Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയെ തോൽപ്പിക്കാനുള്ള കരുത്ത് മോഹൻലാൽ ഫാൻസ് നേടിയെന്ന് വ്യക്തമാക്കി കൊണ്ട് നേരം വെളുക്കും മുമ്പ് കേരളം മുഴുവൻ ഒടിയൻ ആവേശത്തിൽ; തടയാൻ എത്തിയാൽ പഞ്ഞിക്കിടുമെന്ന് പ്രഖ്യാപിച്ച് ഫാൻസ് ഇളകിയതോടെ ഹർത്താൽ വകവയ്ക്കാതെ എല്ലാ തിയേറ്ററുകളും പതിവ് പോലെ പ്രദർശനത്തിന്; ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ എന്തിന് ഹർത്താൽ എന്ന് ചോദിച്ച് സംഘപരിവാർ ഗ്രൂപ്പുകളിലും വൻ ചർച്ച; വേണുഗോപാലൻ നായരുടെ പേരിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ എട്ടുനിലയിൽ പൊട്ടുമെന്ന് സൂചന

ബിജെപിയെ തോൽപ്പിക്കാനുള്ള കരുത്ത് മോഹൻലാൽ ഫാൻസ് നേടിയെന്ന് വ്യക്തമാക്കി കൊണ്ട് നേരം വെളുക്കും മുമ്പ് കേരളം മുഴുവൻ ഒടിയൻ ആവേശത്തിൽ; തടയാൻ എത്തിയാൽ പഞ്ഞിക്കിടുമെന്ന് പ്രഖ്യാപിച്ച് ഫാൻസ് ഇളകിയതോടെ ഹർത്താൽ വകവയ്ക്കാതെ എല്ലാ തിയേറ്ററുകളും പതിവ് പോലെ പ്രദർശനത്തിന്; ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ എന്തിന് ഹർത്താൽ എന്ന് ചോദിച്ച് സംഘപരിവാർ ഗ്രൂപ്പുകളിലും വൻ ചർച്ച; വേണുഗോപാലൻ നായരുടെ പേരിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ എട്ടുനിലയിൽ പൊട്ടുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് 21 ദിവസമാണ്. ബിജെപിയുടെ ജനറൽ സെക്രട്ടറിയെ ഇത്രയും ദിവസം ജയിലിൽ ഇട്ടതിനെതിരെ പൊതു സമൂഹം പോലും എതിർപ്പ് പ്രകടിപ്പിച്ചു. ഇതിന്റെ പേരിൽ ബിജെപി ഹർത്താലോ പ്രതിഷേധമോ ഒന്നും നടത്തിയില്ല. വൃശ്ചികം ഒന്നിന് ശശികല ടീച്ചറുടെ അറസ്റ്റിൽ ഹർത്താൽ നടത്തിയതു കൊണ്ട് അടുത്ത് വീണ്ടുമെങ്ങനെ ഹർത്താൽ നടത്തുമെന്നതായിരുന്നു അന്ന് ഉയർത്തിയ ചോദ്യം. എന്നാൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ അടുപ്പിച്ച് ഹർത്താൽ എന്ന വാദമൊന്നും ബിജെപി ഓർക്കുന്നുപോലുമില്ല. ഇതോടെ ഹർത്താലിനെതിരെ ബിജെപിയിൽ പോലും എതിർപ്പ് ശക്തമാവുകായണ്. ഇതിനിടെയാണ് ഹർത്താൽ പൊളിക്കാൻ മോഹൻലാൽ ഫാൻസ് സജീവ ഇടപെടൽ നടത്തുന്നത്. ലാൽ ചിത്രമായ ഒടിയൻ കേരളത്തിലെ എല്ലാ തിയേറ്ററിലും പ്രദർശിപ്പിക്കുകയാണ്. എല്ലായിടത്തും തിയേറ്ററിന് സുരക്ഷയൊരുക്കാൻ ലാൽ ഫാൻസും. അങ്ങനെ ലാൽ ഫാൻസിന് മുന്നിൽ എംടി രമേശ് പ്രഖ്യാപിച്ച ഹർത്താൽ പൊളിയുകയാണ്.

രണ്ട് ദിവസം മുമ്പ് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സംഘർഷത്തിന്റെ പേരിലും ബിജെപി ഹർത്താൽ തിരുവനന്തപുരത്ത് നടത്തിയിരുന്നു. അതു തന്നെ അനാവശ്യമായിരുന്നുവെന്ന് ബിജെപിക്കുള്ളിൽ പോലും വിലയിരുത്തലെത്തിയിരുന്നു. ഇത് ശക്തമാക്കുന്നതാണ് വേണുഗോപാൽ നായരുടെ ആത്മഹത്യയിലെ ഹർത്താൽ. സെക്രട്ടറിയേറ്റിലെ സമരപന്തലിൽ വേണുഗോലൻ നായർ തീകൊളുത്തിയ വിഷയം തുടക്കത്തിൽ ബിജെപി ഏറ്റെടുത്തില്ല. ബിജെപിക്കാരൻ അല്ലെന്ന് പോലും പറഞ്ഞു. എന്നാൽ വേണുഗോപാലൻ നായർ മരിച്ചതോടെ ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് സമരപന്തലിൽ പ്രത്യക്ഷപ്പെട്ടു. ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടിയിൽ വേണ്ട വിധമുള്ള കൂടിയാലോചന ഇല്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഹർത്താലിനെ വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് രംഗത്ത് എത്തിയത്. ഇതോടെ ഹർത്താൽ പൊളിയുകയും ചെയ്തു.

ഹർത്താൽ ദിവസം കേരളത്തിലെ തിയേറ്ററുകൾ സാധാരണ തുറക്കാറില്ല. എന്നാൽ ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകൾ തുറന്നു. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്‌ച്ച പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹർത്താലിനെ എതിർത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികൾ ഒന്ന് മനസുവച്ചാൽ ഹർത്താലിനെ ചെറുത്തുതോൽപ്പിക്കാൻ പറ്റും എന്ന് ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് സംഭവിച്ചത്. ഫാൻസുകാർ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുൾ. അങ്ങനെ ഒടിയന്റെ ഒടി വിദ്യയിൽ ബിജെപി ഹർത്താല്ഡ പൊളിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഒടിയൻ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. റിലീസിന് എന്തെങ്കിലും മാറ്റം വന്നാൽ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവർഷം വരെയാണ് പേജ് നിറയെ. ഇതിന് പിന്നാലെയാണ് കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിപ്പ് വന്നത്.

തിയേറ്റർ തുറന്നാൽ പിന്നെ സംരക്ഷണം ഫാൻസ് എറ്റെടുത്തോളുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ എത്തി.. തിയേറ്ററുകൾക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിർന്നാൽ കായികമായി നേരിടുമെന്നും ആരാധകർ വ്യക്തമാക്കി. ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മധ്യവയസ്‌കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് എന്തിനാണ് ഹർത്താൽ എന്ന് പോലും ചോദ്യമെത്തി. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു ഇന്ന്. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഒടിയൻ ലോകമാകമാനം ഒരേദിവസം തിയറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഫാൻസുകാർ അതിശക്തമായി പ്രതികരിക്കാനെത്തിയത്. ഇതിൽ ബിജെപി ഹർത്താൽ പൊളിഞ്ഞു.

35 രാജ്യങ്ങളിലാണ് ചിത്രം പ്രദർശനത്തിയത്. അതിനിടയിലാണ് മോഹൻലാലിന്റെ തട്ടകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻസുകാരുടെ തെറികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫേസ്‌ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴി?ഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദർശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്. ചിത്രം കാണാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഹർത്താൽ പ്രതിസന്ധിയായി മാറി. ഇതോടെയാണ് ഫാൻസുകാരുടെ പ്രതികരണമെത്തിയത്. ബിജെപിയുമായി ഏറെ അടുത്തു നിൽക്കുന്ന സിനിമാക്കാരനാണ് മോഹൻലാൽ. ശബരിമല വിഷയത്തിൽ ഉൾപ്പെടെ പരോക്ഷമായി ബിജെപിയെ പിന്തുണച്ച നേതാവ്. എന്നിട്ടും ലാലിന്റെ സിനിമ റിലീസിനെത്തുന്ന ദിവസം തന്നെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. വേണ്ടത്ര കൂടിയാലോചനകൾ പോലും ചെയ്തില്ല. സിനിമയെ ഹർത്താലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതുമില്ല. ഇതെല്ലാമാണ് ഫാൻസുകാരെ പ്രകോപിപ്പിക്കുന്നത്.

നേരത്തെ ഒടിയൻ സിനിമ റിലീസ് മാറ്റി വെക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം തിരുത്തി സംവിധായകൻ ശ്രീകുമാർ മേനോനും തിരക്കഥാകൃത്തായ ഹരികൃഷ്ണനും ഫേസ്‌ബുക്കിൽ രംഗത്ത് വന്നിരുന്നു. തുടരെ തന്നെ സിനിമക്ക് പിന്തുണയുമായി സംവിധായകൻ അരുൺ ഗോപിയും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. നടൻ ഹരീഷ് പേരടി ഫേസ്‌ബുക്ക് ലൈവിലൂടെ ആക്ഷേപഹാസ്യ രൂപത്തിലാണ് ഇന്നത്തെ ഹർത്താലിനെതിരെ രംഗത്ത് വന്നത്. ഇതോടെയാണ് ഷാ യാഥാർത്ഥ്യമായത്. ചില മാളുകളിൽ ഒഴികെ ബാക്കിയെല്ലായിടത്തും സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. അതിനിടെ ഇത് അനാവശ്യ ഹർത്താൽ ആണെന്ന ചർച്ച ബിജെപി ഗ്രൂപ്പുകളിലും സജീവമാണ്. എംടി രമേശ് ആലോചനയില്ലാതെ നടത്തുന്ന നീക്കമാണിതെന്നാണ് വിമർശനം.

ഈ സാഹചര്യത്തിൽ ഹർത്താൽ ദിവസം പതിവ് വാഹന തടയലുകൾക്കിറങ്ങാൻ ബിജെപി പ്രവർത്തകരും വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലുടനീളം വാഹനങ്ങളും മറ്റും ഓടാനാണ് സാധ്യത. പ്രതിഷേധങ്ങൾക്കിറങ്ങുന്നവരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി ലോക്‌നാഥ് ബെഹറയും നിർദ്ദേശം നൽകി. ബിജെപിയുടെ സമരപന്തലിന് മുന്നിൽ ആത്മത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായർ മരിച്ചതിനെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വനം ചെയ്തത്. അതിനിടെ വേണുഗോപാൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ശബരിമലയെ കുറിച്ചോ ബിജെപി സമരത്തെ കുറിച്ചോ പരാമർശമില്ല. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് നടക്കാനിരുന്ന കേരള, എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകൾ പരീക്ഷകളും ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള അർധ വാർഷിക പരീക്ഷകൾ ഈ മാസം 21ലേക്കാണ് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP