Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രം കോടതിയെ തെറ്റിധരിപ്പിച്ചോ? അതോ കോടതിക്ക് തെറ്റു പറ്റിയോ? ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള കേസിലെ സുപ്രീംകോടതി വിധിയിൽ കടന്നുകൂടിയത് വമ്പൻ പിഴവ് തന്നെ; ക്ലീൻ ചിറ്റ് നേടിയെന്ന ആശ്വാസം അവസാനിക്കും മുമ്പ് കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന കോൺഗ്രസ് ആരോപണം ശരിവച്ച് സർക്കാർ നടപടി; റഫാൽ ഇടപാടിൽ പോരാട്ടം മുറുകുമ്പോൾ വീണ്ടും പന്ത് കോൺഗ്രസിന്റെ കോർട്ടിൽ

കേന്ദ്രം കോടതിയെ തെറ്റിധരിപ്പിച്ചോ? അതോ കോടതിക്ക് തെറ്റു പറ്റിയോ? ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള കേസിലെ സുപ്രീംകോടതി വിധിയിൽ കടന്നുകൂടിയത് വമ്പൻ പിഴവ് തന്നെ; ക്ലീൻ ചിറ്റ് നേടിയെന്ന ആശ്വാസം അവസാനിക്കും മുമ്പ് കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന കോൺഗ്രസ് ആരോപണം ശരിവച്ച് സർക്കാർ നടപടി; റഫാൽ ഇടപാടിൽ പോരാട്ടം മുറുകുമ്പോൾ വീണ്ടും പന്ത് കോൺഗ്രസിന്റെ കോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു തങ്ങൾ രഹസ്യരേഖയായി നൽകിയ കുറിപ്പിലെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു സുപ്രീം കോടതി പിഴവു വരുത്തിയതായി കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച നൽകിയ വിധിയിലെ തെറ്റായ രണ്ടു വാക്യങ്ങൾ തിരുത്താൻ ഉടൻ നടപടിയെടുക്കണമെന്നു കേന്ദ്ര പ്രതിരോധ വകുപ്പ് കോടതിക്ക് ഇന്നലെ നൽകിയ അപേക്ഷയിൽ പറയുന്നു. ഇതോടെ വിധിയിൽ പിഴവുണ്ടെന്ന് കേന്ദ്ര സർക്കാരും സമ്മതിക്കുകായണ്. റഫാലിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾ ഇതോടെ ശരിയാണെന്ന് വരികയാണ്. ഇത് പുതിയ വിവാദങ്ങൾക്കും വഴി വയ്ക്കും. ഏതായാലും റഫാലിൽ അഴിമതി ചർച്ച തുടരാനാണ് പ്രതിപക്ഷ തീരുമാനം.

വില സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നൽകിയ റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിച്ചതായി വിധിയിൽ പരാമർശമുണ്ട്. എന്നാൽ സിഎജി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നു പിഎസി അധ്യക്ഷനും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞതോടെ ഇക്കാര്യം വിവാദമായി. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു പ്രതിപക്ഷം ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു സർക്കാർ കോടതിവിധിയിലെ പരാമർശത്തിനെതിരെ രംഗത്തുവന്നത്. കോടതിക്കു നൽകിയ കുറിപ്പിൽ പറഞ്ഞതെന്നു സർക്കാർ അവകാശപ്പെടുന്നതിങ്ങനെ:

'വിലയുടെ വിശദാംശങ്ങൾ സിഎജിയുമായി സർക്കാർ പങ്കുവച്ചുകഴിഞ്ഞു. സിഎജിയുടെ റിപ്പോർട്ട് പിഎസി പരിശോധിക്കുന്നു. റിപ്പോർട്ടിന്റെ സംഗ്രഹം പാർലമെന്റിലും പൊതുസമക്ഷവും വയ്ക്കുന്നു.' ഈ വാചകങ്ങൾ തിരുത്തണമെന്നാണ് അപേക്ഷയിൽ കോടതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. സിഎജി റിപ്പോർട്ട് പിഎസി പരിശോധിക്കുന്നുവെന്നതും റിപ്പോർട്ടിന്റെ സംഗ്രഹം പാർലമെന്റിൽ വയ്ക്കുന്നുവെന്നതും നടപടിക്രമമെന്ന നിലയ്ക്കാണു പറഞ്ഞതെന്നാണു സർക്കാരിന്റെ ന്യായീകരണം. നടക്കാൻ പോകുന്ന കാര്യത്തെ നടന്ന കാര്യമായി കോടതി തെറ്റായി വ്യാഖ്യാനിച്ചു. തങ്ങൾ ഇംഗ്ലിഷിൽ 'ഈസ്' എന്നു പറഞ്ഞതിനെ 'വാസ്' എന്നും 'ഹാസ് ബീൻ' എന്നുമാണ് കോടതി പരാമർശിക്കുന്നത്. അതായത് കോടതിക്ക് ഗ്രാമർ തെറ്റിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

കോടതിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കി. വിധിയെക്കുറിച്ച് സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാകാതിരിക്കാനെന്നോണം, എങ്ങനെ വാചകങ്ങൾ തിരുത്തണമെന്നും അപേക്ഷയിൽ കോടതിയോട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിലയുടെ വിശദാംശങ്ങൾ സിഎജിയുമായി പങ്കുവച്ചിരുന്നു. സിഎജിയുടെ റിപ്പോർട്ട് പിഎസി പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ സംഗ്രഹമാണു പാർലമെന്റിൽ വച്ചതെന്നുമാണ് വിധിയിലുണ്ടായിരുന്നത്. നടക്കാൻ പോകുന്ന കാര്യങ്ങളെ നടന്ന കാര്യമായി കോടതി വിലയിരുത്തിയെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. വിധിയിലെ വ്യാകരണം തിരുത്തണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ജനുവരി രണ്ടിന് സുപ്രീംകോടതി വീണ്ടും ചേരുമ്പോൾ ഇക്കാര്യം കേന്ദ്രം അറിയിക്കും. അതിനിടെ റഫാൽ ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാകുന്നതേയുള്ളുവെന്ന് സിഎജി വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുൻപ് നൽകാനാണ് ആലോചിക്കുന്നത്. സാധാരണ ഗതിയിൽ, സിഎജിയുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകും മുൻപ്, സർക്കാരിന് നിലപാടു വ്യക്തമാക്കാൻ അവസരം നൽകാറുണ്ട്. എക്‌സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയതിപോലും റഫാൽ കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങൾ പറഞ്ഞു. സിഎജി പാർലമെന്റിനാണ് റിപ്പോർട്ട് നൽകുന്നത്. പാർലമെന്റാണ് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്.

സിഎജി റിപ്പോർട്ട് തയാറായെന്നോ അതു പിഎസിക്കു ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. എന്നാൽ, പല കാര്യങ്ങളും സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറുകയും ചെയ്തു. അതിൽ സിഎജി റിപ്പോർട്ടും പിഎസിയും പരാമർശിച്ചിട്ടുണ്ടാവാമെന്ന സംശയവും ഹർജിക്കാർ ഉന്നയിച്ചു. ഇതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. തെറ്റിധരിപ്പിച്ചുവെന്ന ആരോപണമെത്തി. ഇതിനിടെയാണ് നാടകീയമായി കേന്ദ്ര സർക്കാർ തന്നെ അപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിക്ക് അടുത്ത മാസം 2 വരെ അവധിയാണ്. സർക്കാരിന്റെ അപേക്ഷ ഉടൻ പരിഗണിക്കാൻ സാധ്യത വിരളം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണു റഫാൽ വിധി. വാക്യങ്ങൾ തിരുത്തണമെന്ന അപേക്ഷ, പരോക്ഷമായി പുനഃപരിശോധനാഹർജിയാണ്. വിധി പറഞ്ഞ ബെഞ്ച് തന്നെ അതു പരിഗണിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു തൊട്ടുപിന്നാലെയാണു ഭരണകക്ഷിക്കു വിജയം അവകാശപ്പെടാവുന്ന റഫാൽ വിധി. അതിലെ വസ്തുതാപരമായ പിഴവ് പ്രതിപക്ഷത്തിനു വലിയ പിടിവള്ളിയാണ്. ഇനിയും ഇക്കാര്യത്തിൽ ചർച്ച തുടരാം.

വിധിന്യായം എഴുതിയതു ചീഫ് ജസ്റ്റിസാണെങ്കിലും ഒപ്പുവച്ച മറ്റു രണ്ടു ജഡ്ജിമാരും വിധി വായിച്ചിട്ടുണ്ടെന്ന് അനുമാനിക്കണം. സർക്കാർ നൽകിയ രേഖകളും അവർ കണ്ടിട്ടുണ്ട്. എന്നിട്ടും, തങ്ങൾ ഉദ്ദേശിച്ചതൊന്ന്, കോടതിക്കു മനസ്സിലായതു മറ്റൊന്ന് എന്നു സർക്കാർ വാദിക്കുന്നു. കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണമാണ് സർക്കാർ ഉന്നയിക്കുന്നത്. നടപടിക്രമമെന്നു തങ്ങൾ ഉദ്ദേശിച്ച കാര്യം, അത്തരത്തിൽ ജഡ്ജിമാർക്കു മനസ്സിലായില്ലെന്നാണു സർക്കാരിന്റെ വാദം. ഇത് കോടതി എത്തരത്തിൽ എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. റഫാൽ ഇടപാട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നത് കോൺഗ്രസും ഇടതുപാർട്ടികളുമാണ്. ഈ വിഷയത്തിൽ ഇതുവരെ കാര്യമായ പ്രതിപക്ഷ ഐക്യമില്ലായിരുന്നു. എന്നാൽ, വിധിയിലെ തെറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പു ഫലവും ഇതിനും സാഹചര്യമൊൊരുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP