Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യ ചെയ്ത് അയ്യപ്പ ഭക്തന്റെ മൃതദേഹം സമരപന്തലിലെത്തിച്ച് ബിജെപി; മൃതദേഹം സമരപന്തലിലെത്തിച്ചത് നൂറുകണക്കിന് ബിജെപി പ്രവർത്തകരുടെ അകമ്പടിയിൽ; വേണുഗോപാലൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബിജെപി നേതാക്കൾ; സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ; ആത്മഹത്യയെ തുടർന്നുള്ള ഹർത്താലിൽ ഒറ്റപ്പെട്ട അക്രമങ്ങളും

ആത്മഹത്യ ചെയ്ത് അയ്യപ്പ ഭക്തന്റെ മൃതദേഹം സമരപന്തലിലെത്തിച്ച് ബിജെപി; മൃതദേഹം സമരപന്തലിലെത്തിച്ചത് നൂറുകണക്കിന് ബിജെപി പ്രവർത്തകരുടെ അകമ്പടിയിൽ; വേണുഗോപാലൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബിജെപി നേതാക്കൾ; സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ; ആത്മഹത്യയെ തുടർന്നുള്ള ഹർത്താലിൽ ഒറ്റപ്പെട്ട അക്രമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലർച്ചെ സമരപ്പന്തലിന് സമീപം ആത്മഹത്യ ശ്രമം നടത്തുകയും വൈകിട്ട് മരിക്കുകയും ചെയ്ത മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ മൃതശരീരം ബിജെപിയുടെ സമരപ്പന്തലിൽ എത്തിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതശരീരം സമരപ്പന്തലിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മൃതദേഹം എത്തിച്ചത്. ബിജെപി പ്രവർത്തകരുടെ വലി അകമ്പടികളോടെയാണ് മൃതദേഹം എത്തിച്ചത്.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനും മറ്റ് ബിജെപി നേതാക്കളും മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ മൃതദേഹം സംസ്‌കാരത്തിനായി തിരുവനന്തപുരം ശാന്തികവാടത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വേണുഗോപാലൻ നായർ ബിജെപിയുടെ സമരപ്പന്തലിന് സമീപം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തിൽ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുഗോപാലൻ നായർ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി സംസ്ഥാനസർക്കാർ ആണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ഹർത്താൽ നടത്തുകയാണ്.

അതേസമയം ജീവിതം തുടരാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന വേണുഗോപാലൻ നായരുടെ മരണമൊഴി ഇതിനിടെ പുറത്തുവന്നിരുന്നു. ബിജെപിയുടെ ശബരിമല സമരവുമായോ ശബരിമല പ്രശ്‌നുവുമായോ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് ഔദ്യോഗിക വാർത്താക്കുറിപ്പും ഇറക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി പൊലീസ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ബിജെപിയുടെ ഉയർത്തുന്ന വാദം.

വേണുഗോപാലൻ നായർ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ യാത്രക്കാരെ വലച്ചു . സംഘർഷ സാധ്യത കണക്കിലെടുത്ത് കെഎസ്ആർടിസി കാര്യമായി സർവീസ് നടത്താത്തത് ശബരിമല തീർത്ഥാടകരെയടക്കം പ്രതിസന്ധിയിലാക്കി. ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ പാലക്കാട് മൂന്ന് കെഎസ്ആർടിസി ബബസുകളുടെ ചില്ലുകൾ തകർന്നു.

ഇതിനിടെ, തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോടും തിരുവനന്തപുരത്തും വ്യാപാരികൾ രംഗത്തെത്തി. ഇനിയുള്ള ഹർത്താലുകളിൽ രാഷ്ട്രീയം നോക്കാതെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറയുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP