Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ പാഠപുസ്തകമാക്കി കോൺഗ്രസ് പഠിച്ചു; നാലു വർഷം കൊണ്ട് സ്വാംശീകരിച്ചവ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കി; ജാതി-മത സമവാക്യങ്ങൾ കോൺഗ്രസും പയറ്റി; കോൺഗ്രസിനെ വിജയത്തേരിലേറ്റിയത് ഈ അഞ്ചു ഘടകങ്ങൾ

ബിജെപിയെ പാഠപുസ്തകമാക്കി കോൺഗ്രസ് പഠിച്ചു; നാലു വർഷം കൊണ്ട് സ്വാംശീകരിച്ചവ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കി; ജാതി-മത സമവാക്യങ്ങൾ കോൺഗ്രസും പയറ്റി; കോൺഗ്രസിനെ വിജയത്തേരിലേറ്റിയത് ഈ അഞ്ചു ഘടകങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒന്നിനേയും ഒരിക്കലും പ്രാധാന്യം കുറച്ചു കാണരുത്. ഒരിക്കലും ഒരു പാർട്ടിയേയും നേതാവിനേയും എഴുതിത്ത്തള്ളരുത്. പ്രത്യേകിച്ച് 133 വർഷം പാരമ്പര്യമുള്ള രാഷ്ട്രീയപാർട്ടിയായ കോൺഗ്രസിനെ. അതുപോലെ തന്നെ കോൺഗ്രസിനെ നയിച്ചിട്ടുള്ള നേതാക്കളെല്ലാം മികച്ച പാരമ്പര്യത്തിൽ നിന്നു വന്നവരാണെന്നുള്ള കാര്യവും ആരും മറക്കാൻ പാടില്ലാത്തതാണ്. മൂന്നു പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനെ പ്രാധാന്യം കുറച്ചു കണ്ട ബിജെപിക്ക് ഏറ്റ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പാർട്ടിയും തുടർച്ചയായി വിജയം നുകരില്ല എന്നതും ചരിത്രം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ തിളങ്ങുന്ന വിജയത്തോടെ കോൺഗ്രസ് നക്ഷത്രവെളിച്ചത്തിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിന് നേടിയ വിജയം ബിജെപി വിരുദ്ധ വികാരമായി മാത്രം കണക്കിലെടുത്ത് തള്ളാവുന്നതല്ല. തെരഞ്ഞെടുപ്പിൽ കൃത്യമായി രൂപപ്പെടുത്തിയെടുത്ത തന്ത്രങ്ങളുടെ ഫലമാണ് കോൺഗ്രസിന് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായത് എന്നുവേണം പറയാൻ. കൃത്യമായ തയ്യാറെടുപ്പും രൂപരേഖയും തയാറാക്കി പ്രവർത്തിച്ച കോൺഗ്രസ് പ്രധാനമായും അഞ്ചു കാര്യങ്ങൾക്കാണ് തെരഞ്ഞെടുപ്പുകാലത്ത് ഊന്നൽ നൽകിയതും പ്രവർത്തിച്ചതും. 2014- തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ തന്നെയാണ് ഇതെന്നും ഒരുപക്ഷേ വിശദമായി വിശകലനം ചെയ്താൽ മനസിലാകും.

രാഹുലിന്റെ നേതൃത്വം
കരുത്തനായ ഒരു നേതാവില്ലാതെ ഒരു പാർട്ടിക്കും മുന്നോട്ടുപോകാൻ സാധിക്കില്ല. നെഹ്‌റു കുടുംബത്തിൽ നിന്നു തന്നെ പൊതുസമ്മതനായ ഒരു നേതാവിനെ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പുകാലത്ത് ലഭിച്ചുവെന്നത് തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്കായി. വേണ്ട സമയത്ത് ഉചിതമായ തീരുമാനം എടുത്ത് പാർട്ടിയെ നയിക്കാൻ തനിക്കാവും എന്ന് രാഹുൽ ഈ ചെറിയ കാലയളവു കൊണ്ടു തന്നെ തെളിയിച്ചു. മധ്യപ്രദേശിൽ രാഹുൽ എടുത്ത തീരുമാനങ്ങൾ ഒട്ടും പിഴച്ചില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. ബിജെപിയുടെ ഉരുക്കുകോട്ടയായ മധ്യപ്രദേശിൽ നേതൃനിരയിലേക്ക് കമൽ നാഥ്, ജ്യോതിരാദിത്യ സന്ധ്യ, ദിഗ്‌വിജയ് സിങ് എന്നിവരെ അണിനിരത്തി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.

സംഘടനയുടെ ശക്തി അറിയാവുന്ന കമൽനാഥ്, എല്ലാ മണ്ഡലങ്ങളിലും ജനകീയനായ ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാനത്ത് ശക്തമായ വേരുകളുള്ള ദിഗ്‌വിജയ് സിങ് എന്നിവരെ ഒറ്റച്ചരടിൽ കോർത്തിണക്കിയാണ് രാഹുൽ മധ്യപ്രദേശിൽ കോൺഗ്രസ് തേര് തെളിയിച്ചത്. രാജസ്ഥാനിലും ജനകീയനായ അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരെയാണ് തെരഞ്ഞെടുപ്പ് നേതൃത്വം നൽകി അയച്ചത്. ഛത്തീസ്‌ഗഡിലാകട്ടെ ടിഎസ് സിങ് ഡിയോ, തമർദ്വജ് സാഹു, ഭൂപേഷ് ബേഗൽ എന്നിവരെ അണിനിരത്തി എല്ലാ മേഖലകളിലും വോട്ട് ഉറപ്പാക്കി. ഭൂപേഷ് ബേഗലിനെ ഇറക്കി ഒബിസി ഗ്രൂപ്പിലുള്ളവരുടെ വോട്ട് ഉറപ്പാക്കിയപ്പോൾ താക്കൂർ പക്ഷത്തെ കൂടെ നിർത്താൻ പ്രതിപക്ഷ നേതാവുമായ ടി എസ് സിങ് ഡിയോയെ കളത്തിലിറക്കി.

ഗ്രൂപ്പ് ചേരികളുണ്ടാകാതിരിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് ഇവരിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതുമില്ല. തെരഞ്ഞെടുപ്പുകാലങ്ങളിൽ മണ്ഡലങ്ങളിലെല്ലാം പ്രചാരണത്തിന് രാഹുൽ ആർജവത്തോടെ പ്രത്യക്ഷപ്പെട്ടതും തന്നിലെ നേതാവിനെ വാർത്തെടുത്തുവെന്ന് തെളിയിച്ചുകൊണ്ടായിരുന്നു. രാഹുലിന്റെ മാനേജ്‌മെന്റ് കഴിവുകളാണ് ഒരിക്കൽ കുത്തഴിഞ്ഞുപോയ സംഘടനയെ ഒരുമിപ്പിച്ചു നിർത്താൻ സാധിച്ചതെന്ന് നിസംശയം പറയാം.

മതവികാരം നിർണായകമായി
ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ മതം ഒരു ഘടകമാണെന്നു തന്നെ പറയേണ്ടി വരും. ഹിന്ദു പാർട്ടിയായി ബിജെപി സ്വയം വിശേഷിപ്പിച്ചപ്പോൾ കോൺഗ്രസിനെ മുസ്ലിം ചായ്വുള്ള പാർട്ടിയായാണ് കണ്ടിരുന്നത്. 2014 ലോക്‌സഭാ ഇലക്ഷനു ശേഷവും ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസിന് ഒരു കാര്യം വ്യക്തമായി. തന്ത്രങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും വിജയം കാണാൻ സാധിക്കില്ലെന്ന്. അതുകൊണ്ടു തന്നെ രാഹുൽ പയറ്റിയ തന്ത്രങ്ങളിലൊന്ന് മൃദുഹിന്ദുത്വ വാദമാണ്.

കോൺഗ്രസിന്റെ മറുകണ്ടം ചാടൽ ഏവരും വിമർശിച്ചുവെങ്കിലും രാഹുൽ തന്റെ നയത്തിൽ ഉറച്ചു നിന്നു. ഹിന്ദുത്വത്തിന് അനുകൂലമെന്നു കാണിക്കാൻ ക്ഷേത്രദർശനവും മധ്യപ്രദേശിൽ ഗോശാല സംരക്ഷണവും മറ്റും പ്രഖ്യാപിക്കാൻ പാർട്ടി ഒരു മടിയും കാണിച്ചില്ല. വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നതിന് കൂടിയായിരുന്നു രാഹുലിന്റെ ക്ഷേത്രദർശനവും മറ്റും.

സാമ്പത്തിക നയങ്ങൾ വോട്ടാക്കി
ഒട്ടേറെ വികസന പദ്ധതികൾക്ക് ബിജെപി രൂപം കൊടുത്തുവെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. കോൺഗ്രസിന്റെ വിജയം അവിടെ തുടങ്ങുന്നു. ഓരോ ജില്ലയിലേയും മണ്ഡലത്തിലേയും പ്രശ്‌നങ്ങൾ കോൺഗ്രസ് എടുത്തുകാട്ടി പ്രചാരണം തുടങ്ങി. വികസനം എത്തിനോക്കാത്ത മണ്ഡലങ്ങളിൽ ഭരണവിരുദ്ധ വികാരം മൂർഛിക്കാൻ കോൺഗ്രസിന്റെ ഈ തന്ത്രങ്ങൾക്കായി. കർഷകരെ കടക്കെണിയിൽ നിന്നു രക്ഷിക്കുക, ചെറുപ്പക്കാർക്ക് ജോലി സാധ്യത സൃഷ്ടിക്കുക എന്നീ രണ്ട് ഘടകങ്ങളിൽ ഊന്നിയാണ് ഇവിടങ്ങളിൽ കോൺഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.

ബിജെപി സർക്കാരിന്റെ പതനത്തിന് കാരണമായി കണക്കാക്കിയിരുന്ന കർഷക രോഷവും തൊഴിലില്ലായ്മയും വോട്ടാക്കി മാറ്റുന്നതിൽ കോൺഗ്രസ് വിജയിച്ചുവെന്നു വേണം പറയാൻ. കോൺഗ്രസ് വാഗ്ദാനം ചെയ്ത ലോൺ എഴുതിത്ത്തള്ളൽ, ജോലി സാധ്യത സൃഷ്ടിക്കൽ എന്നിവ ചെറുകിട ഇടത്തരം വ്യവസായികൾക്കുള്ള പ്രോത്സാഹന ഘടകങ്ങളായി. നോട്ടുനിരോധനം, ജിഎസ്ടി ഏർപ്പെടുത്തൽ തുടങ്ങിയവയും കോൺഗ്രസിന് അനുകൂല ഘടകങ്ങളാകുകയായിരുന്നു.

ജാതി വോട്ടിലും നോട്ടമിട്ടു
ജാതി സമവാക്യങ്ങളും ഒഴിവാക്കാനാവാത്തതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ. ജാതി വോട്ടുകൾ പിടിച്ചെടുക്കാൻ സാധിച്ചാൽ തന്നെ തെരഞ്ഞെടുപ്പിൽ വിജയം നേടാം എന്നതാണ് വസ്തുത. 2014 മുതൽ ഹിന്ദു പാർട്ടിയായി എടുത്തുകാട്ടിയ ബിജെപി സവർണ വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകുകയായിരുന്നുവെന്നാണ് പൊതുവേ ഉയർന്ന ആക്ഷേപം. ഒബിസി, ദളിത്, ട്രൈബൽ ഗ്രൂപ്പുകളിൽ ബിജെപിക്കുള്ള സ്വാധീനം വളരെ ചെറുതായിരുന്നു.

ഇതു തിരിച്ചറിഞ്ഞ കോൺഗ്രസ് അതു വേണ്ടവിധം പ്രയോജനപ്പെടുത്തി. ബിജെപിക്ക് ദളിതരോടും മറ്റു പിന്നാക്ക വിഭാഗക്കാരോടുമുള്ള മനോഭാവം തുറന്നുകാട്ടി കോൺഗ്രസ് വോട്ടു പിടിച്ചെടുത്തു. സവർണ മേധാവിത്വമുള്ള പാർട്ടിയായി ബിജെപിയെ മറ്റു ജാതികളിൽ നിന്നു വേർപെടുത്തി. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഒബിസി വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികളെ നിർത്തി ഇവർക്കിടയിൽ നിന്നു വോട്ടു നേടി. കൂടാതെ രാജസ്ഥാനിൽ രജ്പുത്ര് വിഭാഗത്തിൽ വേരുറപ്പിക്കാനും കോൺഗ്രസിന് ആയി. മൊത്തത്തിൽ ഹിന്ദു വോട്ടുകൾ മൊത്തം കോൺഗ്രസ് വോട്ടുബാങ്കായി മാറിയ കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്.

സംഘടനാ മികവ്
സംഘടനാ പ്രവർത്തനങ്ങളിൽ ബിജെപിയെ കണ്ടു പഠിക്കുകയായിരുന്നു കോൺഗ്രസും. ബൂത്ത് കമ്മിറ്റികൾ, കേഡർ കമ്മിറ്റികൾ തുടങ്ങിയ ആശയങ്ങൾ ബിജെപിയിൽ നിന്നുൾക്കൊണ്ട് താഴെ തട്ട് മുതൽ കോൺഗ്രസും പ്രവർത്തനം സജീവമാക്കി. കഴിഞ്ഞ നാലു വർഷമായി സച്ചിൻ പൈലറ്റും പയറ്റി വന്നിരുന്നത് ഇതുതന്നെയായിരുന്നു. കഴിഞ്ഞ എട്ടുമാസമായി കമൽനാഥ് മധ്യപ്രദേശിലും ഇതു പ്രാവർത്തികമാക്കി. അജിത് ജോഗി കോൺഗ്രസിൽ നിന്ന് വിട്ടുപോയതിൽ പിന്നെ ഛത്തീസ്‌ഗഡിൽ കോൺഗ്രസ് നേതൃത്വം വളരെ കരുതലോടെയായിരുന്നു കരുക്കൾ നീക്കിയിരുന്നത്.

ഡേറ്റാ അനലിറ്റിക്‌സ് ടീം, ശക്തി പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പാർട്ടി പ്രവർത്തകരെ നേതൃത്വവുമായി കൂടുതൽ അടുപ്പിക്കാനും ഇതുവഴി സാധിച്ചു. കൂട്ടായ പ്രയത്‌നത്തിലൂടെയും പ്രവർത്തനത്തിലൂടെയും അങ്ങനെ കോൺഗ്രസ് വിജയക്കൊടി പാറിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ലളിതമായ ഒരു കാര്യമാണെങ്കിലും ഇതിലുള്ള സങ്കീർണത ഏവരേയും ആശങ്കാകുലരാക്കുന്നതാണ്. ഒരു ഘടകത്തെ മാത്രം ആശ്രയിച്ച് പാർട്ടികൾ വിജയം നേടില്ല. നേതൃത്വം, ജാതി, മതം, സാമ്പത്തികം, സംഘടനാ ശക്തി ഇവയെല്ലാം ഒരുമിക്കുമ്പോഴാണ് വിജയം നേടുന്നത്. കഴിഞ്ഞ നാലു വർഷമായി ബിജെപി കോൺഗ്രസിനെ പഠിപ്പിച്ചത് ഇതാണ്. ഇതു നന്നായി ഉൾക്കൊണ്ട കോൺഗ്രസ് അതേ തന്ത്രം പയറ്റി ബിജെപിയെ അടിയറവു പറയിച്ചു. ഹിന്ദി ഹൃദയഭൂമികയിൽ വെന്നിക്കൊടി പാറിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തുറന്ന യുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇനി നേരിടുന്നത് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP