Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടന്നു പോയത് ശബരിമല യുവതീ പ്രവേശന വിഷയത്തിന് പിന്നാലെ വന്ന ആറാം ഹർത്താൽ; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് പിന്നാലെ ഹർത്താൽ പെരുമഴ; ജന ജീവിതം തുടർച്ചയായി സ്തംഭിക്കുന്നതിൽ വ്യാപക പ്രതിഷേധം ; ഹർത്താൽ കുരുക്ക് കേരളത്തെ വലയ്ക്കുമ്പോൾ

കടന്നു പോയത് ശബരിമല യുവതീ പ്രവേശന വിഷയത്തിന് പിന്നാലെ വന്ന ആറാം ഹർത്താൽ; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് പിന്നാലെ ഹർത്താൽ പെരുമഴ; ജന ജീവിതം തുടർച്ചയായി സ്തംഭിക്കുന്നതിൽ വ്യാപക പ്രതിഷേധം ; ഹർത്താൽ കുരുക്ക് കേരളത്തെ വലയ്ക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം കേരളം കണ്ടത് വൻ പ്രതിഷേധത്തിന്റെ അലകളാണ്. ഇതിന് പിന്നാലെ ശബരിമലയിലും പ്രതിഷേധ കടൽ ശക്തമായിരുന്നു. ശബരിമല വിഷയത്തിന് പിന്നാലെ കേരളം കണ്ടത് തുടർച്ചയായുള്ള ഹർത്താലാണ്. കോടതി വിധി വന്നതിന് പിന്നാലെ ബിജെപിയും സംഘപരവാർ സംഘടനകളും ചേർന്ന് നടത്തിയ ആറാം ഹർത്താലാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഇതിൽ അക്രമമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയും ഈ നടപടിക്ക് പിന്നാലെ പിറ്റേന്ന് തന്നെ ഹർത്താൽ പ്രഖ്യാപിക്കുകയുമായിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിനു തലേന്ന് നിലയ്ക്കലുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഒക്ടോബർ 18-ന് സംസ്ഥാനതല ഹർത്താൽ നടന്നു. ശബരിമല ദർശനത്തിനു പോയ അയ്യപ്പ ഭക്തന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു അടുത്ത ഹർത്താൽ.

പന്തളം സ്വദേശി ശിവദാസന്റെ മൃതദേഹം വനത്തിൽ കാണപ്പെടുകയായിരുന്നു. നവംബർ രണ്ടിനാണ് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയത്. ഹർത്താലിനു ശേഷം ശിവദാസന്റെ മരണത്തെപ്പറ്റി ആരും കൂടുതലൊന്നും അന്വേഷിച്ചില്ല. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

അസ്വാഭാവിക മരണമായാണ് പൊലീസ് കേസ് പരിഗണിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശബരിമല യാത്രയ്ക്കിടെ മരക്കൂട്ടത്ത് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് നവംബർ 17-ന് സംസ്ഥാനതല ഹർത്താൽ നടത്തി.

ബിജെപി.യുടെ തിരുവനന്തപുരം സമരവേദിക്കു സമീപം പ്രകടനം നടത്തിയവരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തി. ഇതേ സമരപ്പന്തലിനു സമീപം ഒരു വ്യക്തിയുടെ ആത്മഹത്യയെത്തുടർന്നാണ് വെള്ളിയാഴ്ച സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്.

ജനജീവിതം സ്തംഭിക്കുമെന്ന് കരുതിയപ്പോൾ വന്ന ഒടി വിദ്യ

ഇന്നലെ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ കേരളം ഉറ്റു നോക്കിയിരുന്ന ഒന്നാണ് പ്രിയതാരം മോഹൻലാലിന്റെ ഒടിയൻ എന്ന ചിത്രത്തിന്റെ റിലീസ്. ഹർത്താൽ സിനിമയെ സാരമായി ബാധിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും വെളുപ്പിന് നാലര മുതലുള്ള ഷോയ്ക്ക് ജന സാഗരമായിരുന്നു. കേരളത്തിലെ മിക്ക തിയേറ്ററുകളിലും നടത്തിയ ഫാൻസ് ഷോ ഹൗസ് ഫുള്ളായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹർത്താൽ ദിനത്തിൽ കേരളക്കരയാകെ തിയേറ്ററിലേക്ക് ഇരച്ചു കയറിയ അപൂർവമായുള്ള ദിനത്തിനാണ് കേരളം ഇന്നലെ സാക്ഷിയായത്.

ചിലയിടങ്ങളിൽ മാത്രം തിയേറ്ററുകളിൽ പ്രദർശനം തടയാൻ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടു നിന്നില്ല. തിയേറ്റർ പരിസരത്ത് പോലും ഹർത്താൽ അനുകൂലികൾ എത്തിയില്ല എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ബിജെപി ഹർത്താലിനെതിരെ നാടെങ്ങും വൻ ജനരോഷമാണ് ഉയർന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾക്ക് പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങേണ്ടിവന്നു. ബിജെപിക്കാർ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ സംഘപരിവാർ സംഘടനകളും മതിയായ പിന്തുണ നൽകിയില്ല. ഹർത്താലിന് പിന്തുണയുമായി നടക്കുന്ന പതിവ് റാലികൾ പോലും ഇത്തവണ നടന്നില്ല.

പലയിടത്തും സ്വകാര്യവാഹനങ്ങൾ ഓടി. കടകളും തുറന്നു. മിക്കയിടത്തും ഹർത്താലനുകൂലികൾക്ക് ജനങ്ങളിൽനിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. സർക്കാർ ഓഫീസുകളും പൊതുമേഖലാബാങ്കുകളും തുറന്നു. ഓഫീസുകളിൽ സാധാരണ ഹർത്താൽദിവസത്തേക്കാൾ കൂടുതൽപേർ ജോലിക്കെത്തി.

തുടരെയുണ്ടാകുന്ന ഹർത്താലുകൾക്കുനേരെയുള്ള പ്രതിഷേധമായിരുന്നു പലയിടത്തും കാണാൻ കഴിഞ്ഞത്. ഹർത്താലുകൾക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹർത്താലുകളിൽ മിഠായിത്തെരുവിലെ കടകൾ അടയ്ക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഹർത്താൽ അനുകൂലികൾക്കുനേരെ തിരുവനന്തപുരം കല്ലറ പാങ്ങോട്ട് വ്യാപാരികൾ പ്രതിഷേധിച്ചു. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു.

എറണാകുളം നഗരത്തിൽ ട്രാവൽമേഖലയിൽ ജോലിചെയ്യുന്നവർ ഹർത്താലിനുനേരെ വായ മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി.െേ മട്രാ പതിവുപോലെ സർവീസ് നടത്തി. ഓട്ടോറിക്ഷകളും ഓടി. ഇത് ഹർത്താലിനെതിരായ മലയാളികളുടെ പുതിയ ഇടപെടലാണ്. ആര് ഹർത്താൽ പ്രഖ്യാപിച്ചാലും കേരളം നിശ്ചലമാകുമെന്ന അവസ്ഥ മാറുന്നതിന് തെളിവ്. വലിയ പ്രതിരോധങ്ങൾ അനാവശ്യ ഹർത്താലുകൾക്കെതിരെ കേരളത്തിൽ ഇനി ഉയരുമെന്ന് ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP