Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്തർ കാണിക്കയിട്ടില്ലെങ്കിലും ദേവസ്വം ബോർഡിന് ഒരു ചുക്കുമില്ല; നടവരവ് കുറഞ്ഞാൽ നികത്തിക്കൊള്ളാമെന്ന് പിണറായി വിജയൻ വാക്കു കൊടുത്തിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്; 13,000 ദേവസ്വം ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നത് ശബരിമല വരുമാനത്തിൽ നിന്നെന്ന് തുറന്ന് പറഞ്ഞ് പത്മകുമാർ; അയ്യപ്പന് കാണിക്കയിടുന്ന കാശ് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് നൽകാൻ ആണെങ്കിൽ പിന്നെന്തിന് കാണിക്കയെന്ന് ചോദിച്ച് കാണിക്കാ ബഹിഷ്‌കരണം ശക്തമാക്കി സംഘപരിവാറും

ഭക്തർ കാണിക്കയിട്ടില്ലെങ്കിലും ദേവസ്വം ബോർഡിന് ഒരു ചുക്കുമില്ല; നടവരവ് കുറഞ്ഞാൽ നികത്തിക്കൊള്ളാമെന്ന് പിണറായി വിജയൻ വാക്കു കൊടുത്തിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്; 13,000 ദേവസ്വം ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നത് ശബരിമല വരുമാനത്തിൽ നിന്നെന്ന് തുറന്ന് പറഞ്ഞ് പത്മകുമാർ; അയ്യപ്പന് കാണിക്കയിടുന്ന കാശ് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് നൽകാൻ ആണെങ്കിൽ പിന്നെന്തിന് കാണിക്കയെന്ന് ചോദിച്ച് കാണിക്കാ ബഹിഷ്‌കരണം ശക്തമാക്കി സംഘപരിവാറും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡല മകരവിളക്കു തീർത്ഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിനെ സർക്കാർ സഹായിക്കും. സംഘപരിവാറിന്റെ കാണിക്ക ബഹിഷ്‌കരണ ചലഞ്ചിനെ തുടർന്നാണ് സർക്കാരിന്റെ ഉറപ്പുകൊടുക്കൽ. ഇതു കാരണം ശബരിമല അടക്കമുള്ള ക്ഷേത്രത്തിൽ നടവരവ് കുറഞ്ഞു. യുവതി പ്രവേശന വിവാദത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരും വരുന്നത് കുറഞ്ഞു. ഇതോടെ ദേവസ്വം ബോർഡ് പ്രതിസന്ധിയിലേക്ക് പോവുകാണ്. ഇത് മനസ്സിലാക്കിയാണ് സർക്കാർ ഇടപെടലിന് എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറയുന്നു. ശബരിമലയിൽ കിട്ടുന്ന വരുമാനമാണ് 13,000 ദേവസ്വം ജീവനക്കാർക്കു ശമ്പളത്തിനും അന്തിതിരിക്കു വകയില്ലാത്ത1200 ക്ഷേത്രങ്ങളെ നിലനിർത്താനും ഉപയോഗിക്കുന്നത്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ദേവസ്വം ബോർഡിന്റെ പണം എടുക്കുന്നതായി പരിവാറുകാരും ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രതിസന്ധിയിലേക്ക് നീങ്ങില്ലെന്നാണ് സർക്കാരിൽ നിന്ന് കിട്ടിയ ഉറപ്പ് നൽകുന്ന സൂചന.

ശബരിമല വരുമാനം സർക്കാർ എടുക്കുന്നതായി വ്യാജപ്രചരണം നടക്കുന്നു. ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് സംസ്ഥാനത്തിന് അകത്തുംപുറത്തും വ്യാജപ്രചാരണം. സത്യാവസ്ഥ ഭക്തരെ ബോധ്യപ്പെടുത്താൻ ബോർഡ് ഇതര സംസ്ഥാനങ്ങളിൽ ഗുരുസ്വാമിമാരുടെ സമ്മേളനം തുടങ്ങി. അതിന്റെ പ്രയോജനം കണ്ടുതുടങ്ങി, വരുമാനം കൂടി. മണ്ഡലപൂജയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കുറ്റമറ്റ രീതിയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും പത്മകുമാർ പറയുന്നു. എല്ലാ ദിവസവും അവലോകനയോഗം ചേർന്ന് അന്നന്നുള്ള പ്രശ്‌നങ്ങൾക്കു പരിഹാരംകാണും. ചെറിയ പ്രശ്‌നമായാൽ പോലും അതാതു വകുപ്പുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കും. അടിസ്ഥാനസൗകര്യം ഒരുക്കാൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിൽ ഇടത്താവളങ്ങൾ നിർമ്മിക്കും. ചെങ്ങന്നൂരിൽ 18 കോടിയുടെ പദ്ധതിയാണു നടപ്പാക്കുന്നത്.

ആറന്മുളയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണു നിർമ്മാണം. പത്തനംതിട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലും ഇടത്താവളം പണിയും. നിലയ്ക്കലിൽ 30,000 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യം അടുത്ത വർഷത്തേക്ക് ഒരുക്കും. പമ്പ ഹിൽടോപ്പിൽനിന്നു ഗണപതി കോവിലിലേക്കു പാലം നിർമ്മിക്കും. 18 മാസം കൊണ്ടു നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു. ഇതിനെല്ലാം പണം ശബരിമലയിൽ നിന്ന് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീർത്ഥാടകർ കുറവാണ്. ഇതോടെയാണ് പ്രതിസന്ധി എത്തിയത്. ഈ സാഹചര്യത്തെ സർക്കാരിന്റെ സഹായത്തോടെ മറികടക്കാനാണ് പത്മകുമാർ ആഗ്രഹിക്കുന്നത്.

ശബരിമല വരുമാനത്തിലെ വലിയ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കും. ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും മറ്റാനുകൂല്യങ്ങളിലും കാലാനുസൃത പരിഷ്‌കാരം നടപ്പാക്കുന്നത് അനിശ്ചിത്വത്തിലാകും. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽനിന്നു ലഭിക്കുന്ന വരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറ. ശമ്പളം, പെൻഷൻ വർധനയ്ക്കും കൂടുതൽ പണം വേണ്ടിവരുന്ന സാഹചര്യത്തിലാണു ശബരിമല വരുമാനം ഗണ്യമായി കുറയുന്നത്.

അതിനിടെ സംസ്ഥാന ജീവനക്കാരുടെ ശമ്പളവും പെൻഷനും തന്നെ വലിയ ബാധ്യതയായ സർക്കാർ ദേവസ്വം ബോർഡിന്റെ അധികബാധ്യത ഏറ്റെടുക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്. വികസന പദ്ധതികൾക്കും പണം വേണം?ശബരിമല ഉൾപ്പടെ ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിൽനിന്നുമായി 2016-2017 വർഷത്തിൽ 630 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 360 കോടി ശമ്പളത്തിനായും 85 കോടി രൂപ പെൻഷനായും ചെലവായി. 6000 ജീവനക്കാരും അത്ര തന്നെ പെൻഷൻകാരുമാണു ബോർഡിലുള്ളത്.

ആറു കോടി രൂപയാണ് കഴിഞ്ഞവർഷം വൈദ്യുതി ചാർജ്. വാട്ടർ അഥോറിറ്റിയുടെ ബില്ല് നാലു കോടി. കഴിഞ്ഞ വർഷം 465 കോടിരൂപയാണ് ശബരിമല വരുമാനമായി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP