീ ജീവനക്കാർക്ക് ട്രാൻസ്ഫർ നൽകാം. ജീവനക്കാർ സമരത്തിന്റെ മാർഗം സ്വീകരിച്ചപ്പോൾ കമ്പനിയും ജീവനക്കാർക്ക് തിരികെ പണി നൽകിക്കൊണ്ടിരുന്നു. 2016-ൽ തുടങ്ങിയ മാനേജമെന്റ്-ജീവനക്കാർ തമ്മിലുള്ള അസ്വാരസ്യം ഒരിക്കലും തീർന്നതുമില്ല. 2016 നു ശേഷം സമരമുഖത്തേക്ക് നീങ്ങാൻ ജീവനക്കാർ മടിച്ചു നിന്നെങ്കിലും ഇപ്പോൾ ഒരു നിവൃത്തിയുമില്ലാതെ സ്ഥാപനങ്ങൾക്ക് മുന്നിൽ മുത്തൂറ്റ് ജീവനക്കാർ വീണ്ടും സമരപ്പന്തൽ ഉയർത്തിയിരിക്കുകയാണ്. 'ന്യായമായ ആവശ്യങ്ങൾ ആണ് ജീവനക്കാർ ഉയർത്തുന്നത്. കോടികളുടെ ആസ്തിയുള്ള കമ്പനിക്ക് വളരെ നിസ്സാരമാണ് ഞങ്ങളുടെ ആവശ്യങ്ങൾ. പക്ഷെ മൂന്നു വർഷമായി കമ്പനി ഞങ്ങളെ കബളിപ്പിക്കുകയാണ്. 20 ശതമാനം ബോണസ് നല്കണം എന്നുള്ളത് എല്ലാ കമ്പനികളും അനുശാസിക്കേണ്ട രീതിയാണ്. 20 ശതമാനം ബോണസ് ആണ് ഇപ്പോഴത്തെ ഞങ്ങൾ ഉയർത്തിയ ആവശ്യങ്ങളിലൊന്ന്. ഈ ബോണസ് നൽകേണ്ടതുണ്ട് എന്ന് ലേബർ ഓഫീസർ കൂടി മാനേജമെന്റിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ അവർ നിരസിച്ചു.

ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുത്തൂറ്റ് ഫിനാൻസിൽ കാര്യങ്ങൾ മാനേജ്മെന്റ് നടത്തുന്നത്- നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഭിലാഷ് മറുനാടനോട് പറഞ്ഞു, ഇടത് സർക്കാർ ഭരിക്കുമ്പോൾ ഇടത് യൂണിയൻ ആണ് മാനേജ്മെന്റുമായി ഉടക്കി മുത്തൂറ്റ് സമരപ്പന്തലിൽ സമരവുമായി ഇരിക്കുന്നത്. ഇടത് ഭരണവും സിഐടിയു പിൻബലവും ഉള്ളത് കാരണം ഇക്കുറി ഞങ്ങൾ ആവശ്യങ്ങൾ നേടുക തന്നെ ചെയ്യുമെന്നാണ് സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുന്നത്. പക്ഷെ കോടികൾ നഷ്ടം വന്നാലും ജീവനക്കാർക്ക് മൂക്ക് കയർ ഇടുമെന്നു മുത്തൂറ്റ് മാനേജമെന്റ് തീരുമാനിച്ചിരിക്കുന്നതിനാൽ ജീവനക്കാരുടെ ഭാവിക്ക് മുന്നിൽ താത്ക്കാലത്തേക്കെങ്കിലും അനിശ്ചിതത്വത്തിന്റെ നിഴൽ വീഴുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP