Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരേസ മേയും യൂറോപ്യൻ കമ്മിഷനും തമ്മിൽ ക്യാമറയ്ക്കുമുന്നിൽ ഉഗ്രൻ തർക്കം; പുതിയ ആനുകൂല്യങ്ങൾ ഒന്നുമില്ലെന്ന് യൂറോപ്പ്; ലഭിച്ചേ പറ്റൂവെന്ന് തെരേസ; ബ്രെക്‌സിറ്റിനെ രക്ഷിക്കാൻ അവസാന അടവുകളുമായി പ്രധാനമന്ത്രി

തെരേസ മേയും യൂറോപ്യൻ കമ്മിഷനും തമ്മിൽ ക്യാമറയ്ക്കുമുന്നിൽ ഉഗ്രൻ തർക്കം; പുതിയ ആനുകൂല്യങ്ങൾ ഒന്നുമില്ലെന്ന് യൂറോപ്പ്; ലഭിച്ചേ പറ്റൂവെന്ന് തെരേസ; ബ്രെക്‌സിറ്റിനെ രക്ഷിക്കാൻ അവസാന അടവുകളുമായി പ്രധാനമന്ത്രി

ബ്രെക്‌സിറ്റ് കരാറിൽ പുതിയ വിട്ടുവീഴ്ചകളൊന്നും അനുവദിക്കില്ലെന്ന നിലപാടെടുത്ത യൂറോപ്യൻ യൂണിയൻ നേതൃത്വത്തെ ഏതുവിധേനയും വരുതിയിലാക്കാനുള്ള അവസാന അടവുകൾ പയറ്റുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. ബ്രസ്സൽസ്സിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുന്ന അവർ, യൂറോപ്യൻ യൂണിയൻ കമ്മിഷൻ അദ്ധ്യക്ഷൻ ജീൻ ക്ലോഡ് ജങ്കറുമായി കടുത്ത വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു.

യൂറോപ്യൻ നേതാക്കളുടെ യോഗത്തിൽ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ 1984-ൽ പുറത്തെടുത്ത നിലപാടിന് സമാനമായ രീതിയിലാണ് തെരേസ മെയ്‌ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കെതിരേ സ്വീകരിച്ചതെന്ന് നിരീക്ഷകർ പറയുന്നു. ബ്രിട്ടന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേതീരുവെന്ന ഉറച്ച നിലപാടാണ് തെരേസയുടേത്. ഇനി ചർച്ചയില്ലെന്ന നിലപാടിൽ യൂറോപ്യൻ യൂണിയൻ ഉറച്ചുനിൽക്കുകയാണെങ്കിലും, അതിൽ മാറ്റം വരുത്താനാകുമെന്ന പ്രതീക്ഷ തെരേസയുടെ ഓരോ നീക്കങ്ങളിലുമുണ്ട്.

ഒരുഘട്ടത്തിൽ ജങ്കറുമായി തെരേസ കടുത്ത വാക്കേറ്റം നടത്തിയെന്ന് ഇരുവരും തമ്മിലുള്ള ചർച്ചയുടെ ക്യാമാറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറയുടെ സൗണ്ട് ഓഫ് ചെയ്തിരിക്കുകയായിരുന്നെങ്കിലും ചുണ്ടനക്കങ്ങളിലൂടെ അവർ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നവർ അതൊരു വലിയ വാക്കുതർക്കമായിരുന്നുവെന്ന് ഉറപ്പിക്കുന്നു.

' നിങ്ങളെന്താണ് എന്നെ വിളിച്ചത്? കാര്യങ്ങൾക്ക് വ്യക്തതയില്ലാത്തവളെന്നോ' എന്ന് തെരേസ ജങ്കറോട് ചോദിച്ചു. കാര്യം പിടികിട്ടാതിരുന്ന ജങ്കർ, എന്താണ് അതെന്ന് ഒരിക്കൽക്കൂടി ചോദിച്ചു. തെര്‌സ ഒരിക്കൽക്കൂടി അതാവർത്തിച്ചപ്പോൾ, ജങ്കർ താനങ്ങനെ വിളിച്ചിട്ടില്ലെന്ന് പറയുന്നതായും അവർ ചുണ്ടനക്കങ്ങളിൽനിന്ന് വായിച്ചെടുത്തു. എന്നാൽ, തെരേസയുടെ ഈ കടന്നാക്രമണം ബ്രിട്ടന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും ഏറെയാണ്. സംഭവം മറ്റൊരു വാഗ്വാദത്തിലേക്ക് പോകാതിരിക്കുന്നതിന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ട് ഇടപെടുകയും ചെയ്തു. ബ്രെക്‌സിറ്റ് കരാറിനെക്കുറിച്ചുള്ള ചർച്ച പാർലമെന്റിൽ ഒഴിവാക്കിയശേഷം തെരേസ ആദ്യം ചർച്ച നടത്തിയതും മാർക്ക് റൂട്ടുമായാണ്.

സാധാരണ ചർച്ചകളിൽ മേധാവിത്വത്തോടെ ഇടപെടുന്നതാണ് ജങ്കറുടെ രീതി. എന്നാൽ, തെരേസ കയർത്തതോടെ അദ്ദേഹം ഒന്ന് താണു. തെരേസയുടെ തോളിൽ കൈവെച്ച് ജങ്കർ സംസാരിച്ചത് അതിന് തെളിവാണെന്നും ശാരിരികഭാഷയിൽനിന്ന് അത് വ്യക്തമാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിന്റെ പേരിൽ ബ്രെക്‌സിറ്റ് കരാർ വഴിമുട്ടിനിന്നുപോകില്ലെന്ന ഉറപ്പ് തെരേസയ്ക്ക് യൂറോപ്യൻ യൂണിയൻ നേതൃത്വത്തിൽനിന്ന് ലഭിച്ചതായും വിലയിരുത്തുന്നവരുണ്ട്.

ബജറ്റ് വിഹിതത്തിൽ ബ്രിട്ടന് റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് 1984-ൽ മാർഗരറ്റ് താച്ചർ യൂറോപ്യൻ നേതാക്കളുമായി നടത്തിയ ചര്ച്ചയ്ക്ക് സമാനമായാണ് തെരേസയുടെ ഈ ഇടപെടലിനെ പലരും താരതമ്യപ്പെടുത്തുന്നത്. ഐറിഷ് അതിർത്തി സംബന്ധിച്ച് കൂടുതൽ വിട്ടുവീഴ്ചകൾ നൽകേണ്ടതില്ലെന്ന നിലപാടിൽനിന്ന് അയർലൻഡും ഫ്രാൻസുമുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ അയവ് വരുത്താനുള്ള സാധ്യതയും ഇതോടെ ഉയർന്നുവന്നിട്ടുണ്ട്.

ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ വിജയിപ്പിക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ തനിക്ക് സുവ്യക്തതയുണ്ടെന്ന് തെരേസ മെയ്‌ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. ജങ്കറുമായി കടുത്തഭാഷയിൽ സംസാരിക്കേണ്ടിവന്നതായും അവർ വെളിപ്പെടുത്തി. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ അത്തരം ചൂടൻ ചർച്ചകൾ സ്വാഭാവികമാണെന്നായിരുന്നു തെരേസയുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP