Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതീക്ഷയുടെ അമിത ഭാരം മാറ്റിവച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റേത് 'മികച്ച' കളി; പക്ഷേ തോറ്റത് 'ആറ്' ഗോളിന്; ഈ വർഷത്തെ ഏറ്റവും വലിയ തോൽവി; കടലാസിലെ കളിപോലും മറന്ന ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് നാലു തവണ നിറയൊഴിച്ച് മോഡു സോഗു; വിമർശിക്കപ്പെടാൻപോലും അർഹതയില്ലാത്ത ടീമെന്ന് ആരാധകർ

പ്രതീക്ഷയുടെ അമിത ഭാരം മാറ്റിവച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റേത് 'മികച്ച' കളി; പക്ഷേ തോറ്റത് 'ആറ്' ഗോളിന്; ഈ വർഷത്തെ ഏറ്റവും വലിയ തോൽവി; കടലാസിലെ കളിപോലും മറന്ന ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് നാലു തവണ നിറയൊഴിച്ച് മോഡു സോഗു; വിമർശിക്കപ്പെടാൻപോലും അർഹതയില്ലാത്ത ടീമെന്ന് ആരാധകർ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇങ്ങനെയോക്കെ തോൽക്കാമോ. കടലാസിലെ കളി പോലും പുറത്തെടുക്കാനാകാതെ മുംബൈയുടെ മുന്നിൽ തകർന്ന് തരിപ്പണമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊമ്പന്മാർക്ക് ഇനിമുതൽ കൊമ്പ് വേണ്ടെന്നാണ് ആരാധകർ പറയുന്നത്. ഈ ടീമിന് വിമർശിക്കപ്പെടാൻ പോലും അർഹതയില്ലെന്നും ആരാധകർ. ഒന്നും പൊരുതുക പോലും ചെയ്യാതെ തികച്ചും ലാഘവത്തോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കളി. തുടക്കം മുതൽ ബോൾ കൈവശം വച്ചിരുന്നെങ്കിലും ഗ്യാപ്പില്ലാതെ ഗോളടിച്ചത് മുംബൈയായിരുന്നു.

മുംബൈ താരങ്ങളുടെ അതിവേഗവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവുകളും ചേർന്നപ്പോൾ ആദ്യ പകുതിയിൽ മുംബൈ ഗോൾമഴ പെയ്യിക്കുകയായിരുന്നു. പരുക്കൻ കളിക്കും ആദ്യ പകുതി വേദിയായി. ആദ്യ പകുതിയുടെ അധിക സമയത്ത് അനാവശ്യമായി ചുവപ്പ് കാർഡ് വാങ്ങി ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സക്കീർ മുണ്ടംപാറ മൈതാനം വിട്ടു. ഇതോടെ രണ്ടാം പകുതിയിൽ 10 പേരുമായാണ് മഞ്ഞപ്പട കളിച്ചത്. 27ാം മിനിറ്റിൽ ദുംഗൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവുമായെത്തിയത്.

ആദ്യപകുതിയിൽ മോഡു സോഗുവിന്റെ ഹാട്രിക്കായിരുന്നു കേരളത്തെ വരവേറ്റതെങ്കിൽ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല തലങ്ങും വിലങ്ങും ഗോളായിരുന്നു. പോരെങ്കിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് മുംബൈയ്ക്ക് വേണ്ടി അസിസ്റ്റ് നൽകിയത് ഗോളി ധീരജ് സിങ് ഉൾപ്പടെയുള്ള താരങ്ങളും. ഇടയ്ക്ക് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിച്ച് ക്യപ്റ്റൻ ജിംഗാനും കരുത്തു കാട്ടിയെങ്കിലും ധീരജിന്റെ മികച്ച ഡൈവിങ് അത് ഗോളാവാതെ രക്ഷിച്ചു. ഇതിനിടയിൽ സോഗു നാലു ഗോൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലായിരുന്നു സോഗുവിന്റെ നാലാം ഗോൾ. രണ്ടാം പകുതിയിൽ 70-ാം മിനുറ്റിൽ റാഫേൽ ബാസ്റ്റോസ് മുംബൈയുടെ നാലാം ഗോൾ നേടി. 89-ാം മിനുറ്റിൽ മത്തിയാസിലൂടെ അഞ്ചാം ഗോളും മുംബൈ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന് മറുപടിയുണ്ടായിരുന്നില്ല

ഇന്ത്യൻ സൂപ്പർ ലീഗിൽ ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പതിനൊന്ന് മത്സരങ്ങളിൽ ജയത്തേക്കാളും തോൽവിയെക്കാളും ഏറെ സമനിലയാണ് കേരളത്തിന്. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ചെണ്ണം പരാജയപ്പെട്ടു.ഇതോടെ പ്ലേ ഓഫ് സ്വപ്‌നം ഇനി അടുത്ത സീസണിൽ കാണാമെന്ന അവസ്ഥയിലാണ്. 12 കളിയിൽ 24 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP