Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭാതർക്കത്തെ പരസ്യമായി എതിർത്ത് സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ; എല്ലാം ചർച്ചകളിലൂടെ പരിഹരിക്കണം; അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് നെടുമ്പാശ്ശേരിയിൽ ഊഷ്മള സ്വീകരണം

സഭാതർക്കത്തെ പരസ്യമായി എതിർത്ത് സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ; എല്ലാം ചർച്ചകളിലൂടെ പരിഹരിക്കണം; അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് നെടുമ്പാശ്ശേരിയിൽ ഊഷ്മള സ്വീകരണം

കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയേസ് അഫ്രേം ദ്വിതീയൻ പാത്രീയാർക്കീസ് ബാവ പറഞ്ഞു . സഭാതർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതു ദിവസത്തെ സന്ദർശനത്തിന് എത്തിയ പാത്രീയാർക്കീസ് ബാവ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

സഭാതർക്കം പരിഹരിക്കുന്നതിന് ചർച്ചകൾക്ക് മുൻകൈ എടുക്കാൻ താൻ തയ്യാറാണ്. കേസുകൾ കൊണ്ട് പ്രശ്‌നങ്ങൾപരിഹരിക്കപ്പെടില്ല. ഇരു സഭകളിലുള്ളവരും ഒരേരക്തമാണ്. ഭൂരിപക്ഷം വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നത്. സഭകളുടെ പ്രാദേശിക പ്രശ്‌നങ്ങളിൽ താൻ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ലെന്നും ബാവ വ്യക്തമാക്കി. മതമൗലിക വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണെന്നും ബാവ ചൂണ്ടിക്കാട്ടി.

സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. 11 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ തുടക്കമെന്നോണമാണ് പാത്രിയാർക്കീസ് ബാവയുടെ വരവ്. ഇന്ന് രാവിലെ എട്ടിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും ബാവയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തി. സർക്കാറിന്റെ ഔദ്യോഗിക അതിഥിയായാണ് ബാവ കേരളത്തിലെത്തിയത്. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ശേഷമാണ് പാത്രിയർക്കീസ് ബാവാ മാദ്ധ്യമ പ്രവർത്തകരെ കണ്ടത്. പിന്നീട് കരിങ്ങാച്ചിറ സെന്റ് ജോർജ് പള്ളിയിൽ യാക്കോബായ സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ പങ്കെടുക്കുന്ന അദ്ദേഹം തിരുവാങ്കുളം ക്യംത സെമിനാരിയും സന്ദർശിക്കും

സഭാ അടിസ്ഥാനത്തിൽ പാത്രിയർക്കീസ് ബാവായ്ക്കു നാളെ കോട്ടയത്തു വൻ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ടു 4.30നു നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അധ്യക്ഷനായിരിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16 വരെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പാത്രിയർക്കീസ് ബാവാ 16നു ചെന്നൈയ്ക്കും 17നു ഡൽഹിക്കും പോകും. രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരെയും അദ്ദേഹം കാണുന്നുണ്ട്. 19നു ലബനനിലേക്കു തിരികെപ്പോകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP