Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ; പൂട്ടാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് മരവിപ്പിച്ചു; നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ; മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറും

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ; പൂട്ടാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് മരവിപ്പിച്ചു; നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ; മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വലിയ തോലുള്ള പ്രതിഷേധങ്ങളെയും വെടിവപ്പുകളെയും തുടർന്ന് അടച്ചു പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. പ്ലാന്റ് പൂട്ടാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് മരവിപ്പിച്ചു. ട്രിബ്യൂണലിന്റെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു നിർദ്ദേശം നൽകി. പ്രദേശത്തു താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ ചെലവഴിക്കാൻ കമ്പനിയോടും ട്രിബ്യൂണൽ നിർദ്ദേശിച്ചു.

പൊലീസ് വെടിവയ്‌പ്പിൽ പതിമൂന്ന് പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങൾക്കൊടുവിൽ മെയ് 23നാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് പ്ലാന്റ് തമിഴ്‌നാട് സർക്കാർ അടച്ച് പൂട്ടിയത്. എന്നാൽ വേദാന്ത ഗ്രൂപ്പിന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്നായിരുന്നു ട്രിബ്യൂണൽ നിയോഗിച്ച തരുൺ അഗർവാൾ കമ്മീഷൻ വിലയിരുത്തൽ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ സ്റ്റെർലൈറ്റ് പ്ലാന്റ് പാലിക്കുന്നുണ്ടെന്നും മുൻ മേഘാലയ ചീഫ് ജസ്റ്റിസ് കൂടിയായ തരുൺ അഗർവാൾ അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി. കമ്മീഷൻ റിപ്പോർട്ട് പൂർണമായും അംഗീകരിച്ച ഹരിത ട്രിബ്യൂണൽ തമിഴ്‌നാട് സർക്കാരിന്റേത് ന്യായീകരിക്കാനാകാത്ത നടപടിയെന്നും വിമർശിച്ചു. മൂന്ന് ആഴ്‌ച്ചയ്ക്കകം ഇരുമ്പ് അയിർ ഖനനം തുടങ്ങാനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും തമിഴ്‌നാട് പരിസ്ഥിതി മലിനീകരണ ബോർഡിനോട് നിർദ്ദേശിച്ചു.

തൂത്തുക്കുടി മേഖലയിലെ കുടിവെള്ളം പോലും മലിനമായെന്നും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടികാട്ടി ചില പരിസ്ഥിതി സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. എന്നാൽ വേദാന്ത ഗ്രൂപ്പിന് അനുകൂലമായുള്ള തരുൺ അഗർവാൾ കമ്മിറ്റിയുടെ നിരീക്ഷണങ്ങളാണ് കമ്പനിക്ക് ഗുണകരമായത്. സ്റ്റെർലൈറ്റ് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ബദലായി മൂന്ന് വർഷം കൊണ്ട് തൂത്തുക്കുടി മേഖലയിൽ വേദാന്ത ഗ്രൂപ്പ് 100 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. ശക്തമായ ജനകീയ പ്രക്ഷോപം കാരണം അടച്ച് പൂട്ടിയ കമ്പനി വീണ്ടും തുറക്കുന്നതോടെ പ്രദേശവാസികളുടെ പ്രക്ഷോപത്തിനും സാധ്യത ഏറുകയാണ്. എന്നാൽ സുപ്രീംകോടതിയെ സമീപിച്ച് ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിക്കാമെന്നാണ് എടപ്പാടി സർക്കാരിന്റെ പ്രതീക്ഷ.

ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ഇലക്ട്രിക് വയറുകളിൽ ഉപയോഗിക്കുന്ന ചെമ്പ് നാരുകൾ, ട്രാൻസ്‌ഫോമറുകളിൽ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങൾ എന്നിവയാണു കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ബോക്‌സൈറ്റ്, അലുമിനിയം കണ്ടക്ടറുകൾ, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സൾഫ്യൂരിക് ആസിഡ്, ഫോസ്ഫറിക് ആസിഡ്, ഫോസ്‌ഫോ ജിപ്‌സം, എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉൽപാദിപ്പിക്കുന്നു.

കമ്പനിയുടെ കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണു നാട്ടുകാർ പ്രക്ഷോഭത്തിലേക്കു നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP